Oct 23, 2025
പേരിലെ തൊന്തരവുകൾ !
Jun 1, 2025
സർപ്പദോഷം
"അമ്മൂമ്മേ.അപ്പൊ തപസ്സു ചെയ്‌താൽ നമുക്കും കിട്ടുമോ മാണിക്യക്കല്ല്?"അനിയന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ചെറുപ്പത്തിൽ അമ്മൂമ്മ നീലക്കൊടുവേലിയുടെ ഐതിഹ്യം എന്നോടും പറഞ്ഞിരുന്നു.പുഴയിൽ കുളിക്കാൻ പോയപ്പോഴൊക്കെ നീലക്കൊടുവേലി ഒഴുകി വന്നിരുന്നെങ്കിലെന്നും ദാരിദ്യ്രമൊക്കെ മാറിയേനെയെന്നുമൊക്കെ ഞാനും കരുതിയിരുന്നു.എങ്കിലും ഈ പറഞ്ഞ മാണിക്യക്കല്ല് നമുക്കും കിട്ടിയിരുന്നെങ്കിൽഎന്നോർത്തു ഞാൻ ഉറങ്ങി.
കാലത്തേയും,ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴും,മാണിക്യക്കല്ല് തന്നെയായിരുന്നു എന്റെ മനസ്സിൽ.പൊട്ടിയ,ഓടിട്ട ആ പഴയ വീടിന്റെ സ്ഥാനത്തു ഒരു നനയാത്ത വീട്. അത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചുള്ളു.
കുളിച്ചു കയറുമ്പോൾ കാലിൽ എന്തോ തട്ടിയത് പോലെ എനിക്ക് തോന്നി.വീണ്ടും കാലുകൊണ്ട് തടവിയപ്പോൾ പരന്ന ഒരു കല്ലായിരുന്നു അതെന്നു എനിക്ക് തോന്നി.ഏതോ ഉൾപ്രേരണയിൽ ഞാൻ ആ കല്ല് മുങ്ങിയെടുത്തു ആറ്റുതീരത്തേക്കു കൊണ്ടുവന്നു.പ്രത്യേകിച്ച് രൂപവുമൊന്നുമില്ലാതിരുന്ന ഒരു കരിങ്കൽ കഷ്ണമായിരുന്നു അത്.കാലങ്ങളോളം വെള്ളത്തിൽ കിടന്നതുകൊണ്ടു രൂപമാറ്റം സംഭവിച്ച എന്തോ ഒന്ന്,എന്നെന്റെ മനസ്സ് പറഞ്ഞു.ഒരു വശത്തു പരുക്കനായിരുന്ന ഭാഗത്തു കാലുരച്ചു കഴുകാൻ എനിക്കൊരു സുഖം തോന്നി.കുളികഴിഞ്ഞു വരുമ്പോൾ ഞാൻ ആ കല്ല് കിണറിന്റെ കരയിൽ കൊണ്ട് വെച്ചു.പുറത്തു പോയിട്ട് വരുമ്പോൾ കാലുകഴുകി വീട്ടിനുള്ളിൽ കയറാമല്ലോ എന്ന് ഞാനോർത്തു
അന്ന് രാത്രി അമ്മൂമ്മ അനിയന് പറഞ്ഞു കൊടുത്തതു ഗരുഡന്റെ കഥയായിരുന്നു.പാമ്പുകളെ കൊത്തിയെടുത്തു പറക്കുന്ന ഗരുഡന്റെ കഥയുടെ അവസാനഭാഗത്തിനു മുന്നേ ഞാൻ ഉറങ്ങി.
പുഴക്കക്കരെയെവിടെനിന്നോ ഒഴുകിവരുന്ന ഒരു പുള്ളുവൻ പാട്ടു ഞാൻ കേട്ടു.അല്പസമയത്തിനു ശേഷം, മുറിയിൽ ഒരു ചുവന്ന വെളിച്ചം പരന്നു. ആ വെളിച്ചത്തിൽ മുറിയുടെ ഒരു മൂലയിൽ ഞാൻ ഒരു പാമ്പിനെ കണ്ടു. പത്തി വിടർത്തി നിന്നാടിയ അതിന്റെ തലയിൽ ഒരു ചെറിയ ഗോലിയോളം പോന്ന തിളങ്ങുന്ന ഒരു കല്ല്. നാഗമാണിക്യമാണ് അത് എന്നെനിക്കു തോന്നി.കല്ല് എടുക്കാനായി ചെന്ന എന്റെ നേരെ പാമ്പു ചീറ്റി.അതുവകവെക്കാതെ ഞാൻ പാമ്പിന്റെ അടുത്തേക്ക് നീങ്ങി.കല്ലെടുക്കാൻ കൈകൾ നീട്ടിയ എന്നെ പാമ്പു ആഞ്ഞു കൊത്തി.വേദന സഹിക്കാനാവാതെ "അമ്മേ" എന്ന് വിളിച്ചു ഞാൻ കരഞ്ഞു.
ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു.പുലർവെട്ടം മുറിയിലാകെ പരന്നിരുന്നു.കണ്ടത് സ്വപ്‌നമാണെന്നെനിക്ക് ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല.കിടന്നുകൊണ്ടുതന്നെ വീടിന്റെ ഉത്തരത്തിലേക്കു നോക്കുമ്പോൾ ഞാൻ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു.മഞ്ഞ നിറമുള്ള ഒരു പാമ്പ് കഴുക്കോലിൽ ചുറ്റിയിരിക്കുന്നു.ഞാൻ പേടിച്ചു അമ്മയെ വിളിച്ചു. ശബ്ദം കേട്ടതിനാലാവണം പാമ്പ് കഴുക്കോൽ വിട്ടു, പൊട്ടിയ ഒരോടിനിടയിലൂടെ എങ്ങോട്ടോ പോയി.
കിണറ്റിന്കരയിൽ പല്ലു തേച്ചു നിൽക്കുമ്പോഴും എന്റെ മനസ്സിൽ പാമ്പും നാഗമാണിക്യവും ഒക്കെത്തന്നെയായിരുന്നു. എന്തുകൊണ്ടാവും അങ്ങനെ ഒരു സ്വപ്നമെന്നും അതിനുശേഷം കാലത്തെ പാമ്പിനെ കണ്ടതുമെന്നും എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.തൊട്ടി എടുത്തു വെള്ളം കോരവേ ഞാൻ വീണ്ടും ഞെട്ടി.കിണറിന്റെ റിങ്ങിൽ ഒരു പാമ്പ്!എന്തോ സംഭവിക്കാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.
ജോലിക്കു പോകാൻ ബൈക്ക് എടുക്കവേ വീലിൽ നിന്നും ഒരു ചെറിയ പാമ്പു ഇഴഞ്ഞു അടുത്തുള്ള മുല്ലച്ചെടികളിലേക്കു പോയതുകണ്ട് ഞാൻ അസ്വസ്ഥനായി.ഓഫിസിൽ കാലത്തേ അടിച്ചുവാരാൻ വന്ന സ്വീപ്പർ ഫയലുകൾക്കിടയിൽ ഒരു പാമ്പിനെ കണ്ടു പേടിച്ചു.
അന്നുരാത്രി പാത്രങ്ങൾ അടുക്കി വെക്കവേ പാമ്പിനെ കണ്ടു അമ്മ നിലവിളിച്ചു. മൂത്രമൊഴിക്കാനായി മുറ്റത്തേക്ക് പോയ ഞാൻ മറ്റൊരു പാമ്പിനെക്കൂടി കണ്ടു.ഉറങ്ങാൻ കിടക്കും മുന്നേ ഞാൻ കഴുക്കോലിലേക്കു ഒന്ന് കൂടി നോക്കി. ഇല്ല ഒന്നുമില്ല.
അമ്മൂമ്മയായിരുന്നു പിന്നീട് പാമ്പിനെ കണ്ടത്. എന്റെ മുറിയിൽ നിന്നും ഒരു പാമ്പു ഇഴഞ്ഞു പോകുന്നത് കണ്ടു എന്ന് പേടിച്ചരണ്ട അമ്മൂമ്മ പറഞ്ഞു.അന്ന് തന്നെ ബൈക്കോടിച്ചു പോകുമ്പോൾ ഒരു പച്ചിലപ്പാമ്പു എവിടെ നിന്നോ എന്റെ മേൽ വീണു.വൈകുന്നേരം കിണറിന്റെ റിങ്ങിൽ പാമ്പിനെ കണ്ടുവെന്നു അമ്മ പറഞ്ഞു.ഗീവർഗീസ് പുണ്യാളന്റെ കപ്പേളയിൽ മെഴുകുതിരി കത്തിക്കാഞ്ഞിട്ടാണ് എന്നും പാമ്പുകളെ കാണുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ ശരിയാണെന്നെനിക്കും തോന്നി.ഒരുകൂടു മെഴുകുതിരികളുമായി ഞാൻ കപ്പേളയിലേക്കു പോയി.എന്നാൽ തിരിച്ചു വരവേ മുല്ലച്ചെടികളുടെ ഇടയിൽ ഞാൻ ഒരു അനക്കം കണ്ടു.
കാലത്തേ ആറ്റിൽ കുളിക്കാൻ ഇറങ്ങുമ്പോൾ വെള്ളത്തിൽ കൂടി ഒരു പാമ്പു നീന്തി പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.കുളിക്കാതെ ഞാൻ തിരിച്ചു പോന്നു.കിണറ്റിൻകരയിലുള്ള കല്ലിൽ കാലുരച്ചു കഴുകുമ്പോൾ മുല്ലച്ചെടികളിൽ ഒരു പാമ്പു തൂങ്ങിന്നിരുന്നു.വീട്ടിൽ അനിയൻ ടിവി കാണുകയായിരുന്നു.സ്‌ക്രീനിൽ ഒരാളെ പാമ്പുകൊത്തുന്ന രംഗം കണ്ടു ഞാൻ ഒച്ചയെടുത്തു. "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ ?"
അടുത്ത ദിവസങ്ങളിലെല്ലാം,പലയിടത്തുവെച്ചും പാമ്പുകളെ ഞാൻ കണ്ടു.വീട്ടിലെവിടെത്തിരിഞ്ഞാലും അവിടൊക്കെ പാമ്പുകളെന്ന സ്ഥിതിയായപ്പോഴാണ്,കൂടെ ജോലിചെയ്യുന്ന ഗോപാലേട്ടനോട് ഞാൻ കാര്യം പറഞ്ഞത്.ഞങ്ങൾ രണ്ടുപേരും കൂടി ചക്രപാണി ജോൽസ്യരുടെ അടുത്തെത്തി.കവടി നിരത്തി ജോത്സ്യർ അല്പനേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"എന്നയാൾ ചോദിച്ചു.അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു.മണ്ണാറശ്ശാലയിൽ ചില വഴിപാടുകൾ അയാൾ കുറിച്ച് തന്നു.
വഴിപാടുകൾ ഒക്കെ ചെയ്തു,അവിടെ തേങ്ങയടിക്കുമ്പോൾ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.പാമ്പുകളെക്കൊണ്ട് ഞാൻ അത്രക്കും പൊറുതിമുട്ടിയിരുന്നു.വഴിപാടുകളെല്ലാം കഴിഞ്ഞു വരുമ്പോഴേക്കും രാത്രിയായിരുന്നു.വീട്ടിലേക്കു പോകുന്ന ചെറിയ ഇടവഴിയിൽ വെച്ച് ഒരുമാതിരി കപ്പവാട്ടുന്ന മണം എനിക്കനുഭവപ്പെട്ടു.പാമ്പു വാ പൊളിക്കുമ്പോഴാണ് ആ മണം വരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടിലേക്കുള്ള പടികളിലേക്കു കാൽ വെച്ചതും, ഒരു പാമ്പു ഇഴഞ്ഞു അടുത്തുള്ള ഗന്ധരാജൻ ചെടിയിലേക്കു കയറി.ഇല്ല,ഒന്നും എന്നെ വിട്ടുപോയിട്ടില്ല എന്നോർത്ത് ഞാൻ ഖിന്നനായി.
പേടിസ്വപ്നങ്ങൾ നിറഞ്ഞ മറ്റൊരു രാത്രിയായിരുന്നു അന്ന്. വലിയ ഒരു പാമ്പു എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്ന സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടിയുണർന്നു. വീട് വിറ്റു എവിടെയെങ്കിലും പോയാലോ എന്ന് ഞാൻ ഓർത്തു. വീട്ടിൽ മാത്രമല്ല, ഓഫീസിലും ചെല്ലുന്നിടത്തുമെല്ലാം പാമ്പുകളെ കാണുന്നതിനാൽ വീടുവിറ്റ് മാറുന്നതിൽ കാര്യമില്ലെനിക്ക് തോന്നി.
കാലത്തെ വെറുതെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് ഒന്നോർത്തു നോക്കി.ഇങ്ങനെ പെട്ടെന്ന് പാമ്പുകളെ കാണാനായി,പുതുതായി ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോർത്തുകൊണ്ടു തന്നെ ഞാൻ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വസ്ത്രം മാറവെ കമ്യുണിസ്റ്റ് പച്ചകൾക്കിടയിൽ ഒരനക്കം ഞാൻ കേട്ടു. വീട്ടിൽ കയറും മുന്നേ ഒരു തൊട്ടി വെള്ളംകോരി ഞാൻ കാലുകഴുകി.ഉണ്ട്...കിണറിന്റെ റിങ്ങിൽ ഇന്നുമുണ്ട് ഒരാൾ!.ഈ കല്ല് ആറ്റിൽ നിന്നും എടുത്തുകൊണ്ടുവന്ന ദിവസമാണല്ലോ ഞാൻ ആദ്യം പാമ്പിനെ കണ്ടതെന്ന് കാലുരച്ചു കഴുകുമ്പോൾ പെട്ടെന്നെനിക്കു തോന്നി. ഇനി ഒരുവേള ഈ കല്ലാകുമോ എല്ലാത്തിനും പിന്നിൽ ?
ഏതോ ഒരുൾപ്രേരണയിൽ ഞാൻ ആ കല്ലുമെടുത്തു ആറ്റിലേക്ക് തന്നെ നടന്നു. ആറ്റിലേക്ക് കല്ല് വലിച്ചെറിഞ്ഞു ഞാൻ ഒന്നുകൂടി കുളിച്ചു.തോർത്തുമ്പോൾ കമ്യുണിസ്റ്റുപച്ചകൾക്കിടയിൽ അനക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.വരുന്ന വഴിക്കു മുല്ലച്ചെടികളിലേക്കും ഞാൻ നോക്കി.ഇല്ല,ആരുമില്ല.വീണ്ടും കിണറിൽ നിന്നും ഒരു തൊട്ടി വെള്ളം കോരുമ്പോൾ റിങ്ങിൽ കിടന്നിരുന്ന ആൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
വീണ്ടുമൊരിക്കലും ഞാൻ പാമ്പിനെ കണ്ടില്ല.ആ കല്ലായിരിക്കുമോ ഇനി എല്ലാറ്റിനും പിന്നിൽ ?
കർക്കടകത്തിലെ മഴയിൽ വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടായി.നിരത്തിലും വയലിലും നിറഞ്ഞ വെള്ളം ഏതാനും ദിവസങ്ങൾക്കുശേഷം ഇറങ്ങിപ്പോയി.ഒരുവേള ആ കല്ല് പടിഞ്ഞാറു ഭാഗത്തേക്ക് നീരൊഴുക്കിൽ പെട്ട് ഒലിച്ചുപോയിരിക്കുമോ ?
ആഴ്ചകൾക്കു ശേഷം ഒരു ജാതകം നോക്കാനായി വീണ്ടും ചക്രപാണി ജോത്സ്യരുടെ അടുത്തെത്തിയതായിരുന്നു ഞാൻ.ഊഴത്തിനായി കാത്തിരിക്കുമ്പോൾ അകത്തുനിന്നു കേട്ട ഒരു സംസാരം എന്നിൽ ഉൾക്കിടിലമുണ്ടാക്കി.
"വീട്ടിലും പരിസരത്തും എന്നും പാമ്പിനെ കാണുന്നു ജോത്സ്യരെ. എന്തെകിലുമൊരു പരിഹാരം?"
അൽപ്പ സമയത്തിനു ശേഷം ജോത്സ്യർ പറഞ്ഞു."നിങ്ങൾക്ക് സർപ്പദോഷം കാണുന്നുണ്ട്.ഏതെങ്കിലും സർപ്പക്കാവ് തെളിക്കുകയോ,വിഗ്രഹങ്ങൾ എടുത്തു കളയുകയോ മറ്റോ ചെയ്തിട്ടുണ്ടോ"
എന്തുകൊണ്ടോ ജോത്സ്യരെ അന്ന് കാണേണ്ടതില്ല എന്നെനിക്കു തോന്നി.പതിയെ ഞാൻ അവിടെനിന്നുമിറങ്ങി.അടുത്ത വളവിൽ, ജോത്സ്യർ ചക്രപാണിയെക്കാണാനെത്തിയ ആളെ കാത്തുനിൽക്കുമ്പോൾ അകലെയെവിടെയോ ഒരു പുള്ളുവൻ പാട്ട് കേട്ടുവോ ?
Jul 17, 2024
സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം
സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം!
May 27, 2024
ഉന്നതതല യോഗം 2024:ഏകാങ്ക നാടകം
2024 ജൂൺ മാസത്തിലെ ഒരു വൈകുന്നേരം.
നമ്പർ-1 സ്നേഹതീരം നോർത്തിൽ പരിക്ഷീണയായി താടിക്കു കൈയും കൊടുത്തിരിക്കുന്ന അമ്മ മഹാറാണി.
യുവറാണി ഭർത്താവിനോടൊപ്പം പ്രവേശിക്കുന്നു.
യുവറാണി:തോറ്റു തൊപ്പിയിട്ട നിങ്ങടെ മോൻ എവിടെ. ഞാനും ഭർത്താവും നയിച്ചിരുന്നെങ്കിൽ ബാങ്കിന്റെ ഭരണം പിടിച്ചേനെ.
മഹാറാണി:അതേടീ.പണ്ട് നമ്മൾ ബാങ്ക് ഭരിച്ചിരുന്നപ്പോൾ നിന്റെ കൂളിംഗ്ലാസ്സുകാരൻ ഭർത്താവു ഒട്ടുപാല് കട്ട് വിറ്റതുകൊണ്ടാണ് ഈ ഗതി വന്നത്.
യുവറാണി:ഒരു കഴിവും ഇല്ലാത്ത നിങ്ങടെ മോനെ കൊണ്ട് ഭരണം പിടിക്കാൻ പറ്റാത്തതിന് ഇപ്പോ എന്റെ ഭർത്താവാണോ കുറ്റക്കാരൻ? നാലാം വാർഡിൽ നില്ക്കാന്നു അങ്ങേരു പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്തില്ലല്ലോ.
യുവറാണി മൂക്ക് പിഴിയുന്നു.
മരുമകൻ കൂളിംഗ്ലാസ്സ് മാറ്റിക്കൊണ്ട്. "തങ്കം. മൂക്ക് പിഴിയാതിരിക്കൂ. ഈ മൂക്കിലാണ് അഞ്ചുവർഷം കഴിഞ്ഞാൽ പ്രതീക്ഷ".
മുഖ്യസൈന്യാധിപൻ ഗോപാല്ജി പ്രവേശിക്കുന്നു.തലയിൽ കെട്ടിയ തോർത്തെടുത്തു അരയിൽ കെട്ടി പറയുന്നു.
ഗോപാല്ജി:അമ്മ മഹാറാണി നീണാൾ വാഴട്ടെ. മാപ്പാക്കണം. ഈ കുരിശു എന്റെ തോളിൽ നിന്നൊന്നെടുത്തു മാറ്റിതരണം. ബാങ്ക് തിരഞ്ഞെടുപ്പ് തോറ്റാൽ അതിന്റെ പാപം എന്റെ തലയിൽ കെട്ടിവെക്കാനല്ലായിരുന്നോ പ്ലാൻ.ഇനിയെന്നെ പോകാൻ അനുവദിക്കണം.
Apr 2, 2022
2035 ലെ ഒരു കെ-റെയിൽ സഞ്ചാരം
അതിരാവിലെ ഈ മാസത്തെ പലിശ ക്രെഡിറ്റ് ആയെന്ന പി.സി ബീപ്പ് ശബ്ദം ഫോണിൽ നിന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു.ഒരു പട്ടിക്കും വേണ്ടാത്ത സ്ഥലത്തുകൂടി കെ-റെയിൽ വന്നതും നഷ്ടപരിഹാരമായി പതിനഞ്ചുകോടിരൂപ കിട്ടിയതും അത് ബാങ്കിലിട്ടു ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാൻ കാരണഭൂതനായ ആ വലിയ മനുഷ്യനു ഞാൻ മനസ്സാ നന്ദി പറഞ്ഞു. ഈ നാട്ടിലെ ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമാണ് പണിക്കു പോകാതെ ജീവിക്കുക എന്നത്.
കുളികഴിഞ്ഞു പൂജാമുറിയിൽ കയറി സർവൈശ്വര്യങ്ങൾക്കും കാരണഭൂതനായ അദ്ദേഹത്തിന്റെ ഫോട്ടോക്കുമുന്നിൽ ഒരു തിരി കത്തിച്ചു. തൊട്ടടുത്തിരുന്ന മറ്റു ദൈവങ്ങളെ വല്ല ആപത്തും വരുമ്പോൾ മൈൻഡ് ചെയ്‌താൽ മതിയല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .
ഇന്ന് സിബിഐ-18 ചിത്രത്തിന്റെ റിലീസാണ്. പുതിയ ബി.എം.ഡബ്ലിയു എക്സ് -10 വീട്ടിൽ നിന്നും ഇറക്കുമ്പോൾ,അടുത്തവീട്ടിലെസദാശിവൻ ചേട്ടൻ തന്റെ ഔഡി ക്യൂ-10 ഓടിച്ചു പോകുന്നത് കണ്ടു.കവലയിൽ പെട്ടിക്കട നടത്തിയിരുന്ന സദാശിവൻചേട്ടനിപ്പോൾ വലിയനിലയിലാണ്.എല്ലാം കെ-ഭൂതത്തിന്റെ അനുഗ്രഹം.
നാലു സൈക്കിളുകൾ വീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്നു.പണിക്കുവന്ന അറബികളുടേതാണെന്നു തോന്നുന്നു.പെട്രോൾ തീർന്നതിനാൽ അറബികൾ ഇപ്പോൾ ഭാരതത്തിൽ പണിയെടുക്കുന്നു.5000/-രൂപയാണ് അവരുടെ ദിവസക്കൂലി.അറബികൾ,മലയാളം നല്ല ഭംഗിയായി സംസാരിക്കും.നാട്ടുകാരായ മലയാളികൾക്ക് 8000/-രൂപയാണ് കൂലി.രണ്ടു ലോട്ടറിയും ഒരു ഫുള്ളും വാങ്ങിച്ചാൽ 5000/-രൂപ തീരുമെന്നാണ് അവർ പറയുന്നത്.
കെ-റെയിൽ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ ചെന്നപ്പോൾ അവിടെ നിന്നയാൾ ഭവ്യതയോടെ സലൂട്ട് ചെയ്തു.550/- രൂപയാണ് ഒരു ലിറ്റർ പെട്രോളിന്.പെട്രോളടിക്കാൻ വരുന്ന വാഹനങ്ങൾ ഇപ്പോൾ ഒരു അപൂർവ കാഴ്ചയാണ്.കെ-റെയിൽ വന്നതോടെ പലരും കാറുകൾ ഉപേക്ഷിച്ചു, ചൈനയിലെപ്പോലെ സൈക്കിളുകളിലേക്കു തിരിഞ്ഞു.സർക്കാർ പറഞ്ഞതുപോലെ തന്നെ അന്തരീക്ഷ മലീനീകരണം വളരെ കുറഞ്ഞു.സർക്കാരിന്റെ ദീർഘവീക്ഷണത്തോടു എനിക്ക് മതിപ്പു തോന്നി.














