Jul 28, 2014

അക്കൽ ദാമ

മരം കോച്ചുന്ന  തണുപ്പുള്ള  ഒരു രാവായിരുന്നു  അത്. ഉറക്കത്തിൽ നിന്നും   ആരോ വിളിച്ചുണർത്തിയെന്ന  വണ്ണം  ശബ്ദം ഒട്ടും  കേൾപ്പിക്കാതെ വാതിൽ   തുറന്നു ഞാൻ പുറത്തേക്കിറങ്ങി.കാറ്റിൽ വഷ്ണയിലകളുടെ  മണം നിറഞ്ഞു നിന്നിരുന്നു.പുരയിടത്തിന്റെ  വടക്ക് വശത്തു നില്ക്കുന്ന  വാക മരത്തിനടുത്തെക്ക് ആരോ  വിളിച്ചിട്ട് എന്നതു പോലെ  ഞാൻ  നടന്നു  നീങ്ങി. പുൽക്കൊടികളിൽ നിന്ന ജലകണങ്ങൾ  എന്റെ  നഗ്നപാദത്തിൽ  ഉരസി .  


വാകമരത്തിൽ  നിറയെ  ചുവന്ന  പൂക്കൾ  ആയിരുന്നു. കറുത്ത മുഴുനീള കുപ്പായം  ധരിച്ച  ഒരാൾ  താഴെ  വീണ പൂക്കൾക്കിടയിൽ എന്തോ   തിരയുന്നത് ഞാൻ  കണ്ടു. എന്റെ കാല്പ്പെരുമാറ്റം  കേട്ടിട്ടെന്നോണം അയാൾ  തിരിഞ്ഞു നോക്കി.അയാളുടെ കണ്ണുകളുടെ സ്ഥാനത്ത്  ചോരപ്പൂക്കൾ  മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബോധം മങ്ങുന്നതിനു മുൻപേയുള്ള  നിമിഷങ്ങളിൽ ഏതോ  ഗുഹയിൽ നിന്നും മാറ്റൊലി കൊണ്ടത്‌ എന്നവണ്ണം   ആ  വാക്ക്  ഞാൻ കേട്ടു ".അക്കൽ ദാമ"

നിർത്താതെ ഉള്ള എന്റെ കരച്ചിൽ  കേട്ടായിരുന്നു   അമ്മച്ചി  വന്നത്. പുറത്തു തട്ടി അമ്മച്ചി  എത്ര  ആശ്വസിപ്പിച്ചിട്ടും  എനിക്ക്  കരച്ചിൽ നിർത്താനായില്ല.കരച്ചിൽ  നിർത്തണം   എന്ന്  എനിക്ക്  അതിയായ  ആഗ്രഹം ഉണ്ടായിട്ടും,ഏതോ  വികാരതള്ളിച്ച  എന്റെ മനസ്സിനെ  എന്റെ പിടിയിൽ നിർത്തിയില്ല.അമ്മച്ചിയുടെ  ആശ്വാസവാക്കുകളോ, അയൽക്കാർ  കേട്ടാലോ എന്നുള്ള ആകുലതകളോ  ഒന്നും   എന്നെ സ്പർശിച്ചില്ല. കണ്ണുനീർ വീണ്ടും  വീണ്ടും ധാരയായി വന്നുകൊണ്ടിരുന്നു.ഏങ്ങലടികളും. 

അയൽ  വീട്ടിലെ  ജോർജേട്ടന്റെ  ജീപ്പിൽ   ഞങ്ങൾ   മലയിറങ്ങി. ഇരുപതു കിലോമീറ്ററിന്  അകലെയായിരുന്നു  ഏറ്റവും  അടുത്തുള്ള  ആശുപത്രി. അവിടെ  എത്തിയപ്പോഴും   എനിക്ക്  കരച്ചിലടക്കാൻ  സാധിച്ചില്ല.  ഡോക്ട്ടർ എന്തോ മരുന്ന്  കുടിക്കാൻ  തന്നു . ഞാൻ  ഉറക്കത്തിലേക്കു  മയങ്ങുമ്പോഴും കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നു.


കാലത്തെ   എഴുന്നേൽക്കുമ്പോൾ  അടുത്ത്  തന്നെ  ഉണ്ടായിരുന്നു   അമ്മച്ചി.   അക്കൽദാമ  എന്ന്  പറയുന്ന   ആ  ഭീകര രൂപത്തെ നാലാമത്തെ തവണ ആയിരുന്നു  ഞാൻ  സ്വപ്നം  കണ്ടത്. ഓരോ തവണയും  സ്വപ്നം കാണുകയും അലറിവിളിച്ചു  ഞെട്ടി എഴുന്നെല്ക്കുകയും ചെയ്യുക പതിവായിരുന്നു. 

ജോർജേട്ടൻ  ആയിരുന്നു  ആ  പുരോഹിതനെ പറ്റി  അമ്മച്ചിയോട്‌ പറഞ്ഞിരുന്നത്.പുരാതന കാലത്ത്  അത്ഭുത പ്രവർത്തികൾ  നടത്തിയിരുന്ന ഒരു അച്ചന്റെ  നാമധേയത്തിൽ  പ്രശസ്തി നേടിയ  ഒരു  പള്ളിയായിരുന്നു അത് . ഇപ്പോഴത്തെ   അച്ചനും പേരുകേട്ട ഒരാളാണെന്ന്  ജോർജേട്ടൻ സൂചിപ്പിച്ചിരുന്നു.അച്ചനെ  കാണാൻ  പോകാം  എന്ന്  അമ്മച്ചി പറഞ്ഞപ്പോൾ മുൻപെന്ന വണ്ണം    ഞാൻ  എതിർത്തില്ല.അക്കൽദാമ അത്രമാത്രം  എന്നെ അസ്വസ്ഥനാക്കാൻ  തുടങ്ങിയിരുന്നു .


പുരാതനമായ  ഒരു  പള്ളിയായിരുന്നു   അത്.പള്ളിയുടെ  മുന്നിലുള്ള   സ്റ്റോപ്പിൽ  ബസിറങ്ങുമ്പോൾ  അസാധാരണമാം വണ്ണം വലിപ്പമുള്ള  രണ്ടു മെഴുകുതിരിക്കൂടുകൾ  ഞാൻ  വാങ്ങി. ഒരു  ചെറിയ കയറ്റത്തിൽ  ആയിരുന്നു ആ  പള്ളി.ഏകദേശം  നാൽപ്പതിൽപ്പരം  പടികൾ കയറുമ്പോൾ  അമ്മച്ചി   വല്ലാതെ കിതച്ചു. 

അച്ചനെ   കാണാൻ  വളരെ  അധികം ആളുകൾ  അവിടെ  ഉണ്ടായിരുന്നു. ഏകദേശം ഒരു  മണിക്കൂറിനു  ശേഷം  അച്ചന്റെ  മുറിയിൽ  എത്തുമ്പോൾ എന്റെ പ്രതീക്ഷകളെ  തകർത്ത്   വളരെ  ചെറുപ്പക്കാരനായ  ഒരു   അച്ചനെ   കണ്ടു. അച്ചൻ  ദയാവായ്പോടെ  എന്നോട് എന്താണ്  കാര്യം  എന്ന്     ചോദിച്ചപ്പോൾ പേടി സ്വപ്‌നങ്ങൾ  ആണ്  എന്റെ  പ്രശ്നം  എന്ന്  ഞാൻ പറഞ്ഞു. അക്കൽ ദാമ എന്ന്  കേട്ടതും  അദ്ദേഹം  ചിന്തയിലാണ്ടു.അക്കൽദാമ എന്ത് എന്നറിയുമോ എന്ന  ചോദ്യത്തിനു   എനിക്ക്  ഉത്തരമുണ്ടായിരുന്നില്ല .

ബൈബിളിൽ  പരാമർശിക്കപ്പെട്ടിട്ടുള്ള  ഒരു  സ്ഥലമാണ്  അക്കൽദാമ എന്നത് എനിക്ക്  ഒരു പുതിയ  അറിവായിരുന്നു.യേശുവിനെ  ഒറ്റു കൊടുത്തതിനു പ്രതിഫലമായ മുപ്പതു  വെള്ളിക്കാശിനു വാങ്ങിയ  ഭൂമി ശ്മശാനത്തിനു ഉപയോഗിക്കുകയായിരുന്നു  എന്ന്  അദ്ദേഹം പറഞ്ഞു. നിങ്ങൾ  താമസിക്കുന്ന സ്ഥലം  ഇനി  ഒരുവേള  ശ്മശാന ഭൂമി  ആയിരിക്കുമോ  എന്ന  സന്ദേഹം അദ്ദേഹം  പ്രകടിപ്പിച്ചു.എന്റെ  തലയിൽ കൈവെച്ചു പ്രാർഥിച്ചതിന്  ശേഷം അദ്ദേഹം  നെറ്റിയിൽ  കുരിശു വരച്ചു.പള്ളിയിൽ മെഴുകുതിരികൾ കത്തിക്കുകയും  പ്രാർത്ഥിക്കുകയും  ചെയ്യണം  എന്ന് അദ്ദേഹം പറഞ്ഞു.സ്വപ്‌നങ്ങൾ  ചിലതിലേക്കുള്ള  ചൂണ്ടുപലകകൾ ആവുമത്രെ. 

ആകാംഷയോടെ  പുറത്തു നില്ക്കുകയായിരുന്നു  അമ്മച്ചി.നമ്മുടെ ഭൂമി ശ്മശാനഭൂമി ആയേക്കാം  എന്ന്  അച്ചൻ  സംശയം പ്രകടിപ്പിച്ചത്  ഞാൻ അമ്മച്ചിയോട്‌ പറഞ്ഞില്ല. ജോലി സ്ഥലത്തിനടുത്ത്  ചുളുവിലക്ക്  ലഭിച്ച ഭൂമിയിൽ  പുതു ജീവിതം  തുടങ്ങിയ  സന്തോഷത്തിൽ  ആയിരുന്നല്ലോ   അമ്മച്ചി.സ്ഥലവും വീടും  ഒരു  സ്വപ്നത്തിന്റെ  പേരിൽ  വിറ്റു തുലക്കാൻ എനിക്ക് മനസ്സുവന്നില്ല.അതുപോലെ തന്നെ    കുഴപ്പം പിടിച്ച ഭൂമി മറ്റൊരാൾക്ക്  കൈമാറുക  എന്നത്  എനിക്ക്  അസാധ്യമായിരുന്നു.ദൈവം മറ്റൊരുമാർഗം കാട്ടി തന്നിരുന്നെങ്കിൽ   എന്ന്  ഞാൻ വെറുതെ ആഗ്രഹിച്ചു..അപ്പച്ചന്റെ മരണശേഷം  ലഭിച്ച  ചെറിയ  തുകയും, വർഷങ്ങളായുള്ള  സമ്പാദ്യവും   പി .എഫ്  ലോണും  ഒക്കെ ചേർത്ത് വാങ്ങിയ ചെറിയ  തുണ്ടിനു  ഒരാളെ കണ്ടെത്തുക  എന്നത്  തന്നെ  ശ്രമകരം  എന്ന തോന്നൽ  എന്റെ  കണ്ണുകളെ നനയിക്കാൻ  തുടങ്ങിയത്,അമ്മച്ചിയിൽ  നിന്നും ഞാൻ  മറച്ചു  പിടിച്ചു. മെഴുകുതിരി കത്തിച്ചു  പ്രാർഥിക്കുമ്പോൾ  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.വൈകും വരെ  പള്ളിയിൽ  പ്രാർഥനയും മറ്റുമായി ഞങ്ങൾ   കഴിഞ്ഞു .

തിരികെയുള്ള  യാത്രാമദ്ധ്യേ,നമുക്ക്  സ്ഥലം ആർക്കെങ്കിലും കൊടുത്തു കടുത്തുരുത്തിയിൽ  ഉള്ള  വീട്ടിലേക്കു തിരിച്ചുപോയാലോ  ജോയിമോനെ എന്ന്   അമ്മച്ചി  പൊടുന്നനെ ചോദിച്ചപ്പോൾ  എനിക്ക് സങ്കടം  സഹിക്കാനായില്ല. നാളിതുവരെയുള്ള അധ്വാനം പാഴായിപ്പോകുന്നതിലുള്ള  സങ്കടത്തെക്കാളുപരി,എന്റെ മനസ്സമാധാനത്തിന് അമ്മച്ചി  വലിയ  സ്ഥാനം  കൊടുക്കുന്നു   എന്ന തോന്നലിൽ അമ്മച്ചിയുടെ തോളിൽ  തലചായ്ച്ചു  ഞാൻ  പൊട്ടിക്കരഞ്ഞു .    


കുളമാവ്  ടൌണിൽ  എത്തുമ്പോൾ സന്ധ്യയായിരുന്നു . വീട്ടിലേക്കു  തിരിയുന്ന വളവിലുള്ള  വറുഗീസേട്ടന്റെ  കടയുടെ  മുന്നിൽ  കൂടി നിന്നവർക്ക്‌   പറയാൻ ഒരു  വാർത്തയുണ്ടായിരുന്നു .ഡാമിന്  വേണ്ടി  സ്ഥലം  അക്വയർ ചെയ്യുമ്പോൾ സ്ഥലം  നഷ്ട്ടപ്പെടുന്നവരുടെ  കൂട്ടത്തിൽ  എന്റെ  വീടും പെടുമെന്നും, നഷ്ട്ടപരിഹാരമായി  നല്ലൊരു  തുക  കിട്ടുമെന്നും .നെഞ്ചിൽ കൈകൾ  വെച്ച് എപ്പോഴെത്തെതെന്നതുപോലെ  അമ്മച്ചി  ആകാശത്തേക്ക്  പ്രാർഥനാപൂർവ്വം   നോക്കി. 


രാത്രി  ആഹാരം  കഴിക്കവേ  കടുത്തുരുത്തിക്ക്  തിരിച്ചു പോയാലോ എന്ന് ഞാൻ  അമ്മച്ചിയോട്‌ ആരാഞ്ഞു.പിറന്ന  നാടിന്റെ  ഓർമ്മ അമ്മച്ചിയിൽ  ഒരു മന്ദസ്മിതം  വിരിയിരിച്ചു  എന്നെനിക്കു  തോന്നി .


12 അഭിപ്രായ(ങ്ങള്‍):

vettathan said...

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്നു തന്നെ.

എന്‍.പി മുനീര്‍ said...

അക്കൽ ദാമ..നല്ല പേരും കഥയും

ajith said...

കഥ കൊള്ളാം.

(കുളമാവിലെ ഒരുതുണ്ട് ഭൂമിയ്ക്ക് കിട്ടുന്ന സര്‍ക്കാര്‍ വില കൊണ്ട് കടുത്തുരുത്തിയില്‍ എന്തുചെയ്യും? എന്ന് എന്റെ പ്രായോഗികമനം ചിന്തിച്ചു.)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...വെട്ടതാൻ സാർ
നന്ദി...മുനീർ ഭായ്
നന്ദി..അജിത്‌ ഭായ്..

കുളമാവിലെ ഒരുതുണ്ട് ഭൂമിയ്ക്ക് കിട്ടുന്ന സര്‍ക്കാര്‍ വില കൊണ്ട് കടുത്തുരുത്തിയില്‍ എന്തുചെയ്യും എന്നതൊരു ചോദ്യമാണ് ! ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ ജോയിമോനും അമ്മച്ചിക്കും കടുത്തുരുത്തിയിൽ വീടുണ്ടല്ലോ !

>>>അപ്പച്ചന്റെ മരണശേഷം ലഭിച്ച ചെറിയ തുകയും, വർഷങ്ങളായുള്ള സമ്പാദ്യവും പി .എഫ് ലോണും ഒക്കെ ചേർത്ത് >>> ആണല്ലോ കുളമാവിൽ ഒരു തുണ്ട് ഭൂമി വാങ്ങിയത് !



ഏതായാലും ഒന്ന് എഡിറ്റ്‌ ചെയ്യേണ്ടി വരും ..ഹി ഹി !

ശ്രീ said...

കഥ നന്നായി, മാഷേ. ഒരു ഗ്യാപിനു ശേഷമാണല്ലോ വരവ് :)

keraladasanunni said...

എല്ലാറ്റിലും വലുത് മനസ്സമാധാനമല്ലേ

Muralee Mukundan , ബിലാത്തിപട്ടണം said...

കുളമാവ് കുളമാക്കി
കടുത്തുത്തിയിൽ കടമായാലും
കൂരയാവാമല്ലോ അല്ലെ
ഇതാണ് അക്കൽ ദാമ ...!

Sudheer Das said...

വായിച്ചു. ആശംസകള്‍.

© Mubi said...

മനസ്സമാധാനം കാശ് കൊടുത്താല്‍ കിട്ടില്ലല്ലോ.... "അക്കല്‍ ദാമ" കൊള്ളാം.

Vineeth M said...

കൊള്ളാട്ടാ...............

Harinath said...

Very Good .... :)

റോസാപ്പൂക്കള്‍ said...

കഥ ഒരു വിധം ഇഷ്ടമായി.