Apr 24, 2016

സമയം പോകുകയാണ്

തോരാതെ  മഴപെയ്തിരുന്ന  ഒരു തുലാമാസക്കാലമായിരുന്നു  അത്.മാക്രികൾ നിർത്താതെ രഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും ഉണ്ടാകാത്ത വണ്ണം  അതിഭയങ്കരമായ  ഒരു  വെള്ളപ്പൊക്കം  തന്നെയായിരുന്നു  അത്.ഏതുസമയത്തും  വെള്ളം  വീട്ടിലേക്കു  ഇരച്ചു  കയറിയേക്കാം  എന്ന്  എനിക്ക്  തോന്നി.മുറ്റത്തിന്  താഴെ  വാഴപ്പിണ്ടികൾ കൊണ്ടുള്ള  ചങ്ങാടത്തിൽ  കളിക്കയായിരുന്നു ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി  വെച്ചിരിക്കുന്ന  കഞ്ഞി വാങ്ങി  വെച്ചിട്ട്  വരാം  എന്ന്  പറഞ്ഞ  എന്നോട് "ഇന്നും  കഞ്ഞി ആണോ അമ്മേ"എന്ന് പരിഭവത്തോടെ  അവൻ ചോദിച്ചു.മഴ  ഇങ്ങനെ  നിന്നാൽ  നാളെ  അതുപോലും സംശയമാണ്  എന്ന് ഞാൻ അവനോടു പറഞ്ഞില്ല.
 
 

കഞ്ഞി വാർത്തുവെക്കുമ്പോൾ  ശ്രീക്കുട്ടിയുടെ  ഉച്ചത്തിലുള്ള   കരച്ചിൽ ഞാൻ കേട്ടു.ജനലിലൂടെ  നോക്കുമ്പോൾ  വെള്ളത്തിലേക്ക്‌ വീണു അകലേക്ക്‌   ഒഴുകിപ്പോകുന്ന ചങ്ങാടം.സുനിമോൻ എവിടെ? സുനിമോനേ....എന്ന് വിളിച്ചു അലറിക്കരഞ്ഞു ഞെട്ടിയുണരുമ്പോൾ,ഞാൻ കിതക്കുന്നുണ്ടായിരുന്നു.നന്നേ വിയർക്കയും.

എന്നത്തേയും പോലെ  വൃദ്ധമന്ദിരത്തിലെ  കിടക്കയിലാണ് ഞാൻ എന്നെനിക്കു  വിശ്വസിക്കാൻ  സാധിച്ചില്ല.വീടും  വെള്ളപ്പൊക്കവും  മക്കളും  എല്ലാം   കാഴ്ചയിൽ നിന്ന്  മറഞ്ഞു,വൃദ്ധ മന്ദിരത്തിലെ അരണ്ട  വെളിച്ചത്തിലാണ്  ഞാൻ  കിടക്കുന്നത്  എന്ന്  മനസ്സിലാക്കാൻ  കുറച്ചു  സമയം  എടുത്തു. സ്വപ്നം ചിലർക്ക്  ചിലകാലമൊത്തിടും എന്ന പഴമൊഴിയിൽ  ഞാൻ  ഭയചകിതയായി..ഇനി സുനിമോന്  എന്തെങ്കിലും  അപകടം?അവനെ കണ്ടിട്ടോ,സ്വരം കേട്ടിട്ടോ  നാളുകൾ  എത്ര?
 

എന്തുകൊണ്ടാണ്‌  പുതിയ  തലമുറ മാതാപിതാക്കളെ കൈയ്യൊഴിയുന്നതെന്ന്  ഞാൻ അത്ഭുതപ്പെട്ടു.മാതാപിതാക്കളുടെ മുന്നിൽ ഭവ്യതയോടെ  മാത്രം നിന്ന  ഒരു തലമുറയിലെ അവസാനകണ്ണി  എന്ന് മേനി നടിക്കുന്നതിൽ  ഞാൻ ചെറിയ  ഒരു  ആഹ്ലാദം  അനുഭവിച്ചിരുന്നു.അച്ഛനെയും  അമ്മയെയും  നടതള്ളുമ്പോൾനാളെ തങ്ങൾക്കും   ഗതി  വരുമെന്ന് ആലോചിക്കാനാവാത്തവണ്ണം അജ്ഞരാണോ പുതിയ  തലമുറ?
 

മറുപടികിട്ടാത്ത  എഴുത്തുകൾ,അറ്റൻഡ്  ചെയ്യപ്പെടാത്ത ഫോൺകോളുകൾ,പാടേയുള്ള അവഗണന.വയോധികരുടെയെല്ലാം
ജീവിതം ഇങ്ങനെയാണോതീർച്ചയായുംഅങ്ങനെയല്ല. എത്രയോ
സതീർഥ്യരുടെയും,സഹപ്രവർത്തകരുടെയും  കുടുംബങ്ങളിൽ  താൻ  തന്നെ കണ്ടിരിക്കുന്നു.സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ.ജീവിതസായാഹ്നങ്ങളിൽ  പേരക്കുട്ടികളെ കൊഞ്ചിച്ചും അവരുടെ കൂടെ  ഒരു കുട്ടിയായിത്തന്നെ  തീർന്നും,അവർക്കുവേണ്ടി പ്രാർഥിച്ചും മാത്രം കഴിയുന്നവർ എത്രയോ.മക്കൾക്ക്‌ വേണ്ടി  ഉരുകിതീർന്ന ഒരു മെഴുകുതിരി ആയിട്ടും  എന്തെ  അവർക്ക്  തന്നെ  വേണ്ടാതായി?സ്വന്തം ജീവന്റെ  ഒരു ഭാഗമായ  വൃക്കകളിൽ ഒന്ന്  സന്തോഷപൂർവ്വം  പകുത്തു നല്കിയിട്ടും എന്തെ   സായാഹ്നത്തിൽ  വൃദ്ധ സദനത്തിൽ  കഴിയേണ്ട ഗതികേട്  തനിക്കുണ്ടായി?അതോ  പ്രായാധിക്യത്താൽ തന്റെ  പെരുമാറ്റത്തിൽ  എന്തെങ്കിലും   വൈകല്യങ്ങൾ  ഉണ്ടായോ?അതോ  അവർ  ആഗ്രഹിച്ചത്‌ പോലെ  കൈയിലുള്ളത് മുഴുവൻ കൊടുത്തു തീർക്കാത്തതു  കൊണ്ടോ?

വയറിന്റെ  ഇടതുഭാഗത്ത്‌  എന്തോ  ഒരു  വേദന  എനിക്ക്  തോന്നി.സുനിമോന്  താൻ  പകുത്തു  കൊടുത്ത ജീവിതത്തിന്റെ   ബാക്കിപത്രം.ഓപ്പറേഷന്  ശേഷം കണ്ടപ്പോൾ അവന്റെ  കണ്ണുകളിൽ  കണ്ട ആ പ്രകാശത്തിനു ലോകത്തിൽ  എന്തിനേക്കാളും  വിലയുണ്ട്  എന്ന്  കരുതിയ  നിമിഷങ്ങൾ.അപ്പോൾ അമ്മയെ  വൃദ്ധസദനത്തിൽ  ആക്കി പോകുമ്പോൾ  എന്തായിരുന്നു   കണ്ണുകളിൽ? വേദന? അതോ  ഒരു  ഭാരം ഒഴിവായിപ്പോയതിന്റെ  ആശ്വാസം?വേർതിരിച്ച്  കാണാൻ  ആയില്ല.മിഴികൾ സജലങ്ങൾ  ആയതുകൊണ്ട് കാഴ്ച  മങ്ങിയിരുന്നല്ലോ.
 

എത്രനാൾ  മുൻപായിരുന്നു  ഇവിടെ  എത്തിയതെന്നു  ഓർത്തെടുക്കുവാൻ  ഞാൻ  പണിപ്പെട്ടു.ഓർമ്മയ്ക്കും  മറവിക്കും  ഇടയ്ക്കുള്ള ഏതോ   താഴ്വരയിലായിരുന്നു ഞാൻ."മക്കൾ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ". മക്കൾ    ഫോൺ  എടുക്കാത്തത്  എന്താണെന്ന് ആശ്ച്യര്യപ്പെടുന്നതിനിടെ "എന്തെങ്കിലും ആകും   മുൻപ്  ആരെങ്കിലും എത്തിയാൽ  മതിയായിരുന്നു"എന്ന  ഗോമതിയമ്മയുടെ  സ്വരം   അങ്ങ് ദൂരെ ഏതോ ഗുഹയിൽ നിന്നും  വരുന്നതുപോലെ ഞാൻ കേട്ടു.
 

ഗോമതിയമ്മ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല.എന്തെങ്കിലുംതിരക്കാവും.ശ്രീക്കുട്ടി  വന്നില്ലെങ്കിലും സുനിമോൻ വരുമെന്ന് എനിക്കുറപ്പായിരുന്നു.ഹൃദയത്തിൽ അൽപ്പമെങ്കിലും അലിവുള്ളത് സുനിമോനായിരുന്നു.കഞ്ഞി കുടിക്കുംമുന്നെ  അമ്മ കുടിച്ചോ എന്ന്  ചോദിച്ചിട്ടു മാത്രം  കുടിക്കുന്ന സുനിമോൻ.ജ്വരം  ബാധിച്ചു കിടക്കുമ്പോൾ അരികിൽ  ഇരുന്നു കണ്ണീർ  വാർത്ത സുനിമോൻ.വൃക്ക പകുത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സുനിമോൻ.അവൻ  വരും. ഇന്നല്ലെങ്കിൽ  നാളെ.

 

വന്നിട്ടോ?വന്നിട്ടു അവൻ എന്തുചെയ്യാൻ?പാർഥേട്ടൻ ചോദിച്ചു.നേരാണെന്ന്  എനിക്ക്  തോന്നി.അല്ലെങ്കിൽ തന്നെ   യാത്ര  എപ്പോൾ  തീരും എന്നറിയില്ലല്ലോ.അല്ല....പാർഥേട്ടൻ  എങ്ങനെ ഇവിടെ  എത്തി? ഷോക്കടിച്ചു  മരിക്കുമ്പോൾ വെറും ഇരുപത്തൊന്നു വയസ്സായിരുന്നു പാർഥേട്ടന്.ഏട്ടൻ മാത്രമല്ലല്ലോ.കൊല്ലെങ്കിയിലെ  അമ്മൂമ്മ, മൂക്കത്ത് ദേഷ്യം മാത്രമുള്ള  വലിയമ്മാവൻ.എല്ലാവരും എന്താണ് കട്ടിലിനരുകിൽ?മരണം  അടുക്കുമ്പോൾ  നേരത്തെ മരിച്ചുപോയവരെ  കാണും  എന്ന്  കേട്ടിട്ടുണ്ട്.കൊല്ലെങ്കിയിലെ  അമ്മൂമ്മ  വായുവലിച്ചു കിടക്കുമ്പോൾ "അപ്പൂപ്പൻ വന്നു അപ്പൂപ്പൻ  വന്നു" എന്ന് പറയുന്നത്‌  കേട്ടിട്ടുണ്ട്.അതേ  അമ്മൂമ്മ ഇവിടെ? അപ്പോൾ? എന്റെ  സമയവും അടുത്തുവോ?എന്നെ  സ്വീകരിച്ചു മറ്റൊരു  ലോകത്തേക്ക്  കൊണ്ടുപോകാനാണോ  അവരെല്ലാം  എത്തിയിരിക്കുന്നത് ?
 

വയറിന്റെ  ഇടതുഭാഗത്തെ  വേദന ഇപ്പോൾ  അല്പ്പം മുകളിലേക്ക്  വ്യാപിച്ചു എന്നെനിക്കു തോന്നി.അതിനു  ശേഷം  അത് ശരീരമാസകലം  വ്യാപിച്ചപോലെയും. ആരെയെങ്കിലും  വിളിക്കാൻ  ഞാൻ  ആവുന്നത്  ശ്രമിച്ചു.കാഴ്ച  മങ്ങുന്നുവോ? സുനിമോനെ എന്ന്  ഉറക്കെ വിളിക്കാൻ  ഞാൻ ശ്രമിച്ചു.


അങ്ങ്  ദൂരെ  എവിടെയോ  ഒരു  നഗരത്തിൽ സുനിമോൻ ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നുസുനിമോനെ  എന്നൊരു വിളി  എവിടെ നിന്നോ കേട്ടുവെന്നു അയാൾക്ക്‌  തോന്നി.അമ്മയുടെ  ശബ്ദം പോലെ കനിവ് നിറഞ്ഞു നില്ക്കുന്ന  ഏതോ ഒരു സ്വരം    ആണ് അതെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു.വൃദ്ധ മന്ദിരത്തിൽ നിന്നുള്ള തുടരെയുള്ള വിളികൾ മൂലം രണ്ടു ദിവസമായി  അയാൾ അവിടെ നിന്നുള്ള ഫോൺ എടുക്കാതിരുന്നതിൽ  അയാൾക്ക്‌ ചെറിയ കുറ്റബോധം  തോന്നി. ഇനി ഒരുവേള അമ്മക്ക് കൂടുതൽ ആണെങ്കിലോ? പിറ്റേന്ന്  തന്നെ   അമ്മയെ ഒന്ന് പോയി  കണ്ടാലോ എന്നയാൾക്ക് അപ്പോൾ തോന്നി.തിരിഞ്ഞു കിടക്കവേ വയറിന്റെ ഇടതു വശത്ത് ഒരു വേദന പോലെ  അയാൾക്ക്‌ അനുഭവപ്പെട്ടു. അസാധാരണമാംവിധം ആ ഭാഗം തുടിക്കുന്നതുപോലെയും.
 

മറ്റൊരു  നാട്ടിൽ,മറ്റൊരു  കുടുംബത്തിൽ "മക്കൾ  ഉപേക്ഷിച്ച  അമ്മക്ക്   വൃദ്ധമന്ദിരത്തിൽ   ദാരുണാന്ത്യം"എന്ന  വാർത്ത  അന്നത്തെ   പത്രത്തിൽ   വായിച്ച് ഒരു വൃദ്ധൻ  വെറുതെ  ചിരിച്ചു.പിന്നീട് അതൊരു  പൊട്ടിച്ചിരി  ആയി മാറി.പൊട്ടിച്ചിരി കേട്ട്  നിസ്സംഗതയോടെ വൃദ്ധന്റെ  മകൻ പിറുപിറുത്തു."അപ്പൻ  രാവിലെ  തുടങ്ങി.അതെങ്ങനാ.വല്ല  വൃദ്ധമന്ദിരത്തിലും കൊണ്ടാക്കാം  എന്ന്  വിചാരിച്ചാൽ  ചേട്ടന്മാര്  സമ്മതിക്കണ്ടേ

അയാളുടെ  മകൻ  അപ്പോൾ  നിഷ്ക്കളങ്കമായി  ചോദിച്ചു. ഡാഡി  ഓൾഡ്‌  ആകുമ്പോൾ   ഗ്രാൻഡ്‌പായെപ്പോലെ  ഇങ്ങനെ  ചിരിക്കുമോ?സ്തബ്തനായി അയാൾ കുട്ടിയുടെ  മുഖത്തേക്ക്  തുറിച്ചു  നോക്കി.ചുവരിലെ  ക്ലോക്കിൽ അപ്പോൾ ഒൻപതു മണി  അടിച്ചു.സമയം  പോകുകയാണ്.....അതിവേഗം എന്ന ഓർമ്മയിൽ അയാൾ  വിയർത്തു

Dec 2, 2015

അജ്ഞാതന് ഒരു മറുപടി

അണ്ണന്  മോൻ എഴുതിയ  കത്ത്  വായിച്ചു ..ചില  ഭാഗങ്ങൾ  വായിച്ചു  ചിരിച്ചു  തല കുത്തി പോയി  കേട്ടോ.നല്ല  ശൈലി. പക്ഷെ  പാർട്ടി പത്രം  മാത്രം   വായിച്ചും  പാർട്ടി ചാനൽ  മാത്രം  കണ്ടും   പാർട്ടി  സൂക്തങ്ങൾ മാത്രം ശ്രവിച്ചും   ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന  കുറച്ചു  കാര്യങ്ങൾ  അറിയാതെ പോകുന്നതിന്റെ  ഒരു  കുറവുണ്ട്.പൊട്ടക്കിണറിന്റെ   പുറത്തു  അതിവിശാലമായ  ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത  ഒരു  കുറ്റമല്ല .
 
 
അണ്ണൻ ഒരുപാട് യാത്ര  നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര  നടത്തുന്നതല്ല.രാജ്യത്തിന്  വേണ്ടി  തന്നെ  ആണ്  പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ  എഫ്  ഡി ഐ  കൊണ്ട് വരുന്നുണ്ട്.അത്  മറ്റേ  അമ്മാവൻ കൊണ്ടുവന്നതിനെക്കാളും   മെച്ചമാണ്.ഒന്നും  രണ്ടുമല്ല.നൂറുകണക്കിന്  കോടികളാണ്.പക്ഷെ  മോശം പറയരുത് കേട്ടോ!പത്തു  വർഷം കൊണ്ട് അമ്മായി &കമ്പനി  കൊണ്ടുപോയ  കോടികളുടെ  അത്രയും വരില്ല!തറവാട്  നാഥനില്ലാതെ   കിടക്കുന്നു  എന്ന് പറഞ്ഞല്ലോ? അണ്ണൻ  എവിടെ ഇരുന്നാലും  ഇവിടുത്തെ  കാര്യങ്ങൾ  നേരാംവണ്ണം  നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും  പിൻസീറ്റിൽ  അമ്മായി  അല്ലെ  ഇരുന്നു  കാര്യങ്ങൾ  നടത്തിയിരുന്നത് ..അതിലും  ഭേദമാണ്!
 
 
പിന്നെ  സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന    സമയത്ത്  സെൽഫി  ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ  കേരളത്തിൽ  ഏറ്റവും  നന്നായി  ഇംഗ്ലീഷ്  സംസാരിക്കുന്ന  ഒരു  അമ്മായി കഴിഞ്ഞ  ദിവസം 60000 വിലയുള്ള ഒരു  ഫോണിൽ  സെൽഫി  എടുക്കുന്നത് അസൂയക്കാര് പോസ്റ്റ്‌  ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം     എന്നൊക്കെ  ആക്ഷേപിക്കുമെങ്കിലും  ഇപ്പോൾ  മൊയലാളിമാരല്ലേ  മോന്റെ  ആളുകൾക്ക് എല്ലാം !
 
 
ഇവിടെ  ആളോൾക്ക്  സമാധാനമായി  ജീവിക്കാനുള്ള  എല്ലാ  ചുറ്റുപാടും ഉണ്ട് .അതില്ലാ  എന്ന് വിലപിക്കുന്നവർക്ക്  അത്  കിട്ടുന്ന  സ്ഥലത്തേക്ക് പോകാൻ  ഉള്ള  എല്ലാ  സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ  അങ്കിളും  ചിറ്റയും. അത്  വിവരക്കേട്  ആണ്  എന്ന്  കരുതി  ക്ഷമി.ഇതുപോലെ  വിവരക്കേട്  മ്മടെ  പാർട്ടിയിൽ   ഒരു  മ്യാമൻ  പറഞ്ഞല്ലോ.മേമനെ  തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും  കുറെ  വിവരം  ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ  അഞ്ചു  വിരലും  ഒരുപോലെ  ഇരിക്കുമോ!പിന്നെ  മൂവാറ്റുപുഴ  പേഴക്കാപള്ളിയിൽ  തെരുവ്നായ ശല്യം ഉണ്ട്  എന്ന് കരുതി കേരളത്തിൽ  താമസിക്കാൻ പ്യാടി  തോന്നുന്നു  എന്ന്  ആരെങ്കിലും പറഞ്ഞു  കളഞ്ഞാൽ  അത്  വിവരക്കെടല്ലേ  മ്വാനെ ?
 
 
അണ്ണന്   അയ്മ്പതും  അമ്മായിക്കും പതിനാറും  കിട്ടിയല്ലോ.അതവിടെ   നില്ക്കട്ടെ .മ്മക്ക്  എന്ത്  കിട്ടി എന്ന് കൂടി  മോൻ ഇടയ്ക്കു  ആലോചിക്കുന്നത്  നന്നായിരിക്കും.വംഗദേശത്തെ  കാര്യം  ഒരു  തീരുമാനം  ആയിട്ടു  കുറെ ആയല്ലോ .നമ്മുടെ  നാട്ടിലും  സ്ഥിതി  വളരെ മോശമാണ് ..കാർന്നോരുടെ  കാലം  വരെ ഒക്കെ ഇങ്ങനെ  തട്ടി മുട്ടി പോകാം .  അത് കഴിഞ്ഞാൽ  പിന്നെ  അഖിലെന്ത്യാ   എന്നൊക്കെ പറയുമ്പോൾ  നാക്ക് ഉളുക്കരുത് ! 
 
 
ഏട്ത്തിക്ക്  ഒരു  സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ  ലോകം മുഴുവൻ  വാഴ്ത്തുന്ന    ആളായതിൽ. ചെറുപ്പ കാലം മുതൽ  ഈ  കാണായ  കാലം മുയ്മൻ ഏട്ത്തി   ഒറ്റയ്ക്ക്  ജീവിച്ചില്ലേ.അന്നൊന്നും  ആരും  അന്വേഷിക്കാൻ  ഉണ്ടായിരുന്നില്ലല്ലോ.മക്കള്  ചെന്ന്  ചുംബന  സമരക്കാര്ക്ക്  എതിരെ  ജയിലിൽ  വല്ല  മനുഷ്യാവകാശലംഘനമോ    മറ്റോ  നടക്കുന്നുണ്ടോ  എന്ന് പരിശോധിക്ക്.അല്ല  അത് അങ്ങനെ  ആണല്ലോ!സാധാരണയായി  രാഷ്ട്രീയ   കൊലപാതകത്തിൽ  മരിക്കുന്ന   ആളിന്റെ  വീട്ടുകാരുടെ  മനുഷ്യാവകാശത്തെക്കാൾ  വലുതാണല്ലോ  അതേ കേസിൽ പെട്ട്  ജയിലിൽ  കിടക്കുന്നവരുടെ  മനുഷ്യാവകാശങ്ങൾ !
 
 
അണ്ണൻ  മ്മടെ  അദാനി  ചേട്ടനും    അംബാനി  ചേട്ടനും  കാലത്തേ മുതൽ  ഖജനാവ്  തുറന്നു  കാശു  കൊടുത്തു കൊണ്ട്  ഇരിക്കയാണ് എന്നാണു  ചിലരുടെ  വിചാരം.അവരു  കച്ചവടം  ചെയ്തു  കായി  ഉണ്ടാക്കുന്നത്‌  അവരുടെ  കഴിവ്. അവിഹിതമായി  എന്തെങ്കിലും  കൊടുത്തു  എന്ന്  മ്വാന്  അറിവുണ്ടെങ്കിൽ  അതിനെതിരെ  കേസ്  കൊടുത്താട്ടെ.ഇവിടുത്തെ  ജനങ്ങളു  കൂടെ  നിൽക്കും .
 
 
ബ്ബ.ബ്ബ.ബ്ബാ   എന്ന് പറഞ്ഞു  കളിയാക്കണ്ടാ.ചിലപ്പോ  ആള് അഞ്ചു  വർഷം കൂടി  ഭരിച്ചു  കളയും.കുറച്ചൊക്കെ  കട്ട്  തിന്നുന്നുടെങ്കിലും  ആളോൾക്ക്  കുറെ  കാര്യങ്ങൾ ഒക്കെ  ചെയ്തു  കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ  പറ്റൂ.അല്ല  അത്  മ്വാന്റെ പാർട്ടി കൂടി  സമ്മതിച്ചിട്ടാന്നു   ആർക്കാണ്  അറിയാത്തത്! കൊച്ചു പുള്ളാര്  വരെ  ഇപ്പൊ  സാറ്റ്   കളി  ഒക്കെ  നിരത്തി  അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ  കളിക്കണേ  എന്ന് കേൾക്കുന്നു.
 
 
അമ്മായിയുടെ മോൻ പപ്പൂനെ  അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ  കൈകൾക്ക്  ശക്തി പകർന്ന  ചരിത്രം ഉണ്ടല്ലോ!അന്ന്  ആണവക്കരാർ  പായസം  വെച്ചപ്പോ  മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം  പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ  ഇപ്പൊ  കൊടി വെച്ച  കാറ്   മ്മടെ  ആളോൾക്കും    ഉണ്ടായേനെ!ഇനീപ്പോ  കേന്ദ്രം ഭരിക്കാം  എന്നൊക്കെ  സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം  രൂപേടെ  ഫുള്ളിനു  മുപ്പതു  രൂപ  ഷെയർ  ഇട്ടാൽ  (ശൈലിക്ക്  കടപ്പാട്) അച്ചാറിന്റെ  കാര്യം  പോലും  തീരുമാനിക്കാൻ പറ്റില്ല  പിന്നാ ..
 
 
 
സുഷമ ഏടത്തിയെ കുറിച്ച്  നാട്ടിലിരിക്കുന്നവർക്ക്  വലിയ  അഭിപ്രായം ഒന്നുമില്ലെങ്കിലും,  പ്രവാസികള്ക്ക് വലിയ  കാര്യമാ  കേട്ടോ മ്വാനെ . മ്മടെ  ആളോൾക്ക് ഏതെങ്കിലും  ഒരു  വിഷമം ഏതെങ്കിലും   രാജ്യത്ത്  പ്രവാസിക്ക്  ഉണ്ടായാൽ  അതിൽ ഇടപെടുകയും  കാര്യം  നടത്തുകയും  ചെയ്യാനുള്ള  ത്രാണി  ഉള്ള  ആളാണ്‌.പണ്ട്  നമുക്ക് ഒരു കോട്ട്  മന്ത്രി  ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട്‌  കാണാനും  മച്ചാൻമാരെ    കാണാനും   മാത്രം  ഗൾഫിൽ  വന്നിരുന്ന  അങ്ങേരു  ഒരു  ലേബർ   ക്യാമ്പ് പോലും   കണ്ടിട്ടില്ലായിരുന്നു.( മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്  
എന്ന പഴയ  പോസ്റ്റ്‌  ഈ  അവസരത്തിൽ  സ്മരിക്കാം) അങ്ങേരുടെ പേര്   കേൾക്കുമ്പോൾ  പ്രവാസി  ഇപ്പോഴും  "സ്നേഹം" കൊണ്ട്  കണ്ണ് പൊട്ടുന്ന  തെറി  വിളിക്കും.  ആസ്ഥിതി ഒക്കെ  മാറി.ഇപ്പോൾ  നമുക്ക് ഒരു  മന്ത്രി  ഉണ്ട്  എന്ന് മനസ്സിലാകുന്ന  രീതി ഒക്കെ  ആയി .
 
 
 
 
നാട്ടിലെ കാര്യം ഓർത്തു  മ്വാൻ  ബേജാർ  ആവണ്ടാ.കാര്യങ്ങൾ  എല്ലാം  ശരിയായ  ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി  7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല  കണ്ടുപിടിക്കാൻ. മരുന്നിനു  ഒരു  എംപി പോലും ഇല്ലാത്ത  കേരളത്തിന്‌  വേണ്ടി ഗവർമെന്റ്റ് ഒരുപാട്  കാര്യങ്ങൾ  ചെയ്യുന്നു.ഒരുപാട് പദ്ധതികൾ  സർക്കാർ  കൊണ്ട് വരുന്നുണ്ട് .പലതും  നമ്മൾ  അറിയുന്നില്ല  എന്ന്  മാത്രം.കാരണം  കുറെ  പത്രക്കാർ  സാറുമ്മാർക്കു  സർക്കാർ  ചിലവിൽ    എസ്കര്ഷന്  പോകാൻ പറ്റാത്തതിന്റെ  കലിപ്പ്  അവര്  ശരിക്ക്  തീര്ക്കുന്നുണ്ട് . പക്ഷെ  എന്നും എല്ലാവരെയും  പറ്റിക്കാൻ  ആവില്ലല്ലോ !
 
 
സർട്ടിഫിക്കറ്റ്    ഒക്കെ  അവിടെ  നില്ക്കട്ടെ  ..പത്താം ക്ലാസ് പാസാകാത്തവർ  ഇവിടെ  ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട്  തയ്പിച്ചു    വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി    ഉള്ളത്   വെച്ച്   ഭരിക്കെട്ടെന്നു .ചേച്ചി  മൂലം  പാലക്കാട്  ഐ .ഐ.ടി  വന്നില്ലേ.ബീഫ്കറി  വെക്കുന്നവർക്ക്‌  ഇല്ലാ  എങ്കിലും  മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ  വേണം  സ്മരണ.അഞ്ചു  വർഷത്തെക്കല്ലേ   കസേര   എല്പ്പിചെക്കണേ ?അഞ്ചു  വർഷം  കഴിഞ്ഞു  വീണ്ടും  വരുമ്പോ    മ്വാൻ  കഴിഞ്ഞ  തവണ കുത്തിയത് പോലെ ഒന്ന് കൂടി  ആഞ്ഞു  കുത്തണം.എന്നിട്ട്  വീണ്ടും  ഇതേപോലെ  കത്ത്  എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ  യാത്രയില്ല.
 
ശുഭ രാത്രി !

Apr 26, 2015

നീലനിറമാവാത്ത ശരികൾ

"അറിയുമോ ?"

വളരെ  പതിഞ്ഞ ശബ്ദത്തിൽ ഉള്ള  ചോദ്യം  കേട്ട് അയാൾ   തിരിഞ്ഞു നോക്കി.തന്റെ  ഊഴത്തിനു വേണ്ടി,ടോക്കണുമായി   ബാങ്കിൽ ക്യു നില്ക്കയായിരുന്നു  അയാൾ .


ഇളംനീല നിറത്തിലുള്ള സാരി  വളരെ വൃത്തിയായി ഉടുത്ത  ഒരു സ്ത്രീയായിരുന്നു  അത്.  കണ്ണുകളിൽ അതിശയതിന്റെ  ഒരു  തിളക്കം അയാൾ  കണ്ടു. ആശ !


"അറിയുമോന്നോ!ആശയെ  എങ്ങനെ  മറക്കാൻ?ഇപ്പോൾ എവിടെയാണ്.എന്ത് ചെയ്യുന്നു?എവിടെയാണ് ജോലി?"വളരെക്കാലം കൂടിക്കാണുന്ന ആവേശത്തിൽ അയാൾ ചോദ്യങ്ങൾ അമ്പു തൊടുക്കുന്നതുപോലെ ഒന്നൊന്നായി എയ്തു


"ശരത്ത്  ഒരുപാട്  മാറിപ്പോയിരിക്കുന്നു".ആശ പറഞ്ഞത്  കേട്ട്  ചെവിയുടെ അടുത്തുള്ള നരച്ച മുടി ഒളിപ്പിക്കാൻ  അയാൾ  ഒരു  വിഫല ശ്രമം നടത്തി.വിശേഷങ്ങൾ  പറഞ്ഞു,ഫോണ്നമ്പർ കൈമാറുമ്പോഴെക്കും ആശയുടെ  ടോക്കണ്വിളിച്ചിരുന്നു.പണ്ടുണ്ടായിരുന്ന അതേ   പ്രസരിപ്പിൽ അവൾ  ക്യാഷ്കൌണ്ടറിലേക്കും   പിന്നീടു അവിടെ നിന്നും  ചാട്ടുളി  പോലെ പുറത്തേക്കും പോകുന്നത് അയാൾ    കണ്ടു.പുറത്തേക്ക്  പോകും വഴി   പഴയ,വശ്യമായ മന്ദഹാസത്തിന്റെ  ഒരു കീറ്   മുഖത്ത് ഉണ്ടായിരുന്നോ   എന്ന് അയാൾ സംശയിച്ചു.


അഞ്ചാം ക്ലാസിലായിരുന്നു  ആശ അയാളുടെ സ്കൂളിൽ വന്നത്നന്നായി പഠിക്കുകയും പാട്ടുപാടുകയും,നൃത്തം ചെയ്യുകയും ചെയ്യുമായിരുന്ന ആശ എന്നാണ് മനസ്സിൽ   യറിക്കൂടിയത്?കലോത്സവവേദികളിൽ എല്ലാറ്റിലും താരമായിരുന്ന മെലിഞ്ഞു   സുന്ദരിയായ പെണ്കുട്ടി മൂലം, ഒന്നാംസ്ഥാനക്കാരൻ  രണ്ടാംസ്ഥാനത്ത് എത്തിയപ്പോഴോ ?

മിക്കവാറും  ഒരേ   സമയത്തായിരുന്നു അവർ സ്കൂളിൽ   പോയിരുന്നത്.വഴിയിൽ  നിന്നും ചാമ്പങ്ങയും  മാങ്ങയും  പറിച്ചു,കുറുപ്പേട്ടന്റെ    കടയുടെ പിന്നിലെ   ഉപ്പും ചാക്കിൽ നിന്നും ചൂണ്ടിയ  ഉപ്പും  കൂട്ടി തിന്നും,സാറിന്റെ കയ്യിൽ നിന്നും   അടി  കിട്ടാതിരിക്കാൻ  വഴിയരുകിൽ  ഉള്ള ഏതോ  ഇലകൾ കൂട്ടി  കെട്ടിയും  പോയിരുന്ന   നാളുകൾ.എത്ര   ശ്രമിച്ചിട്ടും   ചെടിയുടെ പേര് ഓർത്തെടുക്കാൻ അയാൾക്കായില്ല.പക്ഷെ  മുടി രണ്ടായി  പിന്നിയിട്ട ആശയുടെ  മുഖം ഓർത്തെടുക്കാൻ  ഒരു ബുദ്ധിമുട്ടും   ഇല്ല എന്നോർത്തപ്പോൾ അയാൾക്ക്‌  ചിരി  വന്നു.   


വീട്ടിലെത്തിയിട്ടും    ആശയായിരുന്നു  അയാളുടെ മനസ്സിൽ.നാൽപ്പതുകളിൽ എത്തിയിട്ടും   ആശ ഇപ്പോഴും   സുന്ദരി  തന്നെ.സെക്രട്ടറിയെറ്റിൽ   ജോലി ചെയ്യുന്ന  ആശക്ക്‌  രണ്ടു  കുട്ടികൾ.ഭർത്താവ്   മുകുന്ദനു  ജോലി ഏതോ   പ്രൈവറ്റ് സ്ഥാപനത്തിൽ .


പതിവ്  വിശേഷങ്ങളുമായി  മകൾ  വന്നു  കയ്യിൽ തൂങ്ങിയപ്പോൾ അയാൾപറഞ്ഞു."അച്ഛനെ ശല്യപ്പെടുതാതിരിക്കു കുട്ടീ". കുട്ടിയുടെ     മുഖത്ത് ഒരു  ദൈന്യഭാവം  അയാൾ  കണ്ടു.ചായ കുടിക്കുന്നതിനിടെ,വീട്ടിലേക്കുള്ള സാധനങ്ങൾ ഏതൊക്കെ തീർന്നു എന്നു  പറഞ്ഞ ഭാര്യയോടു തെല്ലു നീരസത്തോടെ അയാൾപറഞ്ഞു."സുജാതെ,ഞാൻ വന്നു  കയറിയതല്ലേ ഉള്ളു ".മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കുന്ന  സുജാതയെ കണ്ടപ്പോൾ  തെല്ലു   നഷ്ട്ടബോധത്തോടെ  അയാൾ ഓർത്തു. കല്യാണം   കഴിക്കുന്ന  സമയത്ത്   ആശയെ ആലോചിക്കാമായിരുന്നു !എവിടെനിന്നോ   ജോലിസംബന്ധമായി  സ്ഥലം മാറി എത്തിയതായിരുന്നു ആശയുടെ  കുടുംബം.പിന്നീട് ഏതോ  ക്ലാസിൽ    വെച്ച്  സ്കൂൾ  തുറന്നപ്പോൾ അപ്രത്യക്ഷയായ  ആശയെ  കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല.ഓർക്കുട്ടിലും  പിന്നെ ഫെസ്ബുക്കിലും  ഒക്കെ   ചില   വിഫലശ്രമങ്ങൾ അയാൾ നടത്തി എന്നതായിരുന്നു   സത്യം .


എന്തെങ്കിലും  ഒക്കെ  കഴിച്ചു  എന്ന്  വരുത്തി, ചാവടിയിൽ  നീണ്ടു നിവർന്നു കിടക്കവേ  ആശയെ ഒന്ന്  വിളിച്ചാലോ  എന്നയാൾക്ക്  തോന്നിലിച്ചിരുന്ന സിഗരറ്റിൽ നിന്നും  ഉയർന്ന പുകച്ചുരുളുകൾക്ക് ആശയുടെ  രൂപം  ആണെന്ന് അയാൾക്ക്‌  തോന്നി. ഒരു  ടീൻഏജറുടെ മാനസികാവസ്ഥയിൽ എത്തിയതിനു അയാൾക്ക്തന്നോട്   തന്നെ പുശ്ചം തോന്നി.എന്നാൽ  അടുത്ത നിമിഷം  തന്നെ തനിക്കതിനു അധികം  പ്രായമായിട്ടില്ലയെന്ന്  സ്വയം വിശ്വസിക്കാനും അയാൾ ശ്രമിച്ചു.  

വീണ്ടും  കറങ്ങിത്തിരിഞ്ഞു  ചിന്തകൾ  ആശയുടെ അടുത്തെത്തിയപ്പോൾ  അവൾക്കും  അങ്ങനെ തന്നെയായിരിക്കുമോ  എന്നയാൾ   സന്ദേഹപ്പെട്ടു
കണ്ണുകളിലേക്കു ആഴത്തിൽ  നോക്കിയല്ലായിരുന്നോ അവൾ  സംസാരിച്ചത് ?ചിലപ്പോൾ     ഇന്ന് തന്റെ കോൾ  അവൾ പ്രതീക്ഷിക്കുന്നുണ്ടാവുമെങ്കിലോ എന്നയാൾക്ക് തോന്നി.എന്നാൽ  ഭർതൃമതിയായ  ഒരു സ്ത്രീ അല്ലേ അവർ  എന്ന തോന്നലിൽ    കുറെ  നേരം കിടക്കയും, അവസാനം  വാട്സ് ആപ്പിൽ ഒരു "ഗുഡ് ഈവനിംഗ്അയക്കുന്നതിൽ തെറ്റില്ല എന്ന തോന്നലിൽ   എത്തുകയും ചെയ്തു .


വളരെനേരം  കഴിഞ്ഞിട്ടും   മറുപടി വരികയോ,ആശ  മെസ്സേജ്   വായിക്കുകയോ ചെയ്യാത്തതിൽ  അയാൾക്ക്‌  എന്തെന്നില്ലാത്ത ദേഷ്യം തോന്നി.അത്താഴം കഴിഞ്ഞു  കിടക്കാൻ തുടങ്ങുമ്പോൾ  സുജാത  കുളി  കഴിഞ്ഞു  വന്നു. എന്തുകൊണ്ടോ  തനിക്കു ചേരേണ്ടവല്ല സുജാതയെന്നു അവളെ നോക്കിയപ്പോൾ അയാൾക്ക് തോന്നി.കുറേക്കൂടി  സുന്ദരിയല്ലേ ആശ ? ആത്മവിശ്വാസം  തുടിക്കുന്നുണ്ടായിരുന്നില്ലേ മുഖത്തും  പെരുമാറ്റത്തിലും ?

സുജാതയുടെ  മുഖം കടന്നൽ കുത്തിയതുപോലെ അൽപ്പം വലുതായിരുന്നു.മദ്ദളത്തിന്  പുറംചട്ട ഇടുന്നതുപോലെ ഒരു  ചുരിദാറിലേക്ക് വിഷമിച്ചു കടക്കുന്ന സുജാതയോട് അയാൾ  അല്പ്പം ക്രൂരമായി ചോദിച്ചു".അൽപ്പം  നന്നായി  വസ്ത്രം ധരിച്ചുകൂടെ നിനക്ക് ? "


സുജാത   മിണ്ടാതെ  കട്ടിലിനു  മറ്റേ അരികിലേക്ക് മാറി,കിടക്കയും,നിമിഷങ്ങൾക്കുള്ളിൽ നിദ്രയെ പുണരുകയും ചെയ്തു.ആശ  അയാളുടെ  മെസ്സേജ് വായിച്ചോ  എന്ന്  അയാൾ വീണ്ടും വീണ്ടും വാട്സാപ്പിൽ  നോക്കി.സന്ദേശത്തിൽ അപ്പോഴും ചാരനിറമുള്ള ശരി  മാത്രം.എന്താണ് അതിനു   നീലനിറം  ആവാൻ  അമാന്തം  എന്നയാൾ ഓർത്തു. ചിലപ്പോൾ  തിരക്കിൽ  ഫോണ്‍ നോക്കാൻ മറന്നുവോ ?വളരെ  ആലോചിച്ചതിനു  ശേഷം  ആശയെ  ഒന്ന് വിളിച്ചേക്കാം  എന്നയാൾ ഓർത്തു.നീണ്ട ബെല്ലുകൾക്ക് അവസാനം  ആശയുടെ  ശബ്ദം അയാൾ  കേട്ടു.എന്നാൽ  അത്   കാലത്തേ കേട്ടതുപോലെ  പതിഞ്ഞ  ശബ്ദം  ആയിരുന്നില്ല എന്നയാൾക്ക്  തോന്നി.അയാളുടെ  തൊണ്ട വരണ്ടു."ഹലോ"എന്ന് പറയാൻ അയാൾ അൽപ്പസമയം  എടുത്തു


"എന്താ ശരത്    നേരത്ത്? നമ്മൾ   കാലത്തേ കണ്ടു സംസാരിച്ചതാണല്ലോ.അതിൽ   കൂടുതൽ     എന്ത് വിശേഷങ്ങൾ   ആണ് ഈ രാത്രിയിൽ  പറയാൻ ഉള്ളത്" എന്ന് അൽപ്പം   ഈർഷ്യയോടെ അവൾ ചോദിച്ചു.സ്തബ്ധൻ  ആയിരുന്നു  അയാൾ.എന്തിനാണ് വിളിച്ചതെന്ന് പറയാൻ അയാൾക്കായില്ല.ഫോണ്ഡിസ്കണക്റ്റ് ചെയ്യാനും

"ഹലോ....ഹലോ"എന്നുള്ള  ആശയുടെ  ശബ്ദവും "ആരാ  ഫോണിൽ"  എന്ന് അല്പ്പം പോലും  അലിവു തോന്നിക്കാത്ത  ഒരു  ശബ്ദവും  അയാൾ കേട്ടു."...നേരോം കാലോം  നോക്കാതെ ഓരോരുത്തർ   വിളിച്ചോളും  ചെറിയ ക്ലാസ്സിൽ ഏതിലോ  ഒന്നിച്ചു പഠിച്ച   ഒരാൾ"എന്ന്  ആശ പറഞ്ഞു നിർത്തിയപ്പോൾ കേട്ട ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുകുന്ദന്റെതാണ്  എന്നയാൾ ഉറപ്പിച്ചു .


ചരിഞ്ഞു  കിടന്നുറങ്ങുന്ന സുജാതയാണ്  പരിചയമുള്ള സ്ത്രീകളിൽ  ഏറ്റവും സുന്ദരിയെന്ന്  അപ്പോൾ  അയാൾക്ക്‌  തോന്നി .