May 27, 2024

ഉന്നതതല യോഗം 2024:ഏകാങ്ക നാടകം



 2024  ജൂൺ  മാസത്തിലെ ഒരു വൈകുന്നേരം. 

നമ്പർ-1 സ്നേഹതീരം നോർത്തിൽ പരിക്ഷീണയായി താടിക്കു കൈയും കൊടുത്തിരിക്കുന്ന അമ്മ മഹാറാണി.

യുവറാണി ഭർത്താവിനോടൊപ്പം  പ്രവേശിക്കുന്നു. 

യുവറാണി:തോറ്റു   തൊപ്പിയിട്ട നിങ്ങടെ മോൻ എവിടെ. ഞാനും ഭർത്താവും നയിച്ചിരുന്നെങ്കിൽ ബാങ്കിന്റെ ഭരണം പിടിച്ചേനെ. 

മഹാറാണി:അതേടീ.പണ്ട് നമ്മൾ  ബാങ്ക് ഭരിച്ചിരുന്നപ്പോൾ നിന്റെ കൂളിംഗ്ലാസ്സുകാരൻ ഭർത്താവു ഒട്ടുപാല് കട്ട് വിറ്റതുകൊണ്ടാണ് ഈ ഗതി വന്നത്. 

യുവറാണി:ഒരു കഴിവും ഇല്ലാത്ത നിങ്ങടെ മോനെ കൊണ്ട് ഭരണം പിടിക്കാൻ പറ്റാത്തതിന്  ഇപ്പോ എന്റെ ഭർത്താവാണോ കുറ്റക്കാരൻ? നാലാം വാർഡിൽ നില്ക്കാന്നു  അങ്ങേരു പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്തില്ലല്ലോ. 

യുവറാണി മൂക്ക് പിഴിയുന്നു.

മരുമകൻ കൂളിംഗ്ലാസ്സ്  മാറ്റിക്കൊണ്ട്.  "തങ്കം.  മൂക്ക് പിഴിയാതിരിക്കൂ. ഈ  മൂക്കിലാണ് അഞ്ചുവർഷം കഴിഞ്ഞാൽ പ്രതീക്ഷ".

മുഖ്യസൈന്യാധിപൻ ഗോപാല്ജി പ്രവേശിക്കുന്നു.തലയിൽ കെട്ടിയ തോർത്തെടുത്തു അരയിൽ കെട്ടി പറയുന്നു.

ഗോപാല്ജി:അമ്മ മഹാറാണി  നീണാൾ വാഴട്ടെ. മാപ്പാക്കണം.  ഈ കുരിശു എന്റെ തോളിൽ നിന്നൊന്നെടുത്തു മാറ്റിതരണം. ബാങ്ക് തിരഞ്ഞെടുപ്പ് തോറ്റാൽ അതിന്റെ പാപം എന്റെ  തലയിൽ കെട്ടിവെക്കാനല്ലായിരുന്നോ പ്ലാൻ.ഇനിയെന്നെ  പോകാൻ അനുവദിക്കണം. 


അമ്മ മഹാറാണി: ഗോപാല്ജി തളരരുത്.അങ്ങയെക്കാളും വയ്യായ്ക ആയിട്ടും ഞാൻ കൊച്ചുമക്കളേ കളിപ്പിച്ചു  വീട്ടിൽ ഇരിക്കുന്നില്ലല്ലോ. 

ഗോപാല്ജി: അതിനു അമ്മമഹാറാണിയെപ്പോലല്ലല്ലോ ഞാൻ. ഞാൻ കേവലം ഒരു വാല്യക്കാരൻ. 

അമ്മമഹാറാണി: ജയിച്ചിരുന്നെങ്കിൽ ഗോപാല്ജി ബാങ്ക്  പ്രസിഡന്റ് ആയേനെ.എന്നിട്ടു ഞാൻ തന്നെ പിൻസീറ്റ് ഡ്രൈവിംഗ്  നടത്തിയേനെ.ഇനി പറഞ്ഞിട്ടെന്താ! 

യുവരാജ ഒരു കൈയിൽ കളിക്കുടുക്കയും മറ്റേകൈയിൽ  പഴംപൊരിയുമായി പ്രവേശിക്കുന്നു. 

അമ്മ മഹാറാണി:തോറ്റ സ്ഥിതിക്ക് ഇനി പുണ്യ പുരാതന  സ്ഥലങ്ങളായ പട്ടായ, ബാലി  ഒക്കെ കറങ്ങി വരാർന്നു.

യുവരാജ :പ്ലാനുണ്ട്. ഒന്നാലോചിച്ചാൽ  ബാങ്ക് ഭരണം കിട്ടാഞ്ഞത്  നന്നായി. അടുത്ത തിരഞ്ഞെടുപ്പിന്  എനിക്ക്  അഞ്ചു വർഷത്തെ പരിചയം കൂടിയാവുമല്ലോ. ബാങ്കിൽ ഇപ്പോൾ ആവശ്യത്തിന് പണം ഉണ്ട്. അവിയൽ മുന്നണി ആയിരുന്നത് കൊണ്ട് എങ്ങാനും ഭരണം കിട്ടിയാൽ പൂര  അടിയായേനെ.ആകെ കുഴഞ്ഞേനെ  

യുവറാണി:എന്ത് കുഴയാൻ?നമ്മൾ എല്ലാരും കൂടി വീതിച്ചെടുത്തേനേ .അല്ലാതെന്തു.എന്റെ   കെട്ടിയോനാണെങ്കിൽ  കഴിഞ്ഞ പത്തു വർഷമായി അനാഥപ്രേതമായി  നടക്കുന്നു .

'അമ്മ മഹാറാണി:അതും  ശരിയാണ്. എനിക്കാണെങ്കിൽ  ആർക്കെങ്കിലും വീതം വെക്കുക  എന്നതോർത്താൽ തന്നെ  തലകറക്കം  വരും. അടുത്ത തവണ നമുക്ക് മുന്നണി  വേണ്ട..ഒറ്റയ്ക്ക് തട്ടാം. യേത് !

ഗോപാല്ജി:എന്നാലും നമ്മുടെ  മനോരോഗി ഒക്കെ എന്നും നാല് കോളം വാർത്ത  എഴുതി എഴുതി  യുവരാജാവിനെ അടുത്ത  ബാങ്ക് പ്രസിഡന്റ്  ആയിട്ടു അവരോധിച്ചിട്ടും  നമ്മൾ ക്ലച്ചു പിടിച്ചില്ലല്ലോ. 

യുവരാജ: ബാങ്കിൽ കാര്യങ്ങൾ ഒക്കെ വെടിപ്പാണ്.അത് ജനത്തിനും  അറിയാം ഗോപാല്ജി.എന്നാലും  ആ പൊന്നരിവാൾജി  വന്നിട്ടും  ക്ലച്ചു പിടിക്കാഞ്ഞതാ  അതിശയം. 

യുവറാണി : പൊന്നരിവാൾജി  രണ്ടു  ദിവസം മുന്നേ  ഗോതമ്പുണ്ട  തിന്നാൻ സ്‌കൂട്ട്  ആയി.

അമ്മ മഹാറാണി:ങാ...അയാൾക്ക്  ഇതൊന്നും  കാണേണ്ടി വന്നില്ലല്ലോ.

അന്തപ്പായി പ്രവേശിക്കുന്നു.മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ മലയാളത്തിൽ   പറയുന്നു.ആരും മൈൻഡ്  ചെയ്യുന്നില്ല.സ്വതസിദ്ധമായ മൗനം വിദ്വാന് ഭൂഷണം  എന്ന ഭാവത്തിൽ  അന്തപ്പായി വെറുതെ നിൽക്കുന്നു .

യുവരാജാവിന്റെ സന്തതസഹചാരിയായ ഊർജകുമാർ  പ്രവേശിക്കുന്നു. 

അമ്മ മഹാറാണി: വന്നല്ലോ  വനമാല.ഇയാക്കടെ ആഞ്ഞടിക്കൽ  കൂടിപ്പോയിട്ടാ  പച്ച തൊടാഞ്ഞത്. 

ഊർജകുമാർ:അമ്മമഹാറാണി  തലമറന്നു  ധാത്രി  തേക്കരുത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അങ്ങയുടെ  മകനെ  എങ്ങനെ എങ്കിലും പൊക്കിക്കൊണ്ടുവരാനാണ് ഞാൻ നോക്കിയത്.അതെങ്ങനാ.ബാങ്ക്  പ്രസിഡന്റ് മാത്രമേ  ആകൂ എന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യും. 

അമ്മ മഹാറാണി : മിഷ്ടർ  ഈ കുടുംബത്തിൽ പിറന്നവർ ബാങ്ക് പ്രസിഡന്റ്  മാത്രമേ ആകൂ എന്നറിയില്ലേ? ചാണാപ്പൊളി സ്ഥാനങ്ങൾ ഒക്കെ നിങ്ങളൊക്കെ തന്നെ വീതിച്ചെടുത്തോ. 

അന്തപ്പായി പൊട്ടിത്തെറിക്കുന്നു: മഹാറാണീ   എന്ന് വിളിച്ച  നാവുകൊണ്ട് വേറൊന്നും വിളിപ്പിക്കരുത്. നിങ്ങളീ  ചാണാപ്പൊളി സ്ഥാനങ്ങൾ എന്ന് പറഞ്ഞല്ലോ.  താഴെത്തട്ടിൽ പ്രവർത്തിച്ചു  ചെറിയ സ്ഥാനങ്ങളിൽ തുടങ്ങി പ്രസിഡണ്ട്  ആയ ചരിത്രം നിങ്ങൾക്കില്ലല്ലോ. പത്തുപൈസയുടെ പ്രവർത്തന പരിചയം ഇല്ലാത്ത മണ്ടൻകൊണാപ്പിയെ ഒക്കെ  പ്രസിഡന്റ് ആക്കണം  എങ്കിൽ ജനത്തിന്റെ തലയിൽ  ആൾത്താമസം  ഇല്ലാതിരിക്കണം. നിങ്ങൾ ഈ  വാല്യക്കാരെ ഒക്കെ ഓരോ സ്ഥാനത്തു കൊണ്ടിരുത്താതെ മര്യാദക്ക്  തിരഞ്ഞെടുപ്പ് നടത്തി  വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ നേതൃ സ്ഥാനത്തു  കൊണ്ട് വരണം.ഈ നൂലിൽ കെട്ടിയിറക്കു പരിപാടി ഇനിയെങ്കിലും ഒന്ന്  നിർത്തണം.ജനങ്ങൾക്ക് വിശ്വാസം വരുത്തണം. ഇന്നലെ  ഇനി ബാങ്ക് ഭരണം പിടിക്കാൻ പറ്റൂ. 

 
ആദ്യമായി എതിർശബ്ദം ഉയര്ന്നത് കേട്ട് സ്തംഭിച്ചു നിൽക്കുന്ന 'അമ്മ മഹാറാണി.പശ്ചാത്തലത്തിൽ  സീരിയലിൽ അമ്മായിയമ്മ വരുമ്പോളുള്ള സ്തോഭജനകമായ  ബിജിഎം 


യുവറാണിയുടെ  പത്തു വയസ്സായ  മകൻ പ്രവേശിക്കുന്നു.  നിഷ്കളങ്കമായി  അമ്മ മഹാറാണിയോട് ചോദിക്കുന്നു.


അമ്മൂമ്മേ  അമ്മൂമ്മേ.  എപ്പഴാ  എനിക്ക് ബാങ്ക്  പ്രസിഡന്റ് ആകാൻ പറ്റുന്നേ ?

പിറകോട്ടു മറിയുന്ന  അന്തപ്പായി. അരയിൽ കെട്ടിയ തോർത്ത് എടുത്തു  തലയിൽ കെട്ടുന്ന  ഗോപാല്ജി. തലയ്ക്കു കൈകൊടുക്കുന്ന  ഊർജകുമാർ. 


ഇത്  ബാങ്ക്  ഭരണം നഷ്ട്ടപ്പെട്ട  ഒരു  കുടുംബത്തിന്റെ  കദന കഥയാണ്.  ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ  ആയ  ആരുമായിട്ടും  ഇതിനു ബന്ധമില്ല. 






0 അഭിപ്രായ(ങ്ങള്‍):