Aug 11, 2012

ദേവികയുടെ ഇരുപതുരൂപ

"സത്യം പറയണം..സത്യമേ പറയാവൂ..സത്യം പറഞ്ഞാല്‍ മോളെ അപ്പാ ഒന്നും ചെയ്യില്ല..ഈ പണം മോള്‍ അപ്പായുടെ പേഴ്സില്‍ നിന്നും എടുത്തതല്ലേ?"

നാലാമത്തെ തവണ ഈ ചോദ്യം ചോദിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു,മകള്‍ അങ്ങനെ ചെയ്യില്ല എന്ന്. എങ്കിലും ഒരു എട്ടു വയസ്സുകാരിക്ക് എവിടെ നിന്നും ഇരുപതു രൂപ കിട്ടാന്‍ എന്നത് എന്നെ വേവലാതിപ്പെടുത്തി.ഇനി ഒരു പക്ഷെ അവള്‍ എന്റെ പേഴ്സില്‍ നിന്നോ, അമ്മച്ചിയുടെ കാല്‍പ്പെട്ടിയില്‍ നിന്നോ അതുമല്ലെങ്കില്‍ മേഴ്സിയുടെ കൈയില്‍നിന്നോ ആവാം എന്ന സാധ്യത തള്ളിക്കളയാന്‍ എനിക്കായില്ല. പണം കട്ടെടുത്തത് തന്നെയാവാം എന്ന് ഞാന്‍ ഉറപ്പിക്കുമ്പോഴും ജീന അങ്ങനെ ചെയ്യില്ല എന്ന് സ്വയം വിശ്വസിക്കാനായിരുന്നു ഞാന്‍ കൂടുതല്‍ ശ്രമിച്ചത്‌ .

ജീനക്ക് ശേഷം ജീവനും, ജിത്തുവും കൂടി ഉണ്ടായെങ്കിലും ജീനയോടായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ട്ടം. ആദ്യമായി പിറക്കുന്നത്‌ ഒരു ആണ്‍കുട്ടിയാവണമേയെന്നു മറ്റേതൊരു പിതാവിനെപ്പോലെയും ഞാന്‍ ആഗ്രഹിച്ചുവെങ്കിലും, ജീനയുടെ കളിയും, ചിരിയും, എന്നെ അവളോട്‌ അടുപ്പിച്ചു എന്നതായിരുന്നു സത്യം. ഒരിക്കല്‍ അവള്‍ വലുതാകും എന്നും, മറ്റൊരാളിന്റെ ഭാര്യയായി മറ്റൊരു വീട്ടിലേക്കു പോകും എന്നുമുള്ള ചിന്ത ഒരുപാടുതവണ എന്റെ കണ്ണ് നനയിരിച്ചിരുന്നു .

സ്കൂളില്‍ നിന്നും എത്തിയതിനു ശേഷമുള്ള മേഴ്സിയുടെ ബാഗ് പരിശോധനയിലായിരുന്നു ഒളിപ്പിച്ചു വെച്ച നിലയില്‍ ഇരുപതു രൂപ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍, ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ദേവികാ ബാലന്‍ തന്റെ കൈയില്‍ പിടിക്കാന്‍ ഏല്‍പ്പിച്ചു എന്നായിരുന്നു ജീന പറഞ്ഞത്. ഓഫീസില്‍ നിന്നും എത്തിയ എന്നോട്, വഴക്കൊന്നും പറയരുതെന്നും, ഇനി അവള്‍ എടുത്തതാണെങ്കില്‍ തന്നെ ഒന്നുപദേശിച്ചാല്‍ എന്നും മേഴ്സി പറഞ്ഞു.

സ്നേഹത്തോടെയും, ഭീഷണിയുടെ സ്വരത്തിലും ഞാന്‍ പല പ്രാവശ്യം ചോദിച്ചു നോക്കിയിട്ടും പറഞ്ഞ ഉത്തരത്തില്‍ തന്നെ ജീന ഉറച്ചു നിന്നത് എന്നെ അത്ഭുതപരതന്ത്രനാക്കി.പല പ്രാവശ്യമായുള്ള ചോദ്യം ചെയ്യലും, ജീനാ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാത്തതും എന്നെ ദേഷ്യം പിടിപ്പിച്ചു. കൊച്ചു തുടയില്‍ കൈ കൊണ്ട് ഞാന്‍ ഒരു അടികൊടുതപ്പോള്‍, ജീനാ ഉറക്കെ കരഞ്ഞു. മിണ്ടരുത് എന്ന് ഞാന്‍ ആക്രോശിച്ചു.അപ്പായുടെ ഈ മുഖം കുഞ്ഞുങ്ങള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാവാം,ജീവനും ജിത്തുവും പേടിച്ചു അമ്മച്ചിയുടെ പിന്നില്‍ ഒളിച്ചു.

ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ജീന കുറ്റം ഏല്‍ക്കാന്‍ തയ്യാറാകാഞ്ഞതിനാല്‍ ദേവികയുടെ വീട്ടിലേക്കു പോകാനും വിവരം ചോദിക്കാനും ഞാന്‍ തീരുമാനിച്ചു. ഒരു പക്ഷെ ദേവികയുടെതല്ല പണം എങ്കില്‍ അവളുടെ മാതാപിതാക്കളുടെ മുന്നില്‍ നമ്മള്‍ നാണം കെട്ടേക്കാം എന്ന് മേഴ്സി എന്നെ ഓര്‍മ്മിപ്പിച്ചു. ഇനിയൊരുവേള, ദേവികയാണ് വീട്ടില്‍ നിന്നും പണം ചൂണ്ടിയതെങ്കില്‍, എന്റെ മകളെപ്പോലെ തന്നെ അവളെയും തിരുത്തേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചു.


ബാലന്റെ വീട്ടിലേക്കു കാറില്‍ പോകുമ്പോഴും ഞാന്‍ ജീനയോടു തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടെയിരുന്നു.ദേവിക പണം തന്റേതല്ല എന്ന് പറഞ്ഞാല്‍ മോളെ അവിടം മുതല്‍ വീടുവരെ തല്ലിക്കൊണ്ടേ വരൂ എന്ന് ഞാന്‍ പറഞ്ഞു. ജീന ഒന്നും പറഞ്ഞില്ല. ഒരുപാട് തവണ യായുള്ള ചോദ്യോത്തരങ്ങള്‍ ഒരു എട്ടുവയസ്സുകാരിക്ക് താങ്ങാന്‍ കഴിയാത്ത നിലയില്‍ ആണെന്ന് എനിക്ക് തോന്നി..

ഇനി ഒരു പക്ഷെ പണം ദേവികയുടെതല്ല എന്നവള്‍ പറഞ്ഞാല്‍ അപ്പാക്ക്‌ വലിയ വിഷമമാകും എന്ന് ഞാന്‍ പറഞ്ഞു. ഒരു പ്രഷര്‍ ടാക്ടിക്സ് എന്നതിലുപരി അത് സത്യമായിരുന്നു. ജീന ഒരു കള്ളിയായി തീരുക എന്നത് എനിക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രമാത്രം ഞാന്‍ അവളെ ഇഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും അവള്‍ വീട്ടില്‍ വന്ന ദിവസം ഞാന്‍ ഓര്‍ത്തു. പിന്നെ അവള്‍ ആദ്യം പിച്ച വെച്ച ദിവസവും, അപ്പാ എന്ന് വിളിച്ചതും ഒക്കെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് വന്നു. കണ്ണുകള്‍ നിറഞ്ഞു എന്നത് വഴി വിളക്കുകള്‍ മങ്ങിയതുപോലെ തോന്നിയപ്പോഴായിരുന്നു എനിക്ക് മനസ്സിലായത്‌.


രാത്രിയില്‍ അവിചാരിതമായി എത്തിയ എന്നെ അത്ഭുതത്തോടെയായിരുന്നു ബാലനും ഭാര്യയും സ്വീകരിച്ചത്. മോളുടെ സ്കൂള്‍ബാഗില്‍ നിന്നും ഇരുപതു രൂപ കണ്ടെത്തി എന്നും,അത് അവള്‍ മോഷ്ട്ടിച്ചതാണെന്നു തോന്നുന്നു എന്നും, ദേവിക നല്‍കിയതാണെന്നു കള്ളം പറഞ്ഞതാവാമെന്നുമായിരുന്നു ഞാന്‍ ബാലനോട് പറഞ്ഞത് . ഇത്രയും പറഞ്ഞു തീര്‍ത്തപ്പോഴേക്കും അകത്തെ മുറിയില്‍ നിന്നും ഒരു വലിയ കരച്ചില്‍ ഞാന്‍ കേട്ടു. ബാലന്റെ ഭാര്യ മുറിയിലേക്ക് പോയി. തിരിച്ചെത്തിയ അവരുടെ മുഖത്ത് ഒരു വിഷമം ഞാന്‍ കണ്ടു.

വഴക്കൊന്നും പറയണ്ട, ഉപദേശിച്ചാല്‍ മതി എന്ന് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍, പണം ദേവികയുടെതല്ലായിരുന്നെകില്‍ എന്റെ അവസ്ഥ എങ്ങനെയാകുമായിരുന്നോ,അങ്ങനെ തന്നെയാണല്ലോ ബാലന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു. ജീനയെക്കൂട്ടി വരേണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറില്‍ തിരിച്ചു വരും വഴി എന്തുകൊണ്ട് ഞാന്‍ ജീന പറഞ്ഞത് മുഖവിലക്കെടുതില്ല എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.


ജീന പുറത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളുടെ തുടയില്‍ തിണര്‍ത്തു കിടന്ന പാടില്‍ ഞാന്‍ അരുമയോടെ തലോടി. ജീന അപ്പോള്‍ തലതിരിച്ചു എന്നെ നോക്കി. അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ കുഞ്ഞിക്കൈകള്‍ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചിട്ടു എല്ലായ്പ്പോഴും എന്നപോലെ അവള്‍ പറഞ്ഞു..

ഐ ലവ് യു അപ്പാ..


41 അഭിപ്രായ(ങ്ങള്‍):

Unknown said...

ശരിക്കും അച്ഛന്‍റെ വികാരങ്ങള്‍ വായനക്കാരുടെ മനസ്സിലേക്ക് കയറും. നല്ല ഒരു കുറിപ്പ്‌... ആശംസകള്‍....; ജീന മോളെ തിരക്കി എന്ന് പറയണെ...

നാച്ചി (നസീം) said...

ഒരു നനവ്‌ എന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു ,അത് ഈ കഥ വായിച്ചിട്ടല്ല ..ആ ആപ്പയുടെയും ജിനിയുടെയും മനസ് അറിഞ്ഞത് കൊണ്ട് ,,വീണ്ടും എഴുതുക ഇങ്ങനെ വായന സുഖം നല്‍കുന്ന ഓരോ വരികളും ,ആശംസകള്‍

ഏപ്രില്‍ ലില്ലി. said...

കുറെ നാളായി ഇത് വഴി ഒക്കെ വന്നിട്ട്. എന്നിട്ട് വന്നപ്പോഴോ..നല്ല ഒരു പോസ്റ്റും കിട്ടി. ഒരു കൊച്ചു സംഭവം മനസ്സില്‍ ഉണ്ടാക്കിയ വികാരങ്ങളെ നന്നായി എഴുതിയിട്ടുണ്ട് സുഹൃത്തേ.

vettathan said...

ജീവിതത്തിന്‍റെ ഒരേട്.മാതാപിതാക്കള്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധി ഭംഗിയായി ചിത്രീകരിച്ചു.

ഒരു ദുബായിക്കാരന്‍ said...

ഒരു പിതാവിന്റെ ആത്മ സംഘര്‍ഷങ്ങള്‍ നന്നായി അവതരിപ്പിച്ചു. നിസ്സാരം എന്ന് തോന്നാവുന്ന ഒരു ചെറിയ കാര്യം മനോഹരമായി എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ പോസ്റ്റ്‌ !

വിചാരം said...

നല്ല രക്ഷിതാവിന്റെ നല്ല മനസ്സ് , ഞാനീ കഥയില്‍ അല്ലെങ്കില്‍ സംഭവത്തില്‍ കാണുന്നത്.

ഷാജു അത്താണിക്കല്‍ said...

ho
എത്ര നല്ല എഴുത്ത്

ആശംസകൾ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ലളിതം അപ്പോഴും സുന്ദരം ,എഴുത്തിന്‍റെ വൈഭവം കൊണ്ട് ഹൃദ്യമായ പോസ്റ്റ്‌ .അഭിനന്ദനങ്ങള്‍

റിനി ശബരി said...

ഒന്നു നൊന്തേട്ടൊ സഖേ ..
എന്റെ മോളൊന്നു വന്നു മുന്നില്‍ ...
ഒന്നില്‍ മാത്രമൊരു മാറ്റം തൊന്നിയെനിക്ക് ..
എതൊരു പിതാവും ആദ്യം ആഗ്രഹിക്കുക
ആണ്‍കുട്ടിയേ ആണോ കൂട്ടുകാര ?
എനിക്ക് തൊന്നുന്നത് പെണ്‍കുട്ടിയേ ആയിരിക്കുമെന്നാണ് ..
ചിലപ്പൊളത് എന്റെ തൊന്നലുകള്‍ മാത്രമാകാം .
മോളുനേ അവിശ്വസ്സിക്കാതിരിക്കാമയിരുന്നല്ലേ ?
എന്താ ചെയ്ക .. " അവസ്സാന വരികള്‍ ഒന്നു വിങ്ങി "

ഉദയപ്രഭന്‍ said...

അച്ഛന്റെ മനോവികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. സ്നേഹത്തില്‍ പൊതിഞ്ഞ ശാസനകള്‍ നല്ലതാണ്. നല്ല കഥ. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

കഥ അനുഭവമാകുമ്പോള്‍ വായന സുഖം നല്‍കുന്നു. അവിശ്വാസവും വിശ്വാസവും തിട്ടപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ മനസ്സിനുണ്ടാകുന്ന വേദന അത് തിരിച്ചറിയുമ്പോള്‍ വര്‍ദ്ധിക്കും. നന്നായിരിക്കുന്നു.

Chentaamara said...

Villagemaan veendum kalakki.... Jeenayude maanasikavaste patti orthu poyi.. Appa enne vishwasichillallo... Ennalum Kunju manassu ellam marannu I love u Appa ennu paranjallo... Athu kemamayi. Good work , keep it up!

Anonymous said...

നല്ല ലേഖനം. മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന പ്രശ്നമാണിത്.

വീകെ said...

സ്വന്തം മോളേ വിശ്വാസത്തിലെടുക്കാതെ, ആ‍ കുരുന്നിനേയും കൊണ്ട് നടത്തിയ ഈ സാഹസികയാത്ര എനിക്ക് അംഗീകരിക്കാനാവില്ല. സത്യം അറിയാൻ കുഞ്ഞിനെ കൂടാതെ പോയി ബോദ്ധ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്...
ഇത് നിസ്സാരമെന്നു തോന്നാമെങ്കിലും തിരിച്ചറിവായ ആ കുട്ടിയുടെ മനസ്സിലുണ്ടാക്കിയിട്ടുള്ള അവിശ്വാസത്തിന്റെ മുറിവ്, അതും സ്വന്തം അപ്പാ.. എപ്പോൾ ഏതു രീതിയിൽ അവളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഇനിയും വരാനിരിക്കുന്നതേയുള്ളു.
I love you appa.. എന്നു പറഞ്ഞത് ആ കുരുന്നു മനസ്സിൽ ഉരുണ്ടു കൂടിയ ഭയത്തിൽ നിന്നുമാകാം. അതൊരിക്കലും സ്നേഹത്തോടെയോ, സന്തോഷത്തോടെയോ പറഞ്ഞതാവാൻ വഴിയില്ല.
കഥ നന്നായി പറഞ്ഞു.
ആശംസകൾ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..വിഗ്നേഷ് ..ഈ ആദ്യ അഭിപ്രായത്തിനു.

നന്ദി..നസീം...ഈ മനസ്സില്‍ തട്ടിയ അഭിപ്രായത്തിനു..

നന്ദി..ഏപ്രില്‍ ലില്ലി..

നന്ദി..വെട്ടത്താന്‍ സര്‍..എന്തൊക്കെ നേരിട്ടാലാണ് ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാന്‍ പറ്റുക എന്നത് കുട്ടിക്കാലത്ത് ആര്‍ക്കും മനസ്സിലാവില്ല എന്നതാണ് സത്യം..അഭിപ്രായത്തിനു നന്ദി.

നന്ദി..ദുബായിക്കാരാ...ഇതൊരു നിസ്സാര പ്രശ്നമാണെന്ന് തോന്നിയോ!

നന്ദി..വിചാരം...ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

നന്ദി..ഷാജു
നന്ദി.സിയാഫ്..

നന്ദി..റിനി ശബരി..പല സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്, അത് വെച്ച് എഴുതി എന്നേയുള്ളു കേട്ടോ..ചിലപ്പോ തെറ്റാവാം ..തുറന്ന അഭിപ്രായത്തിനു നന്ദി..

നന്ദി..രാംജി ഭായ്..

നന്ദി..ഉദയപ്രഭന്‍..ശാസനകള്‍ എങ്ങനെ ഉള്ളതായാലും, ചില പ്രായത്തില്‍ അത് കൂടിയേ തീരു എന്നാ വിശ്വാസക്കാരനാണ് ഞാന്‍..

നന്ദി..ചെന്താമര..
നന്ദി..ഫയസ്‌

നന്ദി..വീകേ..തുറന്ന അഭിപ്രായത്തിനു നന്ദി..

നിരക്ഷരൻ said...

കുട്ടികളെ അത്രയ്ക്കധികം അവിശ്വസിക്കരുതെന്ന ഒരുപദേശം കഴിഞ്ഞ ആഴ്ച്ച എനിക്ക് കേൾക്കേണ്ടി വന്നു. അതുകൊണ്ടാകണം ഒരച്ഛന്റേയും മകളുടേയും മാനസ്സികാവസ്ഥ എനിക്കെളുപ്പം മനസ്സിലാകുന്നുണ്ട് ഈ വരികളിൽ നിന്ന്....

Unknown said...

നല്ല കഥ. അവസാനത്തെ ലവ് യൂ അപ്പാ എന്നത് വായിച്ചപ്പോള്‍ ശരിക്കും കരച്ചില്‍ വന്നു..

ajith said...

എന്തുകൊണ്ടാണ് നാം കുഞ്ഞുങ്ങളെ അവിശ്വസിക്കുന്നത്?

നമുക്ക് വളരെയധികം മുന്‍വിധികളുണ്ടായിരിയ്ക്കാം. അതുകൊണ്ടാവാം.

വളരെ നന്നായി എഴുതി. ഓരോ നിമിഷവും വായനക്കാരെ അനുഭവിപ്പിച്ച്, മനസ്സില്‍ ദൃശ്യമാക്കി, ഏത് കുടുംബത്തിലും സംഭവിക്കാവുന്നതാണല്ലോ എന്ന് ചിന്തിപ്പിച്ച്, അവസാനം വരെ തുടര്‍ച്ച്യ്ക്ക് ഭംഗമില്ലാതെ വളരെ നന്നായി എഴുതി. അനുമോദനങ്ങള്‍.

RAGHU MENON said...

a simple & common incident through
which every parent has gone through
at one stage or the other. well depicted and narrated in your own style - good one- keep writing

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..നിരരക്ഷരന്‍...താങ്കളെപോലെയുള്ള ഒരു പ്രമുഖ ബ്ലോഗര്‍ ഇവിടെ വന്നതിലും അഭിപ്രായം വന്നതിലും വളരെ സന്തോഷം.I am honoured!

നന്ദി..സുനി.

നന്ദി..അജിത്‌ ഭായ്..വിശദമായ അഭിപ്രായത്തിനു..

നന്ദി..രഘു മേനോന്ജി

കല്യാണിക്കുട്ടി said...

really touching.................

Unknown said...

കുറിപ്പ് നന്നായി..
കുട്ടിക്കൊരു തിരിച്ചറിവു മാത്രമായിരുന്നു വേണ്ടിയിരുന്നത്... അതിൽ ശിക്ഷിക്കാനോ, അത് തെളിയിക്കാനുള്ള യാത്രയുടെയോ ഒന്നും ആവശ്യം ഇല്ലായിരുന്നു. കല്ല്യാണം കഴിയാത്ത ഞാൻ ഇതു പറയാൻ കാരണം എന്റെ ചെറുപ്പത്തിൽ അച്ഛൻ എന്നോട് ഇതുപോലൊരവസ്ഥയിൽ പെരുമാറിയതിൽ നിന്നാണു. തെറ്റ് എന്റെ ഭാഗത്ത് തന്നെയായിരുന്നു. എന്നിട്ടും നിസാരകാര്യങ്ങൾക്ക് തല്ലുന്ന അച്ഛൻ എന്നെ തല്ലിയില്ല, സങ്കടം നിറഞ്ഞ ഒരു നോട്ടത്തിൽ ഞാൻ തകർന്നു പോയി, അതിനു ശേഷം അതുപോലൊരു തെറ്റു ഞാൻ സ്വപനത്തിൽ പോലും ചിന്തിക്ക കൂടി ച്എയ്തിട്ടില്ല,

മിണ്ടാട്ടക്കാരന്‍ said...

ഇങ്ങള് പാവം കൊച്ചിനെ പിച്ചി കരയിച്ചു അല്ലെ..? അത് വേണ്ടായിരുന്നു.. :-(
മേലാല്‍ കൊച്ചിനെ നൊവിച്ചേക്കരുത്..ങാ ഹാ..

Arjun Bhaskaran said...

Kunjungale aviswasikkaan paadilla. Adhava thetu cheythengil thiruthaan sramikkanam.. dehopadravam elpikkathe!ente abhipraayamaanutto. Endaayaalum nalloru kadha..

Arjun Bhaskaran said...

Kunjungale aviswasikkaan paadilla. Adhava thetu cheythengil thiruthaan sramikkanam.. dehopadravam elpikkathe!ente abhipraayamaanutto. Endaayaalum nalloru kadha..

Muralee Mukundan , ബിലാത്തിപട്ടണം said...

നൊമ്പരമുളവാക്കുന്ന പല
അനുഭങ്ങളും ആവിഷ്കരിക്കുമ്പോൾ
അവ നമ്മുടെ മനസ്സിനുള്ളിൽ നിന്നും
തനിയേ വരും...!
അത് തന്നേയാണ് ഭായിയുടെ ഈ ഈ എഴുത്തിലും പ്രതിഫലിച്ച് കണ്ടത്..

അഭിനന്ദനങ്ങൾ...!

- സോണി - said...

മുന്‍പ്‌ എസ്.എം.എസ്സായി വന്ന ഒരു കഥ ഓര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍.
പുതിയ കാറില്‍ നാലുവയസ്സുകാരന്‍ കോറിവരയ്ക്കുന്നത് കണ്ട അച്ഛന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിന് സ്പാനര്‍ പോലുള്ള ഒരു ആയുധം എടുത്ത് കുഞ്ഞിന്‍റെ കൈവിരലുകളില്‍ അടിച്ചു. എല്ലുകള്‍ നുറുങ്ങി അവന്‍റെ നാല് വിരലുകള്‍ ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. വിങ്ങുന്ന വേദനയില്‍ അവന്‍ അച്ഛനോട് ചോദിച്ചു, "അച്ഛാ, എന്നാണിനി എന്റെ വിരലുകള്‍ വളര്‍ന്നുവരിക?" സഹിക്കാന്‍ കഴിയാതെ വീട്ടില്‍ തിരികെ എത്തി തളര്‍ന്നിരുന്ന അച്ഛന്‍ ആ കാറ് കണ്ടു, നാലുവയസുകാരന്‍ അതില്‍ കോറിയിരുന്നത് ഇങ്ങനെയായിരുന്നു, "ലവ് യൂ ഡാഡ്". ആ അച്ഛന്‍ സങ്കടം സഹിക്കാതെ ആത്മഹത്യ ചെയ്തു എന്നാണ്...
ഇത് വായിച്ച ശേഷം... കുഞ്ഞിനോട് ദേഷ്യപ്പെടുകയും അവനെ ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ മനസ് ചിലപ്പോള്‍ സ്വയം വിലക്കാറുണ്ട്...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കല്യാണിക്കുട്ടി..

നന്ദി..സുമേഷ്..ചിലപ്പോള്‍ ഒരു നോട്ടം മതി എന്നത് സത്യം..

നന്ദി..മിണ്ടാട്ടക്കാരന്‍...അപ്പ അങ്ങനെ ഒക്കെ ഓര്‍ക്കും..എന്നാലും..

നന്ദി..മാഡ്..

നന്ദി..മുരളീ ഭായ്..ഈ വിശദമായ അഭിപ്രായത്തിനു..

നന്ദി..സോണി..


African Mallu said...

ശരിക്കും നൊമ്പരപ്പെടുത്തി .നമ്മുടെ നാട്ടില്‍ കുട്ടികള്ക് സ്കൂളില്‍ പോവുമ്പോള്‍ പണം കൊടുക്കുന്ന ശീലം ഇല്ല .എന്നാല്‍ ഇവിടെ എല്‍ .കെ .ജി തൊട്ടേ ദിവസവും പണം കൊടുക്കുന്ന ശീലമുണ്ട് എന്റെ നര്‍സറിക്കാരി മകള്‍ കൂട്ടുകാര്‍ പണം കൊണ്ട് വരുന്നതും മിട്ടായി വാങ്ങി കഴിക്കുന്നതും ഒക്കെ വിവരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വായിച്ചെടുക്കാം സങ്കടം. പക്ഷെ ഇത്ര ചെറുപ്പത്തിലെ അവള്‍ക്കു പണം കൊടുക്കണോ എന്നാലോചിച്ചു ഞാനും കണ്‍ഫ്യൂഷന്‍ ആവും. മോള്‍ക്ക്‌ വേണ്ടതെല്ലാം ഇവിടുന്നു തന്നു വിടുന്നില്ലേ എന്ന് ചോദിക്കും. ഇപ്പൊ അതെല്ലാം ഇത് വായിച്ചു എന്നെ ഓര്‍മിപ്പിച്ചു. ( ഔട്ട്‌ ഓഫ്‌ ടോപ്പിക്ക് ആയോ എന്നൊരു ഡൌട്ട് )

A said...

അപ്പന്റെയും മകളുടെയും ആത്മ ബന്ധം അതീവ ഹൃദ്യമായി
എഴുതി. വായനക്കാരനെ നേരെ കഥയിലേക്ക്
കൊണ്ട് പോകുന്ന രീതി ഇഷ്ടമായി.

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

ചെറുത്* said...

അതേയ് ഈ ബാലേട്ടന് ബ്ലോഗ് വല്ലോംണ്ടോ? ചുമ്മാ പോയൊന്ന് നോക്കാനാ ;)
മുകളിലൊരു കമന്‍‍റില്‍‍ കണ്ട പോലെ ഇത്ര എടുത്തുച്ചാട്ടം വേണ്ടാര്‍‍ന്നു.
ചെറുതിന് തോന്നിയ കാര്യം അവസാനഭാഗത്ത് പറയേം ചെയ്തു. ദേവീകേടേം അവള്‍‍ടച്ഛന്‍‍റേം അവസ്ഥ.
പിള്ളേരെ ഒഴിവാക്കി ബാലേട്ടനോട് കാര്യം ഡിസ്കസിയാ പോരാര്‍ന്നോ. ഹും

അച്ഛനാണത്രെ അച്ഛന്‍‍ ;)
((( എസ്കേ....പ്പ് )))

sarath said...

Valare nannaayirikkunnu Villagemaan... Vaayikkan oru sukhamund

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ആഫ്രിക്കന്‍ മല്ലു..ഔട്ട്‌ ഓഫ് ടോപ്പിക്ക് ഒന്നും ആയിട്ടില്ല...പല രക്ഷിതാക്കളും ഫേസ് ചെയ്യുന്ന പ്രശ്നം ആണിത്.

നന്ദി..സലാം ഭായ്

നന്ദി..കഥപ്പച്ച..ഈ ആദ്യവരവിനും വായനക്കും

നന്ദി..ചെറുത്‌

നന്ദി..ശരത്

Mohiyudheen MP said...

എഴുത്ത്‌ മനോഹരമായി, ലളിതം സുന്ദരം ഹൃദ്യം... ആശംസകള്‍ ശശി... കുഞ്ഞുങ്ങളുടെ തെറ്റുകള്‍ നിഷ്ക്കളങ്കതകളുമെല്ലാം നമുടെ വിശാലമായ മനസ്സിലാക്കാന്‍ വലിയ പാടാ... പല അര്‍ത്ഥങ്ങള്‍ നാം കൊടുക്കും...

പൈമ said...

http://pradeeppaima.blogspot.in/2012/08/blog-post_22.html

പൈമയില്‍ ഒരു പോസ്റ്റ്‌ ഉണ്ട്
വായിക്കണേ

Feroze said...

VERY NICE BLOG AND POST !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

viddiman said...

ഞാനീ അവസ്ഥയിലായാലെന്തു ചെയ്യും എന്നാലോചിക്കുകയായിരുന്നു..
തിരിച്ചും മറിച്ചും ചോദ്യം ചെയ്ത ശേഷം, അവൾ പറഞ്ഞത് വിശ്വസിക്കുന്നെന്ന് നടിക്കും. അതിനു ശേഷം കൂട്ടുകാരിയുടെ അച്ഛനെ വിളിക്കും.

എന്റെ അച്ഛൻ കുസൃതികൾക്കൊന്നും കാര്യമായി ശിക്ഷിച്ചിരുന്നില്ല.. പക്ഷെ നുണ പറഞ്ഞാൽ..അടിയുടെ പൊടി പൂരമായിരിക്കും. അതുകൊണ്ടിപ്പോഴും, നുണകളുടെ ഭാരം ചുമന്നു നടക്കാനുള്ള ശേഷിയില്ല..

വേണുഗോപാല്‍ said...

ജീവിതത്തില്‍ ഓരോ മാതാപിതാവിനും നേരിടേണ്ടി വരുന്ന ഇത്തരം നിമിഷങ്ങള്‍. വായിച്ചു മനം നൊന്തു സുഹൃത്തെ. ഒരച്ഛന്റെ സ്നേഹവായ്പ്പുകളും, വികാര വിക്ഷോഭങ്ങളും തനിമ ഒട്ടും ചോരാത്ത വിധത്തില്‍ ലളിതമായി കുറിച്ചിട്ടിരിക്കുന്നു. പോസ്റ്റ്‌ ഇഷ്ട്ടമായി

ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...മൊഹീ

നന്ദി..പൈമ

നന്ദി..ഫിറോസ്‌

നന്ദി..വിഠിമാന്‍

നന്ദി..വേണുജീ


വായിച്ചവര്‍ക്കും വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

jayanEvoor said...

നല്ല കഥ.

സ്വന്തം മോളേ ഓർത്തുപോയി.
നിരക്ഷരൻ പറഞ്ഞത് ശ്രദ്ധേയം.