നാട്ടില്‍ പോകുന്ന ദിവസം യാത്ര പറയാന്‍ വന്നതായിരുന്നു ഷംസു. അറിയാതെ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം എന്ന് പറഞ്ഞപോള്‍ അയാളുടെ കണ്ണുകളില്‍ ഒരു നനവ് ഞാന്‍ കണ്ടു.
പരിക്ഷീണന്‍ ആയിരുന്നു ഷംസു.നാട്ടില്‍ പോകുന്നതിന്റെ യാതൊരു സന്തോഷവും അയാളില്‍ കണ്ടില്ല. എന്നതെക്കുമായുള്ള ഒരു തിരിച്ചുപോക്ക് ആയതു കൊണ്ടാവാം എന്ന് ഞാന്‍ ഊഹിച്ചു..കുറച്ചു നാള്‍ കൂടി ഒക്കെ നിന്നിട്ട് പോയാല്‍ പോരെ ഷംസു ഭായ് എന്ന് ഞാന്‍ ചോദിച്ചു..ഇല്ല സാര്‍.ശരീരം അതിനു അനുവദിക്കുന്നില്ല..പതിനെട്ടു വര്‍ഷമായി ഇവിടെ അദ്ധ്വാനിക്കുന്നു.ആഴ്ചയില്‍ ഏഴു ദിവസം ജോലിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു മാസം അവധിയുമായുള്ള ഈ ജീവിതം മതിയായി . മകനെ ഇവിടെ എത്തിച്ചു..ഇനിവീട് അവന്‍ നോക്കട്ടെ..മറ്റൊരു മകന്‍ നാട്ടില്‍ .ഇനി ഭാര്യയുടെ ഒപ്പം സ്വസ്ഥം.അത് മതി.അല്പം പ്രഷര്‍, ഷുഗര്‍ ഒക്കെ ഉണ്ട്..ഇനി ഇവിടെ നിന്നാല്‍ അതൊക്കെ കൂടി ഇവിടെത്തന്നെ ചിലപ്പോ.ഷംസു നിര്‍ത്തി.
ഷംസു ഞങ്ങളുടെ ഓഫീസ് ബോയ്. ഷംസുവിനെ ഓഫീസ് ബോയ് എന്ന് വിളിക്കാമോ എന്നറിയില്ല, കാരണം ഷംസുവിനു വയസ്സ് നാല്പത്തി ഒന്‍പത്..സാധാരണയായി ഗള്‍ഫില്‍ ഒരു ചൊല്ലുണ്ട്..ഓഫീസ് ബോയ് ആയിരിക്കും മാനെജെരെക്കാള്‍ പവര്‍ഫുള്‍ എന്ന്..അത് ഏറെക്കുറെ ശരിയുമാണ്.ഷംസുവിനു എവിടെയും പ്രവേശനം ഉണ്ട്..ആരെക്കാളും വാസ്തയും ( പിടിപാട് ) ഓഫീസിലെ എല്ലാക്കാര്യങ്ങളും ഷംസുവിനു അറിയാം .അതും ആദ്യം തന്നെ.നമ്മള്‍ കോണ്‍ഫിടെന്ഷ്യല്‍ എന്ന് കരുതി സൂക്ഷിക്കുന്നത് പലതും ഉടന്‍ തന്നെ വാര്‍ത്ത ആകുന്നു..ഓഫീസില്‍ എല്ലാ കാര്യത്തിനും ഷംസു മുന്‍പന്തിയില്‍ ആയിരുന്നു.എന്ത് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ .ആരെ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധത ഉള്ള ഒരാള്‍.
ഷംസു മകനെ നാട്ടില്‍ നിന്നും കൊണ്ടുവന്നു തന്‍റെ അസിസ്റ്റന്റ് ആക്കിയപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ഡോക്റ്ററുടെ മകന്‍ ഡോക്ടര്‍ ആകുന്നപോലെ എന്ന് പറഞ്ഞു.മാനേജരുടെ അടുത്ത് ഇത്രയും അടുപ്പമുള്ള ഷംസു വിചാരിച്ചാല്‍ കുറെ കൂടെ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ പറ്റില്ലേ എന്നാ എന്റെ ചോദ്യത്തിനുത്തരമായി ഷംസു പറഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസം കൂടെ ഇല്ലാത്തവര്‍ക്ക് എന്ത് ജോലി എന്നായിരുന്നു.
എപ്പോഴും ചിരിക്കുന്ന ഒരു മുഖമായിരുന്നു ഷംസുവിനു.ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന അറബ് വംശജരുടെ മുന്നില്ലും ഷംസു ചിരിച്ചു നില്‍ക്കും.നിസ്സഹായതയുടെ ചിരി.ഷംസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം മനസ്സില്‍ വരുന്നത് ആ ചിരി ആണ്. പിന്നെ നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ഏത്തക്ക വറുത്തത് സന്തോഷത്തോടെ വാങ്ങുന്ന ഷംസു.മാസാവസാനം കൊടുക്കാറുള്ള ഒരു ചെറിയ തുക വാങ്ങുമ്പോഴുള്ള ആ മുഖഭാവം . ഒരിക്കല്‍ മാത്രം ഷംസുവിനെ കണ്ണ് നിറഞ്ഞു കണ്ടു..അനാവശ്യമായി വഴക്കുണ്ടാക്കിയ സ്വന്തം നാട്ടുകാരന്റെ കാര്യം പറയുമ്പോള്‍.തന്‍റെ പ്രായം പോലും അയാള്‍ കണക്കില്‍ എടുത്തില്ലല്ലോ എന്നുള്ള വിഷമം. പോട്ടെ ഷംസു ഭായി.ലോകം ഇങ്ങനെയാണ് എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടുകാര്‍ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഷംസുവിന്റെ ദീര്‍ഖ കാല സേവനം പരിഗണിച്ചു കമ്പനി എല്ലാ ആനുകൂല്യവും അതോടൊപ്പം മൂന്നു മാസത്തെ ശമ്പളംകൂടുതലായും നല്‍കി.പിന്നെ ജനറല്‍ മാനെജേര്‍ ഒരു "ഷംസു സഹായ ഫണ്ട് "രൂപീകരിച്ചു.ഒരു കവറില്‍ എല്ലാവര്ക്കും ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന് പറഞ്ഞു ആദ്യമായി അദ്ദേഹത്തിന്റെ വിഹിതം ആയി ഒരു നല്ല തുക നല്‍കി.ചില ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിക്കവാറും എല്ലാ സ്റ്റാഫും ഉദാരമായി സഹായിച്ചതിനാല്‍ ഷംസുവിനു അങ്ങനെ നല്ല ഒരു തുക കിട്ടി.
യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഷംസു വീണ്ടും കാണാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലെങ്കിലും ശരി കാണാം എന്നെ പറഞ്ഞുള്ളൂ.രണ്ടു മാസങ്ങള്‍ക്ക് ശേഷം ഷംസുവിന്റെ ഫോണ്‍ വന്നത് ഒരു ഈദു ദിനത്തില്‍ ആയിരുന്നു. നാട്ടില്‍ സുഖമായിരിക്കുന്നു എന്നും അസുഖങ്ങള്‍ക്ക് കുറവുണ്ടെന്നും പറയുമ്പോള്‍ പക്ഷെ ഷംസുവിന്റെ ശബ്ദത്തില്‍ വലിയ ഒന്നും ആഹ്ലാദം ഉണ്ടായിരുന്നില്ല.
ഷംസുവിന്റെ മകന്‍ കാദര്‍ പകരക്കാരന്‍ ആയി. ബാപ്പയെക്കാള്‍ കേമന്‍. ആദ്യമൊക്കെ പേര് കാദര്‍ എന്ന് പറയാന്‍ തന്നെ വിഷമം ഉണ്ടായിരുന്ന ആളിന്‍റെ ശബ്ദം ദിനം തോറും ഉയര്‍ന്നുയര്‍ന്നു വന്നു.കടത്തു വള്ളത്തില്‍ നിന്നും മുട്ടറ്റം വെള്ളത്തില്‍ ആള്‍ക്കാരെ ഇറക്കി വിട്ടു നാട്ടുകാരുടെ ശാപം വാങ്ങിയ അച്ഛന്റെ പേരുകളയാതെ ഇരിക്കാന്‍ അരയറ്റം വെള്ളത്തില്‍ മകന്‍ ആളുകളെ ഇറക്കി വിട്ട പഴയ കഥ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അഹങ്കാരത്തിന് ആള്‍രൂപം കിട്ടിയത് പോലെ തനിക്കു അസിസ്റ്റന്റ് ആയി വന്ന പുതിയ ബംഗാളി പയ്യനോട് ആജ്ഞാപിക്കുന്ന കാദര്‍.
പിന്നെ പിന്നെ ഞങ്ങള്‍ ഷംസുവിനെ മിസ്സ് ചെയ്യാനും വിളിച്ചാല്‍ കിട്ടാത്ത കാദറിനെ പഴി പറയാനും തുടങ്ങി. ഷംസു ആയിരുന്നെകില്‍, ഷംസു ഇപ്പോള്‍ ഉണ്ടാവണമായിരുന്നു എന്നൊക്കെ ഏതെങ്കിലും സമയത്ത്ആരെങ്കിലും ഒക്കെ പറയുമായിരുന്നു. അങ്ങനെ ദിവസവും ഷംസു ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു.
അറബി സഹപ്രവര്‍ത്തകര്‍ മാത്രം ( അന്നത്തെ പിരിവിനെ ഉദ്ദേശിച്ചു )പറഞ്ഞു..ഖലാസ്.ഓള്‍ഡ് മാന്‍,ഹി ടുക്ക് മണി ഫ്രം അസ്.ലെറ്റ് ഹിം എന്ജോയ്.ഹി ഈസ് ഓള്‍ഡ്..ടൂ ഓള്‍ഡ് . ചെറിയ ദിനാര്‍ നോട്ടുകളുടെ വലിപ്പം വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു. പ്രായം ഏറിയ മാതാപിതാക്കളോടും ഇവര്‍ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞങ്ങള്‍ ഓര്‍ത്തു..
പുതുവര്‍ഷത്തിന്റെ അവധി കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ആ വാര്‍ത്ത കേട്ടത്.ഷംസു വീണ്ടും വരുന്നു എന്ന്.കാദര്‍ തിരിയെ നാട്ടിലേക്ക് പോകുന്നത്രേ. പുതിയ വിസക്ക് അപ്ലൈ ചെയ്തു കഴിഞ്ഞു എന്ന്! എല്ലാം അവസാനിപ്പിച്ചു മടങ്ങിപോയാലും തിരിയെ പ്രവാസലോകത്തെക്ക് എങ്ങനെയോ എത്തിപ്പെടുന്ന അനേകരിലേക്കു ഒരാള്‍ കൂടി .
അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.






