Feb 13, 2013

ഗരുഡന്‍ പറവ


സന്ധ്യമയങ്ങിയപ്പോഴേക്കും കിഴക്കേതില്‍ നിന്നും ഗരുഡന്‍പറവയുടെ*  ചെണ്ടമേളം കേള്‍ക്കാന്‍ തുടങ്ങി.വളരെ കാലമായിട്ടും കുട്ടികളുണ്ടാകാതിരുന്ന ഗോമതിചേച്ചിക്ക് ഒരു ആണ്കുട്ടി ജനിച്ചതിനു നടത്തുന്ന വഴിപാടായിരുന്നു അന്ന്.കിഴക്കേതിലെ പിള്ളച്ചേട്ടൻ,മിക്കവാറും   എല്ലാ വീട്ടിലും പോയി ക്ഷണിച്ചതുകൊണ്ടാവണം,സാമാന്യം നല്ല ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു.

മീനമാസത്തിലെ കടുത്ത ഉഷ്ണം നിറഞ്ഞ ഒരു ദിവസമായിരുന്നു അന്ന്.ഗരുഡന്‍പറവ കാണാന്‍ എത്തുന്നവര്‍ക്കായി കൊടുക്കാന്‍ ഒരു ചെറിയ കൊതുമ്പുവള്ളതില്‍ നിറയെ മോര് കലക്കി വെച്ചിട്ടുണ്ടായിരുന്നു.ദാഹിച്ചു വലഞ്ഞു വരുന്നവര്‍ പലരും സ്വയമേ അത് കൊരിക്കുടിക്കുകയും അടുത്ത് ഒരു പാത്രത്തില്‍ വെച്ചിരിക്കുന്ന വെറ്റിലകൂട്ടി മുറുക്കുകയോ,ബീഡികള്‍    വലിക്കുകയോ ചെയ്തു.

നാട്ടുകാരെ കൂടാതെ പിള്ളച്ചേട്ടന്റെ സ്വന്തക്കാരും ബന്ധുക്കാരുമായി ഒരുപാടാള്‍ക്കാര്‍ അവിടെ ഉണ്ടായിരുന്നു.അടുക്കളയോട് ചേര്‍ന്ന് താല്‍ക്കാലികമായി ഉണ്ടാക്കിയിരുന്ന ഷെഡിനുള്ളില്‍ പാചകക്കാരന്‍ അപ്പുവേട്ടന്‍ ചോറും കറികളും ഉണ്ടാക്കുന്നത്‌  പ്രകാശന്‍ ‍ ‍ കണ്ടു.പിന്നിലത്തെ മുറിയിലായിരുന്നു ഗരുഡന്‍ പറവ നടത്തുന്ന നാണുവാശാന്‍ ചമയം നടത്തിയിരുന്നത്.കഥകളിക്കാര്‍ അണിയുന്നതിനോട് സാമ്യമുള്ള, ചുവപ്പും കറുപ്പും ഇടകലര്‍ന്ന,ഞൊറികളുള്ള ഒരു തരം  വസ്ത്രമായിരുന്നു    അയാള്‍ അണിഞ്ഞിരുന്നത്. പ്രകാശന്‍   ചെല്ലുമ്പോള്‍ നാണുവാശാന് മുഖത്ത് വലിയ കൊക്കുകള്‍ പിടിപ്പിക്കയായിരുന്നു.പ്രകാശന്‍  അടുത്ത മുറിയിലേക്ക് നോക്കിയപ്പോള്‍ ,ജനലിനരുകില്‍ കട്ടിലില്‍ കിടക്കുന്ന പ്രായമായ ഒരു സ്ത്രീയെ കണ്ടു.അവരുടെ തല മൊട്ടയടിച്ചിരുന്നു. വായ അല്‍പ്പം തുറന്നതും,കൈകാലുകള്‍ കോച്ചിയിരിക്കുന്നതുമായി പ്രകാശന് തോന്നി.കഴിക്കാനോ    കുടിക്കാനോ  എന്തെങ്കിലും വേണമോ എന്ന ഗോമതി ചേച്ചിയുടെ ചോദ്യത്തിന് കണ്ണടച്ച് കാട്ടുന്നത് കണ്ടപ്പോള്,വല്യമ്മക്ക് സംസാര ശേഷി ഇല്ല എന്ന് പ്രകാശന്   മനസ്സിലായി.അവരുടെ കഴുത്തില്‍ കിടന്നിരുന്ന അല്‍പ്പം നീളമുള്ള ഒരു മാല മുറിയിലേക്ക് എത്തിനോക്കിക്കൊണ്ടിരുന്ന നിലാവിന്റെയോ,മുറിയില്‍ മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന മേശവിളക്കിന്റെ പ്രകാശത്തിലോ,തിളങ്ങുന്നുണ്ടായിരുന്നു.സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ ജപ്തി ഒഴിവാക്കാന്‍ വേണ്ട ഒരു സംഖ്യയുമായി ഒത്തുപോകുന്നതായേക്കാം അവര്‍ ധരിച്ചിരിക്കുന്ന  മാലയുടെ വില     എന്ന്  എന്തുകൊണ്ടോ അയാള്‍ക്ക്‌ തോന്നി.പ്രകാശന്‍   ഒരു കള്ളനൊന്നും ആയിരുന്നില്ല.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അയാളെ അലട്ടിയപ്പോള്‍,തല്ക്കാലം പിടിച്ചു നില്‍ക്കാന്‍ ഒരു പിടിവള്ളി എന്നെ അയാള്‍ ഉദ്ദേശിച്ചിരുന്നുള്ളു.അവിചാരിതമായി പെയ്ത വേനല്‍ മഴ വിളനാശം ഉണ്ടാക്കിയപ്പോള്‍ പൊലിഞ്ഞത്, കടങ്ങള്‍ വീട്ടാനുള്ള അവസാനത്തെ ശ്രമം കൂടെയായിരുന്നു. വീടിനുമുന്നില്‍ നാണുവാശാന് പറക്കാനുള്ള തട്ടിന്റെ അവസാന മിനുക്ക്‌ പണികള്‍ നടക്കുന്നുണ്ടായിരുന്നു.തട്ട് പിടിക്കാന്‍ കൂടണം എന്ന് പ്രകാശനോടും പിള്ള പറഞ്ഞിരുന്നു.തട്ട് പിടിക്കുവാനായി  പറഞ്ഞു വെച്ചിരുന്ന   മറ്റുള്ള ആള്‍ക്കാര്‍ വാഴത്തോപ്പിലിരുന്നു ചാരായം അകത്താക്കി.അല്‍പ്പനേരത്തിനു ശേഷം നാണുവാശാന്‍ പുറത്തേക്കു വന്നു.മേളം ഉച്ചസ്ഥായിയില്‍ ആയപ്പോള്‍,ഗരുഡന്‍ മുറ്റത്ത്‌ ചുവടുകള്‍  വെച്ചു.പലരും എറിഞ്ഞു കൊടുത്ത നാണയങ്ങളും,രൂപയും ഗരുഡന്‍ തന്റെ കൊക്കുകള്‍ കൊണ്ട് കൊത്തിയെടുത്തു.പ്രായമായവര് ഭക്തിപൂര്‍വവും ചെറുപ്പക്കാര്‍ കൌതുകത്തോടെയും ഗരുഡന്‍ പറവ നോക്കി  നിന്നു. ജനത്തിന്റെ ശ്രദ്ധ ഗരുഡന്പറവയില്‍ കേന്ദ്രീകരിക്കവേ പ്രകാശന്‍ വീടിന്റെ പിന്നിലേക്ക്‌ നീങ്ങി. 


 
ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു   വല്യമ്മ .എന്നാല്‍ ഗോമതിച്ചേച്ചി  ഉള്‍പ്പെടെ കുറെ പെണ്ണുങ്ങള്‍    മറ്റൊരു     ജനലിലൂടെ   ഗരുഡന്‍ പറവ നോക്കിക്കാണുകയായിരുന്നു. പ്രകാശന് കൈകള്‍ കൂട്ടിത്തിരുമ്മി കുറെ നേരം  കട്ടിലിലിലേക്ക് തന്നെ നോക്കി നിന്നു .അപ്പുവേട്ടന്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയതിനാല്‍ കുറേപ്പേര്‍ അവിടേക്ക് പോയി.പറക്കുന്നതിനിടക്കുള്ള ചെറിയ ഇടവേളകളില്‍,പന്തലിനുള്ളില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു നാണുവാശാന്‍ ക്ഷീണമകറ്റുമ്പോള്‍ കുട്ടികള്‍ കൌതുകത്തോടെ നോക്കി നിന്നു. അതിനകം    മൂന്നു പ്രാവശ്യം വല്യമ്മ കിടക്കുന്ന മുറിയില്‍ പോയി നോക്കിയിട്ടും ആളൊഴിയാതതിനാല്‍,ഭക്ഷണം കഴിച്ചിട്ട് തട്ട് ഉയര്‍ത്താന്‍ കൂടാം എന്ന് പ്രകാശന്‍ തീരുമാനിച്ചു . 
കുറെയധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നു തട്ട് ഉയര്‍ത്താന്‍.ആളുകള്‍  തോളില്‍ വെച്ച ഗരുഡന്‍തട്ടില്‍ നാണുവാശാന്‍ തകര്‍ക്കുമ്പോള്‍, തട്ട് പിടിചിരുന്നവര്‍ ആവേശം മൂത്ത് കൈകള്‍ ഉയര്‍ത്തുകയും തിരിയെ തോളില്‍ വെക്കുകയും ചെയ്തു.കുറച്ചു നേരത്തെ പറക്കലിന് ശേഷം ഗരുഡന് തട്ട്,‍ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് നീങ്ങി. കാണാന്‍ വന്നവര്‍ എല്ലാം തന്നെ ഒരു ഘോഷയാത്രയായി തട്ടിനെ അനുഗമിച്ചു.ക്ഷേത്രത്തില്‍ എത്തിയപ്പോള്‍, മറ്റു നാല് വീടുകളില്‍ നിന്നുള്ള ഗരുഡനും കൂടി അവിടെ എത്തി.അഞ്ചു ഗരുഡനുകള്‍ ഒന്നിച്ചു പറന്നപ്പോള്‍,പ്രകാശന്‍ പിള്ളച്ചേട്ടന്റെ വീട്ടിലേക്കു നടന്നു.
നിശബ്ദമായിരുന്നു പിള്ളച്ചേട്ടന്റെ വീട്.വല്യമ്മയുടെ മുറിയുടെ ജനല്‍ അടച്ചിരുന്നില്ല . ജനലില്‍ കൂടി ഒരു ചെറിയ കമ്പു കൊണ്ട് വാതലിന്റെ സാക്ഷ നിരക്കിമാറ്റാന്‍ പ്രകാശന് അധികം പണിപ്പെടേണ്ടി വന്നില്ല. 


അകത്തു കയറിയ പ്രകാശനെ തന്നെ നോക്കി കിടക്കുകയായിരുന്നു വല്യമ്മ. കട്ടിലില്‍ ഇരുന്നുകൊണ്ട്,വിറയാര്‍ന്ന കൈകളാല്‍ മാല അഴിചെടുക്കുമ്പോള്‍, പ്രകാശന്റെ കണ്ണുകളിലേക്കു തന്നെ അവര്‍ നോക്കി.അവരുടെ കണ്ണുകളില്‍ ഒരു നിസ്സഹായാവസ്ഥ നിഴലിച്ചിട്ടുണ്ട് എന്ന് പ്രകാശന് തോന്നി.
ആദ്യമായി നടത്തിയ  കളവില്‍ പ്രകാശന്റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.ശരീരം വിയർത്തൊഴുകു

ന്നുണ്ടായിരുന്നു.ഒരുവേള ഹൃദയമിടിപ്പ്‌ കൂടി താന്‍ മരിച്ചുപോകുമെന്നു വരെ അയാള്‍ കരുതി.വല്യമ്മ കണ്ണുകള്‍ കൊണ്ട് എന്തോ കാട്ടുന്നതുപോലെ അയാള്‍ക്ക്‌ തോന്നി.മൂന്നു പ്രാവശ്യം കണ്ണുകള്‍ അടുത്തിരിക്കുന്ന മണ്‍കൂജയിലേക്ക് നോക്കിയപ്പോള്‍, അവര്‍ക്ക് വെള്ളം വേണമെന്ന് പറയുന്നതുപോലെ പ്രകാശന് തോന്നി.വിറയാര്‍ന്ന കൈകളാല്‍ അയാള്‍ ഒഴിച്ച് കൊടുത്ത വെള്ളത്തില്‍ പകുതിയും,കോടിയിരുന്ന വായുടെ വശങ്ങളിലൂടെ ഒലിച്ചു കട്ടിലിലേക്ക് വീണു.നിലാവ് വീണ വഴികളിലൂടെ തിരിച്ചു    നടക്കുമ്പോളും അയാളുടെ വിറയല്‍ മാറിയിരുന്നില്ല.
മാല എടുക്കേണ്ടതില്ലായിരുന്നു  എന്നയാള്‍ക്ക് പലവട്ടം തോന്നി. തിരിയെ പോയി മാല അവരുടെ മുറിയിലേക്ക് തന്നെ വലിച്ചു എറിഞ്ഞാലോ എന്നയാള്‍ ഇടക്ക് ഓര്‍ത്തു.വീട്ടിലെത്തി,മടിയില്‍ നിന്നും മാല എടുത്തു ഒന്ന് കൂടി നോക്കുമ്പോഴും അയാളുടെ    കൈകള്‍ വിറച്ചുകൊണ്ടേയിരുന്നു.ഉറക്കം വരാതെ കിടക്കുമ്പോഴും മാല തിരിച്ചു കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല .


വലിയ ചിറകുള്ള ഒരു ഗരുഡന്‍,തന്റെ കൊക്കുകള്‍ കൊണ്ട് ഒരു പാമ്പിനെപ്പോലെ തോന്നിച്ച എന്തോ കൊത്തിയെടുത്തു തന്റെ നേരെ പറന്നടുക്കുന്നത് അയാള്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടു.വല്യമ്മയുടെ കഴുത്തിലെ മാലയായിരുന്നു അത് എന്നയാള്‍ക്ക് തോന്നി.ഗരുഡന്റെ ചുണ്ടുകള്‍ ശരീരത്തില്‍ ആഴ്ന്നിറങ്ങു‌ന്നതുപോലെ തോന്നിയപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു .പ്രകാശന്‍റെ  ശരീരം വിയര്‍ത്തു കുളിച്ചിരുന്നു .നിലാവിലൂടെ ഓടിയും നടന്നും,പിള്ളച്ചേട്ടന്റെ വീട്ടില്‍ എത്തിയപ്പോളും അങ്ങകലെ ക്ഷേത്രത്തില്‍ നിന്നും,ഗരുഡന്റെ മേളം നിലച്ചിരുന്നില്ല.വല്യമ്മ അതേ കിടപ്പുതന്നെയായിരുന്നു.മാല മടിയില്‍നിന്നും  എടുക്കുംമുന്പു അയാള്‍   വല്യമ്മയുടെ മുന്നില്‍  കൈകള്‍  കൂപ്പി ഒരു   നിമിഷം നിന്നു.വല്യമ്മയുടെ കഴുത്തില്‍ മാല ഇട്ടുകൊടുക്കുമ്പോള്‍ അയാളുടെ  കൈകള്‍ക്ക് വിറയല്‍ ഉണ്ടായിരുന്നില്ല.ചുളിഞ്ഞ കൈകള്‍ അയാള്‍  കൂട്ടിപ്പിടിച്ചപ്പോള്‍,കുഴമ്പിന്റെ  മണം അയാള്‍ക്ക്‌  അനുഭവപ്പെട്ടു.അയാളെ വീണ്ടും കണ്ടപ്പോള്‍ വല്യമ്മയുടെ മുഖത്ത് ഒരു പരിഭ്രാന്തിയായിരുന്നെങ്കില്‍,മാലയിട്ടുകൊടുതപ്പോള്‍ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.അവര്‍ മാല വേണ്ട എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും, കണ്ണുകള്‍ അടക്കുകയും ചെയ്തു.അയാള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വല്യമ്മ മൂളല്‍ പോലെ ഒരു ശബ്ദം ഉണ്ടാക്കി,തെരുതെരെ കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്തു. എന്തോ ഒരു ഉള്‍പ്രേരണയില്‍ പ്രകാശന്‍ വീണ്ടും മാല അഴിചെടുതപ്പോള്‍ വല്യമ്മയുടെ മുഖത്ത് ‍ വീണ്ടും ചിരി നിറഞ്ഞു.ആ കണ്ണുകളില്‍ ഒരു അലിവു പ്രകാശന്‍ കണ്ടു .ഇനിയൊരുപക്ഷേ   ആ കണ്ണുകള്‍  നിറഞ്ഞിട്ടുണ്ടാവുമോ ?

സര്‍പ്പക്കാവും കടന്നു പൊന്തകള്‍  നിറഞ്ഞു നില്‍ക്കുന്ന ആറ്റു തീരത്തെ ചെറിയ  നടവഴിയിലൂടെ  തിരിയെ  നടക്കുമ്പോള്‍ ,നിലാവിന് പുതിയൊരു നിറം വന്നതുപോലെ  അയാള്‍ക്ക്‌തോന്നി. കൈകളില്‍  അപ്പോഴും  ഉണ്ടായിരുന്നു,കുഴമ്പിന്‍റെയെന്നോ കാച്ചിയ എണ്ണയുടെതെന്നോ വേര്‍തിരിച്ചറിയാനാവാത്ത ആ  സുഗന്ധം. 

                                                                **************>>>*ഗരുഡന്‍ പറവ: മധ്യ തിരുവിതാംകൂറില്‍  ദേവീക്ഷേത്രങ്ങളില്‍ ഉദ്ദിഷ്ട്ട കാര്യ സാധ്യത്തിനായി ഭക്തര്‍   നടത്താറുള്ള  ഒരു  വഴിപാടു. കഥകളിയോട്‌ സാമ്യമുള്ള വേഷമിട്ട പറവക്കാരനെ ഒരു തട്ടിലെറ്റിവീടുകളില്‍ നിന്നും കൊണ്ടുപോകുന്നു.ഗരുഡന്‍തൂക്കം   എന്നും ഇത്  പലയിടത്തും  അറിയപ്പെടുന്നു<<<