നീണ്ട ബെല്ലുകൾക്കൊടുവിൽ അങ്ങേത്തലക്കൽ ഒരു പരുഷ സ്വരം കേട്ടു " ആരാ "?
അന്നേ ദിവസം നാലാമത്തെ തവണയായിരുന്നു അയാൾ ഫോൺ ചെയ്യുന്നത്..മൂന്നുതവണയും ആരും ഫോൺ എടുക്കയോ തിരിച്ചു വിളിക്കുകയോ അയാളുടെ എസ്.എം.എസിനു മറുപടി അയക്കുകയോ ചെയ്യാഞ്ഞതു അയാളിൽ അത്ഭുതമുളവാക്കി.
"ആരാ" എന്ന ചോദ്യം അയാളിൽ ലേശം ദേഷ്യം ഉളവാക്കിയിരുന്നു. എന്നിട്ടും അയാൾ ചോദിച്ചു "നിലീന ..നിലീന ജോസെഫിന്റെ വീടല്ലേ?"
"നിങ്ങൾ ആരാ.എവിടുന്നാ.എന്താ കാര്യം"എന്ന് ഒരു തരം ഈർഷ്യയോടെയുള്ള ചോദ്യശരങ്ങൾ വന്നപ്പോൾ അയാളൊന്നു പകച്ചു.എന്നിട്ടും അയാൾ ശാന്തതയോടെ പറഞ്ഞു."ഞാൻ തോമസ്.തിരുവനന്തപുരത്താണ് വീട് .നിലീനയുടെ ക്ലാസ്സ്മേറ്റാണ്.വളരെക്കാലമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്.ഇവിടെ കോഴിക്കോട് വരെ വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.വന്നാൽ നിലീനയെ ഒന്ന് കാണാൻ സാധിക്കുമോ ?
ഒരു നിശ്ശബ്ദതക്കു ശേഷം അയാൾ പറഞ്ഞു ."വന്നോളൂ ".
വർഷങ്ങൾക്ക് ശേഷം അവിചാരിതമായി കണ്ടുമുട്ടിയ രാമചന്ദ്രനായിരുന്നു നിലീനയുടെ വിലാസവും നമ്പറും നൽകിയത്.ഔദ്യോഗികാവശ്യത്തിനായി കോഴിക്കോട്ടു ചെന്നതായിരുന്നു തോമസ്.ഇനി കോഴിക്കോട്ടു പോകേണ്ടി വരുമ്പോൾ നിലീനയെ കാണണം എന്നയാൾ ഉറപ്പിച്ചിരുന്നു.
വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു നിലീന. സുന്ദരിയായിരുന്നു അവൾ. കോളേജിൽ മിക്കവാറും എല്ലാപേരും അറിയുന്ന ഒരു പെൺകുട്ടി.പഠിത്തത്തിൽ മുന്നിൽ.നന്നായി പാടും.അസാമാന്യ നേതൃഗുണം.എല്ലാം കൊണ്ടും "സ്മാർട്ട്" എന്ന് പറയാവുന്ന ഒരു കുട്ടി.കോളേജിൽ ആർട്സ്ക്ലബ്സെക്രട്ടറി ആർട്സ്ക്ലബ്സെക്രട്ടറിഒക്കെയായിരുന്നു.അയാൾക്ക് നിലീനയോടു ഒരുതരം ഗൂഢപ്രണയം തന്നെ ഉണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.ഏതാണ്ട് അതുപോലെയൊക്കെത്തന്നെ നിലീനയോടു ആരാധനയുള്ള ഒരുപറ്റം സുഹൃത്തുക്കൾ അയാളുടെ സൗഹൃദവലയത്തിൽത്തന്നെ ഉണ്ടായിരുന്നു.അതിൽ പലരുടെയും പേരുകൾ ഓർമ്മയിൽ നിന്നും പരതിയെടുക്കാൻ അയാൾ ശ്രമിച്ചു.പലരുടെയും മുഖങ്ങൾ ഓർമ്മ വന്നെങ്കിലും പേരുകൾ മറവിയിലേക്കു മറഞ്ഞിരുന്നു.
റിട്ടയർമെന്റ് അടുക്കുംതോറും മറവിയെ ന്നുള്ളത് അയാൾക്ക് ഒരു സാധാരണ കാര്യമായി മാറിയിരുന്നു.ചില പ്രത്യേക വാക്കുകൾ,ചിലചില സാധനങ്ങൾ,എന്നും കാണുമെങ്കിലും ചിലരുടെ പേരുകൾ, പെട്ടെന്ന് ഓർത്തെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടു.അത്ര മാത്രം. ചില്ലറ മറവി എന്നതിൽ കവിഞ്ഞു അയാളതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.കാരണം പ്രായമേറിവരുന്നു എന്നത് അംഗീകരിക്കാൻ അയാൾ ഒരുക്കമായിരുന്നു.
കോളേജ് വിട്ടതിനു ശേഷം നിലീനയെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല.കോളേജ് യൂണിയൻ ചെയർമാനുമായി അവൾ അടുപ്പത്തിലായിരുന്നു എന്ന് അന്നൊക്കെ പലരും പറഞ്ഞിരുന്നു. അവളെ വിവാഹം ചെയ്തയച്ചത് കോഴിക്കോട്ടാണെന്നു രാമചന്ദ്രൻ പറഞ്ഞപ്പോൾ ഒരുപക്ഷെ അത് മറ്റാരോ ആയിരിക്കാമെന്നു എന്തുകൊണ്ടോ തോമസിനു തോന്നി.അതോ യൂണിയൻ ചെയർമാനോടുണ്ടായിരുന്ന അസൂയയായിരുന്നോ അതിന്റെ പിന്നിൽ ?
നഗരത്തിൽ നിന്നും കുറെകലെ,ഒരു ചെറിയ കുന്നിന്റെ താഴ്വരയിലായിരുന്നു നിലീനയുടെ പഴയ ഇരുനിലവീട്.ചുവരുകളുടെ പെയിന്റൊക്കെ പഴയതായി നിറം മങ്ങിയിരുന്നു. മുറ്റത്തു പുല്ലുകൾ വളർന്നു നിറഞ്ഞുനിന്നിരുന്നു.
ചിലന്തിവലകൾ പലയിടത്തും തൂങ്ങിക്കിടന്നിരുന്നു.വളരെക്കാലമായി ആൾപെരുമാറ്റമില്ലാത്തവീടുപോലെ.എന്തുകൊണ്ടോ ഒരു തരം നെഗറ്റിവ് എനർജി അവിടെ ഫീൽ ചെയ്യുന്നതുപോലെ തോമസിനു തോന്നി.
കോളിംഗ് ബെൽ അമർത്തി വളരെ നേരത്തിനു ശേഷം ഏകദേശം മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു.
"ഞാൻ കാലത്തെ വിളിച്ചിരുന്നു.നിലീനയുടെ ക്ളാസ്സ്മേറ്റ്".തോമസ് പറഞ്ഞു.
"വരൂ...മമ്മിയെ കാണാം".
ഒരു അടുക്കും ചിട്ടയും ഇല്ലാത്ത വീടായിരുന്നു അത്.അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ തുറന്നിട്ടിരുന്ന ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു നിലീന. മുടിയെല്ലാം വെളുത്തിരുന്നു.മെലിഞ്ഞു പൊക്കമുണ്ടായിരുന്ന അവൾ ഒരുപാട് തടിച്ചതുപോലെ അയാൾക്ക് തോന്നി.
"അമ്മേ ഇതാരാണ് വന്നിരിക്കുന്നത് എന്ന് നോക്കു". നിലീനയുടെ മകൻ പറഞ്ഞു.നിലീന പതുക്കെ തല ചെരിച്ചു നോക്കി. അയാൾ ചെറുതായി ചിരിച്ചിട്ട് ചോദിച്ചു."ഓർക്കുന്നുണ്ടോ എന്നെ? ഞാൻ തോമസ്.ഡിഗ്രിക്ക് നമ്മൾ ഒരു ക്ലാസിലായിരുന്നു".
"തോമസ് .തോമസ്" ..നിലീന രണ്ടുപ്രാവശ്യം ആ പേര് ഉച്ചരിച്ചു..എന്നിട്ടു അയാളുടെ നേരെ തുറിച്ചു നോക്കി.
"ഓർമ്മിക്കാൻ തരമില്ല...കാരണം ക്ലാസ്സിൽ ഞാനൊരു മിണ്ടാപ്പൂച്ചയായിരുന്നു.നിലീന പിന്നെ കോളേജിൽ എല്ലാവരാലും അറിയപ്പെടുന്ന ഒരാളായിരുന്നല്ലോ".
നിലീന ഒന്നും പറഞ്ഞില്ല.അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.അൽപ്പം തടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സുന്ദരി തന്നെ എന്ന് പെട്ടെന്ന് തോമസിനു തോന്നി.
"നമ്മുടെ സുഹൃത്തുക്കളെ ആരെയെങ്കിലും കാണാറുണ്ടോ? നിലീന പിന്നെ ആർട്സ്ക്ലബ് സെക്രട്ടറി ഒക്കെ ആയിരുന്നത് കൊണ്ട് ഒരു വലിയ സൗഹൃദമുണ്ടായിരുന്നല്ലോ?"ഞാൻ ചോദിച്ചു.എന്തോ ഓർക്കാൻ ശ്രമിക്കുന്നതുപോലെ നിലീന പറഞ്ഞു."ആർട്സ് ക്ലബ് സെക്രട്ടറി.....ആർട്സ് ക്ലബ് സെക്രട്ടറി " ?
"സാർ ക്ഷമിക്കണം...അമ്മക്ക് ഓർമ്മശക്തി നഷ്ട്ടപ്പെട്ടിട്ടു കുറെനാളായി.ഇപ്പോൾ സ്വന്തം പേര് പോലും ഓർമ്മയില്ല.വിളിച്ചപ്പോൾ പറയണമെന്നുണ്ടായിരുന്നു.ഒരുപക്ഷെ അമ്മക്ക് പഴയകാര്യങ്ങളോ പഴയ സുഹൃത്തുക്കളെയോ ഓർമ്മകാണുമോ എന്ന് നോക്കാമെന്നു വിചാരിച്ചായിരുന്നു വരാൻ പറഞ്ഞത്".ക്ഷമാപണ സ്വരത്തിൽ അയാൾ പറഞ്ഞു നിർത്തിയപ്പോൾ അയാൾ ശരിക്കും ഞെട്ടി.
ഓർമ്മശക്തി നഷ്ടപ്പെടുക എന്നത് ഇത്രമാത്രം ഭീതിതമായ ഒരു അവസ്ഥയാണ് എന്ന് അയാൾക്ക് ഒരിക്കൽ പോലും തോന്നിയിരുന്നില്ല. സ്വന്തം പേരുപോലും ഓർമ്മിക്കാൻ സാധിക്കാത്ത നിലയിലാണ് നിലീന എന്നയാൾക്ക് മനസ്സിലായി.
കോളേജിൽ കൂടെപ്പഠിച്ച പലരുടെയും കാര്യങ്ങൾ അയാൾ ചോദിച്ചെങ്കിലും നിലീന ഒന്നും പറഞ്ഞില്ല.യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉപചാരം എന്നോണം അയാൾ പറഞ്ഞു."വീണ്ടും കാണാം നിലീന".
തിരിയെ പോകുമ്പോൾ അയാൾ ഓർത്തത് ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചായിരുന്നു.അന്നത്തെ പ്രസരിപ്പു നിറഞ്ഞ സുന്ദരിയായ ആ പെൺകുട്ടിയെവിടെ.ഇന്ന് സ്വന്തം പേരോ,മക്കളെയോ പോലും ഓർമ്മിച്ചെടുക്കാൻ കഴിയാത്ത നിലീന എവിടെ എന്നോർത്തപ്പോൾ അയാളുടെ കണ്ണിൽ അറിയാതെ ഒരിറ്റു കണ്ണീർ പൊടിഞ്ഞു.
തികച്ചും വിരസമായ ഒരു മടക്കയാത്രയായിരുന്നു അയാളുടേത്.തീവണ്ടിയിൽ ഇരിക്കുമ്പോൾ അയാൾ കോളേജ് ദിനങ്ങളെ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു.അവ്യക്തമായ ഒരു നേരിയ പാട ആ കാലത്തിനുമേൽ പടർന്നുകിടക്കുന്നതു പോലെ അയാൾക്കനുഭവപ്പെട്ടു.മറവിയുടെ ഗർത്തത്തിലേക്ക് താൻ പതിക്കുകയാണോ എന്നയാൾ ഭയപ്പെട്ടു .
അയാൾ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും രാവിലെയായിരുന്നു.ചായ കൊടുക്കുമ്പോൾ ഭാര്യ കളിയായി ചോദിച്ചു."കോഴിക്കോട്ടു പോയിട്ട് പഴയ ആരാധനാപാത്രത്തെ കണ്ടോ?"
അവളെ ചൊടിപ്പിക്കാനായി തോമസ് പറഞ്ഞു "കണ്ടു.സംസാരിച്ചു.പണ്ടത്തേതിലും അവൾ സുന്ദരിയായിരിക്കുന്നു.മതിയോ ?"
"എങ്കിൽ സുന്ദരിയും സുന്ദരനും ഒന്നിച്ചു ജീവിക്കണം! ഇവിടാർക്കു കുഴപ്പം" എന്ന് ഭാര്യ തിരിച്ചടിച്ചു."എന്തായിരുന്നു ഇത്ര വലിയ സുന്ദരിയുടെ പേര് ?"
അവളുടെ പേര്? അവളുടെ പേര്? എന്നയാൾ രണ്ടുതവണ പറഞ്ഞു.എത്ര ശ്രമിച്ചിട്ടും ആ പേര് ഓർമ്മിച്ചെടുക്കാനയാൾക്കുകഴിഞ്ഞില്ല.ഓർമ്മത്താഴ്വരയിൽ എവിടെയോ അത് നഷ്ടപ്പെട്ടുവോ?.
2 അഭിപ്രായ(ങ്ങള്):
നഷ്ടപ്പെട്ടുകാണുവോ????
ചേട്ടാ..സുധി ഷെയർ ചെയ്ത ലിങ്ക് വഴി വന്നതാ..
നല്ല ഇഷ്ടായി ട്ടാ..
ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു..
Post a Comment