Jul 6, 2020

നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം !


മകളുടെ  മുറിയിൽ അവളുടെ  കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ  ഗന്ധം ഉണ്ടെന്നു  സാറക്ക്  തോന്നി.അവളുടെ  അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന  ഒരു  ചെറിയ  ചിത്രം   ആ മേശപ്പുറത്തു   അപ്പോഴും  ഉണ്ടായിരുന്നു. എഴുന്നേറ്റു  ചെന്ന് മകളുടെ  അലമാര  തുറന്നു അവളുടെ  ഒരു ചെറിയ  ഉടുപ്പ്  എടുത്തു മൂക്കിനോട്    ചേർത്തപ്പോൾ  ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ  കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത  ഒരു  ഗന്ധം സാറയ്ക്ക്  അനുഭവപ്പെട്ടു.എന്നാൽ  അത്  വസ്ത്രത്തിന്റേതല്ലായിരുന്നുവെന്നു സാറയ്ക്കറിയാമായിരുന്നു.ചെറുതായിരുന്നപ്പോൾ മുതൽ  മകളുടെ ഗന്ധം അതൊക്കെത്തന്നെയായിരുന്നതുകൊണ്ടായേക്കാം.   

അടുത്ത  മുറിയിൽ  അപ്പന്റെ   സ്ഥിതിയും മറ്റൊന്നായിരുന്നില്ല.അയാളും   മകളെക്കുറിച്ചു തന്നെ  ആലോചിച്ചു  കട്ടിലിൽ  തന്നെ കിടപ്പായിരുന്നു.നാലോ  അഞ്ചോ  വയസ്സുവരെ മകളെ  നെഞ്ചിൽ തന്നെയായിരുന്നു  അയാൾ ഉറക്കിയിരുന്നത്.ഏകമകളായതിനാലാവണം,മകളോട്  അതിരറ്റ സ്നേഹമായിരുന്നു അയാൾക്ക്.സാറ വഴക്കു പറയുമ്പോഴും,ചിലപ്പോൾ അടികൊടുക്കുമ്പോഴും,അയാളുടെ പിന്തുണയായിരുന്നു അവൾക്കെപ്പോഴും കിട്ടിയിരുന്നത്."അപ്പന്റെ  മകൾ"എന്ന്  സാറ   അൽപ്പം  അസൂയയോടെ  പറയുമ്പോൾ   അയാൾ ഗൂഢമായ ഒരു   സന്തോഷം അനുഭവിച്ചിരുന്നു "നട്ടാശേരിക്കാരി"എന്ന്   വിളിക്കുമ്പോൾ സാറയുടെ ദേഷ്യം കാണാൻ അയാൾക്കും മകൾക്കും  ഒരുപോലെ ഇഷ്ട്ടമായിരുന്നു. 

അവളെ  ആദ്യം  കൈയിലെടുത്ത  ദിവസവും, ആദ്യം അവൾ  നടന്ന  ദിവസവും അവളെ  സ്‌കൂളിൽ  ചേർത്ത  ദിവസവും പിന്നെ  അവളുടെ കുഞ്ഞിക്കൈപിടിച്ചു  നടക്കാൻ പോയതുമൊക്കെ  അയാളുടെ  മനസ്സിലേക്ക്   പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു. അവൾ മുട്ടിലിഴഞ്ഞു നടക്കുന്ന  സമയത്തു പിന്നിൽ നിന്നും പിടിക്കാൻ ചെല്ലും പോലെ ശബ്ദമുണ്ടാക്കുന്നതും  അത് കേട്ട് വേഗത്തിൽ ഇഴഞ്ഞു പോകുന്നതുമൊക്കെ ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. 

മറിയത്തിന്റെ  പഴയ ഫോട്ടോ  ആൽബങ്ങൾ  എടുത്തു അതിൽ   തെരുപ്പിടിക്കുമ്പോഴും അയാളുടെ  കണ്ണുകൾ  നിറഞ്ഞു  തന്നെ  ഇരുന്നു. രണ്ടു കൈവിരലുകളും  മടക്കിപ്പിടിച്ചു  അയാളുടെ  മടിയിൽ  ഇരിക്കുന്ന  ഒരു ചിത്രം നോക്കുമ്പോൾ  ആ  പഴയ   പാട്ടു  അയാൾക്ക് ഓർമ്മ  വന്നു.

"നട്ടാശ്ശേരിക്ക് തീയ്ക്കു പോയപ്പം  നത്തുകടിച്ചെന്റെകൈയൊടിഞ്ഞേ"

വീട്ടിച്ചെന്നിട്ട്,കൊച്ചുപൂച്ചക്കു,ചോറുകൊടുത്തപ്പോ...... കൈനിവർന്നേ! 

ചെറുപ്പത്തിൽ  മറിയത്തെ  കളിപ്പിക്കുമ്പോൾ  പാടാറുള്ള  ഒരു പാട്ടായിരുന്നു  അത്.പിന്നീട്  വളർന്നപ്പോൾ,അയാൾ  അപൂർവമായി   മാത്രം  ദേഷ്യപ്പെടുകയോ പിണങ്ങുകയോ  ചെയ്യുമ്പോൾ  മറിയം  ഈ പാട്ടുപാടി  അയാളെ  ഇക്കിളിയിടുമായിരുന്നു .




മറിയം വീടുവിട്ടുപോകും  എന്ന്  അയാൾ സ്വപ്നത്തിൽ പോലും  വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അയാളുടെ  വാക്കുകൾ  അവൾ  അതിനു  മുൻപ് ഒരിക്കലും  ധിക്കരിച്ചിട്ടുണ്ടായിരുന്നിന്നില്ല. സ്നേഹവും  സ്വാതന്ത്ര്യവും ആവോളം കൊടുത്തുതന്നെയായിരുന്നു  അയാൾ  മറിയത്തെ വളർത്തിയത്.മറിയത്തെക്കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ  അയാൾക്കുണ്ടായിരുന്നു.അവൾ പഠിച്ചു ഉയരങ്ങളിൽ എത്തണമെന്നും നല്ല  ഒരു ജോലി നേടണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നുമൊക്കെ  സാധാരണ  ഏതൊരു പിതാവിനെപ്പോലെയും   അയാൾ  ആഗ്രഹിച്ചു .അവളുടെ  വിവാഹം  ആർഭാടമായി നടത്തണമെന്നും പിണങ്ങി കഴിഞ്ഞിരുന്ന  അയാളുടെ  വീട്ടുകാരുമായി  ഈ വിവാഹം വഴി എല്ലാം തീർപ്പാക്കാമെന്നും  അയാൾ മോഹിച്ചു. പക്ഷെ... 



മറിയം പോയിട്ടു  അന്നേക്ക് മൂന്നാം  നാളായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർക്കു  മറിയത്തെ പിരിഞ്ഞു  നിൽക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ,ഈ  മൂന്നുദിവസം  സഹിക്കാവുന്നതിലുപ്പുറത്താണെന്ന് അയാൾക്ക് 
തോന്നിത്തുടങ്ങിയിരുന്നു . 

മറ്റൊരു മതത്തിൽപെട്ടവനായതുകൊണ്ടായിരുന്നില്ല അയാൾ സമീറുമായുള്ള  മറിയത്തിന്റെ അടുപ്പത്തെ എതിർത്തതു.പണവും   അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.എന്നാൽ  അയാളെ കുറിച്ച റിഞ്ഞ വിവരങ്ങൾ അത്രക്കും നല്ലതായിരുന്നില്ല.മാത്രവുമല്ല  സ്ഥിരമായ  ഒരു ജോലിയോ വരുമാനമോ  സമീറിനുണ്ടായിരുമില്ല. സ്‌കൂൾവിദ്യാഭ്യാസം   മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു.പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന  ഒരു  കുട്ടിയെ ങ്ങനെ  അയാളിൽ അനുരക്തനായി  എന്നത്  അയാൾക്ക്  എത്ര ചിന്തിച്ചിട്ടും  മനസ്സിലാക്കാൻ  സാധിച്ചിരുന്നില്ല. പ്രേമം  നടിച്ചു പെൺകുട്ടികളെ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടതായേക്കാമെന്നുള്ള   ശങ്കപോലും  അയാൾക്ക്  ഉണ്ടായിരുന്നില്ല. മറിയത്തിന്റെ  ഭാവി  എന്നൊരു  ഒറ്റ ചിന്ത മാത്രമേ അയാളുടെ ഉള്ളിലുണ്ടായിരുന്നുള്ളു.ഇത്രനാളും ചിറകിനടിയിൽ  എന്നതുപോലെ സൂക്ഷിച്ചു വളർത്തിക്കൊണ്ടു വന്നിട്ട്..അയാൾക്ക്  തന്നോട് തന്നെ പുച്ഛം തോന്നി..അടുത്ത നിമിഷം തന്നെ മകൾ  വളർന്നു  വലുതായൊന്നും പഴയ കുഞ്ഞല്ലാ എന്നും അവൾക്കു  അവളുടെ  ജീവിതം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നും അയാൾ  തന്നോട്  തന്നെ പറഞ്ഞു.

വളരെയധികം  ആലോചിച്ചതിനു  ശേഷം  അയാൾ മറിയത്തിന്റെ ഫോണിലേക്കു  വിളിക്കാം  എന്ന് വിചാരിച്ചു.അവളുടെ  ഇഷ്ട്ടം  അത് തന്നെയെങ്കിൽ  അത്  നടത്തിക്കൊടുക്കാമെന്നു അയാൾ  തീരുമാനിച്ചു.ഫോൺ  എടുത്തു  ഡയൽ ചെയ്യുമ്പോൾ  സാറയോട്  ഒരു വാക്കു ചോദിക്കണമോ  എന്ന് അയാൾ  സന്ദേഹിച്ചു. 



ഒരു  നീണ്ട  നിശബ്ദതയ്ക്കു ശേഷം ഫോൺ സ്വിച്ച് ഓഫ് എന്ന  മെസ്സേജ്  വന്നപ്പോൾ  എന്തെന്നില്ലാത്ത ഒരു  പരവേശം  അയാൾക്ക്  തോന്നി.സാറയെ വിളിച്ചു അൽപ്പം  വെള്ളം  ആവശ്യപ്പെടാമെന്നു വിചാരിച്ചിട്ട് ശബ്ദം പുറത്തേക്കു  വരുന്നില്ല എന്നയാൾക്ക്‌  തോന്നി.അതെ  നിമിഷം  കോളിംഗ് ബെൽ  അടിക്കുന്ന  ശബ്ദം  അയാൾ  കേട്ടു .


എഴുന്നേറ്റുപോയി  വാതിൽ  തുറക്കണമെന്ന  ന്നയാൾക്ക്‌ തോന്നിയില്ല.വിവരം അറിഞ്ഞു വരുന്ന ബന്ധുക്കളെയും   സുഹൃത്തുക്കളെയും അയൽക്കാരെയും നേരിടാൻ  അയാൾക്ക് ഭയമായിരുന്നു."ലൗജിഹാദാരിക്കും..ഇനി സിറിയയിൽ നോക്കിയാൽ  മതി" എന്നൊക്കെയുള്ള തീരെ ദയയില്ലാത്ത സംസാരങ്ങളിൽ  അയാൾ  മനം മടുത്തിരുന്നു. "മോള് ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയി" എന്ന്  പറഞ്ഞു  ചിരിക്കയും അയാളുടെ  മുന്നിൽ ദുഃഖം  അഭിനയിക്കുകയും സഭയുടെ  ഇന്നത്തെ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുകയും ചെയ്യുന്നവരെ  അയാൾ മനസ്സാ  ശപിച്ചു.

വാതിൽക്കലേക്കു  നോക്കി  ചെവി വട്ടംപിടിച്ചപ്പോൾ മുളചീന്തുന്നതു പോലുള്ള  ഒരു നേരിയ  കരച്ചിൽ  അയാൾ  കേട്ടു .വന്നവർ  ആരോ സാറയെ    വിഷമിപ്പിച്ചുവെന്നയാൾക്ക്‌ മനസ്സിലായി.നിസ്സഹായതയും വേദനയും കോപവും ഒക്കെ  കലർന്ന്   എന്തോ ഒരു ബുദ്ധിമുട്ടു   അയാൾക്ക്  തോന്നി.വീട്ടിൽ  വന്നു കപട സ്നേഹം  കാണിക്കുന്നവരെ   എങ്ങനെ കൈകാര്യം ചെയ്യണമെന്ന്   അയാൾക്ക്‌  ഒരു രൂപമുണ്ടായിരുന്നില്ല.സാറയെ  ആരെങ്കിലും വേദനിപ്പിക്കുന്നത് യാൾക്കു സഹിക്കാനാവുമായിരുന്നില്ല.അത്രക്കും  അയാൾ സാറയെ  സ്നേഹിച്ചിരുന്നു . 

മുറിയുടെ പുറത്തേക്കു  കോപാകുലനായി    ചെന്ന അയാൾ  ഒരു  നിമിഷം  സ്തബ്ധനായി.വാതിൽക്കൽ മറിയം  നിൽക്കുന്നുണ്ടായിരുന്നു.അവളുടെ കൈകളിൽ രണ്ടു  ബാഗുകളും. സാറ  സാരിയുടെ തുമ്പു കൊണ്ട്  വായ മൂടി  ചെറിയ  ശബ്ദത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു. 



അയാളുടെ  കണ്ണ്  നിറഞ്ഞൊഴുകി. ഒരു   ഭ്രാന്തമായ ആവേശത്തിൽ അയാൾ  മറിയത്തിന്റെ അടുത്തേക്ക്  ചെന്നു.അവളെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ  അയാൾ  കരഞ്ഞു .

മറിയത്തിന്റെ മുഖം  രക്തം  വാർന്നു പോയതുപോലെയോ,നിർവികാരമായോ കാണപ്പെട്ടു.ഒരുവേള,സമീറവളെ സ്വീകരിക്കാതെയിരുന്നോ,അതോ അവളുടെ പ്രതീക്ഷകൾ പോലെയല്ലായിരുന്നോ  അയാളുടെ ഒപ്പമെന്നുള്ള ജീവിതമെന്നാണോ  ആ ഭാവത്തിന്റെ പിന്നിലെന്നത്  അയാൾക്ക് മനസ്സിലായില്ല.



"മോൾക്ക് ന്നായിട്ടു   വിശക്കുന്നുണ്ടാവും.എടീ നട്ടാശേരിക്കാരി.നീയെന്നാ  നോക്കി നിക്കുവാ?കൊച്ചിന്  എന്തെങ്കിലും എടുത്തു കൊടുക്കു"എന്ന് കണ്ണീരിനിടയിലും  ചിരി വരുത്തിക്കൊണ്ട് അയാൾ  സാറയോട്  പറഞ്ഞു.


മറിയത്തിന്റെ കണ്ണുകളിൽ നിന്നും  കണ്ണുനീർ  ധാരയായി ഒഴുകി..അയാളുടെ വിരലുകൾ മടക്കിവെക്കുകയും ഓരോന്നായി തുറക്കുകയും ചെയ്തിട്ട് തേങ്ങലുകൾക്കിടയിൽ അവൾ പാടി ."നട്ടാശ്ശേരിക്ക്  തീയ്ക്കു പോയപ്പം "

1 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പനുമമ്മക്കും മോളെ തിരിച്ചുകിട്ടിയ സന്തോഷം ...