
ഉച്ചമുതൽ എട്ടാമത്തെയോ പത്താമത്തെയോ തവണയായിരുന്നു വിക്റ്ററച്ചൻ വിളിച്ചു നോക്കുന്നത് . ഫോൺ സ്വിച്ച് ഓഫ് എന്ന മെസേജ് വന്നപ്പോൾ അച്ചന്റെ മുഖം വല്ലാതെയായി. നമുക്കിറങ്ങിയാലോ അഖിൽ എന്ന് പറയുമ്പോലെ അച്ചൻ എന്നെ നോക്കി.എന്റെ വിഷമം നിറഞ്ഞ മുഖം കണ്ടതിനാലാവണം അച്ചൻ തിരിയെ പോയത് .
അവസാനം അമ്മയോട് സംസാരിച്ചപ്പോഴും ആ പതിഞ്ഞ ശബ്ദത്തിൽ വാത്സല്യം മാത്രമേയുണ്ടായിരുന്നുള്ളു.മെറിറ്റിൽ തന്നെ എനിക്ക് എൻജിനിയറിങ്ങിന് അഡ്മിഷൻ കിട്ടിയെന്ന വാർത്ത അറിയിച്ചപ്പോൾ അമ്മയുടെ സ്വരം ഇടറിയതുപോലെ എനിക്ക് തോന്നി. ചേരാൻ പോകും മുന്നേ അമ്മയെ കാണാൻ പറ്റുമോ എന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ." ഉറപ്പായും വരും" എന്നായിരുന്നു അമ്മ അന്ന് പറഞ്ഞിരുന്നത് .
അമ്മയുടെ മുഖം എങ്ങനെയായിരിക്കും എന്ന് ഞാൻ വെറുതെ ആലോചിച്ചു.വളരെയധികം തവണ സംസാരിച്ചിട്ടും കാണണം എന്ന് അമ്മ എന്തുകൊണ്ടാവും പറയാത്തതെന്നെനിക്കു അത്ഭുതം തോന്നി. എന്തുകൊണ്ടോ അമ്മയെന്നെ കാണാൻ വരില്ല എന്ന് ആദ്യമേ മുതൽ തോന്നിയിരുന്നു.അതുകൊണ്ടു തന്നെ വരുമോയെന്നു ചോദിക്കാനും ഒരുപക്ഷേ വരില്ല എന്ന് കേൾക്കുമ്പോൾ ഉണ്ടായേക്കാവുന്ന നിരാശ അനുഭവിക്കാനുമുള്ള ശക്തി എനിക്കില്ല എന്ന് ഞാൻ ഭയന്നു.
കൃത്യമായി വന്നിരുന്ന കത്തുകളും പിന്നെ വല്ലപ്പോഴും എത്തുന്ന ഫോൺ വിളികളും മാത്രമായിരുന്നു എനിക്ക് അമ്മയുമായുള്ള ബന്ധം. അമ്മയുടെ കത്തുകളിൽ ഉപദേശങ്ങൾ ഉണ്ടായിരുന്നില്ല. പഠിക്കണം എന്ന ഓർമ്മപ്പെടുത്തലുകളും. ഉള്ളത് സ്നേഹം മാത്രം. ഒരമ്മക്ക് ഇങ്ങനെ സ്നേഹമൂറുന്ന വാക്കുകൾ പറയാനാവുമോ എന്നത് എനിക്കൊരു അത്ഭുതമായിരുന്നു.കാരണം അതൊക്കെ എനിക്കൊരു പുതുമയായിരുന്നല്ലോ.
അമ്മയോട് ആദ്യമായി സംസാരിച്ച ദിവസം ഇന്നും ഓർമ്മയുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്കു മുൻപായിരുന്നു അത്. അമ്മയുടെ ചോദ്യങ്ങൾക്കു ഉത്തരം മാത്രമേ ഞാൻ കൊടുത്തിരുന്നുള്ളു.അവസാനം അമ്മ സ്നേഹം വഴിഞ്ഞൊഴുകുന്ന ആ ചോദ്യം ചോദിക്കും വരെ."മോന് എന്നോടൊന്നും ചോദിക്കാനില്ലേ?" മോൻ എന്നുള്ള വിളി എന്റെ കണ്ണ് നനച്ചു . ആ നനവ് ഒരു പൊട്ടിക്കരച്ചിൽ ആയി."മോൻ എന്തിനാണ് കരയുന്നതു" എന്ന് അമ്മ ചോദിച്ചു. "നിങ്ങൾ എന്തിനാണെന്നെ മോനേന്നു വിളിച്ചതെന്നു"ഏങ്ങലുകൾക്കിടയിലൂടെ ഞാൻ ചോദിച്ചു." നിങ്ങൾ എന്നതിന് പകരം മോനെന്നെ അമ്മയെന്ന് വിളിച്ചു കൂടെ" എന്ന് മാത്രമായിരുന്നു അമ്മ അപ്പോൾ ചോദിച്ചത്.
അതുവരെ അമ്മ എന്ന് കേൾക്കുമ്പോൾ ആ ക്രിസ്മസ് രാത്രി ഓർമ്മ വരുമായിരുന്നു.കുടിച്ചു ബോധമില്ലാതെ അമ്മയെയും അനിയനെയും പിച്ചാത്തികൊണ്ടു വേറൊരു ലോകത്തേക്ക് പറഞ്ഞയച്ചിട്ടു,എന്റെമേൽ ചുവന്ന വരകളും വൃത്തങ്ങളും വരച്ചതിനു ശേഷം വീടിന്റെ പിന്നിലെ റെയിൽപാളത്തിലൂടെ മരണത്തിലേക്ക് നടന്നു പോയ എന്റെ അച്ഛനെയും.എന്തിനാവും അച്ഛൻ അങ്ങനെ ചെയ്തത്?എന്തിനാണ് ദൈവം എന്നെ ഭൂമിയിൽ തനിച്ചാക്കിയത് എന്നൊക്കെ ഒരായിരം തവണ ഞാൻ ഓർത്തിരുന്നു.ചില സംഭവങ്ങൾ അങ്ങനെയൊക്കെത്തന്നെയാണ്. അവ പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി എന്നും ഭൂമിയിൽ ഉണ്ടാവും. അതിന്റെ ഉത്തരങ്ങൾ പലർക്കും പലരീതിയിൽ ആവും.
അഞ്ചോ ആറോ വർഷങ്ങൾക്ക് മുന്നേ അമ്മ ഒരിക്കൽ വന്നിരുന്നു എന്ന് വിക്റ്ററച്ചൻ പറഞ്ഞു കേട്ടിരുന്നു. തൊടിയിലെ ഞാവലിൽ നിന്നും പഴങ്ങൾ പൊട്ടിച്ചു കഴിച്ചു എന്നും. ഞാവൽ പഴങ്ങൾ അമ്മക്ക് വളരെ ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾത്തന്നെ,എന്നെങ്കിലും അമ്മ വരുമ്പോൾ അവ കൊടുക്കാം എന്ന് ഞാൻ ഓർത്തു.ഒരുവേള പഴങ്ങൾ ഇല്ലാത്ത സമയം അമ്മ വന്നാൽ എന്ത് ചെയ്യണം എന്നെനിക്കു നിശ്ചയമുണ്ടായിരുന്നില്ല .
സാധാരണ അനാഥാലയത്തിൽ സന്ദർശനത്തിന് വരുന്ന ആളുകളേക്കാൾ വ്യത്യസ്ഥയാണ് അമ്മ എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു.ചിലർ
നമ്മോടൊപ്പം ഫോട്ടോകളെടുക്കും.വിലയേറിയ ചോക്കലേറ്റുകൾ സമ്മാനമായി നൽകും. കേക്ക് മുറിക്കും.ജന്മദിനങ്ങളിൽ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച കുട്ടികളുമായി വരുന്നവരുടെ മുന്നിൽ സന്തോഷമഭിനയിക്കേണ്ടിവരുമ്പോൾ
ചിലപ്പോഴെങ്കിലും ഒരുതരം നിസ്സംഗതയാണ് തോന്നുക.ചില കുട്ടികൾ കൊതിയോടെ അവരെത്തന്നെ നോക്കിനിൽക്കും.ചിലർക്ക് എന്തിനെന്നറിയാത്ത അങ്കലാപ്പാണ്. മറ്റു ചിലരുടെ കണ്ണിൽ അസൂയ.അങ്ങനെ ഓരോരുത്തർ ഓരോ തരം. ഞങ്ങളെപ്പോലുള്ളവരുടെ മുന്നിൽ എന്തിനാണവർ തങ്ങളുടെ പണക്കൊഴുപ്പ് പ്രദർശിപ്പിക്കുന്നതെന്നു പലപ്പോഴും എനിക്ക്
തോന്നിയിട്ടുണ്ട്.എന്തിനു നമുക്കീ ജന്മം തന്നു എന്ന് സർവ്വശക്തനോട് ചോദിച്ചു പോകുന്ന നേരം.എന്നാൽ അമ്മയെപ്പോലെ ചിലരുണ്ടു.അകലെ നിന്ന് നമ്മെ അടുത്ത് കാണുന്നവർ.നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്യുന്നവർ. ഹൃദയത്തിൽ കരുണ മാത്രം ഉള്ളവർ .
അകലെ നിന്നും ഒരു കാർ വരുന്നത് കണ്ടു എന്റെ ഹൃദയം മിടിച്ചു. അത് അമ്മയാവുമോ ? അതോ ഞായറാഴ്ച ആയതിനാൽ ഏതെങ്കിലും അനാഥാലയം സന്ദർശിക്കാനും ഡൊണേഷൻ കൊടുക്കാനും വരുന്ന ഏതെങ്കിലും ഉദാരമതികളായ മനുഷ്യർ ?
കാറിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച ഒരു കുട്ടിയും മുണ്ടും ഷർട്ടും ധരിച്ചു വെറും ചെരുപ്പിട്ട് മറ്റൊരാളും ഇറങ്ങി.അവർ വിക്റ്ററച്ചന്റെ ഓഫീസിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും ഇടവഴിയിലേക്ക് .
അപ്പുവായിരുന്നു ഓടി വന്നു പറഞ്ഞത് വിക്റ്ററച്ചൻ വിളിക്കുന്നുവെന്നും അമ്മ വന്നിട്ടുണ്ടെന്നും.അമ്മ എന്ന് കേട്ടതും ഞാൻ ഓടി.വിക്റ്ററച്ചന്റെ മുറിയിൽ ചെന്നപ്പോൾ അമ്മ എവിടെ എന്ന് ചോദിക്കാൻ എനിക്കു ശബ്ദം ഉണ്ടായിരുന്നില്ല.
ഒരു ചെറുപുഞ്ചിരിയോടെ വിക്റ്ററച്ചന്റെ മുറിയിൽ ഉണ്ടായിരുന്നയാൾ എന്നോട് ചോദിച്ചു. "അഖിലിന് അമ്മയെ കാണേണ്ടേ..വരൂ "
എന്റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.എന്നാൽ അമ്മയെ ആദ്യമായി കാണുന്നതിന്റെ അങ്കലാപ്പ് ലവലേശം ഉണ്ടായിരുന്നുമില്ല. സന്തോഷം കൊണ്ട് കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. അകലെയെവിടെയോ ആണെങ്കിലും ദൈവത്തിന്റെ പ്രതിരൂപമായി ഞാൻ കണ്ടിരുന്ന എന്റെ സ്‌പോൺസറെ നേരിട്ട് കാണാൻപോകുന്നു എന്ന തോന്നലിൽ ഈ ലോകം തന്നെ ചെറുതായി വരുന്നതുപോലെ. കാറിനടുത്തേക്കുള്ള അൽപ്പദൂരം ഒരുപാടുള്ളതുപോലെയും നടന്നിട്ടും നടന്നിട്ടും ഒരിക്കലും തീരാത്തതുപോലെയും എനിക്ക് തോന്നി.കാറിന്റെ വാതിൽ തുറന്നു നോക്കവേ സീറ്റിൽ ചാരിയിരിക്കുന്ന അമ്മയെ ഞാൻ കണ്ടു. കണ്ണുനീർ കൊണ്ടാണോ കാഴ്ച മങ്ങുന്നത് ?
"അമ്മക്ക് ഇറങ്ങാനാവില്ല...മോൻ അടുത്തേക്ക് വരൂ" എന്ന് എപ്പോഴത്തെയെന്നതുപോലെ സ്നേഹം വഴിഞ്ഞൊഴുകുന്ന ശബ്ദത്തിൽ അമ്മ പറഞ്ഞു. എന്റെ കൈകളിൽ പിടിച്ചു അലിവോടെ അമ്മ ചോദിച്ചു. "സന്തോഷമായില്ലേ മോന് ?"
എനിക്കൊന്നും പറയാൻ സാധിച്ചില്ല.പെട്ടെന്ന് ഡോർ തുറന്നു ഞാൻ ഓർഫനേജിന്റെ പിന്നിലേക്ക് ഓടി .തിരികെ വരുമ്പോൾ എന്റെ ഉടുപ്പിൽ നിറയെ ചെളിയായിരുന്നു. കൈകളിൽ മണ്ണും.എവിടെപ്പോകുന്നു എന്ന് പറയാതെ പോയതിൽ ഉള്ള പരിഭവം കൊണ്ട അമ്മയുടെ കൈകളിലേക്ക് നാല് ഞാവല്പഴങ്ങൾ ഞാൻ വെച്ച് കൊടുത്തു.
അനന്തരം കൈകൾ കൂപ്പവേ നെറ്റിയിൽ ചുണ്ടുകൊണ്ടുള്ള ഒരു നനുത്ത സ്പർശം എനിക്കനുഭവപ്പെട്ടു. കനിവ് എന്നാണോ അതിന്റെ പേര്?
Picture courtsy: Google
7 അഭിപ്രായ(ങ്ങള്‍):
നന്നായിട്ടുണ്ട്. മനസ്സിൽ എവിടെയോ ഒരു നീറ്റൽ...(കണ്ണിലും)..
കഥ ഇഷ്ടപ്പെട്ടു. പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം തിരുത്തി എഴുതിയിരുന്നെങ്കില്‍ മിഴിവ് ഏറിയേനെ എന്ന് തോന്നി
കഥ കൊള്ളാം
നാളുകൾക്ക് ശേഷം നല്ലൊരു കഥയുമായി
വന്നതിൽ ഇവിടെ വന്നതിൽ സന്തോഷം ..
ഇനിയും ഇതുപോലെ ഇടക്കിടെ പ്രത്യക്ഷപ്പെടണം കേട്ടോ
"ഞങ്ങളെപ്പോലുള്ളവരുടെ മുന്നിൽ എന്തിനാണവർ തങ്ങളുടെ പണക്കൊഴുപ്പ് പ്രദർശിപ്പിക്കുന്നതെന്നു പലപ്പോഴും എനിക്ക്
തോന്നിയിട്ടുണ്ട്."..........വളരെ ശരി! അച്ഛനമ്മമാരില്ലാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കുകയും, ചേരിയിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കോടികൾ വിലയുള്ള കാറിൽ, പളാപളാ മിന്നുന്ന കുപ്പായങ്ങളോടെയും ആഢംബരങ്ങളോടെയും ചെന്നിറങ്ങി 'സന്നദ്ധസേവനം' എന്ന പ്രഹസനം നടത്തുന്നവരെയും പങ്കാളിയെ നഷ്ടപ്പെട്ട് ഏകരായി കഴിയുന്നവരുടെ മുന്നിൽ ചെന്ന് പ്രണയരംഗം അഭിനയിക്കുന്ന യുവമിഥുനങ്ങളെയും ഒക്കെ ചിലപ്പോൾ കണ്ടിട്ടുണ്ട്. ഒരുവന് ഇല്ലാത്ത ഒരു ഭാഗ്യം ഈശ്വരൻ നമുക്ക് തന്നിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അതില്ലാത്തവന്റെ മുന്നിൽ പ്രദർശിപ്പിക്കാതിരിക്കാനുള്ള വിവേകമാണ് അവൻറെ ഏറ്റവും വലിയ സന്നദ്ധപ്രവർത്തനം എന്ന് തോന്നിയിട്ടുണ്ട്.
അത് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു ഈ എഴുത്ത്. അവസാനഭാഗത്ത് അമ്മയും മകനുമായുള്ള കൂടിക്കാഴ്ച കുറച്ചുകൂടി വികാരനിർഭരമാക്കാമായിരുന്നു എന്ന് തോന്നി.പഴയ ബ്ലോഗ്ഗർമാർ വീണ്ടും ബ്ലോഗ്ഗിൽ സജ്ജീവമാകുന്നതിൽ സന്തോഷമുണ്ട്.
നന്ദി ഷിബു...ഈ ആദ്യവരവിനും അഭിപ്രായത്തിനും
നന്ദി വെട്ടത്താൻ സർ.
നന്ദി റാംജി ഭായ്.
നന്ദി മുരളീ ഭായ് ..
നന്ദി ഗിരിജാജി ...വിശദമായ അഭിപ്രായത്തിനു ..ബ്ലോഗുകൾക്ക് പൊതുവെ മണ്ടരികാലമാണ് .ഫേസ് ബുക്കിൽ
ആണല്ലോ ഇപ്പോൾ എല്ലാം!.എങ്കിലും അവിടെയും ഇവിടെയും ആയി പലതും വായിക്കാറുണ്ട് എന്ന് മാത്രം ..
ഇതൊരു യഥാർത്ഥ സംഭവമാണ് ..അതിൽ എന്റേതായ ഒരു സംഭാവന അനാഥാലയങ്ങൾ സന്ദർശിക്കാൻ വരുന്നവരെ കുറിച്ച് മാത്രം. അതിന്റെ മുഴുവൻ തീവ്രത എഴുത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നറിയാം. എനിക്കതു സാധിക്കും എന്ന് തോന്നുന്നില്ല ! കാരണം ആ തീവ്രത അനുഭവിച്ചയാളിനാവും അത് കൂടുതൽ കഴിയുക എന്ന് തോന്നുന്നു !
ലേബൽ ശ്രദ്ധിയ്ക്കാതെ വായിക്കാൻ തുടങ്ങി.ആക്ഷേപമായിരിക്കെന്ന് കരുതി.സങ്കടം തോന്നിപ്പിച്ച വായന.
Post a Comment