Dec 27, 2010
കാടന്‍ സൂമാരപിള്ള
Dec 22, 2010
ഗ്രാന്‍ഡ് കേരള തസ്കര ഫെസ്റ്റ് 2010
(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട് കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )Dec 19, 2010
ലീല ടീച്ചറിന്‍റെ ഹോസ്റ്റല്‍
മെഡിസിനു പഠിക്കുന്ന പിള്ളേര്‍ ആയതുകൊണ്ട് എന്തെങ്കിലും അസുഖം വന്നാലും അവര്‍ തന്നെ നോക്കും ഇങ്ങനെ ഒരു കൂട്ട് കിട്ടിയത് നന്നായി...അവരുടെ കാര്യം ഒക്കെ നോക്കി നടന്നു സമയം പോകും.പിന്നെ ഒരു വരുമാനവും..അതിന്റെ അവശ്യം ഒന്നും ഉണ്ടായിട്ടല്ല..അമ്മിണിക്ക് ഒരു സഹായം...പെന്‍ഷന്‍ കിട്ടുന്ന തുക തന്നെ ഇവിടെ മിച്ചമല്ലേ..സ്കൂളില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ ഉണ്ട്.അതിന്റെ പലിശ തന്നെ എടുക്കാറില്ല..പാവപ്പെട്ടവരെ സഹായിക്കാറുണ്ട്..നാല് കുട്ടികളുടെ പഠിത്ത ചെലവും.പഠിക്കാന്‍ സഹായം ചോദിച്ചു വരുന്ന ആരെയും നിരാശരാക്കാറില്ല. അങ്ങനെ വരുന്നവരില്‍ തന്റെ മുഖവും ഭാസിയുടെ മുഖവും ദര്‍ശിക്കുമ്പോള്‍ പ്രത്യുപകാരം ചെയ്യാന്‍ വേണ്ടി ദൈവം തന്ന അവസരം എന്നെ കരുതിയിട്ടുള്ളൂ..
മൂന്നു വര്‍ഷമായി കുട്ടികള്‍ ഇവിടെ താമസിക്കുന്നു.ഭാസി ആണ് ആണ് ഇങ്ങനെ ഒരു ഉപായം പറഞ്ഞത്.മെഡിക്കല്‍ കോളേജ് അടുത്തല്ലേ..വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരു ഹോസ്റ്റല്‍ പോലെ തുടങ്ങാന്‍. ചേച്ചിക്ക് ഒരു കൂട്ടും ആയിരിക്കും എന്ന് കേട്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നി..എത്ര നാളാ ഇങ്ങനെ അമ്പലോം അനാഥ ശാലയും ആയിട്ടു ഒറ്റയ്ക്ക് .നാളെ കിടപ്പായി പോയാലും ആരെങ്കിലും കൂട്ടിനു ഉണ്ടാവില്ലേ എന്ന് ഭാസി ചോദിച്ചപോ വിഷമം തോന്നി.ഭാസിക്ക് അല്ലേലും സ്നേഹം കുറച്ചു കൂടുതല്‍ ആണ്.മാസത്തില്‍ ഒന്ന് വരും.ഒരു ദിവസം താമസിക്കും.ഡല്‍ഹിയിലാണ് ജോലി..ഭാര്യ സരോജം അവിടെ തന്നെ ഗസറ്റഡ് റാങ്കില്‍ .അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് ആയി...അത് കഴിഞ്ഞാല്‍ തറവാട്ടിനടുത്തു തന്നെ ഒരു വീട് വെച്ച് താമസിക്കണം എന്നാണ് അവന്റെ വിചാരം..വരട്ടെ..എന്‍റെ കാലം കഴിഞ്ഞാല്‍ ഇതെല്ലാം പിന്നെ ആര്‍ക്കാ..മറ്റൊരാള്‍ ഉണ്ടായിരുന്നത് എവിടെയാ എന്ന് പോലും അറിയില്ല..പത്തു പതിനെട്ടു വയസ്സുള്ളപ്പോള്‍ ആരോടും പറയാതെ ഒറ്റ പോക്ക്..പിന്നെ ഒരു വിവരവും ഇല്ല..
ആദ്യം രണ്ടു പേരാണ് താമസിക്കാന്‍ വന്നത്.പിന്നെ അവരുടെ കൂട്ടുകാര്‍ എട്ടു പേരും കൂടി വന്നു.ഇതേവരെ ഒരാളെ വിട്ടു പോയുള്ളൂ.സുനന്ദ.അവളുടെ രീതികള്‍ എനിക്ക് പിടിക്കാഞ്ഞതോ,എന്‍റെ രീതികള്‍ അവള്‍ക്കു പിടിക്കാഞ്ഞതോ ആര്‍ക്കറിയാം.ഒന്ന് രണ്ടു ദിവസം താമസിച്ചു വന്നു..പിന്നെ ഏതോ ചെറുക്കന്മാരുടെ കൂടെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ഒന്ന് ഗുണദോഷിച്ചു...അത്രേ ഉണ്ടായുള്ളൂ..വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ...അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.ഹെഡ് മിസ്ട്രെസ്സ് ആയി റിട്ടയര്‍ ചെയ്ത ആളാ എന്നൊക്കെ അറിഞ്ഞിട്ടാണ് പലരും ഹോസ്റ്റല്‍ വിട്ടു വീട്ടില്‍ താമസിപ്പിക്കാന്‍ പിള്ളേരെ സമ്മതിച്ചത് തന്നെ...ഒരാള് ഇതിനു വേണ്ടി തന്നെ അവധി എടുത്തു അമേരിക്കേന്നു വന്നു എന്ന് പറഞ്ഞ തന്നെ അറിയാല്ലോ,എത്ര കാര്യമായിട്ടാ പിള്ളേരെ ഓരോരുത്തര്‍ നോക്കുന്നെ എന്ന്.
കൂട്ടത്തില്‍ സുന്ദരിയും ശാന്ത സ്വഭാവം ഉള്ളതും ശോഭ ആണ്.നല്ല അടക്കവും ഒതുക്കവും...അമ്മൂമ്മേ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖം.നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഈ പ്രായത്തില്‍ ഒരു കൊച്ചുമകള്‍ ഉണ്ടായേനെ എന്ന് ശോഭയെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്...അന്നത്തെ കാലത്ത് അത് നടന്നില്ല.പിന്നീട് മനസ്സും വന്നില്ല.ശോഭയ്ക്ക് അമ്മിണിയോടാണ് ആണ് കൂടുതല്‍ അടുപ്പം.അമ്മിണിയമ്മേ എന്നാണ് വിളിക്കുക.മറ്റു പിള്ളേര്‍ അമ്മിണി ചേച്ചി എന്നും കേള്‍ക്കാതെ ഭദ്രകാളീന്നും ഒക്കെ വിളിക്കുന്ന കേള്‍ക്കാം...
ആകാംഷ അടക്കാന്‍ കഴിഞ്ഞില്ലില്ല...അമ്മിണീന്നു നീട്ടി വിളിച്ചു.കാര്യം പറഞ്ഞപോഴേക്കും അമ്മിണി പറഞ്ഞു.ആ ശോഭ കൊച്ചിന്റെ കാര്യം കഷ്ടമാ അമ്മെ..അച്ഛന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി..അമ്മ വീട് വീടാന്തരം കയറി ജോലി ചെയ്താണ് ശോഭയെ പഠിപ്പിക്കുന്നതത്രേ..പഠിക്കാന്‍ മിടുക്കി ആയതുകൊണ്ട് സ്കോളര്‍ഷിപ് ഒക്കെ കിട്ടുമായിരുന്നു..പിന്നെ അടുത്തുള്ള പള്ളിയിലെ അച്ചനാണ് ഇടക്കൊക്കെ ഒരു സഹായം.നമ്മുക്ക് അത് വേണ്ടമ്മേ.ഭാസി അണ്ണന്‍ സമ്മതിക്കത്തില്ലാരിക്കും .
ലീല ടീച്ചര്‍ അമ്പതു വര്‍ഷങ്ങള്‍ക്കു അപ്പുറത്തേക്ക് പോയി..അച്ഛന്‍ മരിച്ചപ്പോള്‍ മൂന്നു ചെറിയ കുട്ടികളെ പോറ്റാന്‍ അമ്മ കഷ്ടപ്പെട്ട ദിവസങ്ങളിലേക്ക്.തയ്യല്‍ ജോലി ഒക്കെ ചെയ്തു പഠിക്കാന്‍ ഉള്ള പണം കണ്ടെത്തിയിരുന്ന ഒരു കൌമാരക്കാരിയിലേക്ക് .കാലത്തെ പത്രം വിതരണം ചെയ്തും ചെറിയ കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തും തന്നത്താന്‍ പഠിച്ച ഭാസിയെ കുറിച്ച്..അവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭാസി തന്നെ ആയിരിക്കും എന്ന് ടീച്ചര്‍ക്ക് തോന്നി..ഭാസിക്ക് പഴയകാലം മറക്കാന്‍ ആവുമോ ?
Dec 6, 2010
വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി
പരമേശ്വരന്‍ വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി..എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്‍റെ വീട്ടില്‍എത്തില്ല...ഒന്‍പതുമണിക്കായിരുന്നുവീട്ടില്‍നിന്നും ഇറങ്ങിയത് . ..കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി.ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്..ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി എഴുതാതെ ആണ് പോയതത്രേ."അപ്പന്‍ജോലിക്ക് പോയെക്കുവാനല്ലോ.രണ്ടുമാസമായി വന്നിട്ട് .വല്ല കാശിന്റെ കാര്യത്തിനും ആണോ?" പയ്യനോട് കള്ളം പറയാന്‍ തോന്നിയില്ല."അത്യാവശ്യംആയി കുറെ രൂപ വേണം എന്ന് പറഞ്ഞിട്ട് പെങ്ങളുടെ മാല പണയം വെച്ച് കുറച്ചു കാശു കൊടുത്തായിരുന്നു..പെങ്ങള് പെറ്റുഎഴുന്നേറ്റു പോകാറായി..മാല എടുത്തു കൊടുത്തില്ലേല്‍ അളിയന്‍" പരമേശ്വരന്‍ നിര്‍ത്തി..
തിരിച്ചു നടക്കുമ്പോള്‍ പയ്യന്‍ കൂടെ വന്നു...അപ്പന്‍ അവിടെ കുഴപ്പം വല്ലതും ഉണ്ടാക്കിയോ എന്ന് പയ്യന്‍ ചോദിച്ചു..കൂട്ടത്തില്‍ ഉള്ളവരില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ പണം കടം വാങ്ങിയിട്ടുണ്ട് എന്ന് പയ്യനോട് പറയാന്‍ തോന്നിയില്ല...പക്ഷെ അവനു എല്ലാം മനസിലായി എന്ന് ആ കണ്ണുകള്‍ പറഞ്ഞു."പഠിക്കുന്നുണ്ടോ മോന്‍?" പരമേശ്വരന്‍ ചോദിച്ചു.."പഠിത്തം നിര്‍ത്തി".പയ്യന്‍ പറഞ്ഞു..വേറെ ഒന്നും ചോദിയ്ക്കാന്‍ മനസ്സനുവദിച്ചില്ല.
വഴിയില്‍ ഒരു മധ്യ വയസ്കനെ കണ്ടു..ഒരു ദയയും ഇല്ലാതെ അയാള്‍ പയ്യനോട് ചോദിച്ചു.."ആരാ..എവിടുന്നാ.നിന്റെ അപ്പന്‍ കാശ് കൊടുക്കാന്‍ ഉള്ള വല്ലവരും ആണോടാ?"പയ്യന്‍ ക്രുരമായി ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി..മധ്യവയസ്കന്‍ പറഞ്ഞു."ഹും പറഞ്ഞപോ ഇഷ്ട്ടപ്പെട്ടില്ല ചെറുക്കന്..ഇതേപോലെ കുറെ പേര് കാശു ചോദിച്ചു വരാറുണ്ട്.എത്ര നല്ല ജോലി.കള്ളും കുടിച്ചു ചീട്ടും കളിച്ചു നടന്നാല്‍ പിന്നെ എങ്ങനെയാ".
ചീട്ടുകളി ഭ്രാന്തന്‍ ആയിരുന്നു മാത്യു സാര്‍..കുറെ കടം വരുത്തി വെച്ചു എന്നും നില്‍ക്കക്കള്ളി ഇല്ലാതെ ആണ് വണ്ടിപെരിയാര്‍ വിട്ടതെന്നും പിന്നീടാണ് മനസിലായത്..ഒരു വസ്തുവിന്റെ പോക്ക് വരവ് സംബന്ധമായിട്ടായിരുന്നു മാത്യു സാറിനെ പരിചയം..പിന്നെ പരമേശ്വരന്‍ തന്റെ വീടിന്റെ അടുത്ത് കുറഞ്ഞ വാടകയ്ക്ക് ഒരു വീട് ഏര്‍പ്പാടാക്കി..ഇടയ്ക്കു പരമേശ്വരനെ വിളിച്ചു ബ്രണ്ടിക്കടയില്‍ കൊണ്ടുപോയി സല്ക്കരിക്കും..നാട്ടിലെന്തോ അത്യാവശ്യമാ,വൈകുന്നേരത്തിനു മുന്‍പ് ആയിരം രൂപ വേണം എന്ന് പറഞ്ഞപോ ഒന്നും ആലോചിച്ചില്ല...പെങ്ങളുടെ മാല പണയം വെച്ചു പൈസ കൊടുത്തു..പിന്നെമാത്യു സാറിനെകണ്ടിട്ടില്ല..എന്നിട്ടുംമാത്യുസാറിനോട്ദേഷ്യം തോന്നിയില്ല. സ്നേഹമുള്ള മനുഷ്യന്‍.പരിചയക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ്..മനപൂര്‍വം പറ്റിക്കും എന്ന് കരുതാന്‍ സാധിക്കുന്നില്ല..
കോട്ടയത്ത് എത്തിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞിരുന്നു...വണ്ടിപെരിയാരിനുള്ള അവസാനത്തെ ബസും പോയിരുന്നു.ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉള്ള ലോഡ്ജില്‍ മുറി എടുക്കുമ്പോഴും അളിയനോട് എന്ത് അവുതാ പറഞ്ഞു നില്‍ക്കും എന്നായിരുന്നു മനസ്സില്‍ .
Dec 2, 2010
കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പചായന്‍ എന്ന ദ്രോഹി )
നാലാമത്തെ തവണയും കൃഷ്ണന്‍ കുട്ടി വിളിച്ചപോള്‍ ഈപ്പച്ചന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...കൊടുത്തു ഒരു ഡോസ് .അല്ല പിന്നെ എങ്ങനെ കൊടുക്കാതെ ഇരിക്കും...നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.കഴിഞ്ഞ തവണ നാട്ടില്‍ പോയപോ കിട്ടിയ കുരിശാ കൃഷ്ണന്‍ കുട്ടി.അന്നാമ്മ ആവുന്നത് പറഞ്ഞതാ.വേണ്ട എന്ന്..ഇതൊക്കെ പിന്നെ കുരിശാകും എന്ന്.ഭാര്യവീട്ടുകാരുടെ അഭിമാനം വാനോളം ഉയര്‍ന്നോട്ടെ എന്ന് കരുതി..ഇനി അങ്ങോട്ട് ചെല്ലാന്‍ പറ്റും എന്ന് തോന്നുന്നില്ല..ഇവന്‍ കേറി പോയാല്‍ പിന്നെ നാട്ടില്‍ ചെന്ന് എന്ത് പുകിലാ ഉണ്ടാക്കാന്‍ പോകുന്നെ എന്നറിയില്ല..എന്തൊക്കെ ഇല്ലാ വചനം പറയുമോ എന്തോ."രണ്ടു പെണ്‍ പിള്ളേരാ..വണ്ടി ഓട്ടിച്ചു നടന്നിട്ട് എങ്ങനെ കഴിയാനാ"എന്നൊക്കെ കരഞ്ഞു പറഞ്ഞപോ നോക്കാം എന്നൊരു വാക്ക് പറഞ്ഞു പോയി..ഒരു തരത്തില്‍ ആണ് കൂട്ടത്തില്‍ ജോലി ചെയ്യുന്ന അറബീടെ കൈയും കാലും പിടിച്ചു ഒരു വിസ ഒപ്പിച്ചത്.പത്തു പൈസ ചിലവില്ലാതെ കൃഷ്ണന്‍ കുട്ടി കേറി വരുവേം ചെയ്തു...വന്ന അന്ന് തൊട്ടു വിളിയോട് വിളിയാ..അതില്ല..ഇതില്ല...എനിക്ക് പോണം എന്നൊക്കെ പറഞ്ഞു...എന്നാ പിന്നെ എന്തോന്നിന ഇങ്ങോട്ട് കേറി വന്നെ എന്ന് എങ്ങനെ ചോദിക്കാതെ ഇരിക്കും...അവനു കാലത്തേ പുട്ടും ഇടലീം വേണം..ഉച്ചക്ക് ചോറും മീനും വേണം..രാത്രി രണ്ടെണ്ണംവീശണം.പിന്നെ ഡ്രൈവര്‍ പണി മാത്രേ ചെയ്യു..പടി കേറാന്‍ പറ്റില്ല ..ലിഫ്റ്റ് വേണം..അങ്ങനെ വളരെ ചെറിയ ആവശ്യങ്ങളെ ഉള്ളു..എന്റെ പോന്നു തമ്പുരാനെ...വേറെ ഏതാണ്ട് വരാന്‍ ഇരുന്നതാ..
പി. ടി. ഭാസ്കരന്‍ : വെറുതെ ( എന്തിനാ ) ഒരു അളിയന്‍:
അളിയന്‍ ഗള്‍ഫില്‍ ആണെന്ന് ഒരു മാസം തികച്ചു പറയാന്‍ പറ്റിയില്ലലോ എന്നോര്‍ത്താണ് ദണ്ണം.അതെങ്ങന..ചെന്ന ദിവസം മുതല്‍ വിളിയോട് വിളി അല്ലെ..എനിക്ക് പോരണം എനിക്ക് പോരണം എന്നും പറഞ്ഞു..അളിയന്‍ ഗള്‍ഫില്‍ പോയി എന്ന് നാട് മുഴുവന്‍ അറിയുവേം ചെയ്തു..ബ്ലേഡ് പലിശക്ക് പണം വാങ്ങിയ പോകാന്‍ ഉള്ള രൂപ ശരിയാക്കിയെ..ഇനി അതൊക്കെ എങ്ങനെ കൊടുക്കും എന്റെ ശ്രീ പദ്മനാഭാ..
എന്നാലും ഭാസ്കരണ്ണാ.ഈ ചതി വേണ്ടാരുന്നു...സഹോദരിമാരോട് ഇങ്ങനെ തന്നെ വേണം.കുവൈറ്റിലെ മരുഭൂമിയില്‍ കിടന്നു നരകിക്കാന്‍ ആയിരുന്നോ അണ്ണന്‍ കൃഷ്ണേട്ടനെ കേറ്റി വിട്ടത് ? പോയി രണ്ട് വര്ഷം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ടെയിലര്‍ സുകുമാരന്‍ തന്ന ചുരിദാര്‍ വാങ്ങിയത്..ഇനി അത് എങ്ങനെ തിരികെ കൊടുക്കും ?
ഈപ്പചായന്‍ എന്ന ദ്രോഹി ( കൃഷ്ണന്‍ കുട്ടി വേര്‍ഷന്‍ )
കാര്യം ഒക്കെ ശരിയാ..നാട്ടില്‍ വലിയ പച്ച ഒന്നും ഇല്ലാരുന്നേലും മന സമാധാനം ഉണ്ടായിരുന്നു..ഈ ഗള്‍ഫ് എന്ന് പറഞ്ഞാല്‍ ഇത്രേം വലിയ ബുദ്ധിമുട്ട് ആരിക്കും എന്ന് ആരറിഞ്ഞു.വന്ന ദിവസം മുതല്‍ തുടങ്ങിയ പീഡനം ആണ്..കാലത്തേ എട്ടുമണിക്ക് വിമാനത്തെന്നു ഇറങ്ങി അറബീടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈപ്പചായന്‍ ചതിക്കുകയായിരുന്നു എന്നറിഞ്ഞത്..വണ്ടി ഓട്ടിക്കാന്‍ ആണെന്നും പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ട് പോന്നത്...കാലത്തെ കഴിക്കാന്‍ പുട്ടോ ദോശയോ തന്നില്ല അത് പോട്ടെ...വണ്ടി കഴുകി ഇടാന്‍ പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത ഒരു ഓസ് തന്നിട്ട് ദ്രോഹി പോയി...എന്നിട്ട് കഴുവി കഴിഞ്ഞപോ അങ്ങേരു തന്നത്താന്‍ വണ്ടി ഓട്ടിച്ചു പോയി..എന്ന പിന്നെ എന്തോന്നിന എന്റെ ആവശ്യം..പെബ്രന്നൊരു വന്നിട്ട് അവരുടെ വണ്ടി കഴുവിച്ചു..എന്നിട്ട് അവരും കൊണ്ടുപോയി ഒന്ന്...പിള്ളേരെ സ്കൂളില്‍ കൊണ്ടുപോകാന്‍ ഒരു ബംഗാളി..ഭാഗ്യത്തിന് അവന്‍ വണ്ടി കഴുവാന്‍ പറഞ്ഞില്ല...കേടായ ടയര്‍ മാറ്റി ഇടുവിച്ചേ ഉള്ളു..
ഒന്ന് നടുവ് നിവര്‍ക്കാം എന്ന് കരുതി നാല്‍പതു പടികേറി (ലിഫ്റ്റ് ഒക്കെ അറബിക്ക് മാത്രമല്ലെ ഉള്ളു നമ്മളെ പോലുള്ള അപ്പാവികള്‍ക്ക് എന്നും പതിനെട്ടാം പടി ശരണം)റൂമില്‍ ചെന്ന് ചെരിഞ്ഞേ ഉള്ളു...താഴേന്നു ശ്രീലങ്കക്കാരി വേലക്കാരി വിളിയോട് വിളി .അവ പിന്നെ പിന്നെ ഒന്നും പറഞ്ഞാല്‍ മനസിലാകാത്ത കൊണ്ട് കുഴപ്പമില്ല..പടി ഇറങ്ങി താഴെ ചെന്നപോള്‍ പരിപ്പിളകി..അക്കന്‍ ചോറിനു പകരം ഒരുമാതിരി റബര്‍ പോലുള്ള ഒരു ദോശ എടുത്തു കയ്യിലേക്ക് തന്നു പിന്നെ കുറെ തൈരും..പണ്ട് വീട്ടില്‍ ചോറിനു പകരം കപ്പ തന്നപ്പം പ്ലേറ്റ് എടുത്തു എറിഞ്ഞപോലെ ഞാന്‍ എന്തേലും ചെയ്തുപോയേനെ..എറിയാന്‍ പ്ലേറ്റ് ഇല്ലല്ലോ.പിന്നെ ഈപ്പച്ചയന്റെ കാര്യം ഓര്‍ത്തിട്ട..വന്ന ദിവസം തന്നെ മൊട കാണിച്ചു എന്ന് ചീതപ്യാര് വേണ്ട . ഒരു വിധത്തില്‍ അതും കേറ്റി നട കേറി മുകളില്‍ ചെന്നപോഴേക്കും എല്ലാം ഫ്ലാറ്റ്...വയറ്റില്‍ കാറ്റ് മാത്രം..ഒന്ന് മയങ്ങി വന്നപോഴേക്കും വിളി വന്നു.കുറ്റി..കുറ്റി..അറബി ആണ് .വണ്ടിയെന്നു സാധനങ്ങള്‍ ഇറക്കി വെക്കാന്‍..എന്റെ അമ്മച്ചിയെ..ഇത്രേം സാധനങ്ങള്‍ നാട്ടില്‍ ഇറക്കാന്‍ കൂടിയാല്‍ കീടം അടിക്കാന്‍ ഒരാഴ്ചത്തേക്കുള്ള പൈസ കിട്ടിയേനെ..
രാത്രി ആയാല്‍ അറബികള്‍ ഓരോന്നായി വരാന്‍ തുടങ്ങും...കാപ്പികുടീം പുകവലീം..ചിരീം ബഹളോം തന്നെ.ഇടക്ക് വഴക്കുണ്ടാക്കും പോലെ തോന്നുകേം ചെയ്യും.ഇതിനൊന്നും ഉറക്കോം ഇല്ലേ ..കുറ്റീ..കുറ്റീ എന്ന് വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ വെയിന്‍ അദ ഗവാദ് എന്ന് പറയുന്ന കേള്‍ക്കാം..ഈ ഗവാദ് എന്ന് പറഞ്ഞാല്‍ സ്നേഹം കൊണ്ട് വിളിക്കുന്നതല്ല..തന്തക്കു വിളിക്കുന്നതാ എന്ന് പിന്നെ അല്ലെ മനസിലായെ..നെയ്യാറ്റിന്‍ കരയില്‍ ല്വാറി ഓടിച്ചു നടക്കാന്‍ എന്തൊരു സുഖമായിരുന്നു...വൈകുന്നേരം പിരിവെടുത്തു കീടം..പിന്നെ വാസുവണ്ണന്റെ തട്ടുകടെന്നു ശാപ്പാട്..അല്ല..എന്നെ പറഞ്ഞ മതി..അളിയന്‍ ഭാസ്കരന്‍ നിര്‍ബന്ധിചിട്ടല്ലേ ഇങ്ങോട്ട് കെട്ടി എടുത്തേ..അല്ലെ തന്നെ ലോകത്തില്‍ ഏതെങ്കിലും അളിയന്‍ സ്വന്തം അളിയനോട് ആത്മാര്‍ഥത കാണിച്ചിട്ടുണ്ടോ ..വന്നിട്ട് ദിവസം കുറെ ആയി ...ഈ നേരം വരെ വളയം പിടിക്കാന്‍ പറ്റിയിട്ടില്ല..ലൈസെന്‍സ് വേണോന്നു...അതില്ലേ ജെയിലില്‍ ഇടുമെന്ന്...ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓട്ടിച്ചു പിടിച്ചാല്‍ ഇവിടെ മാത്രമല്ല ലോകത്തെവിടെ ആണെങ്കിലും പോലീസ് പിടിക്കും എന്ന് ഈ പോട്ടന്മ്മാര്‍ക്ക് അറിഞ്ഞു കൂടെ ? വണ്ടി പണിക്കു വന്നാല്‍ അതല്ലേ ചെയ്യിക്കാവൂ.ഇത് ചെടിക്ക് തടം ഇടണം.വണ്ടി കഴുവണം..മീന്‍ കഴുവി വൃത്തിയാക്കണം..വീട് ക്ലീനിംഗ് നടത്തണം..ഒരു മിനുട്ട് ചുമ്മാ ഇരിക്കുന്ന കണ്ടാല്‍ അറബി പണി തരും..ഈപ്പച്ചന്‍ ഇന്ന് വൈകിട്ട് ടിക്കറ്റും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .നാട്ടില്‍ ചെന്നിട്ടു വേണം അറബീനെ ഒന്ന് ഫോണ്‍ വിളിച്ചു തെറി പറയാന്‍.
നാട്ടില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കും എന്നാ ഈപ്പചായന്റെ ചോദ്യം..ഇങ്ങോട്ട് വരും മുന്‍പ് നാട്ടില്‍ തന്നല്ലോ ജീവിച്ചേ..അല്ലെ തന്നെനാട്ടില്‍ചെല്ലുബോഴേക്കും വിഴിഞ്ഞം പദ്ധതി വരും..പിന്നെ വള്ളം അടുപ്പിക്കാന്‍ ഈ അറബികള്‍ ക്യു നില്കും നമ്മുടെ ഒക്കെ മുന്‍പില്‍ എന്നാ അട്ടിമറി തൊഴിലാളി യുണിയന്‍ സെക്രെട്ടറി സഖാവ് കുട്ടന്‍ പറഞ്ഞത്..
നല്ല മനുഷ്യനാ ഈപ്പചായന്‍....ഈപ്പച്ചാ ..നീ നാട്ടിലേക്ക് വാ ..വെച്ചിട്ടുണ്ട് ഞാന്‍...






