Apr 26, 2015

നീലനിറമാവാത്ത ശരികൾ

"അറിയുമോ ?"

വളരെ  പതിഞ്ഞ ശബ്ദത്തിൽ ഉള്ള  ചോദ്യം  കേട്ട് അയാൾ   തിരിഞ്ഞു നോക്കി.തന്റെ  ഊഴത്തിനു വേണ്ടി,ടോക്കണുമായി   ബാങ്കിൽ ക്യു നില്ക്കയായിരുന്നു  അയാൾ .


ഇളംനീല നിറത്തിലുള്ള സാരി  വളരെ വൃത്തിയായി ഉടുത്ത  ഒരു സ്ത്രീയായിരുന്നു  അത്.  കണ്ണുകളിൽ അതിശയതിന്റെ  ഒരു  തിളക്കം അയാൾ  കണ്ടു. ആശ !


"അറിയുമോന്നോ!ആശയെ  എങ്ങനെ  മറക്കാൻ?ഇപ്പോൾ എവിടെയാണ്.എന്ത് ചെയ്യുന്നു?എവിടെയാണ് ജോലി?"വളരെക്കാലം കൂടിക്കാണുന്ന ആവേശത്തിൽ അയാൾ ചോദ്യങ്ങൾ അമ്പു തൊടുക്കുന്നതുപോലെ ഒന്നൊന്നായി എയ്തു


"ശരത്ത്  ഒരുപാട്  മാറിപ്പോയിരിക്കുന്നു".ആശ പറഞ്ഞത്  കേട്ട്  ചെവിയുടെ അടുത്തുള്ള നരച്ച മുടി ഒളിപ്പിക്കാൻ  അയാൾ  ഒരു  വിഫല ശ്രമം നടത്തി.വിശേഷങ്ങൾ  പറഞ്ഞു,ഫോണ്നമ്പർ കൈമാറുമ്പോഴെക്കും ആശയുടെ  ടോക്കണ്വിളിച്ചിരുന്നു.പണ്ടുണ്ടായിരുന്ന അതേ   പ്രസരിപ്പിൽ അവൾ  ക്യാഷ്കൌണ്ടറിലേക്കും   പിന്നീടു അവിടെ നിന്നും  ചാട്ടുളി  പോലെ പുറത്തേക്കും പോകുന്നത് അയാൾ    കണ്ടു.പുറത്തേക്ക്  പോകും വഴി   പഴയ,വശ്യമായ മന്ദഹാസത്തിന്റെ  ഒരു കീറ്   മുഖത്ത് ഉണ്ടായിരുന്നോ   എന്ന് അയാൾ സംശയിച്ചു.


അഞ്ചാം ക്ലാസിലായിരുന്നു  ആശ അയാളുടെ സ്കൂളിൽ വന്നത്നന്നായി പഠിക്കുകയും പാട്ടുപാടുകയും,നൃത്തം ചെയ്യുകയും ചെയ്യുമായിരുന്ന ആശ എന്നാണ് മനസ്സിൽ   യറിക്കൂടിയത്?കലോത്സവവേദികളിൽ എല്ലാറ്റിലും താരമായിരുന്ന മെലിഞ്ഞു   സുന്ദരിയായ പെണ്കുട്ടി മൂലം, ഒന്നാംസ്ഥാനക്കാരൻ  രണ്ടാംസ്ഥാനത്ത് എത്തിയപ്പോഴോ ?

മിക്കവാറും  ഒരേ   സമയത്തായിരുന്നു അവർ സ്കൂളിൽ   പോയിരുന്നത്.വഴിയിൽ  നിന്നും ചാമ്പങ്ങയും  മാങ്ങയും  പറിച്ചു,കുറുപ്പേട്ടന്റെ    കടയുടെ പിന്നിലെ   ഉപ്പും ചാക്കിൽ നിന്നും ചൂണ്ടിയ  ഉപ്പും  കൂട്ടി തിന്നും,സാറിന്റെ കയ്യിൽ നിന്നും   അടി  കിട്ടാതിരിക്കാൻ  വഴിയരുകിൽ  ഉള്ള ഏതോ  ഇലകൾ കൂട്ടി  കെട്ടിയും  പോയിരുന്ന   നാളുകൾ.എത്ര   ശ്രമിച്ചിട്ടും   ചെടിയുടെ പേര് ഓർത്തെടുക്കാൻ അയാൾക്കായില്ല.പക്ഷെ  മുടി രണ്ടായി  പിന്നിയിട്ട ആശയുടെ  മുഖം ഓർത്തെടുക്കാൻ  ഒരു ബുദ്ധിമുട്ടും   ഇല്ല എന്നോർത്തപ്പോൾ അയാൾക്ക്‌  ചിരി  വന്നു.   


വീട്ടിലെത്തിയിട്ടും    ആശയായിരുന്നു  അയാളുടെ മനസ്സിൽ.നാൽപ്പതുകളിൽ എത്തിയിട്ടും   ആശ ഇപ്പോഴും   സുന്ദരി  തന്നെ.സെക്രട്ടറിയെറ്റിൽ   ജോലി ചെയ്യുന്ന  ആശക്ക്‌  രണ്ടു  കുട്ടികൾ.ഭർത്താവ്   മുകുന്ദനു  ജോലി ഏതോ   പ്രൈവറ്റ് സ്ഥാപനത്തിൽ .


പതിവ്  വിശേഷങ്ങളുമായി  മകൾ  വന്നു  കയ്യിൽ തൂങ്ങിയപ്പോൾ അയാൾപറഞ്ഞു."അച്ഛനെ ശല്യപ്പെടുതാതിരിക്കു കുട്ടീ". കുട്ടിയുടെ     മുഖത്ത് ഒരു  ദൈന്യഭാവം  അയാൾ  കണ്ടു.ചായ കുടിക്കുന്നതിനിടെ,വീട്ടിലേക്കുള്ള സാധനങ്ങൾ ഏതൊക്കെ തീർന്നു എന്നു  പറഞ്ഞ ഭാര്യയോടു തെല്ലു നീരസത്തോടെ അയാൾപറഞ്ഞു."സുജാതെ,ഞാൻ വന്നു  കയറിയതല്ലേ ഉള്ളു ".മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കുന്ന  സുജാതയെ കണ്ടപ്പോൾ  തെല്ലു   നഷ്ട്ടബോധത്തോടെ  അയാൾ ഓർത്തു. കല്യാണം   കഴിക്കുന്ന  സമയത്ത്   ആശയെ ആലോചിക്കാമായിരുന്നു !



എവിടെനിന്നോ   ജോലിസംബന്ധമായി  സ്ഥലം മാറി എത്തിയതായിരുന്നു ആശയുടെ  കുടുംബം.പിന്നീട് ഏതോ  ക്ലാസിൽ    വെച്ച്  സ്കൂൾ  തുറന്നപ്പോൾ അപ്രത്യക്ഷയായ  ആശയെ  കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല.ഓർക്കുട്ടിലും  പിന്നെ ഫെസ്ബുക്കിലും  ഒക്കെ   ചില   വിഫലശ്രമങ്ങൾ അയാൾ നടത്തി എന്നതായിരുന്നു   സത്യം .


എന്തെങ്കിലും  ഒക്കെ  കഴിച്ചു  എന്ന്  വരുത്തി, ചാവടിയിൽ  നീണ്ടു നിവർന്നു കിടക്കവേ  ആശയെ ഒന്ന്  വിളിച്ചാലോ  എന്നയാൾക്ക്  തോന്നിലിച്ചിരുന്ന സിഗരറ്റിൽ നിന്നും  ഉയർന്ന പുകച്ചുരുളുകൾക്ക് ആശയുടെ  രൂപം  ആണെന്ന് അയാൾക്ക്‌  തോന്നി. ഒരു  ടീൻഏജറുടെ മാനസികാവസ്ഥയിൽ എത്തിയതിനു അയാൾക്ക്തന്നോട്   തന്നെ പുശ്ചം തോന്നി.എന്നാൽ  അടുത്ത നിമിഷം  തന്നെ തനിക്കതിനു അധികം  പ്രായമായിട്ടില്ലയെന്ന്  സ്വയം വിശ്വസിക്കാനും അയാൾ ശ്രമിച്ചു.  

വീണ്ടും  കറങ്ങിത്തിരിഞ്ഞു  ചിന്തകൾ  ആശയുടെ അടുത്തെത്തിയപ്പോൾ  അവൾക്കും  അങ്ങനെ തന്നെയായിരിക്കുമോ  എന്നയാൾ   സന്ദേഹപ്പെട്ടു
കണ്ണുകളിലേക്കു ആഴത്തിൽ  നോക്കിയല്ലായിരുന്നോ അവൾ  സംസാരിച്ചത് ?ചിലപ്പോൾ     ഇന്ന് തന്റെ കോൾ  അവൾ പ്രതീക്ഷിക്കുന്നുണ്ടാവുമെങ്കിലോ എന്നയാൾക്ക് തോന്നി.എന്നാൽ  ഭർതൃമതിയായ  ഒരു സ്ത്രീ അല്ലേ അവർ  എന്ന തോന്നലിൽ    കുറെ  നേരം കിടക്കയും, അവസാനം  വാട്സ് ആപ്പിൽ ഒരു "ഗുഡ് ഈവനിംഗ്അയക്കുന്നതിൽ തെറ്റില്ല എന്ന തോന്നലിൽ   എത്തുകയും ചെയ്തു .


വളരെനേരം  കഴിഞ്ഞിട്ടും   മറുപടി വരികയോ,ആശ  മെസ്സേജ്   വായിക്കുകയോ ചെയ്യാത്തതിൽ  അയാൾക്ക്‌  എന്തെന്നില്ലാത്ത ദേഷ്യം തോന്നി.അത്താഴം കഴിഞ്ഞു  കിടക്കാൻ തുടങ്ങുമ്പോൾ  സുജാത  കുളി  കഴിഞ്ഞു  വന്നു. എന്തുകൊണ്ടോ  തനിക്കു ചേരേണ്ടവല്ല സുജാതയെന്നു അവളെ നോക്കിയപ്പോൾ അയാൾക്ക് തോന്നി.കുറേക്കൂടി  സുന്ദരിയല്ലേ ആശ ? ആത്മവിശ്വാസം  തുടിക്കുന്നുണ്ടായിരുന്നില്ലേ മുഖത്തും  പെരുമാറ്റത്തിലും ?

സുജാതയുടെ  മുഖം കടന്നൽ കുത്തിയതുപോലെ അൽപ്പം വലുതായിരുന്നു.മദ്ദളത്തിന്  പുറംചട്ട ഇടുന്നതുപോലെ ഒരു  ചുരിദാറിലേക്ക് വിഷമിച്ചു കടക്കുന്ന സുജാതയോട് അയാൾ  അല്പ്പം ക്രൂരമായി ചോദിച്ചു".അൽപ്പം  നന്നായി  വസ്ത്രം ധരിച്ചുകൂടെ നിനക്ക് ? "


സുജാത   മിണ്ടാതെ  കട്ടിലിനു  മറ്റേ അരികിലേക്ക് മാറി,കിടക്കയും,നിമിഷങ്ങൾക്കുള്ളിൽ നിദ്രയെ പുണരുകയും ചെയ്തു.ആശ  അയാളുടെ  മെസ്സേജ് വായിച്ചോ  എന്ന്  അയാൾ വീണ്ടും വീണ്ടും വാട്സാപ്പിൽ  നോക്കി.സന്ദേശത്തിൽ അപ്പോഴും ചാരനിറമുള്ള ശരി  മാത്രം.എന്താണ് അതിനു   നീലനിറം  ആവാൻ  അമാന്തം  എന്നയാൾ ഓർത്തു. ചിലപ്പോൾ  തിരക്കിൽ  ഫോണ്‍ നോക്കാൻ മറന്നുവോ ?



വളരെ  ആലോചിച്ചതിനു  ശേഷം  ആശയെ  ഒന്ന് വിളിച്ചേക്കാം  എന്നയാൾ ഓർത്തു.നീണ്ട ബെല്ലുകൾക്ക് അവസാനം  ആശയുടെ  ശബ്ദം അയാൾ  കേട്ടു.എന്നാൽ  അത്   കാലത്തേ കേട്ടതുപോലെ  പതിഞ്ഞ  ശബ്ദം  ആയിരുന്നില്ല എന്നയാൾക്ക്  തോന്നി.അയാളുടെ  തൊണ്ട വരണ്ടു."ഹലോ"എന്ന് പറയാൻ അയാൾ അൽപ്പസമയം  എടുത്തു


"എന്താ ശരത്    നേരത്ത്? നമ്മൾ   കാലത്തേ കണ്ടു സംസാരിച്ചതാണല്ലോ.അതിൽ   കൂടുതൽ     എന്ത് വിശേഷങ്ങൾ   ആണ് ഈ രാത്രിയിൽ  പറയാൻ ഉള്ളത്" എന്ന് അൽപ്പം   ഈർഷ്യയോടെ അവൾ ചോദിച്ചു.സ്തബ്ധൻ  ആയിരുന്നു  അയാൾ.എന്തിനാണ് വിളിച്ചതെന്ന് പറയാൻ അയാൾക്കായില്ല.ഫോണ്ഡിസ്കണക്റ്റ് ചെയ്യാനും

"ഹലോ....ഹലോ"എന്നുള്ള  ആശയുടെ  ശബ്ദവും "ആരാ  ഫോണിൽ"  എന്ന് അല്പ്പം പോലും  അലിവു തോന്നിക്കാത്ത  ഒരു  ശബ്ദവും  അയാൾ കേട്ടു."...നേരോം കാലോം  നോക്കാതെ ഓരോരുത്തർ   വിളിച്ചോളും  ചെറിയ ക്ലാസ്സിൽ ഏതിലോ  ഒന്നിച്ചു പഠിച്ച   ഒരാൾ"എന്ന്  ആശ പറഞ്ഞു നിർത്തിയപ്പോൾ കേട്ട ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുകുന്ദന്റെതാണ്  എന്നയാൾ ഉറപ്പിച്ചു .


ചരിഞ്ഞു  കിടന്നുറങ്ങുന്ന സുജാതയാണ്  പരിചയമുള്ള സ്ത്രീകളിൽ  ഏറ്റവും സുന്ദരിയെന്ന്  അപ്പോൾ  അയാൾക്ക്‌  തോന്നി .
 

17 അഭിപ്രായ(ങ്ങള്‍):

Pheonix said...

"ആശയാണ് എല്ലാ നിരാശക്കും കാരണം" എന്ന ശ്രീബുദ്ധന്‍റെ വചനം എത്ര ശരി! അല്ലേ? (ചെറുതെങ്കിലും ഒരു യാഥാര്‍ത്ഥ്യം ഭംഗിയായി എഴുതി).

ഒരു ഭ്രാന്തൻ said...

നന്നായി :)

Joselet Joseph said...

ഒരു നിമിഷത്തെ ചാഞ്ചാട്ടം.
സദാചാരബോധത്തെ സ്വയം നിര്‍ണ്ണയിക്കേണ്ടി വരുന്ന അവസരങ്ങള്‍.

Rainy Dreamz ( said...

ഈ സദാചാരത്തെ നമ്മൾ വളരെ സൂക്ഷിച്ച് അടക്കി ഒതുക്കി വളർത്തുന്നത് തന്നെ നല്ലത്,ഇപ്പോ ഒരു തരം പ്രത്യേക പോലീസ് ഇറങ്ങീണ്ട് ത്രേ, പത്രത്തിലൊക്കെ ഉണ്ടാർന്നു, അറിഞ്ഞില്ലേ?

ajith said...

ആശ കൊള്ളാം. അങ്ങനെ തന്നെ വേണം മറുപടി കൊടുക്കാന്‍.

(എത്ര ശ്രമിച്ചിട്ടും ആ ചെടിയുടെ പേര് ഓർത്തെടുക്കാൻ അയാൾക്കായില്ല.>>> എനിക്കറിയാം, പക്ഷെ പറഞ്ഞുതരില്ല)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..Pheonix Bird

നന്ദി .. ഒരു ഭ്രാന്തൻ ..

നന്ദി . .ജോ...

നന്ദി ..Rainy Dreamz

നന്ദി ...അജിത്‌ ഭായ് ..ഒന്ന് പറഞ്ഞു താന്നെ ..അങ്ങനെ ഒരു ചെടിയുണ്ട് ...സ്കൂളിൽ പോകുമ്പോൾ സ്ഥിരമായി കെട്ടുമായിരുന്നു !

മാധവൻ said...

...



കുടുംബ സമേതം കഥ വായിക്കാനിരുന്ന എന്നെ വേണം പറയാൻ ##**?!!

അത്രേം നേരം പൊന്നേ ,,പൂമുത്തേ എന്ന് വിളിച്ചിരുന്നവൾ കഥ തീർന്നതും ..കമന്റി .

ആണിനെ ആണിനോളം ആർക്കറിയാം ,,,നിങ്ങളാ മൊബൈലിങ്ങ് തന്നേ .

പിന്നൊരു കാക്ക നോട്ടോം .



പുരുക്കളെ ഇത്ര നിർദ്ദയമായി ഒറ്റരുതായിരുന്നു...

vettathan said...

ആ അവസാന ട്വിസ്റ്റില്‍ ഒരു ചിരി വിടര്‍ന്നു.മതി,അത്ര മതി.

Manu Manavan Mayyanad said...

"ആശക്ക്‌ "ആശംസകൾ

ashraf malayil said...

ജീീവിതമെങ്കിലും നീല നിരമാവാതിരിക്കാൻ ..
ആശ കൊടുത്ത മറുപടി കലക്കി ..

നന്നായ് പറഞ്ഞു ആശംസകൾ

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഇമ്മാതിരി ആശമാരുടെ പുറകെ പോയാൽ ജീവിതം കട്ടപ്പൊഹ..! 40 കഴിഞ്ഞാൽ സ്വന്തം ഭാര്യയെക്കാണുമ്പൊ മദ്ദളത്തിലൊ ചെണ്ടയിലൊ ഒക്കെ പുറം ചട്ടയിടുന്നപോലെ ചിലർക്കൊക്കെ തോന്നും.. അതൊരു സൂക്കേടല്ല..!

Unknown said...

വളരെ നന്നായി എഴുതി ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..വഴിമരങ്ങൾ ! ഇത് ആത്മകഥയല്ലാ എന്ന് ഞാൻ വിശ്വസിപ്പിക്കാൻ പെട്ട പാട് എനിക്കല്ലേ അറിയൂ !

നന്ദി ..വെട്ടത്താൻ സർ ..ഒരു പുഞ്ചിരി എങ്കിലും വിരിയിക്കാൻ ആയി എങ്കിൽ ഞാൻ ധന്യനായി .

നന്ദി ..മാനവൻ

നന്ദി അഷ്‌റഫ്‌ ഭായ്

നന്ദി ..ആയിരങ്ങളിൽ ഒരുവൻ ..വയസ്സ് നാല്പ്പത് കഴിഞ്ഞിട്ടില്ല എന്ന് കരുതുന്നു ;)

നന്ദി ..രാധികാജി ...ഈ ആദ്യ വരവിനും അഭിപ്രായത്തിനും

Muralee Mukundan , ബിലാത്തിപട്ടണം said...

വെറുതെ ആശിപ്പിച്ചു

പ്രകാശ് ചിറക്കൽ said...

Kollalo..eniyum varaam..thanks..

lekshmi. lachu said...

kure naalukalkku shesham ee vazhikaliloode veruthe keri eragi vannathu veruthe aayillya tou..
manoharamaayi ezhuthii..allenkilum chilarkk ekkare nilkkumbo akkare pachayaayi thonnum ..atharudem kuttamala...

സുധി അറയ്ക്കൽ said...

പ്രതീക്ഷകൾ തെറ്റിച്ച്‌ കളഞ്ഞു.എന്നാലും ഇങ്ങനെ തന്നെ അവസാനിക്കേണ്ടിയിരുന്നു.