Jul 17, 2024

സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം

 


സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം!


രാജാവിന്റെ മകൻ എന്ന ചിത്രം 1986-ൽ കണ്ടപ്പോഴാണ് അങ്ങയെ ശ്രദ്ധിക്കുന്നത്.ഇരുപതാംനൂറ്റാണ്ടിൽ വില്ലനായിട്ടാണെങ്കിലും അങ്ങ് ഞങ്ങളുടെയൊക്കെ ഇഷ്ട്ടം പിടിച്ചുപറ്റി.അതിനുശേഷം വടക്കൻ വീരഗാഥ,ന്യൂഡൽഹി,അങ്ങനെ എത്രയോ ചിത്രങ്ങൾ,വേഷങ്ങൾ! തലസ്ഥാനവും ഏകലവ്യനും കമ്മീഷണറും അങ്ങയെ സൂപ്പർ താരം ആക്കിയപ്പോൾ കയ്യടിച്ചവരിൽ ഞാനുമുണ്ടായിരുന്നു.


മറ്റു താരങ്ങളെവെച്ചു നോക്കുമ്പോൾ സഹാനുഭൂതിയുടെ കാര്യത്തിൽ അങ്ങ് മുൻപന്തിയിൽ തന്നെയാണ്.സമൂഹത്തിൽ പല ഇടപെടലുകളും നടത്തിയതിലൂടെ അത് തെളിയിച്ചിട്ടുമുണ്ടെന്നു എല്ലാവര്ക്കും അറിയാം.മോദിജിയിൽ ആകൃഷ്ടനായി അങ്ങ് ബിജെപിയുടെ സഹയാത്രികനായപ്പോൾ, മോദിജിയെ ആരാധിക്കുന്ന അനേകം പേരെ പോലെ ഞാനും സന്തോഷിച്ചു.സമൂഹത്തിനു നന്മചെയ്യാൻ അങ്ങയെപ്പോലൊരാൾ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു,പ്രാർത്ഥിച്ചു.ഇന്ഗ്ലീഷ്‌ അറിയാതെ പാർലമെന്റിൽ തപ്പിത്തടയുന്ന മലയാളി എംപി മാരേക്കാൾ കേരളത്തിന്റെ  പ്രശ്നങ്ങൾ അങ്ങേക്ക് അവതരിപ്പിക്കാൻ കഴിയുമെന്നുള്ള ഉറപ്പും എനിക്കുണ്ട് .

അങ്ങയെ ആരാധിക്കുമ്പോഴും അങ്ങയുടെ മാനുഷിക ഇടപെടലുകളെ സ്വാഗതം ചെയ്യുമ്പോഴും ചില കാര്യങ്ങൾ അങ്ങയെ ഓർപ്പിക്കാതെ വയ്യ.നമ്മുടെ നാട്ടിലെ മാപ്രകളെയും അങ്ങയുടെ രാഷ്ട്രീയ എതിരാളികളെയും അങ്ങേക്ക് ശരിക്ക് അറിയാമല്ലോ . അങ്ങയെ താറടിച്ചു കാട്ടാൻ അവർ ഏതറ്റവും പോകും.അടുത്ത അഞ്ചുവർഷം ശക്തമായ  മാധ്യമ വിചാരണക്കും ഓഡിറ്റിനും അങ്ങ്
വിധേയനാകേണ്ടിവരുമെന്നുറപ്പാണ്.അതിലൊന്നും ചെന്ന് വീണുകൊടുക്കരുതേ എന്നാണെനിക്കു പറയാനുള്ളത് സംസാരത്തിൽ മിതത്വം പാലിക്കുക.കരുണയും സഹാനുഭൂതിയും താങ്കളിൽ ഉണ്ടെന്നറിയാം, അത് പെരുമാറ്റത്തിലും സംസാരത്തിലും കൂടെ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഭരത്ചന്ദ്രൻ സ്‌ക്രീനിൽ പോരെ ? ശബ്ദത്തിലെ മോഡുലേഷൻ എങ്ങനെ ക്രമീകരിക്കാം എന്നത് സ്ഥിരമായി ഡബ്ബ് ചെയ്യുന്ന അങ്ങേക്ക് നന്നായി അറിയാമല്ലോ . ബൈറ്റുകൾ കൊടുക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ അങ്ങയെ കാണുന്നുണ്ട് എന്നറിയുക.ഒരു ചെറിയ നാക്കുപിഴ പോലും ആഘോഷിക്കപ്പെട്ടേക്കാം .


എന്നാൽ  എന്തിനാണ് അങ്ങേക്ക് രാജാപാർട്ടു വേഷങ്ങൾ?ചുവന്ന പരവതാനി? ലളിതമായി വസ്ത്രം ധരിക്കു. ശരീരഭാഷയിൽ ശ്രദ്ധിക്കു .സംഘാടകരോട് ആർഭാടങ്ങൾ ഒഴിവാക്കാൻ പറയു .ആൾക്കൂട്ടങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്നവർ ആരാധനയുടെ പരകോടിയിലാവാം. അവരെ സൗമ്യമായി കൈകാര്യം ചെയ്യൂ.വണ്ടി നിർത്താത്ത ഡ്രൈവറെ തല്ലാനോങ്ങാതെ സ്നേഹപൂർവ്വം ശാസിക്കു !അങ്ങ് ഇപ്പോൾ ഒരു സെലിബ്രിറ്റി മാത്രമല്ല.എംപിയും കേന്ദ്രമന്ത്രിയുമാണ്. ആ സ്ഥാനത്തിന് കോട്ടം വരാതെയുള്ളതാവണം അങ്ങയുടെ ഓരോ ചലനങ്ങളും വാക്കുകളും . 

അങ്ങൊരു സീസൺഡ് രാഷ്ട്രീയക്കാരനല്ലെന്നറിയാം. പാവങ്ങളോട് ദയാവായ്പ്പുള്ള മനുഷ്യനാണെന്നും അറിയാം. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ആളാണെന്നും അറിയാം.അതുകൊണ്ടുകൂടിയാണല്ലോ തൃശൂർ അങ്ങേക്ക് അവർ തന്നതും.അങ്ങയിൽ  നിക്ഷിപ്തമായിരിക്കുന്നത് വലിയ ഒരു ചുമതലയാണ് . അപ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ് .അല്ലെങ്കിൽ അങ്ങയുടെ എതിരാളികളാവും അതിനെ മുതലെടുക്കുക.ജനത്തെ വെറുതെ  തെറ്റിദ്ധരിപ്പിക്കുക.അത് അനുവദിച്ചുകൊടുക്കാതിരിക്കുക.താങ്കളെ കേരളത്തിന് ആവശ്യമുണ്ട്. മോദിജിക്ക്‌ ആവശ്യമുണ്ട് .


സ്നേഹപൂർവ്വം അങ്ങയുടെ ഒരു എളിയ ആരാധകൻ,

വില്ലേജ് മാൻ