Apr 24, 2016

സമയം പോകുകയാണ്

തോരാതെ  മഴപെയ്തിരുന്ന  ഒരു തുലാമാസക്കാലമായിരുന്നു  അത്.മാക്രികൾ നിർത്താതെ രഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും ഉണ്ടാകാത്ത വണ്ണം  അതിഭയങ്കരമായ  ഒരു  വെള്ളപ്പൊക്കം  തന്നെയായിരുന്നു  അത്.ഏതുസമയത്തും  വെള്ളം  വീട്ടിലേക്കു  ഇരച്ചു  കയറിയേക്കാം  എന്ന്  എനിക്ക്  തോന്നി.മുറ്റത്തിന്  താഴെ  വാഴപ്പിണ്ടികൾ കൊണ്ടുള്ള  ചങ്ങാടത്തിൽ  കളിക്കയായിരുന്നു ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി  വെച്ചിരിക്കുന്ന  കഞ്ഞി വാങ്ങി  വെച്ചിട്ട്  വരാം  എന്ന്  പറഞ്ഞ  എന്നോട് "ഇന്നും  കഞ്ഞി ആണോ അമ്മേ"എന്ന് പരിഭവത്തോടെ  അവൻ ചോദിച്ചു.മഴ  ഇങ്ങനെ  നിന്നാൽ  നാളെ  അതുപോലും സംശയമാണ്  എന്ന് ഞാൻ അവനോടു പറഞ്ഞില്ല.
 
 

കഞ്ഞി വാർത്തുവെക്കുമ്പോൾ  ശ്രീക്കുട്ടിയുടെ  ഉച്ചത്തിലുള്ള   കരച്ചിൽ ഞാൻ കേട്ടു.ജനലിലൂടെ  നോക്കുമ്പോൾ  വെള്ളത്തിലേക്ക്‌ വീണു അകലേക്ക്‌   ഒഴുകിപ്പോകുന്ന ചങ്ങാടം.സുനിമോൻ എവിടെ? സുനിമോനേ....എന്ന് വിളിച്ചു അലറിക്കരഞ്ഞു ഞെട്ടിയുണരുമ്പോൾ,ഞാൻ കിതക്കുന്നുണ്ടായിരുന്നു.നന്നേ വിയർക്കയും.

എന്നത്തേയും പോലെ  വൃദ്ധമന്ദിരത്തിലെ  കിടക്കയിലാണ് ഞാൻ എന്നെനിക്കു  വിശ്വസിക്കാൻ  സാധിച്ചില്ല.വീടും  വെള്ളപ്പൊക്കവും  മക്കളും  എല്ലാം   കാഴ്ചയിൽ നിന്ന്  മറഞ്ഞു,വൃദ്ധ മന്ദിരത്തിലെ അരണ്ട  വെളിച്ചത്തിലാണ്  ഞാൻ  കിടക്കുന്നത്  എന്ന്  മനസ്സിലാക്കാൻ  കുറച്ചു  സമയം  എടുത്തു. സ്വപ്നം ചിലർക്ക്  ചിലകാലമൊത്തിടും എന്ന പഴമൊഴിയിൽ  ഞാൻ  ഭയചകിതയായി..ഇനി സുനിമോന്  എന്തെങ്കിലും  അപകടം?അവനെ കണ്ടിട്ടോ,സ്വരം കേട്ടിട്ടോ  നാളുകൾ  എത്ര?
 

എന്തുകൊണ്ടാണ്‌  പുതിയ  തലമുറ മാതാപിതാക്കളെ കൈയ്യൊഴിയുന്നതെന്ന്  ഞാൻ അത്ഭുതപ്പെട്ടു.മാതാപിതാക്കളുടെ മുന്നിൽ ഭവ്യതയോടെ  മാത്രം നിന്ന  ഒരു തലമുറയിലെ അവസാനകണ്ണി  എന്ന് മേനി നടിക്കുന്നതിൽ  ഞാൻ ചെറിയ  ഒരു  ആഹ്ലാദം  അനുഭവിച്ചിരുന്നു.അച്ഛനെയും  അമ്മയെയും  നടതള്ളുമ്പോൾനാളെ തങ്ങൾക്കും   ഗതി  വരുമെന്ന് ആലോചിക്കാനാവാത്തവണ്ണം അജ്ഞരാണോ പുതിയ  തലമുറ?
 

മറുപടികിട്ടാത്ത  എഴുത്തുകൾ,അറ്റൻഡ്  ചെയ്യപ്പെടാത്ത ഫോൺകോളുകൾ,പാടേയുള്ള അവഗണന.വയോധികരുടെയെല്ലാം
ജീവിതം ഇങ്ങനെയാണോതീർച്ചയായുംഅങ്ങനെയല്ല. എത്രയോ
സതീർഥ്യരുടെയും,സഹപ്രവർത്തകരുടെയും  കുടുംബങ്ങളിൽ  താൻ  തന്നെ കണ്ടിരിക്കുന്നു.സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ.ജീവിതസായാഹ്നങ്ങളിൽ  പേരക്കുട്ടികളെ കൊഞ്ചിച്ചും അവരുടെ കൂടെ  ഒരു കുട്ടിയായിത്തന്നെ  തീർന്നും,അവർക്കുവേണ്ടി പ്രാർഥിച്ചും മാത്രം കഴിയുന്നവർ എത്രയോ.മക്കൾക്ക്‌ വേണ്ടി  ഉരുകിതീർന്ന ഒരു മെഴുകുതിരി ആയിട്ടും  എന്തെ  അവർക്ക്  തന്നെ  വേണ്ടാതായി?സ്വന്തം ജീവന്റെ  ഒരു ഭാഗമായ  വൃക്കകളിൽ ഒന്ന്  സന്തോഷപൂർവ്വം  പകുത്തു നല്കിയിട്ടും എന്തെ   സായാഹ്നത്തിൽ  വൃദ്ധ സദനത്തിൽ  കഴിയേണ്ട ഗതികേട്  തനിക്കുണ്ടായി?അതോ  പ്രായാധിക്യത്താൽ തന്റെ  പെരുമാറ്റത്തിൽ  എന്തെങ്കിലും   വൈകല്യങ്ങൾ  ഉണ്ടായോ?അതോ  അവർ  ആഗ്രഹിച്ചത്‌ പോലെ  കൈയിലുള്ളത് മുഴുവൻ കൊടുത്തു തീർക്കാത്തതു  കൊണ്ടോ?

വയറിന്റെ  ഇടതുഭാഗത്ത്‌  എന്തോ  ഒരു  വേദന  എനിക്ക്  തോന്നി.സുനിമോന്  താൻ  പകുത്തു  കൊടുത്ത ജീവിതത്തിന്റെ   ബാക്കിപത്രം.ഓപ്പറേഷന്  ശേഷം കണ്ടപ്പോൾ അവന്റെ  കണ്ണുകളിൽ  കണ്ട ആ പ്രകാശത്തിനു ലോകത്തിൽ  എന്തിനേക്കാളും  വിലയുണ്ട്  എന്ന്  കരുതിയ  നിമിഷങ്ങൾ.അപ്പോൾ അമ്മയെ  വൃദ്ധസദനത്തിൽ  ആക്കി പോകുമ്പോൾ  എന്തായിരുന്നു   കണ്ണുകളിൽ? വേദന? അതോ  ഒരു  ഭാരം ഒഴിവായിപ്പോയതിന്റെ  ആശ്വാസം?വേർതിരിച്ച്  കാണാൻ  ആയില്ല.മിഴികൾ സജലങ്ങൾ  ആയതുകൊണ്ട് കാഴ്ച  മങ്ങിയിരുന്നല്ലോ.
 

എത്രനാൾ  മുൻപായിരുന്നു  ഇവിടെ  എത്തിയതെന്നു  ഓർത്തെടുക്കുവാൻ  ഞാൻ  പണിപ്പെട്ടു.ഓർമ്മയ്ക്കും  മറവിക്കും  ഇടയ്ക്കുള്ള ഏതോ   താഴ്വരയിലായിരുന്നു ഞാൻ."മക്കൾ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ". മക്കൾ    ഫോൺ  എടുക്കാത്തത്  എന്താണെന്ന് ആശ്ച്യര്യപ്പെടുന്നതിനിടെ "എന്തെങ്കിലും ആകും   മുൻപ്  ആരെങ്കിലും എത്തിയാൽ  മതിയായിരുന്നു"എന്ന  ഗോമതിയമ്മയുടെ  സ്വരം   അങ്ങ് ദൂരെ ഏതോ ഗുഹയിൽ നിന്നും  വരുന്നതുപോലെ ഞാൻ കേട്ടു.
 

ഗോമതിയമ്മ പറഞ്ഞത് എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാൻപറ്റിയില്ല.എന്തെങ്കിലുംതിരക്കാവും.ശ്രീക്കുട്ടി  വന്നില്ലെങ്കിലും സുനിമോൻ വരുമെന്ന് എനിക്കുറപ്പായിരുന്നു.ഹൃദയത്തിൽ അൽപ്പമെങ്കിലും അലിവുള്ളത് സുനിമോനായിരുന്നു.കഞ്ഞി കുടിക്കുംമുന്നെ  അമ്മ കുടിച്ചോ എന്ന്  ചോദിച്ചിട്ടു മാത്രം  കുടിക്കുന്ന സുനിമോൻ.ജ്വരം  ബാധിച്ചു കിടക്കുമ്പോൾ അരികിൽ  ഇരുന്നു കണ്ണീർ  വാർത്ത സുനിമോൻ.വൃക്ക പകുത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സുനിമോൻ.അവൻ  വരും. ഇന്നല്ലെങ്കിൽ  നാളെ.

 

വന്നിട്ടോ?വന്നിട്ടു അവൻ എന്തുചെയ്യാൻ?പാർഥേട്ടൻ ചോദിച്ചു.നേരാണെന്ന്  എനിക്ക്  തോന്നി.അല്ലെങ്കിൽ തന്നെ   യാത്ര  എപ്പോൾ  തീരും എന്നറിയില്ലല്ലോ.അല്ല....പാർഥേട്ടൻ  എങ്ങനെ ഇവിടെ  എത്തി? ഷോക്കടിച്ചു  മരിക്കുമ്പോൾ വെറും ഇരുപത്തൊന്നു വയസ്സായിരുന്നു പാർഥേട്ടന്.ഏട്ടൻ മാത്രമല്ലല്ലോ.കൊല്ലെങ്കിയിലെ  അമ്മൂമ്മ, മൂക്കത്ത് ദേഷ്യം മാത്രമുള്ള  വലിയമ്മാവൻ.എല്ലാവരും എന്താണ് കട്ടിലിനരുകിൽ?മരണം  അടുക്കുമ്പോൾ  നേരത്തെ മരിച്ചുപോയവരെ  കാണും  എന്ന്  കേട്ടിട്ടുണ്ട്.കൊല്ലെങ്കിയിലെ  അമ്മൂമ്മ  വായുവലിച്ചു കിടക്കുമ്പോൾ "അപ്പൂപ്പൻ വന്നു അപ്പൂപ്പൻ  വന്നു" എന്ന് പറയുന്നത്‌  കേട്ടിട്ടുണ്ട്.അതേ  അമ്മൂമ്മ ഇവിടെ? അപ്പോൾ? എന്റെ  സമയവും അടുത്തുവോ?എന്നെ  സ്വീകരിച്ചു മറ്റൊരു  ലോകത്തേക്ക്  കൊണ്ടുപോകാനാണോ  അവരെല്ലാം  എത്തിയിരിക്കുന്നത് ?
 

വയറിന്റെ  ഇടതുഭാഗത്തെ  വേദന ഇപ്പോൾ  അല്പ്പം മുകളിലേക്ക്  വ്യാപിച്ചു എന്നെനിക്കു തോന്നി.അതിനു  ശേഷം  അത് ശരീരമാസകലം  വ്യാപിച്ചപോലെയും. ആരെയെങ്കിലും  വിളിക്കാൻ  ഞാൻ  ആവുന്നത്  ശ്രമിച്ചു.കാഴ്ച  മങ്ങുന്നുവോ? സുനിമോനെ എന്ന്  ഉറക്കെ വിളിക്കാൻ  ഞാൻ ശ്രമിച്ചു.


അങ്ങ്  ദൂരെ  എവിടെയോ  ഒരു  നഗരത്തിൽ സുനിമോൻ ഉറക്കത്തിൽ നിന്ന്  ഞെട്ടിയുണർന്നുസുനിമോനെ  എന്നൊരു വിളി  എവിടെ നിന്നോ കേട്ടുവെന്നു അയാൾക്ക്‌  തോന്നി.അമ്മയുടെ  ശബ്ദം പോലെ കനിവ് നിറഞ്ഞു നില്ക്കുന്ന  ഏതോ ഒരു സ്വരം    ആണ് അതെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു.വൃദ്ധ മന്ദിരത്തിൽ നിന്നുള്ള തുടരെയുള്ള വിളികൾ മൂലം രണ്ടു ദിവസമായി  അയാൾ അവിടെ നിന്നുള്ള ഫോൺ എടുക്കാതിരുന്നതിൽ  അയാൾക്ക്‌ ചെറിയ കുറ്റബോധം  തോന്നി. ഇനി ഒരുവേള അമ്മക്ക് കൂടുതൽ ആണെങ്കിലോ? പിറ്റേന്ന്  തന്നെ   അമ്മയെ ഒന്ന് പോയി  കണ്ടാലോ എന്നയാൾക്ക് അപ്പോൾ തോന്നി.തിരിഞ്ഞു കിടക്കവേ വയറിന്റെ ഇടതു വശത്ത് ഒരു വേദന പോലെ  അയാൾക്ക്‌ അനുഭവപ്പെട്ടു. അസാധാരണമാംവിധം ആ ഭാഗം തുടിക്കുന്നതുപോലെയും.
 

മറ്റൊരു  നാട്ടിൽ,മറ്റൊരു  കുടുംബത്തിൽ "മക്കൾ  ഉപേക്ഷിച്ച  അമ്മക്ക്   വൃദ്ധമന്ദിരത്തിൽ   ദാരുണാന്ത്യം"എന്ന  വാർത്ത  അന്നത്തെ   പത്രത്തിൽ   വായിച്ച് ഒരു വൃദ്ധൻ  വെറുതെ  ചിരിച്ചു.പിന്നീട് അതൊരു  പൊട്ടിച്ചിരി  ആയി മാറി.പൊട്ടിച്ചിരി കേട്ട്  നിസ്സംഗതയോടെ വൃദ്ധന്റെ  മകൻ പിറുപിറുത്തു."അപ്പൻ  രാവിലെ  തുടങ്ങി.അതെങ്ങനാ.വല്ല  വൃദ്ധമന്ദിരത്തിലും കൊണ്ടാക്കാം  എന്ന്  വിചാരിച്ചാൽ  ചേട്ടന്മാര്  സമ്മതിക്കണ്ടേ

അയാളുടെ  മകൻ  അപ്പോൾ  നിഷ്ക്കളങ്കമായി  ചോദിച്ചു. ഡാഡി  ഓൾഡ്‌  ആകുമ്പോൾ   ഗ്രാൻഡ്‌പായെപ്പോലെ  ഇങ്ങനെ  ചിരിക്കുമോ?സ്തബ്തനായി അയാൾ കുട്ടിയുടെ  മുഖത്തേക്ക്  തുറിച്ചു  നോക്കി.ചുവരിലെ  ക്ലോക്കിൽ അപ്പോൾ ഒൻപതു മണി  അടിച്ചു.സമയം  പോകുകയാണ്.....അതിവേഗം എന്ന ഓർമ്മയിൽ അയാൾ  വിയർത്തു

13 അഭിപ്രായ(ങ്ങള്‍):

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ. ഇന്നിന്‍റെ നേര്‍ക്കാഴ്ച

ajith said...

രണ്ടുനാൾ മുൻപ് വില്ലേജ് മാനെ കാണാനില്ല എന്ന്ഞ്ഞാൻ ഒന്ന് ഓർമ്മിച്ചിരുന്നു!
ഇനി കഥ വായിക്കട്ടെ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി കുസുമംജി ..


നന്ദി അജിത്‌ ഭായ് ..

നിങ്ങളുടെ ഒക്കെ ഓർമ്മയിൽ ഞാൻ ഉണ്ടാകുന്നു എന്നറിഞ്ഞത് തന്നെ സന്തോഷം ..

K@nn(())raan*خلي ولي said...

ഇടറിയ വായന. കഥയാണെങ്കിലും പച്ചയായ ജീവിതം. കണ്ണുനിറക്കാന്‍ ഇതുമതി ശശിയേട്ടാ.
ചിലരുടെ എഴുത്ത് എത്ര ആഴത്തില്‍ ഹൃദയത്തില്‍ പതിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഈ കഥ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി കണ്ണൂരാൻ ..

റോസാപ്പൂക്കള്‍ said...

വാർധക്യം പേടിപ്പിക്കുന്ന ഒരു സത്യം

vettathan said...

കഥ നന്നായി പറഞ്ഞു

ദീപ എന്ന ആതിര said...

കുറച്ചു വാക്കുകളില്‍ വലിയൊരു ജീവിതം പറഞ്ഞു

മാധവൻ said...

കാടും പടലുമൊന്നും വെട്ടി വെളുപ്പിക്കാതെ നേരെച്ചെന്നങ്ങ് കഥയിലേക്ക് കയറിപ്പോയി ....ഇടനെഞ്ചിൽ ഒരു വല്ലാത്ത തുടിപ്പ് കഥക്ക് ശേഷവും .

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..റോസാ പൂക്കൾ
നന്ദി ..വെട്ടത്താൻ സർ
നന്ദി ..ദീപ
നന്ദി ..വഴിമരങ്ങൾ

സുധി അറയ്ക്കൽ said...

സമയം പോകുകയാണു.അതിവേഗം.

ഒരു വെപ്രാളം പോലെ.പ്രൊഫൈൽ ചിത്രം ഉചിതമായി.!!

Yasmin NK said...

എത്ര കാലമായി അല്ലെ ഇവിടെ വന്ന് വായിച്ചിട്ട്, സന്തോഷം വീണ്ടും കണ്ടതില്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

പച്ചയായ ജീവിതം...!