Oct 9, 2012

പാപത്തിന്റെ ശമ്പളം മരണമത്രേ..


തമ്പാനൂര്‍   സ്റ്റേഷനില്‍ കൊല്ലത്തേക്കുള്ള    വണ്ടി  കാത്തിരിക്കവേ,ഒരു  ശരാശരി  ഇന്ത്യക്കാരന്‍ തന്റെ  ആയുസ്സിന്റെ  നാലില്‍  ഒന്ന്  ചിലവഴിക്കുന്നത്  റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍   ബസ് സ്റ്റേഷനിലാണെന്ന്  ആരോ പറഞ്ഞത്  ഞാന്‍ ഓര്‍ത്തു പോയി..


റെയില്‍വേ സ്റെഷനുകള്‍  എന്നും  എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ചെറിയ  ദൂരങ്ങള്‍ക്കുപോലും  ഞാന്‍  തീവണ്ടിയെ  ആശ്രയിച്ചു.  അവിടം കാണുമ്പോള്‍  എന്തെന്നില്ലാത്ത  ഒരു  അനുഭൂതി  എന്റെ  മനസ്സില്‍ ഉണ്ടാകുമായിരുന്നു.മരണം പതിയിരിക്കുന്ന  സ്റെഷനുകള്‍, പാളത്തില്‍  മരിച്ച   നിലയില്‍  കാണപ്പെട്ടവരുടെ  കഥകള്‍, വണ്ടിയില്‍  ഓടിക്കയറുമ്പോള്‍  മരിച്ചവര്‍, അംഗഭംഗം  വന്നവര്‍ എന്നിവരുടെ  വാര്‍ത്തകള്‍  ആവേശത്തോടെ  വായിക്കാനാഗ്രഹിച്ച  വിഷയങ്ങളായിരുന്നു. 


സൂക്ഷ്മതയോടെ ഞാന്‍ അടിച്ച  അടിയില്‍ നിന്നും   ഒരീച്ച  രക്ഷപെട്ടതിന്റെ  നിരാശയില്‍  ഞാന്‍ ഇരിക്കവേ, നവദമ്പതികള്‍  എന്ന് തോന്നിച്ച  ഒരു ചെറുപ്പക്കാരനും  ചെറുപ്പക്കാരിയും  കൈകള്‍ കോര്‍ത്ത്‌ പിടിച്ചു  എന്റെ  മുന്നില്‍  വന്നു  നിന്നു. അവരുടെ  പ്രേമപ്രകടനങ്ങള്‍  എന്നില്‍  അസ്വസ്ഥതയുണര്‍ത്തി.ചെറുപ്പക്കാരി  തന്റെ  പിങ്ക്  നിറമുള്ള  ഷോള്‍ നേരെ  ആക്കിയിടുന്നതിനോപ്പം  അയാളുടെ  കൈകളില്‍ മെല്ലെ നുള്ളുന്നത്  ഞാന്‍ കണ്ടു. 


ചെറുപ്പത്തോടു  എനിക്ക്  എന്നും   അസൂയയും  വിദ്വേഷവും  ആയിരുന്നു.  ചെറുപ്പം  എന്റെ  സ്വസ്ഥത  കെടുത്തി.ചെറുപ്പത്തിന്റെ  പ്രസരിപ്പ്  കാണുമ്പോള്‍  എന്തിനെന്നറിയാത്ത  ഒരു  രോഷം  എല്ലായ്പ്പോഴും   എന്നില്‍  ഉണ്ടാകുമായിരുന്നു. 

വളരെ  നേരത്തിനു ശേഷം  വണ്ടി  വരികയും, ഞാന്‍ ആദ്യം  തന്നെ  ഒരു  സീറ്റില്‍ ഇരിക്കയും  ചെയ്തു. എന്റെ  മനസ്സിന്റെ  സമനില  തെറ്റിക്കാന്‍  എന്നവണ്ണം ചെറുപ്പക്കാരിയും  ചെറുപ്പക്കാരനും  എനിക്ക്  എതിര്‍വശം  തന്നെ  വന്നിരുന്നു. മറ്റാള്‍ക്കാര്‍  ട്രെയിനില്‍  ഇല്ല  എന്ന  രീതിയിലുള്ള  അവരുടെ  പെരുമാറ്റം,  എന്നില്‍  രോഷമുണര്‍ത്തി. ഇവര്‍ക്ക്  ഇതൊക്കെ  അവരുടെ  സ്വകാര്യ  നിമിഷങ്ങളില്‍  ആയിക്കൂടെ  എന്ന്  ഞാന്‍  ഓര്‍ത്തു. 


പെണ്‍കുട്ടി  യുവാവിന്റെ  തോളില്‍ തല ചായ്ച്ചു  ഏതോ  മൊബൈല്‍  ക്ലിപ്പ്  കാണുകയായിരുന്നു.  ഇടക്കെപ്പോഴോ  വന്ന  ഒരു എസ്.എം.എസിന്റെ  പേരില്‍   അവര്‍  കലഹിക്കുന്നതും, അതിനു ശേഷം അയാള്‍ എന്തൊക്കെയോ  പറഞ്ഞു  അവളെ  ആശ്വസിപ്പിക്കുന്നതും  ഞാന്‍  കണ്ടു.


കമ്പാര്‍ട്ടുമെന്റില്‍  നിറയെ  കോളേജ്  കുട്ടികളായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു  നിന്നു പരസ്പരം  മുട്ടി  നിന്നു  സംസാരിക്കയും ,  ഫോണില്‍ എസ്.എം.എസുകള്‍  അയക്കുകയും  ചെയ്തു. മുകളിലത്തെ  ബെര്‍ത്തില്‍ ഇരിക്കുകയായിരുന്ന  ഒരു കുട്ടി തന്റെ മൊബൈലില്‍  താഴെ  ഇരിക്കുന്ന  ചെറുപ്പക്കാരിയുടെ  അനാവൃതമായ  നിമ്നോന്നതങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.പെണ്‍കുട്ടിയും  യുവാവും, മറ്റൊരു ലോകത്തായിരുന്നത്  കൊണ്ട്  അവര്‍  അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അതിനു ശേഷം  നിമിഷങ്ങള്‍ക്കുള്ളില്‍  പല  ആണ്‍കുട്ടികളുടെയും    മൊബൈല്‍  ശബ്ദിക്കുകയും,അവര്‍  അത് നോക്കി ഒരു  ചെറു  ചിരി ചിരിച്ചതിനു  ശേഷം, ബെര്‍ത്തിന് മുകളില്‍  ഇരിക്കുന്ന  കുട്ടിയെ  നോക്കി ചിരിക്കയും  ചെയ്തു. രോഷാകുലനായ  ഞാന്‍ കുട്ടിയുടെ  മൊബൈല്‍  പിടിച്ചു  വാങ്ങി നോക്കിയതിനു  ശേഷം  പുറത്തേക്കു  എറിഞ്ഞു. മൊബൈലിനു  പകരം  അവനെ  പുറത്തേക്കു  എറിയാനുള്ള  രോഷം  എനിക്കുണ്ടായിരുന്നു. വാതിലില്‍   നിന്നും  അകലെ  ആയിരുന്നതിനാല്‍  ഞാന്‍  അത്  അടുത്ത തവണ ആവട്ടെ  എന്ന്  വിചാരിച്ചു.പൂജപ്പുര  ജയിലില്‍ നിന്നുമുള്ള  മടക്കയാത്രയില്‍  ആയിരുന്നു ഞാന്‍. രണ്ടാമത്തെ   ജീവപര്യന്തം  ഏറ്റുവാങ്ങുമ്പോള്‍,ഇനിയും  മൂന്നാമത് ഒരെണ്ണത്തിനു കൂടി  ബാല്യമുണ്ട്  എന്ന് എനിക്ക്  തോന്നിയിരുന്നു. എന്നെപോലൊരു  സ്ഥിരം  കുറ്റവാളിയെ  ശിക്ഷക്ക്  ശേഷം   സമൂഹത്തിലേക്കു  വീണ്ടും  വിടുന്നതിനെ പറ്റി  സര്‍ക്കാര്‍   വക്കീല്‍ കോടതിയില്‍  ആശങ്ക പങ്കു വെച്ചിട്ടും,  വധശിക്ഷയില്‍  നിന്നും  എന്നെ  വിട്ടയച്ച  ന്യായാധിപനോട്   എനിക്ക്  ഒരു കാര്യത്തില്‍  നന്ദി ഉണ്ടായിരുന്നു.  വീണ്ടും, ഒരു  ചതിയനെ  അല്ലെങ്കില്‍   ചതിച്ചവളെ  കാലപുരിക്കയക്കാന്‍  ഈ  വിധി  അനുവദിച്ചതിന് മാത്രം. ബാംഗ്ലൂര്‍  നേഴ്സിംഗ് പഠിക്കുന്ന  മകളെ  കാണാന്‍  പോയ   ഭാര്യയുടെ  അടുത്ത  സീറ്റില്‍  ആരു എന്ന് അന്വേഷിച്ചു  റെയില്‍വേ  സ്റെഷനില്‍  എത്തിയ സമയം , അവളുടെ  കൂടെ  കണ്ടെത്തിയ  അയല്‍വാസിയെ റബര്‍ കത്തി  കൊണ്ട്  തത്സമയം കുത്തിക്കൊന്ന  ആ  ദിവസത്തില്‍   അനുഭവിച്ച  അനുഭൂതി പിന്നീട്  ഒരിക്കലും  ഉണ്ടായില്ല. നെഞ്ഞിലേക്ക്  റബര്‍ കത്തി  ആഞ്ഞു കുത്തുമ്പോള്‍  അയാളുടെ    കണ്ണില്‍  കണ്ട  ഭീതി  തന്ന  സന്തോഷം . പാപത്തിന്റെ  ശമ്പളം  മരണമത്രേ..

എന്നാല്‍ ഭാര്യയെ  വഞ്ചിച്ച  സഹാധ്യപകന്റെ  വിധി  നടപ്പാക്കാന്‍  എട്ടുവര്‍ഷം  വേണ്ടി  വന്നു.ആദ്യത്തെ  ജീവപര്യന്തം  കഴിഞ്ഞു  മടങ്ങി  വരുന്നവഴി  ആ  വിധി  നടപ്പാക്കിയപ്പോള്‍ , സമൂഹത്തിനു  വേണ്ടി  എന്തെങ്കിലും  ചെയ്ത  ചാരിതാര്ത്യതിലായിരുന്നു   ഞാന്‍. .


കൊല്ലം അടുത്തപ്പോള്‍  ചെറുപ്പക്കാരിയും ചെറുപ്പക്കാരനും  എഴുന്നേറ്റു. ഒരു  കൈകൊണ്ടു  അയാള്‍  അവളുടെ  ചുമലില്‍ പിടിച്ചു  വീണ്ടും  പ്രേമപൂര്‍വ്വം നോക്കി. ഈ  നോട്ടം,  വിവാഹത്തിന്  ശേഷം  ഇരുപതു  വര്ഷം കഴിയുമ്പോള്‍  ഏതെങ്കിലും  മനുഷ്യര്‍  നോക്കുമോ എന്ന് ഞാന്‍  സന്ദേഹിച്ചു. 


കൊല്ലം സ്റ്റേഷനില്‍  ഇറങ്ങിയപ്പോള്‍  ചെറുപ്പക്കാരി  മുന്നോട്ടു  ഒറ്റയ്ക്ക്  നടന്നു.  ഒരാള്‍ ചെറുപ്പകാരിക്ക്  വേണ്ടി  കാത്തു  നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ  കൈകളില്‍  ഉണ്ടായിരുന്ന   വെളുത്തു  തുടുത്ത  ഒരു  വയസ്സ്  തോന്നിക്കുന്ന  ഒരു  സുന്ദരിക്കുട്ടി  അവളെ  കണ്ടതും കൈകളിലേക്ക്  കുതിച്ചു  ചാടി. കുട്ടിയെ  എടുത്തിട്ട് പിന്നാലെ  വരുന്ന  ചെറുപ്പക്കാരനെ  നോക്കി   അവള്‍  കുട്ടിക്ക്  ഒരു  ചുംബനം  നല്‍കി. ചെറുപ്പക്കാരന്റെ മുഖം  ചുമന്നത്  ഞാന്‍  ശ്രദ്ധിച്ചു. 


കുട്ടിയുമായി  ആ കുടുംബം പോകും  വരെ  ചെറുപ്പക്കാരന്‍ നോക്കി നിന്നു. അനന്തരം  ഫോണ്‍  എടുത്തു  അയാള്‍  എസ്.എം. എസ് അയക്കുന്നത്  ഞാന്‍  കണ്ടു. ചിലപ്പോള്‍   അത്  ഭാര്യക്ക്  ആകാം,  അല്ലെങ്കില്‍ ആ   ചെറുപ്പകാരിക്ക് .  ആരെയായാലും,  ഇന്നത്തെ    ഇര  അയാള്‍  തന്നെ  എന്ന്  ഞാന്‍ ഉറപ്പിച്ചു. ചെറുപ്പക്കാരിക്ക്‌  വേണ്ടി  കാത്തു നിന്ന  ഭര്‍ത്താവിനു  വേണ്ടി  ഇങ്ങനെ ഒരു  കൃത്യം  നടത്തുന്നതിന്റെ  ആവശ്യകതയെ  പറ്റി  ഞാന്‍ തികച്ചും  ബോധവാനായിരുന്നു. 

കൊല്ലപ്പെടുന്ന  ആളിനോട്‌  അയാള്‍  ചെയ്ത  തെറ്റുകള്‍ പറയണം  എന്നത്  എന്റെ  നിര്‍ബന്ധങ്ങളില്‍  ഒന്നായിരുന്നു.. നിര്‍ഭാഗ്യവശാല്‍  ആദ്യത്തെ  കൊലപാതകത്തില്‍  അതിനു  സാവകാശം  ഉണ്ടായില്ല,എങ്കിലും  സഹാധ്യാപകന്റെ  കാര്യത്തില്‍  അത്  സാധിച്ചു. മരണം  ഉറപ്പാക്കിയിട്ടും, സുന്ദരനായ   അയാളുടെ  മുഖം    കല്ലുകൊണ്ട്  ഇടിച്ചു  വികൃതമാക്കിയപ്പോള്‍, എന്തെന്നില്ലാത്ത  ഒരാനന്ദം എന്നില്‍  ഉണ്ടായി  എന്നത്  സത്യമായിരുന്നു. പാപത്തിന്റെ  ശമ്പളം  മരണമത്രേ..


റെയില്‍വേ  സ്റേഷന്‍ മുതല്‍  ഞാന്‍  അയാളെ പിന്തുടര്‍ന്നു.ആശ്രാമത്തിനു  അടുത്ത്   എത്തിയപ്പോള്‍  അയാളുടെ  വഴി  തടഞ്ഞു  കൊണ്ട്  നിങ്ങള്‍ ചെയ്യുന്നത്  എത്ര  വലിയ  തെറ്റാണു  എന്ന് അറിയാമോ  എന്ന് ഞാന്‍  അയാളോട്  ചോദിച്ചു. തെറ്റും  ശരിയും  തീരുമാനിക്കാന്‍  ഞാന്‍  ആരാണ്  എന്ന അയാളുടെ മറുചോദ്യത്തിന് കൈയില്‍  കരുതിയിരുന്ന  കരിങ്കല്‍ ചീളിനാല്‍  ഞാന്‍  ഉത്തരം  നല്‍കി. മുഖമടച്ചു  കിട്ടിയ  അടിയില്‍  അയാള്‍ അല്‍പ്പം പിന്നോട്ട് പോയി. രണ്ടു കൈകൊണ്ടും മുഖം പൊതിയ അയാളെ ഞാന്‍ വീണ്ടും  വീണ്ടും പ്രഹരിച്ചു. ബോധരഹിതനായ  അയാളെ വലിച്ചു  ഞാന്‍ കായല്‍  തീരത്തേക്ക് കൊണ്ടുപോയി.പിന്നീടു  കാര്യങ്ങള്‍  എളുപ്പമായിരുന്നു. വെള്ളത്തില്‍  മുക്കവേ  അയാള്‍  വീണ്ടും കുതറി. നീണ്ടകാലത്തെ  ജയില്‍  ജീവിതം എന്നില്‍ നിറച്ച  കരുത്തില്‍  ക്രമേണ  അയാള്‍  തളര്‍ന്നു. 

വലിച്ചു  കൊണ്ടുപോകും  വഴി  അയാളില്‍  നിന്നും  എടുത്ത  മൊബൈലിലെ അവസാനത്തെ  എസ്.എം.എസ്  നമ്പര്‍  ഞാന്‍  എടുത്തു  ഡയല്‍ ചെയ്തു. "മുത്തെ"  എന്ന  ശബ്ദം  താഴ്ത്തിയുള്ള  വിളിയില്‍ നിന്നും  തന്നെ  അത്   ചെറുപ്പക്കാരിയാണ്  എന്ന്  എനിക്ക് മനസ്സിലായി. ഭര്‍ത്താവിനെ  വഞ്ചിച്ച  നിനക്ക് ശിക്ഷ  ഉടനെ  ഉണ്ട്  എന്നും, നിന്റെ  കാമുകന്റെ  ജീവന്‍  ഇപ്പോള്‍   തല്ക്കുമെലെ  ആണെന്നും പറഞ്ഞപ്പോള്‍  ക്രൂരമായ   ഒരു   ആനന്ദം  എനിക്കുണ്ടായി. പാപത്തിന്റെ  ശമ്പളം  മരണമത്രേ..


കൊല്ലം  സര്‍ക്കിള്‍ ഓഫീസില്‍ ഞാന്‍  ചെന്ന്  വിവരം പറയുമ്പോള്‍,  പതിവുപോലെ  അവര്‍  വിശ്വസിച്ചില്ല.കൊലപാതകികളെ  പിടിക്കാന്‍  നിങ്ങള്‍  കഷ്ട്ടപ്പെടുമ്പോള്‍  ഒരു  കൊലപാതകി  സ്വയം  കീഴടങ്ങാന്‍ മുന്നില്‍  വന്നിട്ടും നിങ്ങള്ക്ക്   അറസ്റ്റ്  ചെയ്യാനാവില്ലെ  എന്ന്  ഞാന്‍ രോഷത്തോടെ  ചോദിച്ചു.  നിയമവാഴ്ച്ചയെ പൂര്‍ണ്ണമായും മാനിക്കുന്നവാനാണ്  ഞാന്‍  എന്ന്  എനിക്ക്  ഉത്തമാബോധ്യമുണ്ടായിരുന്നു .അതാണല്ലോ  എല്ലാ തവണയും എന്നതുപോലെ നേരെ  പോലീസ്  സ്റെഷനിലേക്ക്  വന്നത്. 


 കഴിഞ്ഞ  രണ്ടു  പ്രാവശ്യത്തെയും  എന്നപോലെ അവരെ  എന്റെ  മക്കളെ   സ്റെഷനിലേക്ക്  വരാന്‍  വിളിച്ചു പറയുന്നത്  ഞാന്‍  കേട്ടു.തനിക്കു  ഇഷ്ട്ടപ്പെടാതവരെ  കൊന്നു  എന്ന്  വിശ്വസിക്കുന്ന  അവസ്ഥ, "a case of critical  schizophrenia"   അതാണിയാളുടെ പ്രശ്നം  എന്ന്  എന്ന്  പോലീസ് സര്‍ജന്‍ എന്നെ  പരിശോധിച്ചതിനു   ശേഷം  സര്‍ക്കിള്‍  ഇന്സ്പെക്ടരോട്  പറയുന്നത്   ഞാന്‍ കേട്ടു. 

അത് കേട്ടപ്പോള്‍ , ഞാന്‍  തിരിച്ചെത്തിയത്‌  പൂജപ്പുര  സെന്‍ട്രല്‍ ജയിലില്‍  നിന്നോ  അതോ  തിരുവനന്തപുരത്തെ ചിത്തരോഗാശുപത്രിയില്‍  നിന്നോ  എന്ന്  തിരിച്ചറിയാനാവാത്ത വണ്ണം, മറവിയുടെ   നേര്‍ത്ത  പുതപ്പു എന്റെ  തലവഴി  ആരോ പുതപ്പിച്ചതുപോലെ  തോന്നി. ...എന്താണ് എന്റെ പേര്‍ ? നാട് ?  

മകനോടൊപ്പം  സ്റെഷനിലേക്ക്  വന്ന  ഭാര്യയുടെ  പേര്‍ ഞാന്‍ ഓര്‍ക്കാന്‍  ശ്രമിക്കവേ, ചിത്തരോഗാശുപത്രിയിലെ   അറ്റണ്ടര്‍മാരെ പോലെ യൂണിഫോം ധരിച്ച നാല്  ആള്‍ക്കാര്‍ അവരുടെ പിന്നാലെ വരുന്നത്  ഞാന്‍ കണ്ടു..അവരില്‍  ഒരാള്‍ക്ക്‌  റെയില്‍വേ സ്റെഷനില്‍ വെച്ച്  ഞാന്‍  റബര്‍ കത്തി  കൊണ്ട്  കൊന്ന  അയല്‍വാസിയുടെ  രൂപമാണ്  എന്നെനിക്കു  തോന്നി.ഇനി  ഒരുവേള  അതയാള്‍    തന്നെ  ആവുമോ ? അപ്പോള്‍  പാപത്തിന്റെ ശമ്പളം ?