Oct 8, 2013

അജ്ഞാത ശരീരങ്ങൾ

വിശ്വനാഥൻ തന്റെ   വീടിന്റെ  പിന്നിലെ  ചെറിയ  ചാർത്തിൽ,വസുവിന്റെ മോട്ടോർ ബൈക്കിൽ  അരുമയോടെ    തലോടിക്കൊണ്ട് നില്ക്കവെയായിരുന്നു ഫോണ്‍ബെൽ മുഴങ്ങിയത്.ഫിലിപ്പ് സാർ എന്ന നാമം കാണവേ വിശ്വനാഥന്റെ  ഹൃദയം ശക്തിയായി  മിടിച്ചു.
 
 
സംശയിച്ചത് പോലെ തന്നെയായിരുന്നു  കാര്യങ്ങൾ.പിറ്റേന്ന് കാലത്തേ സ്റെഷനിലേക്ക്  ചെല്ലാനായിരുന്നു  ആ  വിളി.കോട്ടയം വരെ പോകണമത്രേ.
 
 
ആരായിരുന്നു എന്ന ചോദ്യവുമായി  വന്ന മഹേശ്വരിയമ്മയോടു ഫിലിപ്പ്സാർ  എന്ന് പറയുമ്പോൾ അവരുടെ  കണ്ണുകൾ  നിറയുന്നത്  അയാൾ കണ്ടു.എന്നത്തേയും പോലെ  അവരെ  ആശ്വസിപ്പിക്കാൻ അയാൾക്ക്‌  തോന്നിയില്ല .അജ്ഞാതശവങ്ങൾ തേടിയുള്ള  യാത്ര  അയാളുടെ  ജീവിതത്തിൽ  പതിവായി കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ഓരോ ശവശരീരങ്ങൾ  കാണുമ്പോഴും,അവ തന്റെ  മകന്റെതാണോ  എന്നറിയാനുള്ള  ആകാംക്ഷയും,അതിനു  ശേഷം  അതൊരു സ്ഥിരം പതിവായപ്പോൾ ഭീതിയാണോ,അറപ്പാണോ  എന്നൊക്കെ തിരിച്ചറിയാനാവാതെയിരുന്ന  വിശ്വനാഥന്  പിന്നെ പിന്നെ ചെറിയ ഒരു മരവിപ്പും,അതിനു ശേഷം നിസ്സംഗതയും   അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.മഹേശ്വരിയമ്മയുടെ സ്ഥിതിയും,വ്യത്യസ്തമായിരുന്നില്ല...ആദ്യമൊക്കെ  അലമുറയിട്ടു കരഞ്ഞും,ബോധം കെട്ടും ഒക്കെ ഓരോ വാര്തകളെയും  സ്വീകരിച്ചിരുന്ന  അവർ,ഇപ്പോൾ നിറയുന്ന  കണ്ണുകളോടെയും,ആ കണ്ണുകളുടെ  ആഴങ്ങളിൽ  ചെറിയ  ഒരു    പ്രതീക്ഷയോടെയും, കാര്യങ്ങൾ നേരിടാൻ  തുടങ്ങി  എന്നത്  അയാൾക്ക്‌ ഒരു  ആശ്വാസം തന്നെയായിരുന്നു.വസുവിന്റെ ബൈക്ക് തുടച്ചുവെച്ചും,മനസ്സ് വിഷമിക്കുമ്പോൾ ഒരു മകനെ തലോടുന്നതുപോലെ  അതിൽ  തലോടിയും, അയാള് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ,മകന്റെ മുറി അടുക്കി വെച്ചും, വസ്ത്രങ്ങളിലെ മകന്റെ  ഗന്ധം തേടിയും മഹേശ്വരിയമ്മ കാലം കഴിച്ചു.
 
 
വസു അവരുടെ  ജീവിതത്തിൽ  നിന്നും അപ്രത്യക്ഷനായിട്ടു  പതിമൂന്നു  മാസങ്ങൾ  കടന്നു പോയിരുന്നു.ജോലിയിൽ  ഒരിടത്തും  ഉറച്ചു നിൽക്കാത്ത  ഒരു പ്രകൃതമായിരുന്നു  വസുവിന്റെത്.ഓരോ ജോലികൾ മാറുമ്പോഴും, ഓരോരോ ന്യായങ്ങൾ  അയാൾക്ക്‌ പറഞ്ഞു.കോട്ടയത്തെക്കോ  മറ്റോ ദൂരയാത്ര പോകുമ്പോൾ,സാധാരണ ചെയ്യുന്നതുപോലെ,മുണ്ടക്കയം ബസ്സ്സ്റ്റാന്റിനു അടുത്തുള്ള മാധവേട്ടന്റെ ജ്യോതിഷാലയതിനടുതായിരുന്നു,വസുവിന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്നത്. മൊബൈൽ സ്വിച്ച്  ഓഫ്‌ ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു അതിനു ശേഷം.കൂട്ടുകാർക്കോ ബന്ധുക്കല്ക്കോ  ഒരു വിവരവും നല്കാതെ വസു എങ്ങോ പോയി മറയുകയായിരുന്നു.രണ്ടു ദിവസത്തിന് ശേഷം,പോലീസ് സ്റ്റെഷനിൽ  കൊടുത്ത പരാതിക്ക്  ശേഷമായിരുന്നു  അജ്ഞാത ശവങ്ങൾ തേടിയുള്ള വിശ്വനാഥന്റെ യാത്രകൾ  തുടങ്ങിയത്. ഏതെങ്കിലും  സ്റ്റെഷൻ അതിർത്തിയിൽ  ഒരു  അജ്ഞാത ശവം പ്രത്യക്ഷപ്പെട്ടാൽ,വിവരം അറിയിക്കലായി.പിന്നീടു ഒന്നോ രണ്ടോ  പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കിടക്കുന്ന സ്ഥലത്തോ,മെഡിക്കൽ കോളേജിലെ  പോസ്റ്റുമോർട്ടം  നടക്കുന്ന  സ്ഥലത്തേക്കോ  ഉള്ള  യാത്ര.യാത്രയുടെ  മുഴുവൻ ചിലവും, വിശ്വനാഥൻ  വഹിക്കണം  എന്ന  അലിഖിതമായ  നിയമം ഉണ്ടായിരുന്നു.ചിലവുകൾ  എന്നു  പറയുമ്പോൾ,ബസ്,തീവണ്ടി  യാത്രാ ചിലവുകൾ മുതൽ,ഭക്ഷണത്തിനും, മദ്യപാനത്തിനും  വരെ. ഫിലിപ്പ്സാർ മാത്രമായിരുന്നു പോലീസുകാരിൽ  അല്പം എങ്കിലും  അടുപ്പമോ,സഹതാപമോ  കാട്ടിയിരുന്നത്.അപൂർവമായി  കൂടെ പോകുമ്പോൾ ഭക്ഷണചിലവുകൾ  നല്കാൻ ഒരിക്കലും, അദ്ദേഹം വിശ്വനാഥനെ അനുവദിച്ചിരുന്നില്ല.


മെഡിക്കൽ കോളേജിൽ നിന്നും ഒരു അറിയിപ്പുണ്ട്. ചില    അടയാളങ്ങൾ  വെച്ച് നോക്കുമ്പോൾ........പിറ്റേന്ന് സ്റ്റേഷനിൽ വെച്ച് ഫിലിപ്പ് സാർ പകുതി  പറഞ്ഞു നിർത്തി.


കോട്ടയത്തേക്ക്  കൂടെ  വന്നത് പുതിയതായി  വന്ന രാധാകൃഷ്ണൻ എന്ന പോലീസുകാരനായിരുന്നു.കാലത്തേ  മുണ്ടക്കയത്തു വെച്ച് മൂക്ക്മുട്ടെ പ്രഭാത ഭക്ഷണം  കഴിച്ചിട്ടും,മെഡിക്കൽ കോളേജിൽ കയറും മുൻപ് അയാള് ചായ കുടിക്കാം  എന്ന് പറഞ്ഞു.ചായയും കടിയും കൂടെ ഒരു പാക്കറ്റ് സിഗരറ്റും കൂടി അയാൾ വാങ്ങിയതിനും കൂടി പണം കൊടുത്തപ്പോൾ, ഉച്ച ഊണിനു നല്ല  ഒരു ഹോട്ടലിൽ  കയറണം  എന്ന്  രാധാകൃഷ്ണൻ പറഞ്ഞു.

ശരീരം കാണാൻ വേണ്ടി പോകുമ്പോൾ, മുൻപെങ്ങും ഇല്ലാതിരുന്ന ഒരു ഭീതി  അയാളെ  ബാധിച്ചു. കാരണം  അടയാളങ്ങൾ  എല്ലാം  തന്നെ  വസുവും  ആയി  യോജിക്കുന്നതായിരുന്നു."ഓം" എന്ന് പച്ചകുത്തിയ കൈ എന്ന് പറഞ്ഞപ്പോൾ തന്നെ  അത്  തന്റെ വസുവായിരിക്കാം  എന്ന്  അയാൾക്ക്‌  ഉറപ്പായിരുന്നു.  എങ്കിലും, എല്ലാ  മനുഷ്യരെയും പോലെ  പ്രതീക്ഷയുടെ  ഒരു  നേരത്ത  കിരണം അയാളുടെ  മനസ്സിലും  ഉണ്ടായിരുന്നു.


പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മുറിക്കടുത്തായിരുന്നു ശരീരങ്ങൾ    സൂക്ഷിച്ചിരുന്നത്.മരുന്നുകളുടെയോ,ശവശരീരങ്ങളു
ടെതോ  എന്ന് വേർതിരിച്ചറിയാനാവാത്ത  ഒരു മണം അവിടെ എങ്ങും നിറഞ്ഞിരുന്നു.എപ്പോൾ  വേണമെങ്കിലും പൊട്ടിപൊയേക്കാവുന്ന  ഒരു  തേങ്ങൽ   ഉള്ളിലമർത്തി,വിശ്വനാഥൻ അയാൾക്ക്‌ കാണിച്ചു കൊടുത്ത ശരീരം നോക്കി.മുഖത്ത്  പൌഡറിന്റെ ഒരു പാടയുടെ പിന്നിൽ,ക്രൂരത  തളം കെട്ടിക്കിടക്കുന്ന  ഒരു  മുഖം.."അല്ല...ഇതല്ല...തന്റെ മകൻ ഇതല്ല"..എന്ന് അയാൾ പറഞ്ഞു.."ശരിക്ക് നോക്കെടോ...കാണാതായിട്ട്  കുറെ ആയില്ലേ...വല്ല  അടയാളമോ  മറ്റോ ഉണ്ടോ എന്ന് നോക്ക്" എന്ന്  രാധാകൃഷ്ണൻ  ദയ ഇല്ലാതെ  പറഞ്ഞു.തന്റെ മകനെ  തിരിച്ചറിയാൻ ഒരു  അടയാളങ്ങളുടെയും  ആവശ്യം ഇല്ല  എന്നയാൾ സ്വയം പറഞ്ഞു.  


മുണ്ടക്കയത്തെക്ക് ബസ് പിടിക്കും മുന്നേ,ആഗ്രഹിച്ചിരുന്നതുപോലെ തന്നെ ഒരു ബാർഹോട്ടലിൽ ഉച്ച ഭക്ഷണത്തിനായി  രാധാകൃഷ്ണൻ കയറി.മദ്യവും, ഊണും വാങ്ങി കൊടുത്തപ്പോൾ, രാധാകൃഷ്ണൻ സന്തോഷവാനായി."ഇനി എവിടെ എങ്കിലും  ശവം കാണാൻ പോകണം എന്നുണ്ടെങ്കിൽ, പറഞ്ഞാ മതി "എന്ന് പറയാനും, അയാൾ മറന്നില്ല.


 തിരിച്ചെത്തിയ  വിശ്വനാഥന്റെ  മുഖത്തെ ആശ്വാസം തിരിച്ചറിഞ്ഞ മഹേശ്വരിയമ്മ പറഞ്ഞു..."വസു വരും..നമ്മുടെ  കുട്ടി തിരിച്ചു വരും"

രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ,എത്രയെത്ര ശവശരീരങ്ങൾ തിരിച്ചറിയാൻ വേണ്ടി പോയിട്ടുണ്ട്  എന്ന്  ആലോചിക്കുകയായിരുന്നു  വിശ്വനാഥൻ. പതിമൂന്നോ, പതിന്നാലോ അതോ പന്ത്രണ്ടോ ഒരു വേള?കണ്ടതിൽ  ഏറ്റവും  ഭീതി ജനകമായിരുന്നത് കായംകുളത്തു ട്രെയിനടിയിൽ  ചാടി മരിച്ച ഒരുവന്റെ  ജഡം ആയിരുന്നു.കാലും  കൈയും അറ്റ ആ ശരീരത്തേക്ക്  ഒന്നേ നോക്കിയുള്ളൂ.എങ്കിലും ഉറക്കത്തിൽ  ഭയപ്പെടുത്തുവാൻ  ഇപ്പോഴും  തെളിഞ്ഞു  വരും    ആ മുഖം.വളരെയേറെ ആലോചിച്ചതിനു ശേഷം,ഉറക്കം വരും മുന്നേ  വിശ്വനാഥൻ  ഒരു തീരുമാനം  എടുത്തു കഴിഞ്ഞിരുന്നു..


കാലത്തേ,കോട്ടയത്ത്‌ എസ്.പി ഓഫീസിൽ പോയി, ഇനി തന്റെ  പരാതിയിന്മേൽ അജ്ഞാത ശവശരീരങ്ങൾ   തിരിച്ചറിയാനായി വിളിക്കേണ്ടതില്ല  എന്ന് എഴുതിക്കൊടുക്കുമ്പോൾ,മകൻ തിരിയെ എത്തും എന്ന പ്രതീക്ഷ മാത്രമായിരുന്നില്ല   അയാളിൽ.ഊരും പേരും അറിയാത്ത ശരീരങ്ങളിൽ  തന്റെ  മകന്റെ അടയാളങ്ങൾ  കണ്ടുപിടിക്കുന്നതിലുള്ള  മടുപ്പായിരുന്നു  കൂടുതൽ.


റെയിൽവേ സ്റ്റെഷൻ റോഡിൽ നിന്നും, നാഗമ്പടത്തെ ബസ്സ്റ്റാണ്ടിലേക്കു നടന്നു പോകും വഴി,അസഹ്യമായ  തലവേദന അയാൾക്ക്‌  തോന്നി.രക്തം തലയിലേക്ക് ഇരച്ചു കയറുന്നപോലെയും,കാഴ്ച  മങ്ങുന്നതുപോലെയും. വേച്ചുപോയ അയാൾ,റോഡരികിലെ കാനയിലേക്ക്  കുഴഞ്ഞു വീഴുനത് കണ്ടു തൊട്ടടുത്ത  ബീവറേജസ് കൊർപ്പറേഷനിൽ നിന്നും ഇറങ്ങി വന്ന  രണ്ടു  ചെറുപ്പക്കാർ  ഒരു ചിരിയോടെ  പറഞ്ഞു "കാലത്തെ  തന്നെ അമ്മാവൻ പാമ്പായല്ലോ ".കാനയുടെ അരികിലെ മരച്ചില്ലയിൽ നിന്നും  ഒരു ചെറിയ കുരുവി ഞെട്ടി പറന്നകന്നു..

മഹേശ്വരിയമ്മ അപ്പോൾ ഒരു കത്ത് വായിക്കയായിരുന്നു.വിശാഖപട്ടണത്തെ  ഒരു  ചെമ്മീൻ കമ്പനിയിൽ ജോലി കിട്ടിയെന്നും, സന്തോഷത്തോടെ ഇരിക്കുന്നുവെന്നുമുള്ള വസുവിന്റെ  കത്ത്.വിവരം വിശ്വനാഥനെ അറിയിക്കാനായി ഫോണ്‍ ചെയ്യുമ്പോൾ, ഫോണ്‍ ബെൽ കിടപ്പുമുറിയിൽ നിന്ന്  തന്നെ ഉയര്ന്നു.
 

അറുപതുവയസ്സ് തോന്നിക്കുന്ന  പുരുഷന്റെ അജ്ഞാത ശവശരീരം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്നു എന്ന  വാർത്ത ഒരു നിർവികാരതയോടെ പത്രത്തിലേക്ക്  വിളിച്ചു പറയുമ്പോൾ,സ്വ.ലേ.പിറുപിറുത്തു..."ഇന്നും  അജ്ഞാതൻ  മാത്രം .. "

27 അഭിപ്രായ(ങ്ങള്‍):

ശ്രീക്കുട്ടന്‍ said...

കാലം ഒരു വല്ലാത്ത വിളവെടുപ്പുകാരന്‍ തന്നെ. വായിച്ചൊന്നു പിടഞ്ഞുപോയ്....

വീകെ said...

ജീവിതം അങ്ങനെയാണ്.
അവസാനം ഒന്നു പൊള്ളിച്ചു ഉള്ളം...!
ആശംസകൾ...

roopeshvkm said...

ഉം...അവസാനം എഴുതി ല്ലേ...നന്നായിട്ടുണ്ട്

ലംബൻ said...

അവസാനം വായിച്ചു ഉള്ളം പിടഞ്ഞു. നൊമ്പരങ്ങള്‍ വീണ്ടു വീണ്ടും നല്‍കുന്ന കാലത്തിന്‍റെ കളികള്‍.

റോസാപ്പൂക്കള്‍ said...

നാളൊരു കഥ.
കഥാവസാനം വളരെ ഇഷ്ടപ്പെട്ടു.

Aneesh chandran said...

എന്റെ വിധി, എന്റെ തീരുമാനങ്ങളാണ്. ചില ജീവിതങ്ങളില്‍ അതങ്ങനെതന്നെയാണ്.

Echmukutty said...

കഥ നന്നായിട്ടുണ്ട്... പിരിമുറുക്കമുള്ള അന്തരീക്ഷം ശരിക്കും ലഭിച്ചു... അഭിനന്ദനങ്ങള്‍.

vettathan said...

പോലീസുകാരുടെ വകതിരിവില്ലാത്ത ഓസ്സ്,ജോലിയുടെ പ്രത്യേകത കൊണ്ടാവാം എന്‍റെ ഒരു അനുഭവം ഓര്‍ത്തു പോയി. കഥ നന്നായി.

RAGHU MENON said...

ഓരോരുത്തര്‍ക്കും അവരുടേതായ
സമയം വരും - അജ്ഞാതന്റെ വിവരം
റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്ന സ്വ. ലേ
യുടെ ദുഃഖം ഇഷ്ടപ്പെട്ടു- ഒരു 'സ്കൂപ്പ്'
നഷ്ടപ്പെട്ടതിന്റെ ദുഃഖം !

Pradeep Kumar said...

നല്ലൊരു വായന തന്നതിന് നന്ദി.....

ഫൈസല്‍ ബാബു said...

വ്യത്യസ്ഥമായ ഒരു കഥാ പ്രെമേയം. കൊള്ളാം കഥ .ഈ ഫോണ്ട് തീരെ ചെറുതായത് വായനയെ അലോസരപ്പെടുത്തുന്നു.

ajith said...

വില്ലേജ് മാന്റെ കഥകളൊക്കെ മാനുഷികവും ഭൌമികവുമാണ്. അതുകൊണ്ടുതന്നെ എളുപ്പം മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതും ആണ്!

Aarsha Abhilash said...

നഷ്ടമായി പോകുന്നവര്‍! കൂടുതല്‍ എഴുതാന്‍ ആകുന്നില്ല - വായനയില്‍ പ്രിയപ്പെട്ട ഒരാള്‍.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...ശ്രീ കുട്ടൻ..ഈ ആദ്യ വരവിനും, അഭിപ്രായത്തിനും.

നന്ദി..വീ കെ
.

നന്ദി..രൂപേഷ് അതെ..അവസാനം എഴതി..നമ്മൾ തമ്മിൽ സംസാരിച്ച ശേഷം!

നന്ദി..ശ്രീജിത്
നന്ദി..റോസാപൂക്കൾ
നന്ദി..അനീഷ്‌ കാത്തി
നന്ദി..എച്ചു്മു കുട്ടി

നന്ദി..വെട്ടത്താൻ സാർ
നന്ദി..മേനോൻ ജീ
നന്ദി..പ്രദീപ്‌ മാഷെ..

നന്ദി...നന്ദി..ഫൈസൽ ബാബു...ഫോണ്ട് അടുത്തത് നോക്കിയിട്ട് തീരെ ഭംഗി കണ്ടില്ല.. ബ്ലോഗറിന്റെ തീം അല്ലാത്തത് കൊണ്ടാവാം..


നന്ദി..അജിത്‌ ഭായ്..ഈ തുറന്ന അഭിപ്രായത്തിനു.മാനുഷിക മൂല്യങ്ങള ഇപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.


നന്ദി..ആർഷ അഭിലാഷ്..


രണ്ടു മാസം മുന്നേ ഒരു വെക്കേഷൻ സമയത്ത് , ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു സംഭവമാണ് ആദ്യ പകുതിയിൽ കഥാ രൂപത്തിൽ അവതരിപ്പിച്ചത്. രണ്ടാം പകുതി തികച്ചും ഭാവനയും. കഥയിൽ പറയുന്നതിനേക്കാൾ തീഷ്ണമായിരുന്നു ആ സംഭവം വിവരിച്ചപ്പോൾ ഉണ്ടായ മാനസിക വിഷം. അത് മുഴുവനായി കഥയില കൊണ്ടുവാരാൻ എന്നെ കൌണ്ട് കഴിയില്ല എന്ന് സമ്മതിക്കുന്നു. കാരണം എന്നെ കൊണ്ട് വാക്കുകളിൽ വിവരിച്ചു തീര്ക്കാനാവാത്ത ഒന്നായിരുന്നു അത്.

ബ്ലോഗുകളിലെ വായന കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്തിലും, ഇതിലെ വരികയും വായിക്കുകയും ചെയ്ത എല്ലാ പേര്ക്കും നന്ദി..

ഷാജു അത്താണിക്കല്‍ said...

Kollaam nannayi ezhuthi
ellaa ashamsakalum

കൊമ്പന്‍ said...

അക്ഞാതന്‍ മരണപെട്ടു എത്ര നിസാരമായിട്ടു വായിച്ചു തള്ളിയ വാര്‍ത്തകള്‍ ആയിരുന്നു അതൊക്കെയും ഇപ്പൊ ഇത് വായിക്കുമ്പോള്‍ ആണ്.ശരിക്കും നല്ല എഴുത്ത് ആശംസകള്‍ ശശിയേട്ടാ

ente lokam said...

സത്യം പലപ്പോഴും കഥകളെക്കാൾ അവിശ്വസനീയം
ആണ്..ഓരോ മനുഷ്യന്റെയും അനുഭവങ്ങള
മറ്റുള്ളവരോട് പറയുമ്പോൾ സംഭവം സംവദിക്കപ്പെടുന്നു എങ്കിലും അനുഭവം ഒരിക്കലും അത്രയും പങ്കു വെയ്ക്കാൻ
ആവില്ല.അത് കൊണ്ട് തന്നെ ആണ് ഓരോ വാര്ത്തകളും നമുക്ക് വെറും വാർത്തകൾ ആയി മാറുന്നത്..
നന്നായി എഴുതി..

...നാട്ടില ഒരു മോഷണം നടന്നിട്ടു വീട്ടു സാധനങ്ങള തിരിച്ചു അറിയാൻ ഇത് പോലെ പോലീസു കാര് കൊണ്ട് പോയി അവസാനം മടുത്തു എനിക്ക് ഇനി പരാതി ഇല്ല എന്ന് എഴുതിക്കൊടുത്ത ഒരാളെ
നേരിട്ട് അറിയാം..നല്ല പോലീസുകാരും കാണും.എന്നാലും കൂടുതലും
ഇത്തരത്തിൽ ഉള്ളവര എന്നാണ് കേള്വി...


എന്‍.പി മുനീര്‍ said...

കഥ കൊള്ളാം.കഥ യാദാർത്ഥ്യമെന്ന്തോന്നുന്ന രീതിയിൽ അവതരിപ്പിച്ചു.അല്ലെങ്കിലും യാദാർത്ഥ്യങ്ങൾ പലതും കൂട്ടി വെച്ചാലൊരു കഥയായി മാറുന്നത് കാണാമല്ലോ.

ശിഹാബ് മദാരി said...

നല്ല കഥ - നന്മയുള്ളതും

Muralee Mukundan , ബിലാത്തിപട്ടണം said...

മകന്റെ അജ്ഞാത ജഡം തേടി നടന്നിട്ട് അജ്ഞാത ജഡമാകേണ്ടി വന്ന വിധി ..!

ഏപ്രില്‍ ലില്ലി. said...

വ്യത്യസ്തമായ ഒരു കഥ. കൊള്ളാം . ഇഷ്ടപ്പെട്ടു .

Mukesh M said...

ഒരു നല്ല കഥ വായിച്ച സംതൃപ്തി. ആശയത്തിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുന്നില്ല. എല്ലാം അളന്നു-മുറിച്ചു, കഥയായി രൂപാന്തരം പ്രാപിക്കുന്ന രീതിയില്‍ പറഞ്ഞവസാനിപ്പിച്ചു.

ഹൃദ്യമായ ആശംസകള്‍ !!!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഷാജു..
നന്ദി..മൂസാക്കാ

നന്ദി..എന്റെ ലോകം..
നന്ദി..മുനീര് ഭായ്..
നന്ദി..ശിഹാബ്

നന്ദി..മുരളീ ഭായ്..
നന്ദി..ഏപ്രിൽ ലില്ലി..

നന്ദി..ധ്വനി..

Nidheesh Varma Raja U said...

സമൂഹത്തിന്റെ നേർ ഛേദം
അനാവരണം ചെയ്യുന്ന കഥ.

ശവം കാണാൻ പോകണമെങ്കിൽ പറഞ്ഞാൽ മതി എന്ന പോലീസുകാരന്റെ പറച്ചിലും, അമ്മാവൻ രാവിലെ തന്നെ പാമ്പായി എന്നെല്ലാം

ഒരു നേർത്ത വേദന അവശേഷിപ്പിക്കുന്ന ഗാനം

ശ്രീ said...

കൊള്ളാം മാഷേ

African Mallu said...

വളരെ സിമ്പിൾ ആയ കഥയെ അവതരണം കൊണ്ട് പൊലിപ്പിച്ചു , അവസാന ട്രാജഡി വേണ്ടിയിരുന്നോ ..

നളിനകുമാരി said...

മഹേശ്വരി അമ്മയുടെ മനസ്സിലേക്ക് ആശ്വാസത്തിന്റെ തെന്നല്‍ തഴുകിയെത്തിയ സമയത്ത് തന്നെ മറ്റൊരു ദുഖത്തിന്റെ കല്ല്‌ വലിച്ചെറിയണമായിരുന്നോ?