Apr 18, 2011

വേഷ പ്രശ്ചന്നനായ ദൈവം...


മീറ്റിങ്ങിനുശേഷം തിരിയെ ഓഫീസില്‍ എത്തിയപ്പോള്‍ രാധാഭായിയുടെ മൂന്നു മിസ്ഡ് കോളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു മാത്രമേ എനിക്ക് തിരിച്ചു വിളിക്കാന്‍ സാധിച്ചുള്ളൂ.രാധാഭായി നാട്ടില്‍ നിന്നും തിരിച്ചെത്തി എന്ന് അറിഞ്ഞിരുന്നെകിലും അതിനു ശേഷം അവരോടു സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.


അസുഖം ആയി നാട്ടില്‍ പോയപ്പോള്‍ ഇനി തിരിയെ വരുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇരുപതു കൊല്ലം പലവീടുകളിലായി പണിയെടുത്തു കഴിഞ്ഞ ഒരു പാവം.ഭര്‍ത്താവ് ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.പിന്നെ രണ്ടു പെണ്‍ മക്കള്‍ക്കായി ജീവിച്ചു തീര്‍ത്ത ജന്മം. മക്കളുടെ കല്യാണവും, പ്രസവവും, സ്ഥലം മേടിക്കലും ,വീടുവെക്കലും ഒക്കെ കാരണം ഒരു തിരിച്ചുപോക്ക് അന്യമായി തീരുകയായിരുന്നു.



നാട്ടില്‍ നിന്നും ഒരിക്കല്‍ അവര്‍ വിളിച്ചിരുന്നു. കാന്‍സര്‍ ആണ് അസുഖം എന്ന് സ്ഥിതീകരിച്ചു എന്ന് അവര്‍ പറഞ്ഞു. ഇനി തിരിയെ വരുന്നില്ല എന്നും,മരിക്കുന്നെങ്കില്‍ മക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ മരിക്കട്ടെ എന്നും പറഞ്ഞപ്പോള്‍ അവസാനകാലത്ത് മക്കളുടെ കൂടെ നില്ക്കാന്‍ ഭാഗ്യം ഉണ്ടായല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു.



രാധാഭായി ഉള്‍പ്പെടുന്ന സമുദായത്തിന്റെ സംഘടന പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു.അതിന്റെ എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗമായിരുന്ന ഒരാള്‍ എന്റെ അടുത്ത സ്നേഹിതന്‍ ആയതിനാല്‍ ഞാന്‍ അവര്‍ വഴി എന്തെകിലും സാമ്പത്തിക സഹായം ചെയ്യാന്‍ പറ്റുമോ എന്ന് ആരാഞ്ഞിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് മാത്രമേ ഇതേപോലെ ഉള്ള അവസരത്തില്‍ സഹായം കൊടുക്കാന്‍ അവര്‍ക്ക് കഴിയൂ എന്ന മറുപടിക്ക് "എങ്കില്‍ ഇനി രോഗങ്ങള്‍ നിങ്ങളുടെ അംഗങ്ങള്‍ക്ക് മാത്രം വരുത്താവു എന്ന് പ്രാര്‍ത്ഥിക്കൂ" എന്ന മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ രോഷം അതിനെക്കാള്‍ കൂടുതലായി പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നുമില്ല.



ഭാര്യയുടെ പ്രസവ ശ്രുശ്രുഷകള്‍ക്കായി ആയിരുന്നു അവര്‍ വന്നത്. അല്‍പ്പം തന്റേടം കാട്ടുന്ന ഒരു പ്രകൃതം ആയിരുന്നതിനാല്‍ ആദ്യം എനിക്കോ ഭാര്യക്കോ ഇഷ്ട്ടം ആയിരുന്നില്ല. എന്നാല്‍ പ്രസവാനന്തര പരിചരണത്തിന്റെ കാര്യത്തില്‍ ഒരു കുറ്റവും പറയാനാവാത്ത ഒരാളായിരുന്നു രാധാഭായി . തന്റെ പ്രയാസങ്ങള്‍ ഒരിക്കലും പറയാന്‍ അവര്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല.വീട്ടുജോലിക്കായി ആഴ്ചയില്‍ രണ്ടുദിവസം വരുമായിരുന്ന സുമതിയിലൂടെ ആയിരുന്നു രാധാഭായിയുടെ കഥ ഞങ്ങള്‍ അറിഞ്ഞത്.പിന്നീട് ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു അവര്‍. മകള്‍ വലുതായി സ്കൂളില്‍ പോയി തുടങ്ങിയിട്ടും വല്ലപ്പോഴും ഒക്കെ അവര്‍ വരും. വാത്സല്യത്തോടെ മുടിയില്‍ തഴുകും. "നിനക്കറിയാമോ, ഉണ്ടായപ്പോള്‍ നീ ദേ ഇത്രേം ഉള്ളായിരുന്നു "എന്നൊക്കെ പറയും.


രാധാഭായിയെ തിരിച്ചു വിളിച്ചപ്പോഴായിരുന്നു അറിഞ്ഞത്,വീണ്ടും അവരെ സബാ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആക്കി എന്ന് .തിരിയെ എത്തി വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അസുഖം കൂടിയത്രേ. അസുഖം ആയിട്ടും എന്തിനാണ് തിരിയെവന്നതെന്ന് ഞാന്‍ ചോദിച്ചു. മെച്ചപ്പെട്ട ചികിത്സ ആര്‍ .സി സി യില്‍ കിട്ടുമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന്, ചികില്‍സിപ്പിക്കാനോക്കെ എനിക്ക് ആരിരിക്കുന്നു എന്ന മറു ചോദ്യമായിരുന്നു നേരിടേണ്ടി വന്നത്. മോളെ ഒന്ന് കാണണം എന്ന ആഗ്രഹം മാത്രമേ അവര്‍ പറഞ്ഞുള്ളൂ. സമയം പോലെ വരാം എന്ന് എന്ന് പറഞ്ഞപ്പോള്‍ ഇനി അധികം സമയം ഇല്ല എന്നായിരുന്നു രാധാഭായി പറഞ്ഞ വാക്കുകള്‍ .തൊട്ടടുത്ത്‌ മരണം പതുങ്ങി നില്‍ക്കുന്നത് കാണാന്‍ ഉള്ള ശേഷി മരിക്കാന്‍ പോകുന്നവര്‍ക്ക് ഉണ്ടാകുമോ എന്ന് ഞാന്‍ ഓര്‍ത്തു .മറ്റൊരാള്‍ മരിക്കാന്‍ പോകുന്ന കാര്യം ചിന്തിക്കാന്‍ എത്ര നിസ്സാരമായി എനിക്ക് സാധിച്ചു എന്ന് ഓര്‍ത്തപ്പോള്‍ അടുത്ത നിമിഷം ഞാന്‍ എന്നെ തന്നെ വെറുത്തു.



വൈകുന്നേരം പോകാം എന്ന് ഓര്‍ത്തു പേഴ്സ് പരിശോധിച്ചപോള്‍ ആണ് മാസം അവസാനം ആയെന്നും, പേഴ്സ് കാലിയാകാന്‍ ഇനി അധികസമയം വേണ്ടിവരില്ല എന്നും മനസ്സിലായത്‌. മാസാവസാനം ചൂണ്ടാറുള്ള ഭാര്യയുടെ പണപ്പെട്ടിയില്‍ ഒന്നുമില്ല എന്ന് കഴിഞ്ഞ ആഴ്ച തന്നെ ഭാര്യ പ്രഖ്യാപിച്ചിരുന്നു. ഭാര്യയെ വിളിച്ചു രാധഭായിയുടെ കാര്യം പറഞ്ഞപോള്‍ എങ്ങനെ എങ്കിലും ഈ ആഴ്ചയില്‍ പോകാം എന്നു അവര്‍ പറഞ്ഞു. ചെല്ലുമ്പോള്‍ എന്തെകിലും സാമ്പത്തിക സഹായം ചെയ്യേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നമുക്ക് നോക്കാം എന്ന് ഉള്ള ഉത്തരത്തില്‍ , അത്യാവശ്യ ഖട്ടതിലേക്ക് ഒളിപ്പിച്ചു വെച്ചിരിക്കുന്ന അല്‍പ്പം പണം അവരുടെ പക്കല്‍ ഉണ്ടാവും എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നി.



സുധാകരേട്ടന്റെ ഫോണ്‍ അപ്പോഴായിരുന്നു വന്നത്. എടുക്കാന്‍ തോന്നിയില്ല. ഇതിലും വലിയ പ്രശ്നത്തിലാണ് സുധാകരേട്ടന്‍. മൂന്നുമാസമായി ജോലി ഇല്ലാതെ നില്‍ക്കുന്ന അവസ്ഥ.സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ ഉള്ള സുധാകരേട്ടന് അവിചാരിതമായി ആയിരുന്നു ജോലി നഷ്ട്ടപ്പെട്ടത്‌ . ദേവി ഏടത്തിയുടെ നാട്ടുകാരന്‍ എന്നുള്ള പരിചയത്തിനും അപ്പുറം, ഒരു അനുജന്‍ ആയിട്ടായിരുന്നു സുധാകരേട്ടന്‍ എന്നെ കണക്കാക്കിയിരുന്നത്. എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇല്ല എന്ന് എങ്ങനെ പറയും എന്നോര്‍ത്തപ്പോള്‍ ഫോണ്‍ എടുക്കാന്‍ തോന്നിയില്ല.എത്ര ബുദ്ധിമുട്ടാണെങ്കിലും പണം ചോദിക്കയില്ല സുധാകരേട്ടന്‍.കഴിഞ്ഞ മാസം ഒരു ചെറിയ സഹായം നിര്‍ബന്ധിച്ചു എല്പിക്കയായിരുന്നു.

അല്‍പ സമയം കഴിഞ്ഞു സുധാകരേട്ടന്റെ മെസ്സേജ് .ജോലി ശരിയായി എന്നും വൈകുന്നേരം കാണണം എന്നും. എനിക്ക് അല്‍പ്പം ആശ്വാസം തോന്നി.വൈകുന്നേരം വീട്ടിലെത്തി രാധാഭായിയെ കാണാന്‍ പോകാന്‍ പണം വല്ലതും കൈവശം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഭാര്യ കൈമലര്‍ത്തി. എങ്കില്‍ ശമ്പളം കിട്ടിയിട്ട് പോകാം എന്ന് ഞാന്‍ പറഞ്ഞപോള്‍ ഭാര്യയുടെ മുഖം വല്ലാതായി. വേഷം മാറി നേരെ സുധാകരേട്ടന്റെ വീട്ടില്‍ എത്തി.


ദേവി ഏടത്തിയുടെ സന്തോഷമാര്‍ന്ന മുഖം. കുട്ടികളും വന്നു കൈയില്‍ തൂങ്ങി.സുധാകരേട്ടന് ജോലി കിട്ടി എന്നും, വിസ കൈമാറ്റം ചെയ്തു എന്നും പറഞ്ഞു. പഴയ കമ്പനിയില്‍ നിന്നും കിട്ടാനുള്ള തുക ഉച്ചക്ക് കിട്ടി എന്ന് പറഞ്ഞു തീരുമ്പോഴേക്കും സുധാകരേട്ടന്‍ ഒരു ചെറിയ കവറുമായി അകത്തുനിന്നും വന്നു."ദൈവം തന്നെ ആണ് അനിയാ, അന്ന് നിന്റെ രൂപത്തില്‍ വന്നത്. ഒരു പാട് ബുദ്ധിമുട്ടിയിരുന്ന സമയത്തായിരുന്നു അനിയന്റെ സഹായം" .സുധാകരേട്ടന്‍ പറഞ്ഞു .ഒരു ആശ്ലെഷത്തോടെ കവര്‍ തരുമ്പോള്‍ ഏട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അന്ന് പണം നല്‍കിയപ്പോഴും ആ കണ്ണുകള്‍ ഇതേപോലെ നിറഞ്ഞിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. ഞാനും ഇതേപോലെ വിഷമതകള്‍ അനുഭവിച്ചു വളര്‍ന്നതാണ് എന്നും , ഇതേപോലെ അത്യാവശ്യമായിരുന്ന പല സമയങ്ങളിലും ദൈവത്തെ പോലെ ഒരാള്‍ എന്നെ സഹായിച്ചിരുന്നു എന്നും ഞാന്‍ സുധാകരെട്ടനോട് അന്ന് പറഞ്ഞില്ല.വിഷമ വൃത്തങ്ങളില്‍ സഹായവുമായി ദൈവമാണ് വേഷ പ്രശ്ചന്നന്‍ ആയി വരുന്നതെങ്കില്‍ എന്‍റെ ജീവിതത്തിന്റെ നാള്‍വഴികളില്‍ എത്ര പ്രാവശ്യം ഞാന്‍ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടാവും എന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു.



ഊണ് കഴിപ്പിചിട്ടെ സുധാകരേട്ടന്‍ പോവാന്‍ അനുവദിച്ചുള്ളൂ.പണം കിട്ടിയ സ്ഥിതിക്ക് രാധാഭായിയെ നാളെ തന്നെ പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു .അത് പറയാനായി ഞാന്‍ രാധഭായിയെ വിളിച്ചു..ഒരു നീണ്ട നിശബ്ദതക്കും അപ്പുറം മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു എന്ന മെസ്സേജ് വന്നു. രാധാഭായി ഉറങ്ങിയതാവുമോ ?

ഈ തവണ ദൈവം വേഷ പ്രശ്ചന്നനായി സുധാകരേട്ടന്റെ രൂപത്തില്‍ ആണ് അവതരിച്ചത് എന്ന് എനിക്ക് തോന്നി.പക്ഷെ അത് രാധാഭായിക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന് എനിക്ക് അറിയുമായിരുന്നില്ല.

രാധാഭായിയുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ ഇനിയുള്ള താളുകള്‍ എത്രയാണ് ?

Apr 8, 2011

പട്ടരുടെ ശാപം!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് ഏപ്രില്‍ മാസം .

എറണാകുളം കേന്ദ്രമായുള്ള ഒരു മാര്‍ക്കടിംഗ് കമ്പനിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര്‍ ഏരിയ വര്‍ക്ക്‌ ചെയ്യാന്‍ ആയിരുന്നു ആ മാസത്തെ സെയില്‍സ് മീറ്റിങ്ങും അതിനോടനുബന്ധിച്ചു നടത്താറുള്ള ആചാര വെടിക്കും ശേഷം ഞങ്ങളുടെ ഡിവിഷണല്‍ മാനേജെരുടെ തീരുമാനം. പല ലോഡ്ജുകളും പോയി നോക്കിയെങ്കിലും ഞങ്ങള്‍ക്ക് അവസാനം ബോധിച്ചത്, ലിസി ലോഡ്ജ് ആയിരുന്നു. ഒരു മതില്‍ അപ്പുറത്ത് തന്നെ ടി.ടി.സി സ്കൂള്‍ .പിന്നെ ലോഡ്ജിന്റെ പുറകില്‍ തന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലും.ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം.വാടക അല്‍പ്പം കൂടിയാലും ഇത് മതി..ഇതു മതി എന്ന് എല്ലാരും ഒരേ സ്വരത്തില്‍.രണ്ടു മൂന്നു മാസം സമയം ഉണ്ടല്ലോ.ഏതെങ്കിലും ഒരെണ്ണം തടയും എന്ന് ഞങ്ങള്‍ എല്ലാരും മനസ്സില്‍ ഓര്‍ത്തു!ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍,പിന്നെ സോണി, അനൂപ്‌,പട്ടര്‍ എന്ന് വിളിക്കുന്ന രാമസ്വാമി. പിന്നെ ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ സുമേഷ്.


കാലത്തെ ടൈ ഒക്കെ കെട്ടി ലോഡ്ജിന്റെ താഴത്തെ വരാന്തയിലും ഒക്കെ എല്ലാവരും നടപ്പോട് നടപ്പ്. ടൈ കെട്ടിയ സാറന്മാരെ കടാക്ഷിക്കാനും ഒക്കെ പെണ്ണുങ്ങളും കൂടി തുടങ്ങിയപ്പോള്‍, ബി. പി. കൂടിയത് ഗ്രൂപ്പ് ലീഡറിനായിരുന്നു .കാരണം ആചാര വെടി കൂടുതല്‍ സഹിക്കേണ്ടത് അങ്ങോര്‍ ആയിരുന്നല്ലോ."എടാ,വായിനോട്ടം ഒക്കെ ബ്രേക്ക്‌ ടൈമില്‍ ആയിക്കോ.കാലത്തെ പണിക്കു പോകാന്‍ നോക്ക്" എന്നൊക്കെ പറയും എങ്കിലും, സുമേഷും അതില്‍ ഒട്ടും മോശം ആയിരുന്നില്ല. ഞങ്ങളെക്കാള്‍ ഒക്കെ സീനിയര്‍ ആയിരുന്നകൊണ്ട് സുമേഷ് കണ്ടെത്തിയത് ഒരു ടീച്ചറെ ആയിരുന്നു !

ഹോസ്റ്റല്‍ നടത്തിയിരുന്ന ടീച്ചറുടെ മകന്‍ ബിനീഷും ആയി ഞങ്ങള്‍ പെട്ടെന്ന് തന്നെ അടുത്തു. ഹോസ്ടലിന്റെ അടുത്ത് പോകാനും, പെണ്ണുങ്ങളെ ഒക്കെ അടുത്ത് കാണാനും ഒക്കെ ഒരു മാര്‍ഗം വേണമല്ലോ. എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി ഓരോരുത്തരായി ടീച്ചറിന്റെ വീട്ടില്‍ പോകും.

കൂടത്തില്‍ ഒരു അതിസുന്ദരി ഉണ്ടായിരുന്നു.അവളെ ഞങ്ങള്‍ "പച്ച " എന്ന് വിളിച്ചു.മിക്കവാറും പച്ച ചുരിദാറോ, പച്ച പാവാടയും ബ്ലൌസുമോ അല്ലെങ്കില്‍ പച്ച ഹാഫ് സാരിയോ ആയിരിക്കും അവളുടെ വേഷം.അവളുടെ പേര് ശ്രീജ എന്നായിരുന്നു എന്ന വിവരം ചോര്‍ത്തി തന്നത് ബിനീഷ് ആയിരുന്നു. എന്നിട്ടും അവളെ റെഫര്‍ ചെയ്യാന്‍ പച്ച എന്ന വാക്ക് തന്നെ ഞങ്ങള്‍ ഉപയോഗിച്ചു. എല്ലാരും തന്നെ പച്ചയിലേക്ക് തന്നെ കോന്‍സെന്‍റ്ട്രേറ്റ് ചെയ്തപോലായി. പച്ച ആണെകില്‍ ആരോടും മുഷിച്ചില്‍ കാട്ടിയില്ല.ടൈ കെട്ടിയ ചേട്ടന്മാര്‍ എല്ലാരോടും ചിരിച്ച മുഖം തന്നെ കാട്ടി.എല്ലാവരും കരുതി പച്ച ലൈന്‍ ആയതു അവരോടു ആയിരുന്നു എന്ന്. പരസ്പരം പാര വെച്ചും,അവളുടെ മുന്നില്‍ ആളായും മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയും ഒക്കെ ഞങ്ങള്‍ മത്സരിച്ചു.

വിഷുവിന്റെ തലേന്ന് വര്‍ക്ക്‌ കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ഉണ്ട് എന്റെ റൂമില്‍.പിന്നെ ബിനീഷും .കുരങ്ങു ചത്ത കുറവനെ പോലെ രാമസ്വാമി. ബിനീഷ് ആണ് എഴുത്ത് എടുത്തു തന്നത്. അത് പച്ചയുടെ എഴുത്തായിരുന്നു. ബിനീഷിനോട് ചോദിച്ചു അവള്‍ എന്റെ പേരും അഡ്രസ്സും വാങ്ങി പോസ്റ്റ്‌ വഴി ലോഡ്ജിലേക്ക് അയച്ചതായിരുന്നു എന്ന് എഴുത്ത് പരിശോധിച്ചപ്പോള്‍ തന്നെ പിടികിട്ടി.ഇനി നമ്മക്കിട്ടു ആരെങ്കിലും പണിതതാണോ എന്നറിയണമല്ലോ.

ടി. ടി. സി. ക്ലാസ്സ്‌ അടുത്ത മാസം തീരും എന്നും അത് കഴിഞ്ഞു വീട്ടില്‍ കല്യാണം ആലോചിച്ചു വരാമോ എന്നും ആയിരുന്നു പച്ചയുടെ എഴുത്തിന്റെ സാരം. അപ്പൊ പച്ച എന്റെ തലേല്‍ ആയി ! ചുമ്മാ ടൈം പാസ്‌ ആയിരുന്നു എന്ന് കൊച്ചിന് അറിയില്ലല്ലോ. പിന്നെ ..കല്യാണം ! ബെസ്റ്റ് !പക്ഷെ ഞാന്‍ അത് പുറത്തു പറഞ്ഞില്ല.ഇവന്മാരുടെ ഇടയില്‍ ഒന്ന് ആളാവേണ്ടത് എന്റെ ആവശ്യം ആയിരുന്നല്ലോ .

പ്രേമം സാക്ഷാല്‍ക്കരിച്ചതിന്റെ ചെലവ് രണ്ടു ഫുള്‍ ഓസീയാര്‍. പിന്നെ അടിമാലി എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുട്ടപ്പായി ചേട്ടന്റെ തട്ടുകടയില്‍ ഫുഡ്‌. എല്ലാവനും നല്ല ഫിറ്റ്‌.പ്രേമം പോളിഞ്ഞതിന്റെ വിഷമത്തില്‍ രാമസ്വാമിക്ക്‌ വേണ്ടി സോണി "സുമംഗലി നീ ഓര്‍മ്മിക്കുമോ " എന്ന ഗാനം രണ്ടു പ്രാവശ്യം പാടി. വെള്ളം അടിച്ചു വീലായപ്പോള്‍ ബിനീഷ് ആ സത്യം പറഞ്ഞു.പച്ചയെ കഴിഞ്ഞ ഒരു വര്‍ഷമായി അവനും പ്രേമിച്ചു കൊണ്ടിരിക്കുകയിരുന്നു എന്ന് !


ടിച്ചു പെരുത്ത്‌ കഴിഞ്ഞപ്പോള്‍ പട്ടര്‍ വയലന്റ് ആയി. പച്ചക്ക് ഒരു ജീവിതം കൊടുക്കാം എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എനിക്കും വിഷമമായി. ഇവന് ഇത്രക്കും അസ്ഥിയില്‍ പിടിച്ചിരുന്നു എന്ന് ആരറിഞ്ഞു . എങ്കില്‍ ഞാന്‍ പിന്‍മാറാം എന്ന് പറഞ്ഞപോള്‍ പട്ടര്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി പോയി.

പിറ്റേന്ന് വിഷു ആണല്ലോ.ഞാനും സുമേഷും കൂടി രാത്രി തന്നെ വീട്ടില്‍ പോകാന്‍ ഇറങ്ങി. രണ്ടു പേരും നല്ല ഫിറ്റ്‌. ഒരു വിധത്തില്‍ രണ്ടു പേരും ടൂ വീലര്‍ ഓടിച്ചു എറണാ കുളത്തേക്ക് . സമയം പത്തുമണി കഴിഞ്ഞിരുന്നു. ആലുവാ എത്തിയപ്പോഴാണ് ഞാന്‍ എങ്ങനെയോ ബൈക്കില്‍ നിന്നും വീണത്‌. സുമേഷ് വന്നു പിടിച്ചു എഴുന്നെല്പിച്ചപ്പോള്‍, നെറ്റി പൊട്ടി ചോര വരുന്നു. ഞങ്ങള്‍ നേരെ ആലുവയില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ എത്തി ഡ്രസ്സ്‌ ചെയ്തു. ഡോക്ടര്‍ നിര്‍ബന്ധമായി പറഞ്ഞത് കൊണ്ട് അന്ന് രാത്രി എന്നെ അവിടെ കിടത്തിയിട്ട് സുമേഷ് നേരെ വീട്ടില്‍ പോയി. ഏകദേശം മുപ്പതിനായിരം രൂപ കളക്ഷന്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അതുമായി പോകണ്ട എന്ന് ഞാന്‍ തന്നെ പറഞ്ഞതിനാല്‍ അതും അതിന്റെ ഇന്‍ വോയിസുകളും എന്റെ കൈയില്‍ തന്നു.

അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും, മുറിയില്‍ നിറയെ പോലീസ്. അവര്‍ എന്നെ താഴെ കൊണ്ടുപോയി. എന്തിനു എന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. താഴെ ചെന്നപോള്‍ ഒരുപാട് പോലീസ് വണ്ടികള്‍ . എന്നെ അവര്‍ എറണാകുളത്തേക്കു കൊണ്ടുപോയി..

രാത്രി മുഴുവനും, കാലത്തെയും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍. തലേന്ന് രണ്ടു മുഖം മൂടികള്‍ എറണാകുളത് ഒരു ജൂവലറി അടക്കുന്ന സമയത്ത് പടക്കം ഒക്കെ എറിഞ്ഞു കുറെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തുവത്രേ . ഇറങ്ങി ഓടിയ വഴിക്ക് ഷട്ടര്‍ മുട്ടി ഒരാളുടെ തല മുറിഞ്ഞതായി വാച്ച് മാന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ഉള്ള എല്ലാ ആശുപതിയിലും അവര്‍ സന്ദേശം കൊടുത്തിരുന്നു. അതാണ് പരുക്ക് സാരമുള്ളത് അല്ലാഞ്ഞിട്ടും ആ ദ്രോഹി ഡോക്ടര്‍ കിടക്കാന്‍ പറഞ്ഞത്.ദൈവമേ എന്റെ വിഷു !

ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കി.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്നും എന്റെ മേല്‍വിലാസവും, കമ്പനി അഡ്രസ്സും ഒക്കെ കൊടുത്തു ..ഓരോരുത്തരായി ചോദ്യം ചെയ്യല്‍ തന്നെ.എടുത്ത പണം എന്ത് ചെയ്തു? സ്വര്‍ണം എവിടെ ഒളിപ്പിച്ചു എന്നൊക്കെ. ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ വീണും ചോദിക്കും ആദ്യം മുതല്‍.പിന്നെ എന്റെ കൈയില്‍ ഉള്ള പണം സ്വര്‍ണക്കടയിലേത് ആണെന്ന്. ഇന്‍ വോയിസ് കാണിച്ചിട്ടും കമ്പനി ഐ ഡി കാട്ടിയിട്ടും ഒന്നും ഒരു രക്ഷയും ഇല്ല. ഞാന്‍ കൊടുത്ത അഡ്രസ്‌ അനുസരിച്ച് ഓഫീസ് അന്വേഷിച്ചു പോയ ആള്‍ വിഷു അവധി ആയതു കൊണ്ട് തിരിയെ വന്നു. അന്നൊന്നും മൊബൈല്‍ ഇല്ല.സുമേഷിന്റെ വീടിന്റെ അടുത്തു ഒരു വീട്ടില്‍ വിവരം അറിയിച്ചത് അനുസരിച്ച് സുമേഷ് വേഗം മാനേജരെ കൂട്ടി വൈകുന്നേരം ആയപ്പോഴേക്കും വന്നു. പിന്നെ ആരെ ഒക്കെയോ വിളിച്ചു പറയിപ്പിച്ചു രാത്രിയില്‍ വിട്ടയച്ചു. ദോഷം പറയരുതല്ലോ. വിഷുവിന്റെ അന്ന് ഉച്ചക്ക് നല്ല മീന്‍ വറുത്തത് ഒക്കെ കൂട്ടി സാറുമ്മാര്‍ ചോറ് വാങ്ങി തന്നു.

വീട്ടിലേക്കു പോവാന്‍ തോന്നിയില്ല. നേരെ ലിസി ലോഡ്ജിലേക്ക്.അപ്പോഴതെക്കും അവിടെ വിവരം അറിഞ്ഞിരുന്നു.എല്ലാവരും സഹതപിച്ചു.വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിപ്പിച്ചു.

ഇനി പട്ടരുടെ ശാപം വല്ലോം ആണോ!ബ്രാഹ്മണ ശാപം ഫലിക്കുമെന്നാണ്!ഞാന്‍ പട്ടരോട് ചോദിച്ചു. "പച്ച എന്നെ പ്രേമിച്ചത് കൊണ്ട് നീ എന്നെ മനസ്സറിഞ്ഞു പ്രാകിയൊന്നും ഇല്ലല്ലോ അല്ലെ? അല്ല .... ഇത്രേം വലിയ ഒരു ഏടാകൂടത്തില്‍ പെട്ടത് കൊണ്ട് ചോദിച്ചതാ! "

പട്ടര്‍ ഒന്ന് ചിരിച്ചു..എന്നിട്ട് ചോദിച്ചു.. പോലീസുകാര്‍ നിന്നെ ഇടിച്ചൊന്നും ഇല്ലല്ലോ അല്ലെ !