Oct 23, 2025

പേരിലെ തൊന്തരവുകൾ !


വണ്ടിയുടെദഫ്‌തർ(രെജിസ്ട്രേഷൻ) പുതുക്കാനായി മുറൂറിൽ ചെന്നതായിരുന്നു ഞാൻ. യൂനീകൃ..യൂനീകൃ എന്ന് ഒരു അറബി തൊണ്ട പൊട്ടുന്ന ഒച്ചയിൽ കൂവുന്നുണ്ട്.ഞാൻ യൂനീകൃ അല്ലാത്തതിനാൽ ഈ കോലാഹലം ഒന്നും മൈൻഡ് ചെയ്യാതെ വെറുതെ ഇരുന്നു . പല തവണ വിളിച്ചിട്ടും യൂനീകൃ വിനെ കാണാത്ത  കൊണ്ട്, “മിനു അദ ഹിന്ദി “എന്ന് ദേഷ്യത്തിൽ അറബി പുലമ്പിയതും ഞാൻ ഉൾപ്പെടെ അവിടെയുണ്ടായിരുന്ന നാലോ അഞ്ചോ ഹിന്ദികൾ “ നീ ആരെങ്കിലും ഒക്കെ ആണോടെ ഈ യൂനീകൃ എങ്കിൽ മനുഷ്യനെ മെനക്കെടുത്താതെ ചെല്ലെടെ“എന്നുമുള്ള ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.അപ്പോഴാണ് ഞാൻ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ എന്ന യൂനീകൃ എന്നുള്ള  ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.ഒരു കിലോമീറ്റർ ദൂരമുള്ള ഉണ്ണികൃഷ്ണൻനായർ എന്ന എൻറെ പേര് (ലാസ്റ്റ് നെയിം)വീണ്ടുമൊരിക്കൽ കൂടി പാരയായെന്നു എനിക്ക് മനസ്സിലായി.പക്ഷെ എന്റെ അടുത്ത് നിന്നിരുന്ന “അനന്തരാമൻ സുബ്രമണ്യൻ“ കാട്ടറബി വേർഷനിൽ “അനതർമാനോ സൂപ്പർമാനോ“ആവാനുള്ള സാധ്യത ഓർത്തപ്പോൾ ഞാൻ കുറച്ചുകൂടി ബെറ്റർ പൊസിഷനിൽ ആണെന്ന് സമാധാനിച്ചു.




ഓടി അറബിയുടെ അടുത്ത് ചെന്ന എന്നോട് “ഹയവാൻ ഇന്ത മുക്ക് മാഫി?”എന്ന്ചോദിച്ചു“ഹയവാൻ നിന്റെ വാപ്പാ“എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്  ഞാൻ “ആസിഫ്“എന്ന് പറഞ്ഞു . “ആസിഫലി “അല്ല മുദ്ര ശ്രദ്ധിക്കണം. ക്ഷമ പറഞ്ഞതാണ്.“ക്ഷമാ മുഹമ്മദുമായി“ മാറിപ്പോകുകയും ചെയ്യരുത് !



പണ്ട് പാസ്സ്‌പോർട്ട് എടുത്തപ്പോൾ  നീളം കൂടിയ പേര് രണ്ടു ലൈൻ ആയി  പിരിച്ചെഴുതി ഇപ്പോ ഞാനാരാ പിതാജിയുടെ പേരെന്താ വീട്ടുപേരെന്താ  എന്ന അവസ്ഥ ആയതിൽ പിന്നെ പേരു പറയുന്നതിന് പകരം സിവിൽ ഐഡി എടുത്തു വീശണ്ട ഗതിയായി. യൂനീകൃഷ് വരെ ഒക്കെ വായിച്ചിട്ടു “ഇവനെ ഒക്കെ ആര് ഓഹോ“എന്ന മട്ടിൽ അറബി നോക്കുന്ന ഒരു നോട്ടമുണ്ട്.എന്റെ മൂന്നു പേരുകൾ പലയിടത്തും പലരീതിയിൽ ആയതുകൊണ്ട്  എന്തെങ്കിലും ഫോം പൂരിപ്പിക്കുമ്പോൾ എന്തിനു ഭാര്യക്ക് പോലും സംശയം തോന്നാറുണ്ട് .പക്ഷെ സുരേഷ്‌ഗോപി ചോദിക്കുന്നതുപോലെ“അല്ല .. നിങ്ങളൊക്കെ ആരാ ! “ എന്ന് ചോദിക്കാറില്ല എന്ന് മാത്രം !

കാർ വാങ്ങിക്കുന്ന സമയത്തു ലോൺ എടുക്കാൻ ചെന്നപ്പോൾ അവിടൊരു മസ്രി തർക്കേഷ് കുമാർ ആയി.പാസ്സ്പോർട്ടും ഐഡിയും മാച്ച് ആവുന്നില്ലത്രേ.ഏതെങ്കിലും കാരണവശാൽ തവണ മുടങ്ങുകയും കേസാവുകയും ചെയ്‌താൽ കേസ് തള്ളിപ്പോകുമത്രേ. പോലീസുകാരെ വഴിയിൽ വെച്ചുപോലും കണ്ടാൽ മുട്ടിടിക്കുന്ന ഹിന്ദി,കേസ് -ജയിൽ എന്നൊക്കെ കേട്ടാൽ തന്നെ നിന്ന നിൽപ്പിൽ സമാധിയാവും എന്ന് മസ്രിക്ക് അറിയില്ലല്ലോ!എന്റെ മൂന്നു പേരുകളും ഐഡിയിൽ ഉണ്ടെന്നും അതിന്റെ ഓർഡർ ആണ് 
മാറിയിരിക്കുന്നതെന്നും,അതെന്റെ കുറ്റമല്ല മറിച്ചു പാസ്പോർട്ട് എഴുതിയ ദ്രോഹി ആണ് ഉത്തരവാദി എന്നും അറിയാവുന്ന അറബിയിൽ പറഞ്ഞിട്ട് മസ്രി അടുക്കുന്നില്ല. പിന്നെ ജോലിചെയ്യുന്ന സ്ഥലത്തെ മന്ദൂപ്  വന്നു.അവർ രണ്ടു  മസ്രിക്കാരും തമ്മിൽ ഉമ്മ വെച്ചുകളിക്കുകയും അരമണിക്കൂർ തമ്മിൽ തമ്മിൽ ഉള്ള ഗ്രീറ്റിങ്ങുകൾക്കു ശേഷം നമ്മുടെ മസ്രിയുടെ കാണാതെ പോയ ഏതോ  അമ്മാവൻ ( അമ്മി ) ആയിത്തീർന്നതും വിധിയുടെ വിളയാട്ടം കൊണ്ടാവുകയും ചെയ്തതുകൊണ്ട് എല്ലാം പറഞ്ഞു കോമ്പ്ലിമെൻറ്സ് ആക്കി തന്നു.  നാട്ടിൽ നിന്നും കൊണ്ടുവന്ന അരക്കിലോ ഏത്തക്കായ വറുത്തത്തിനു എന്തൊക്കെയോ അത്ഭുത സിദ്ധികൾ ഉണ്ടെന്നു എനിക്ക് മനസ്സിലായി.നിനക്ക് വല്ല"ജമാലെന്നോ ഹാരീസ്"എന്നോ പേരിടാൻ മേലായിരുന്നോ എന്ന് മന്ദൂപ് ചോദിച്ചു. എന്നിട്ടു വേണം ബിൽഡിങ്ങിലെ ഹാരിസ് ആണെന്ന് കരുതി ആളുകൾ എന്നെ തപ്പി വരാൻ എന്ന് ഞാൻ പറഞ്ഞില്ല.

കുട്ടിയുണ്ടായപ്പോൾ എന്റെ പേരിലെ തെറ്റ് വീണ്ടും ആവർത്തിച്ചു!മന്ദൂപ് വീണ്ടും സഹായത്തിനെത്തി.പക്ഷെ പേപ്പറൊക്കെ അടിച്ചുവന്നപ്പോൾ വീട്ടുപേര് കൊച്ചിന്റെ ലാസ്റ്റ് നെയിം! എന്തായാലും എന്റെ അച്ഛന്റെ പേരിൽ നിന്നും അവൾ അവളെങ്കിലും  ഒഴിവായല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു.അവൾ വലുതായി,ചെല്ലുന്നിടത്തെല്ലാം വീട്ടുപേര് പറഞ്ഞു പരവശയായപ്പോൾ എന്നോട് ചോദിച്ചു.അച്ഛന് വേറെ ഒരു പേരും കിട്ടിയില്ലേ എന്ന്.ഞാൻ എന്റെ കായപ്പെട്ടി തുറന്ന്  എല്ലാ പേപ്പറും കാണിച്ചു സംഭവിച്ചത് എന്ത് എന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി. എവിടെ! “കൊച്ചു കൊച്ചു“എന്ന് വിളിക്കുന്നത് നാണക്കേടാണത്രെ. യൂനികൃ എന്ന് വിളിക്കുന്നതിലും ഭേദമാണെന്നു ഞാൻ പറഞ്ഞില്ല.

മകനുണ്ടായപ്പോൾ ലാസ്റ്റ് നെയിം ആയി എന്റെ പേരോ അച്ഛന്റെ പേരോ വീട്ടുപേരോ കൊടുത്തില്ല.പകരം“നായർ “എന്ന് മാത്രം എഴുതി .അത്ഭുതം എന്ന് പറയട്ടെ. ദാറ്റ് വർക്ഡ് ! അവനു മാത്രം ഷോർട്ട് നെയിം എന്നുള്ള മകളുടെ കൊതിക്കെറുവ് ഒഴിച്ചാൽ ബാക്കി ഒക്കെ വോക്കേ!ഏതായാലും പാസ്സ്‌പോർട്ട് മാറാൻ ഒരു അവസരം കിട്ടിയപ്പോൾ മകൾ സ്വയം ഒരു തീരുമാനം എടുത്തു.ലാസ്റ്റ് നെയിം "നായർ" ആക്കി  അവൾ എസ്കേപ്പ് ആയി. 


കൂട്ടുകാരെല്ലാം “അച്ചായൻ ഡോട്ട്.കോം “ആവുകയും പെരുന്നാളിനും നോയമ്പ് മുറിക്കലിനും പേത്രത്തക്കുമൊക്കെ അവരുടെ കൂടെ സോമരസം നുകരുന്ന പടങ്ങൾ കണ്ടും ഒരിക്കൽ നാട്ടിലെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു . “നീ ഒടുക്കം അച്ചായൻ ആയി മാറുമോ “എന്ന്.എങ്കിൽ പേര് മാറ്റി വല്ല ജോർജ് എന്നോ മറ്റോ ഇടാനും അവന്റെ വക ഉപദേശം!“ശശി എന്ന് പറഞ്ഞാൽ ചന്ദ്രബിംബം ആണ് മാൻ “എന്ന് ഞാൻ പറഞ്ഞു.മലയാളം മൊത്തം അരച്ചുകുടിച്ചേക്കുന്ന എന്നോടാണോ ബാലാ !


നമ്മുടെ സുഹൃത് സദസ്സിൽ ഇത് പറഞ്ഞപ്പോൾ ഒരാൾ  ഒരു സ്റ്റൈലൻ പേരു സജസ്റ്റ് ചെയ്തു . “സാം മക്നായർ !”  ദിത് കൊള്ളാലോ ! നായർ ഉണ്ട് താനും എന്നാൽ ആളുകൾക്ക് നാക്കുളുക്കുകയും ഇല്ല ! 



എന്റെ പാസ്പോർട്ട് മാറുന്ന സമയത്തു അങ്ങേർ പേര് വായിച്ചു നോക്കിയിട്ട്“യു ഹാവ് പ്രെറ്റി ലോങ്ങ് ലാസ്റ്റ്നെയിം”എന്നൊരു നിർദോഷകരമായ കമന്റ് പാസാക്കുകയും, “ഇഫ് യു വാണ്ട് യു ക്യാൻ ചേഞ്ച് ഇറ്റ് നൗ”എന്നൊരു എക്സ്ചേഞ്ജ്  ഓഫറും കൂടി വെച്ചപ്പോൾ ഒരു ചാഞ്ചാട്ടം ഉണ്ടായി.എന്നാലും പേര് മാറ്റിയാൽ നാളെ സ്വത്തു വകകൾക്കൊക്കെ എന്ത് സംഭവിക്കും എന്നൊരു ചിന്തയിൽ ഞാൻ വീണ്ടും യൂനീകൃ ആയിത്തന്നെ ജീവിക്കാൻ തീരുമാനിച്ചു.ഈ ന്യായം കേട്ടപ്പോൾ ഭാര്യ ഒന്ന് ചിരിച്ചു.“പിന്നേ…ഏക്കറുകണക്കിന് കിടക്കുവല്ലേ“എന്നോ മറ്റോ ആയിരിക്കുമോ അതിന്റെ അർഥം? അതോ ഇനി“ശശി“എന്ന പേരുമാറ്റി“സോമൻ“ആക്കിയ ലോ സിനിമാക്കഥ മനസ്സിൽ വന്നോ ?എനിവേ “കാക്കക്കും തൻ മൂഞ്ചി പൊൻമൂഞ്ചി“എന്ന ജഗതിയുടെ ഡയലോഗ് ഉരുവിട്ടു ഞാൻ കൃതാർത്ഥനായി .


ഇപ്പോഴും ലാസ്റ്റ് നെയിം ചോദിച്ചാൽ ലൈസൻസ് എടുത്തു കൊടുക്കേണ്ട ഗതിയാണ്.ഉണ്ണിക്കൃഷ്ണൻനായർ എന്ന് പറഞ്ഞു ഫലിപ്പിക്കുന്നതിലും എത്രയോ ഭേദം!എന്നാലും ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഞാൻ എന്റെ ലാസ്റ്റ് നെയിം വെക്കാറില്ല . എന്തിനാണ് വെറുതെ പിതാജിയെ  അവർ സ്മരിക്കേണ്ടി വരുന്നത് ! പറയാൻ എളുപ്പമുള്ള ഒരു പേര് ഇപ്പോൾ കൊടുക്കും ! 

അതാണ്  സാം ! ഹോ…“സേം”എന്ന് ഈണത്തിൽ പറയാൻ തന്നെ എന്തൊരു ശേല് !

വില്ലേജ്മാൻ 


0 അഭിപ്രായ(ങ്ങള്‍):