Sep 18, 2012

ഭഗവതിപ്പിള്ള..

ഏറ്റുമാനൂര്‍ ഒന്‍പതാം ഉത്സവം
ആയിരുന്നു അന്ന്.


ഉണ്ണിമേനോന്റെ ഗാനമേള ആയിരുന്നു ആ ദിവസത്തെ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നാലഞ്ചു പേര്‍ ഒത്തു കൂടി, അവസാനത്തെ വണ്ടിക്കായി കാത്തു നില്‍ക്കവേ ആയിരുന്നു കുറെ പേര്‍ കടവിലേക്ക് ഓടുന്നത് കണ്ടത്.എന്തോ അരുതാത്തത് സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. എന്ത് വന്നാലും ഗാനമേള പരിപാടി മാറ്റാന്‍ പറ്റില്ല എന്ന് സുമേഷ് കട്ടായം പറഞ്ഞു.കടവിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു .കടവിലെക്കിറങ്ങുന്ന സ്ഥലത്തുണ്ടായിരുന്ന പോസ്റ്റില്‍ വോള്‍ട്ടേജ് കുറഞ്ഞ ഒരു ബള്‍ബ് കത്തിക്കിടന്നിരുന്നു. കൈയ്യില്‍ ഒരു ഭാണ്ടക്കെട്ടുമായി അലക്ക്കല്ലില്‍ തലക്കു കൈ കൊടുത്തിരിക്കുകയായിരുന്നു ആ സ്ത്രീ.ആളുകള്‍ അറിഞ്ഞും കേട്ടും വരാന്‍ തുടങ്ങി ."ജാനകിപ്പിള്ളയാ.അവര് മരുമോളോട് വഴക്കുണ്ടാക്കി വന്നിരിക്കയാ...വെള്ളത്തില്‍ ചാടി ചത്തുകളേംന്നു പറയുന്നു" കടയടച്ചു വരുകയായിരുന്നു വാസുവേട്ടന്‍ ഞങ്ങളോട് പറഞ്ഞു.. ഭഗവതിപ്പിള്ള എന്ന് ഞങ്ങള്‍ വിളിക്കുന്ന ജാനകിപ്പിള്ളയായിരുന്നു അവര്‍. പുഴക്കക്കരെയായിരുന്നു അവരുടെ വീട്.അടുത്തുള്ള ഭഗവതീ ക്ഷേത്രത്തിലെ ജോലികളും, മാലകെട്ടും,ഒക്കെയായിട്ട്‌ കഴിയുകയായിരുന്നു അവര്‍. അത്യാവശ്യം ജ്യോതിഷം ഒക്കെ കൈവശം ഉണ്ടായിരുന്നു അവര്‍ക്ക്.അവര്‍ക്ക് എന്തൊക്കെയോ "സേവ" ഉണ്ടെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ടായിരുന്നു അവരെ ഭഗവതിപ്പിള്ള എന്ന് ആളുകള്‍ വിളിച്ചിരുന്നത്‌. വെള്ളിയാഴ്ചകളില്‍ അവരെ അന്വേഷിച്ചു അന്യനാട്ടില്‍ നിന്നൊക്കെ പലരും വന്നിരുവത്രേ.ഭഗവതിപ്പിള്ളക്ക് പരിചയക്കാര്‍ക്കിടയില്‍ നടത്തിയിരുന്ന ‍ ചെറിയ ചിട്ടികള്‍ ഒക്കെയുണ്ടായിരുന്നു .ചെറിയ തുകകള്‍..അത് പിരിക്കാനും, നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കാനുമായി അവര്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. ഭഗവതിപ്പിള്ള വന്നാല്‍ പിന്നെ അടുത്ത വീടുകളിലെ പെണ്ണുങ്ങള്‍ എല്ലാം കൂടി ഞങ്ങളുടെ വരാന്തയില്‍ കൂടും. ഞങ്ങള്‍ പിള്ളേര്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ ഞങ്ങളെ ഓടിച്ചു വിടും.പരദൂഷണങ്ങള്‍ കേള്‍ക്കാനുള്ള കൊതിയില്‍ പെണ്ണുങ്ങള്‍ അവരുടെ വാക്കുകള്‍ക്കു ശ്രദ്ധിച്ചു നില്‍ക്കും.
നാല് മക്കളായിരുന്നു അവര്‍ക്ക്. ഒരാണും മൂന്നു പെണ്ണും.പെണ്ണുങ്ങളെ, എങ്ങനെയൊക്കെയോ അവര്‍ കല്യാണം കഴിച്ചയച്ചു.മകന്‍ പത്തു നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ ഭഗവതിപ്പിള്ള പണിയെടുത്തും, ചിട്ടിമുതലിച്ചും,ജ്യോതിഷം നോക്കിയും,ഉണ്ടാക്കിയിരുന്ന പണം,കുടിച്ചു ധൂര്‍ത്തടിച്ചു ജീവിച്ചു പോന്നു.മദ്യപിച്ചു,ചുമന്നു തുടുത്ത മുഖവും, കണ്ണുകളുമായി ഒരുപാടുതവണ അയാളെ കണ്ടിട്ടുണ്ട്.മദ്യപിച്ചു കഴിഞ്ഞാല്‍ "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ "എന്ന പാട്ടിന്റെ വരികള്‍ പാടുക അയാളുടെ ഒരു ശീലമായിരുന്നു.അതുകൊണ്ട് തന്നെ അയാളെ ഞങ്ങള്‍ താഴമ്പൂ എന്നായിരുന്നു വിളിച്ചിരുന്നത്‌.ഭഗവതിപ്പിള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങി താഴമ്പൂ അവസാനം കല്യാണം കഴിച്ചു.കല്യാണം കഴിച്ചാല്‍ എങ്കിലും മകന്‍ നന്നാകും എന്നായിരുന്നു ആ പാവത്തിന്റെ വിചാരം. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. വന്നത് ഒരു ശൂര്‍പ്പണഖ . പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെ അവള്‍ ഭഗവതിപ്പിള്ളയെ കഷ്ട്ടപ്പെടുത്തി.
ഞാന്‍ പതിയെ ഭഗവതിപ്പിള്ള ഇരുന്നിരുന്ന കല്ലിനടുത്തി, അവരോടു തല്‍ക്കാലം വീട്ടിലേക്കു പോകാന്‍ പറഞ്ഞു.അവര്‍ ഒന്നും പറഞ്ഞില്ല.അവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നിരുന്നു.ചെവിയുടെ അടുത്തുനിന്നും ചോര വരുന്നുണ്ടായിരുന്നു.ആള്‍ക്കൂട്ടത്തില്‍ പലരും പറഞ്ഞിട്ടും അവര്‍ കേട്ടില്ല..രാത്രിയില്‍ പുഴയില്‍ ചാടി ചാകും എന്ന് അവര്‍ എല്ലാവരോടുമായി പറഞ്ഞു. അവരുടെ മുഖഭാവത്തില്‍ നിന്നും അത് ചെയ്തേക്കും എന്ന് എനിക്ക് തോന്നി.ആരോ പറഞ്ഞറിഞ്ഞു,താഴമ്പൂ അപ്പോഴേക്കും കടവില്‍ എത്തി...കാലില്‍ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അയാള്‍. "തള്ളെ..മനുഷ്യന്റെ ഉറക്കം കളയാതെ നിങ്ങള്‍ ചാകുന്നെങ്കില്‍ ചാക്..കൈയില്‍ വല്ലതും ഉണ്ടേല്‍ തന്നിട്ട് പോ, കാലത്തെ വല്ലതും കഴിക്കാന്‍ കാശില്ല" എന്ന് പറഞ്ഞപ്പോള്‍ ഭഗവതിപ്പിള്ള ദയനീയമായി അയാളെ നോക്കി.
അവസാനത്തെ വണ്ടി വരാറായതിനാല്‍ നമുക്ക് കവലയിലേക്കു പോകാം എന്ന് സുമേഷ് പറഞ്ഞു.ഗാനമേള തുടക്കം മുതല്‍ കേള്‍ക്കാന്‍ പറ്റാതെയാവുമോ എന്നായിരുന്നു അവന്റെ വിഷമം. മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ കവലയിലേക്കു നടക്കുമ്പോള്‍,വാസുവേട്ടന്‍ പറഞ്ഞു."ഏതായാലും, നിങ്ങള്‍ ഏറ്റുമാനൂര്‍ ചെല്ലുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ‍ ഒന്ന് പറയു.ഇങ്ങനെ ഒരാള്‍ ഇവിടെ മരിക്കുമെന്ന് പറഞ്ഞൂന്ന്. നാളെ കേസും പുക്കാറും ഒക്കെ ആയിക്കഴിഞ്ഞാല്‍ നമ്മള്‍ എന്ത് കൊണ്ട് അറിയിച്ചില്ല എന്നവര്‍ പറയില്ലേ" എന്ന്.കൂടി നിന്നവരില്‍ പലരും പിന്താങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും അത് ശരിയാണെന്ന് തോന്നി. പക്ഷേ പോലീസ് സ്റ്റേഷനില്‍ ഇന്നേ വരെ കയറാത്തത് കൊണ്ട് അവിടെ ചെന്നാല്‍, എന്താ എങ്ങനെയാ എന്നറിയില്ല എന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി എല്‍. സി. മെമ്പര്‍ സുകു സ്റ്റേഷനില്‍ പോവാന്‍ ഞങ്ങളുടെ കൂടെ കൂടി. ഞങ്ങള്‍ എല്ലാവരും കൂടി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അവിടത്തെ എസ്. ഐ ഉണ്ടായിരുന്നില്ല. ഉത്സവം പ്രമാണിച്ച് പോലീസുകാര്‍ എല്ലാം അമ്പലത്തില്‍ ആയിരുന്നു. ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഒരു ദയയും ഇല്ലാതെ പറഞ്ഞു. "നിനക്കൊന്നും വേറെ പണിയില്ലേ.ആള് ചത്തിട്ടില്ലല്ലോ.ചാകുമ്പോള്‍ അങ്ങ് വരാം " എന്ന്. സുകു പറഞ്ഞു,"സാര്‍..ഞാന്‍ എല്‍. സി. മെമ്പര്‍ ആണ്..എനിക്ക് മുകളില്‍ പിടിയുണ്ട്‌" എന്ന്.."ബസില്‍ കയറുംമ്പോളാണോടോ മുകളില്‍ പിടി " എന്ന് ചോദിച്ചു പോലീസുകാരന്‍ ഉറക്കെ ചിരിച്ചു..
അന്നത്തെ ഹിറ്റ്‌ ഗാനമായിരുന്ന "കസ്തൂരിമാനെ കല്യാണ തേരെ" എന്ന ഗാനം ഉണ്ണിമേനോന്‍ പാടിയപ്പോള്‍ ജനം ഇളകി മറിഞ്ഞു.എന്നാല്‍ ഗാനമേള ആസ്വദിക്കാന്‍ എനിക്കായില്ല.എന്റെ മനസ്സില്‍ ഭഗവതിപ്പിള്ള ആയിരുന്നു.എന്തുകൊണ്ടോ അവര്‍ മരിക്കും എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. ഗാനമേള കഴിഞ്ഞു തിരിച്ചു നടന്നു പോകാം എന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല. ഞങ്ങള്‍ അമ്പലമുറ്റത്ത്‌ തന്നെ കിടന്നുറങ്ങി...കാലത്തേ എഴുന്നേറ്റു ആദ്യത്തെ വണ്ടി പിടിക്കാന്‍ പകുതി ഉറക്കത്തോടെ ഞങ്ങള്‍ ബസ് സ്റ്റാന്റിലേക്ക്‌ നടക്കുമ്പോള്‍ എതിരെ വന്നവര്‍ എല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നത് പോലെ തോന്നി. കാണുന്നവര്‍ കാണുന്നവര്‍ ചിരിക്കാന്‍ തുടങ്ങിയപ്പോലായിരുന്നു ഞങ്ങള്‍ ആ സത്യം തിരിച്ചറിഞ്ഞത് .ഉറങ്ങിക്കിടന്നപ്പോള്‍ ഏതോ സാമദ്രോഹി ഞങ്ങളുടെ എല്ലാം മുഖത്ത് കരി വെച്ച് മീശയും മറ്റും വരച്ചിരിക്കുകയായിരുന്നു!
വണ്ടിയിറങ്ങി ഞങ്ങള്‍ നേരെ കടവത്തെക്ക് നടന്നു.ഭഗവതിപ്പിള്ളയുടെ ഭാണ്ഡം കല്ലിന്മേല്‍ തന്നെയുണ്ടായിരുന്നു. ഭഗവതിപ്പിള്ള ആറ്റില്‍ ചാടി മരിച്ചുവെന്നു തന്നെ ഞങ്ങള്‍ ഉറപ്പിച്ചു. അടിയൊഴുക്കുള്ളതിനാല്‍ ജഡം കുറെ താഴെയേ പൊങ്ങു എന്ന് സുമേഷ് അഭിപ്രായപ്പെട്ടു.കടവിനടുത്തു തന്നെയുള്ള നാരായണേട്ടന്റെ ചായക്കടയില്‍ അന്വേഷിക്കാം എന്ന് കരുതി ചെന്നപ്പോള്‍,അവിടിരുന്നു ആവി പറക്കുന്ന പുട്ടും കടലയും കഴിയ്ക്കുകയായിരുന്നു താഴമ്പൂ.

കുളിച്ചീറനായി ഭഗവതിപ്പിള്ള താഴമ്പൂവിന്റെ അടുത്ത് തന്നെയുണ്ടായിരുന്നു...കൊച്ചുകുഞ്ഞിനെ ഊട്ടുന്ന അമ്മയുടെ അലിവായിരുന്നു അവരുടെ മുഖത്ത്.അവര്‍ ഉടുത്തിരുന്ന സെറ്റും മുണ്ടും അലക്കി കടയുടെ പുറത്തു വിരിച്ചിരുന്നത് ഞങ്ങള്‍ കണ്ടു

പുട്ടും കടലയും കഴിച്ചു കഴിഞ്ഞു ചൂട് ചായകുടിക്കുന്നതിന്റെ ഇടവേളയില്‍ അയാള്‍ പാടി.

"ഈറനുടുത്തു നീ പൂജക്കൊരുങ്ങുമ്പോള്‍ നീലക്കാര്‍ വര്‍ണ്ണനായ് നില്‍ക്കും ഞാന്‍ ...താഴമ്പൂ മണമുള്ള.."