Apr 15, 2010

അബ്ബസ്സിയയിലെ പ്രവാസ ജീവിതത്തിന്റെ ഒരു ഏട്





കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്താണ് കേരളീയര്‍ കൂടുതലും താമസിച്ചു വരുന്നത്...ഒരു മിനി കേരളം എന്ന് തന്നെ പറയാവുന്ന ഒരിടം..നിങ്ങള്ക്ക് കടകളില്‍ പോയി മലയാളത്തില്‍ സംസാരിക്കാം. ..ആരോടും വഴി ചോദിക്കാം..മലയാളം ബോര്‍ഡുകള്‍ ..പരസ്യങ്ങള്‍ ഒക്കെ അങ്ങിങ്ങ് കാണാം.അങ്ങനെ കേരളത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് എങ്ങനെയോ അങ്ങനെ...നടന്നു പോകുമ്പോള്‍ ചെവിയിലേക്ക് വന്നു വീഴുന്ന ഒരു സംസാരം...ഓ എന്തോന്നിനാ...അതെ നിങ്ങള്‍ അബ്ബാസിയയില്‍ എത്തിക്കഴിഞ്ഞു ! മധ്യ കേരളത്തിന്റെ ഒരു സംസാര ശീല് എവിടയും മുഴങ്ങി കേള്‍ക്കുന്ന ഒരിടം.


കാലത്തും ഉച്ചക്ക് ശേഷവും രാത്രിയിലും ജോലിക്ക് പോകുന്നു വെള്ളരി പ്രാവുകള്‍.. .അതുപോലെ കാലത്തേ ജോലിക്ക് പോകുന്ന നരച്ച തലമുടിക്കാരെ ഒരുപാടു കാണാം..അറുപതു പിന്നിട്ടിട്ടും എങ്ങും എത്താതെ നാട്ടിലേക്കു പോകനാവതവരും,എത്തെണ്ടിടതോ അതിനു മുകളിലോ എത്തിയിട്ടും പോകാന്‍ താല്പര്യം ഇല്ലാത്തവരും. അങ്ങനെ ഉള്ളവര്‍ ആണ് കൂടുതലും..കാരണം ജീവിത സുഖങ്ങള്‍ വിട്ടുപോകാന്‍ ഉള്ള വിഷമം. വില കൂടിയ വലിയ കാറുകളിലും ജീപ്പുകളിലും മിന്നിമറയുന്ന,മലയാളിമുഖങ്ങള്‍......ഓടിക്കുന്ന കാറിലും താമസിക്കുന്ന ഫ്ലാടുകളിലും വിളിക്കുന്ന ഫോണുകളിലും ഇട്ടിരിക്കുന്ന തടിച്ച സ്വര്‍ണ ചങ്ങലകളിലും തന്റെ പ്രതാപം കാട്ടുന്നവര്‍...ഇത് ആരില്‍ മതിപ്പുണ്ടാക്കുന്നു എന്ന് ചിന്തിക്കാത്തവര്‍ ...മറ്റുള്ളവരുടെ പ്രതാപത്തില്‍ താല്പര്യം കാണിക്കാത്ത ആള്‍ക്കാരാണ് അല്ലെങ്കില്‍ അതിനുള്ള സമയം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്ന വിചാരം ഇല്ലാത്തവരാണ് ഈ വിഭാഗം..

ഒരു ചെറിയ ശതമാനമേ നാട്, നാട്ടുകാര്‍,കൂട്ടുകാര്‍, സ്വന്തക്കാര്‍ എന്നീ ചിതകള്‍ വെച്ച് പുലര്തുന്നവരായിട്ടു ഉള്ളു. നൊസ്റ്റാള്‍ജിയ ഉള്ള പാട്ടുകള്‍ കേട്ടും ടെലിവിഷന്‍ കണ്ടും നാടിന്‍റെ ഓര്‍മകളും ആയി ജീവിക്കുന്ന ഒരു കൂട്ടം പേര്‍. അവര്‍ക്ക് ആശ്വാസമായി അബ്ബസിയയിലെ മലയാളി ഹോട്ടലുകള്‍. കപ്പയും മീനും മുതല്‍ അപ്പവും ഇടി അപ്പവും വരെ വിളമ്പുന്ന സ്ഥലങ്ങള്‍. .അതോടൊപ്പം തന്നെ നിരോധിക്കപ്പെട്ട ലഹരി നുണയാനുള്ള അവസരവും യഥേഷ്ടം. നാട്ടില്‍ നിന്നും അകന്നു ജീവിക്കുകയാനെന്നും, ഇവിടെ എത്തിയത് എന്തിനാണെന്നും ചിന്തിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ഒരു കൂടം ആളുകളെയും കാണാം.

അതേപോലെ തന്നെ ഉണ്ട് ചെറിയ ഒരു ശതമാനം പേര്‍ തന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഇല്ലാത്തവര്‍ക്കും രോഗതുരര്‍ക്കുമായി മാറ്റി വെക്കുന്നവര്‍.മറ്റുള്ളവരെ എങ്ങനെ ഒക്കെ സഹായിക്കാം എന്ന് ചിന്തികുന്നവര്‍. സ്വന്തം ബന്ധുക്കളെയും,നാട്ടുകാരെയും, ജീവിക്കാന്‍ നിര്‍വാഹം ഇല്ലാത്തവരെയും കൊണ്ടുവന്നു ഒരു ജീവിത മാര്‍ഗം കാണിച്ചു കൊടുക്കുന്നവര്‍. അതുപോലെ നിനച്ചിരിക്കാതെ വരുന്ന അപകടങ്ങളില്‍ പെട്ട് ഉഴലുന്ന സഹ ജീവികളെ സഹായിക്കുന്നവര്‍. ഒന്നും തിരിച്ചു ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍. അവര്‍ക്ക് ദൈവത്തിന്റെ അദൃശ്യ കരങ്ങളില്‍ സുരക്ഷിതത്വം എന്നും ഉണ്ടാകും എന്നത് ഒരു പരമാര്‍ത്ഥം. അവരെ ദൈവതെപോലെ അല്ലെങ്കില്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആയി തന്നെ കരുതുന്ന ഒരു പറ്റം ആള്കാരെയും കാണാം.


മലയാളി സംഘടനകളുടെ ബാഹുല്യവും ഇവിടെ കാണാം...ജില്ല അടിസ്ഥാനത്തില്‍ തുടങ്ങി പഞ്ചായത്തിന് വരെ പ്രത്യേകം സംഘടനകള്‍ ...പത്ര താളുകളില്‍ ചിത്രം വരാനും സ്വന്തം കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താനും, ബന്ധങ്ങള്‍ ഉറപ്പിക്കാനും മറ്റും മാത്രം നിലകൊള്ളുന്ന ചിലതെങ്കിലും ഉണ്ട് ഈ കൂട്ടത്തില്‍! അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍കുന്ന കുറെ നല്ല മനസ്സുകളുടെ കൂട്ടായ്മ ആയ " സാന്ത്വനം ".. വേദന അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങള്‍ക്ക് താങ്ങാകുന്നു...


ബാച്ചിലര്‍ ജീവിതം നയിക്കുന്നവര്‍ ഏറെ...അവരുടെ നോട്ടത്തില്‍ കുടുംബത്തോടെ കഴിയുന്നവരോട് ലേശം അസൂയ ഉണ്ടോ ?. എന്നാല്‍ അവരുടെ ഒരു മാസത്തെ ശമ്പളമോ അതിലും ഏറെയോ വരുന്ന കനത്ത വാടക അതുപോലെ മറ്റു ചിലവുകള്‍ എന്നിവ ചെയ്തു എങ്ങനെയെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു കൂട്ടം ആള്കാരും ഒരു പാട്. മെസ്സുകളില്‍ മൂന്നോ നാലോ പേരുടെ ജീവിതവും രസകരം. ഉറങ്ങി തീര്‍ക്കാനും, ചീട് കളിക്കാനും ടെലിവിഷന്‍ കാണാനും എത്രയോ സമയം...ആഴ്ചകള്‍ പറക്കുകയാണ് ഇവിടെ ...ഒരു ആഴ്ച അവസാനതില്‍നിന്നും അടുതതിലെക്കുള്ള ദൂരം എത്രയോ കുറവ്..




ഗള്‍ഫ്‌ മലയാളികള്‍ കൂടുതല്‍ സമയം ഉറങ്ങി തീര്‍ക്കുന്നകൊണ്ടോ ഭക്ഷണത്തിന്റെ പ്രതെകതയും വ്യായാമത്തിന്റെ അഭാവവും മൂലവും ആകാം അകാലത്തിലെ കുടവയറും വീര്‍ത്ത കവിളുകളും മുഖമുദ്ര ആയി തീര്‍ന്നിരിക്കുന്നത്.. ..അത് കൊണ്ട് തന്നെ ആകാം അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും ഏറെ . ..ചെറു പ്രായത്തിലെ ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ജീവിതത്തോട് വിട പറയുന്നവര്‍ കൂടി വരുന്നു... ചരമ വാര്‍ത്തകള്‍ കാണുമ്പോള്‍, അവരുടെ ചെറു പ്രായം നോക്കുമ്പോള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു ചോദ്യം ഉണ്ട്....എപ്പോഴാണ് നമ്മുടെ ഊഴം എത്തുന്നതെന്ന ആര്‍ക്കും സ്വയം ചോദിയ്ക്കാന്‍ ഇഷ്ടമില്ലാത്ത ആ ചോദ്യം !


ചിത്രങ്ങള്‍ക്ക് കടപ്പാട് : നോബിള്‍ തോമസ്‌

0 അഭിപ്രായ(ങ്ങള്‍):