Mar 25, 2011

ശരിയാ..കുരിയാ.


പ്രേമിക്കണം പ്രേമിക്കണം എന്ന അദമ്യമായ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ഒരാളെ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളു.എബ്രഹാം കുരിയന്‍.അവനെ എബ്രഹാം എന്നൊക്കെ വിളിക്കുന്നതിലും എളുപ്പം കുരിയന്‍ ആയിരുന്നത് കൊണ്ടും,കുരിയന്‍ എന്ന് വിളിക്കുമ്പോള്‍ അവന്റെ അപ്പന് പറയുന്ന ഒരു സുഖം ഉണ്ടായിരുന്നത് കൊണ്ടും, ഞങ്ങള്‍ കുരിയാ എന്ന് മാത്രം വിളിച്ചു. ഒരിക്കല്‍ കുരിയന്‍ ഉണ്ടോ എന്ന് ചോദിച്ചു അവന്റെ വീട്ടില്‍ ഫോണ്‍ വിളിച്ച സുരേഷിന് യഥാര്‍ത്ഥ കുരിയന്‍ വയറുനിറച്ച് കൊടുക്കുകയും ചെയ്തെങ്കിലും ഞങ്ങള്‍ കുരിയന്‍ എന്ന പേര് മാറ്റിയില്ല.

ധനിക കുടുംബത്തിലെ അംഗം ആയിരുന്നു കുരിയന്‍.ഒരു റബ്ബര്‍ അച്ചായന്‍,ചേട്ടന്‍ ഗള്‍ഫിലും. ഒരുങ്ങി കെട്ടി ആദ്യമേ ക്ലാസ്സില്‍ എത്തും.പിന്നെ വരുന്ന വരുന്ന പെണ്ണുങ്ങളോട് കുശലാന്വേഷണം ആണ് പ്രധാന പണി.രണ്ടു സൈഡില്‍ ആയി നിരത്തിയിട്ടിരിക്കുന്ന ഡെസ്കിലും ബെഞ്ചിലും പെണ്ണുങ്ങളുടെ വശത്തേക്ക് മാത്രം തിരിഞ്ഞു കുരിയന്‍ ഇരിക്കും. എന്നിട്ട് താടിക്ക് കൈയും കൊടുത്തു കുത്തിയിരുന്നു പെണ്ണുങ്ങളോട് വര്‍ത്തമാനം പറയും. ബ്രേക്കിന് ഞങ്ങള്‍ പുറത്ത് ഇറങ്ങുമ്പോഴും കുരിയന്‍ അവിടെ തന്നെ ഇരിക്കും. ആയിടക്കു ഇറങ്ങിയ "ആരാത്രി" എന്ന ചിത്രത്തിലെ " കിളിയെ കിളിയെ " എന്ന പാട്ടിനെ പാരഡിയാക്കി ഞങ്ങള്‍ "കുരിയാ കുരിയാ ഇത് ശരിയല്ലെടാ കുരിയാ" എന്ന് പാടിയാലും കുരിയന് അതൊരു പ്രശ്നമല്ലായിരുന്നു.


പെണ്ണുങ്ങള്‍ കൊണ്ട് വരുന്ന ഫുഡിന്റെ പങ്കു പറ്റുക മുതലായവ ഒകെ കുരിയന്റെ ഒരു ഹോബി ആയിരുന്നു.ആ കൂട്ടത്തില്‍ സ്ഥിരമായി എന്നും അപ്പം കൊണ്ടുവരുന്നത് കൊണ്ട് വെള്ളേപ്പം എന്ന് ഞങ്ങള്‍ കളിയാക്കി വിളിച്ചിരുന്ന ഷിജിയോടു കുരിയന് അല്പം അടുപ്പം കൂടുതല്‍ ഉണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് ഒരു സംശയം."ഷിജിയുടെ ഒരപ്പം എന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നര അപ്പം വരും എന്ന് കുരിയന്‍ പറഞ്ഞല്ലോ.നേരാണോ ഷിജി? " എന്ന ഒറ്റ ചോദ്യം മതിയായിരുന്നു ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ബിരിയാണി തോമ എന്ന തോമസുകുട്ടിക്കു അവരുടെ ലവ് സ്റ്റോറി പൊട്ടിക്കാന്‍.



കുരിയന്‍ ഒരു പഠിപ്പിസ്റ്റ് ഒന്നും ആയിരുന്നില്ല.എന്നാല്‍ എങ്ങനെയൊക്കെയോ എല്ലാ പരീക്ഷയും രക്ഷപെടും. പെണ്ണുങ്ങളുടെ കൈയില്‍ നിന്നും നോട്ടു ബുക്ക്‌ വാങ്ങി വീട്ടില്‍ കൊടുപോകുക ഒരു സ്ഥിരം പരിപാടി ആയിരുന്നു. ആത്മ വിശ്വാസമില്ലായ്മ കുരിയന്റെ കൂടപ്പിറപ്പ് ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും കുരിയന്‍ ഒന്നുകൂടി ചോദിക്കും. ശരിയല്ലേ എന്ന്. ഒരിക്കല്‍ മാര്‍ക്കറ്റിംഗ് പഠിപ്പിക്കുന്ന സാര്‍ ചോദിച്ചതിനു കുരിയന്‍ ഉത്തരം പറഞ്ഞു. പറഞ്ഞിട്ടും സാര്‍ ഒന്നും മിണ്ടുന്നില്ല. കുരിയന്‍ ഒന്നുകൂടി ചോദിച്ചു. ശരിയല്ലേ സാര്‍." ശരിയാ കുരിയാ " എന്നുള്ള പ്രാസം ഒപ്പിച്ചുള്ള സാറിന്റെ പറച്ചില്‍ ഞങ്ങള്‍ പിന്നീട് ഏറ്റെടുത്തു.പിന്നെ ആര് എന്ത് പറഞ്ഞാലും " ശരിയാ കുരിയാ " എന്ന് ഞങ്ങള്‍ പറയാന്‍ തുടങ്ങി.


കുരിയന്‍ ഒരു ഞരമ്പ്‌ ആണ് എന്നറിയാമെങ്കിലും, മിക്കവാറും എല്ലാ പെണ്ണുങ്ങളും കുരിയന്റെ കൂട്ടത്തില്‍ കുത്തിയിരുന്ന് വര്‍ത്തമാനം പറയുമായിരുന്നു.ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന സ്പ്രേ,സ്നോ(അന്നൊക്കെ ക്രീമിന് പെണ്ണുങ്ങള്‍ സ്നോ എന്നായിരുന്നു പറഞ്ഞിരുന്നത്) ഒക്കെ പെണ്ണുങ്ങള്‍ക്ക്‌ കൊണ്ട് കൊടുക്കും. കൂട്ടുകാര്‍ക്കും, കുരിയന്‍ ആശ്രിത വല്സലനായിരുന്നു. ഇടയ്ക്ക് ഫുഡ്‌ വാങ്ങി തരും.സിനിമ ഒരു ഭ്രാന്ത് ആയിരുന്നു. കൂട്ടത്തില്‍ ചെല്ലുന്നവരെ എല്ലാം സ്പോന്‍സര്‍ ചെയ്യും.

എന്നും എന്തെങ്കിലും അബദ്ധത്തില്‍ പെടുകയും ചമ്മുകയും ചെയ്യുന്നത് കുരിയന്റെ സ്ഥിരം പരിപാടി ആയിരുന്നു. ഒരുദിവസം കാലത്തെ, ചേട്ടന്‍ കൊണ്ട് കൊടുത്ത അഡിഡാസ് ഷൂ ഒക്കെ ആദ്യമായിട്ട് ഇട്ടു തിരുനക്കര അമ്പലത്തിന്റെ മുന്‍പില്‍ ഉള്ള ബസ് സ്റ്റോപ്പിന്റെ മുന്നില്‍ കൂടി നടന്നു വരികയായിരുന്നു.ബസ് സ്റ്റോപ്പില്‍ നിറയെ തരുണീ മണികള്‍.അവരെ ഒക്കെ നോക്കി വെള്ളം ഇറക്കി വരവേ ആയിരുന്നു പിന്നില്‍ ആരോ നില്‍ക്കുന്നപോലെ ഒരു തോന്നല്‍ .വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അമ്പല കാള (അന്നൊക്കെ തിരുനക്കര അമ്പലത്തിലെ കാളകളെ ടൌണില്‍ കൂടി അഴിച്ചു വിട്ടേക്കും ) കുത്താനായി തന്റെ വലിയ വളഞ്ഞ കൊമ്പ് താഴ്ത്തിയിട്ടു മേലോട്ട് പൊങ്ങി വരുന്ന ഭാഗമാണ്. അയ്യോ എന്ന വിളിയും ഒറ്റ ഓട്ടവും ആയിരുന്നു കുരിയന്‍. അതിലേറെ കുരിയന് ഫീല്‍ ചെയ്തത് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന പെണ്ണുങ്ങളുടെ കളിയാക്കി ചിരി ആയിരുന്നു. ഈ സംഭവം കാരണം അമ്പലക്കാള എന്നൊരു പുതിയ വട്ടപ്പെരുകൂടി കുരിയന് കിട്ടി.



അങ്ങനെയിരിക്കെ ഒരിക്കല്‍ കോട്ടയത്ത്‌ ആനന്ദ മന്ദിരം എന്ന ഹോട്ടല്‍ പുതിയ കെട്ടിടത്തില്‍ തുടങ്ങി. പതിവുപോലെ കുരിയന്റെ ചെലവ് .ഞങ്ങള്‍ നാലു പേര്‍ ഒരു ടേബിളില്‍ ഇരിക്കുകയായിരുന്നു . പുതിയ ഹോട്ടല്‍ ആയതിനാല്‍ എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എല്ലാവരും മെനു വായിച്ചു പഠിച്ചു. അപ്പോഴാണ്‌ കുരിയന്‍ ഒരു പുതിയ ഐറ്റം കണ്ടുപിടിച്ചത്. ഞങ്ങള്‍ എല്ലാം മസാല ദോശ ഒക്കെ ഓര്‍ഡര്‍ ചെയ്തു. കുരിയന്‍ പുതിയ ഐറ്റം ആയ ഫാമിലി റോസ്റ്റും. ഞങ്ങള്‍ മൂന്ന് പേരും മസാല ദോശ കഴിച്ചു തുടങ്ങിയപ്പോഴും കുരിയന്റെ റോസ്റ്റ് എത്തിയില്ല. കാശ് കൊടുക്കുന്നവനു ആദ്യം സാധനം കൊടുക്കണ്ടേ എന്നൊക്കെ പറഞ്ഞു കുരിയനെ പിരി കയറ്റാന്‍ ഞങ്ങള്‍ മറന്നില്ല. കുറച്ചു കഴിഞ്ഞപോള്‍ അവിടെ ഭക്ഷണം കഴിക്കുന്ന എല്ലാവരും ഒരിടത്തേക്ക് തല തിരിച്ചു നോക്കുന്നു. അപ്പോള്‍ അകത്തുന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരു വലിയ ഇലയില്‍ ഒരു നീളമുള്ള ദോശ പിടിച്ചു കൊണ്ട് വരുന്നു. അത് കുരിയന്റെ ഫാമിലി റോസ്റ്റ് ആയിരുന്നു എന്ന് സപ്ലയര്‍മാര്‍ രണ്ടു പേരും കൂടി ഒരു വിധത്തില്‍ ദോശ കൊണ്ട് ഞങ്ങളുടെ ടേബിളില്‍ കൊണ്ട് വെച്ചപ്പോഴാണ് മനസ്സിലായത്‌. ആരെടാ ഈ സംഭവത്തിന്റെ ഉടമ എന്ന രീതിയില്‍ എല്ലാവരും ഞങ്ങളുടെ ടേബിളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.കുരിയന് ദോശ പോയിട്ട് വെള്ളം പോലും ഇറങ്ങുന്നില്ല.പിന്നെ എങ്ങനെയൊക്കെയോ അവിടുന്ന് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.പിറ്റേന്ന് കുരിയന്റെ ഫാമിലി റോസ്റ്റ് എപ്പിസോഡ് ക്ലാസ്സില്‍ ഫ്ലാഷ് ആയി.ഈ തവണ വീണത്‌ ഫാമിലി റോസ്റ്റ് എന്ന വട്ടപ്പെരായിരുന്നു.


വര്‍ഷങ്ങള്‍ കടന്നു പോയി.പലരും പലവഴിക്കായി."ക്ലാസ്സ്‌ മേറ്റ്സ്" എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാനെന്നു തോന്നുന്നു ബിരിയാണി തോമ മുന്‍കൈ എടുത്തു ഒരു ബി.കോം ക്ലാസ്സ്‌ റീയൂണിയന്‍ സംഖടിപ്പിച്ചത്. നോക്കുമ്പോള്‍ കുരിയന്‍ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒരു കുട്ടിയെ എളിയിലും രണ്ടെണ്ണത്തിനെ കൂടെയും ഒക്കെ നിര്‍ത്തി ഷിജിയോടു സംസാരിച്ചു നില്‍ക്കുന്നു. " എടാ കുരിയാ" എന്ന എന്റെ വിളിക്ക് " എന്താ അങ്കിള്‍" എന്ന് വിളി കേട്ടത് മൂത്ത സന്താനം ആയിരുന്നു. കുരിയന്‍ എബ്രഹാം ! മാറ്റി നിര്‍ത്തി കുണ്ടിക്കിട്ടു ഒരു അടി കൊടുത്തു ഞാന്‍ ചോദിച്ചു."അപ്പൊ പഴയ ലൈന്‍ ഇതേ വരെ നിര്‍ത്തിയില്ല അല്ലെ.വര്‍ഷം പത്തിരുപതു കഴിഞ്ഞില്ലേടെ.ഷിജിയുടെ പാപ്പാന്‍ കാണും കേട്ടോ,സൂക്ഷിച്ചോ."എന്ന് പറഞ്ഞപ്പോള്‍ "ഓ ആ പാപ്പാന്‍ ഞാന്‍ തന്നെ ആയതു കൊണ്ട് കുഴപ്പമില്ല കേട്ടോ" എന്ന കുരിയന്റെ ഉത്തരം കേട്ട് ഞെട്ടിയത് ഞാന്‍ ആയിരുന്നു.

പണ്ടത്തെ ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു " ശരിയാ കുരിയാ" !

Mar 22, 2011

പരിപ്പുവട ബ്ലോഗ്‌...അഞ്ചാം വര്‍ഷത്തിലേക്ക്

പരിപ്പുവട ബ്ലോഗ്‌ നാളെ മഹത്തായ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നാളിതുവരെ എന്നെ കമന്റുകള്‍ ഇട്ടു പുകഴ്ത്തിയ എന്റെ സഹ ബ്ലോഗര്‍മാര്‍ക് നന്ദി.എനിക്കെതിരെ കമന്റിട്ടവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അതില്‍ മിക്കതും ഞാന്‍ പബ്ലിഷ് ചെയ്യാതിരിക്കുകയോ ആപ്പ് വെച്ച മറുപടി നല്‍കുകയോ ചെയ്തുവല്ലോ.



ബൂലോകത്തില്‍ ഞാന്‍ ഒരു സംഭവം ആണ് എന്ന് എന്റെ ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ മികച്ച രചനകള്‍ ഇനിയും വരാന്‍ ഇരിക്കുന്നതെ ഉള്ളു എന്നാണു എന്റെ അഭിപ്രായം . എന്നാല്‍ അത് എഴുതി തെളിയുന്നതാണ് എന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായം ഇല്ല..കാരണം എന്റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ ഒരു സംഭവം ആയിരുന്നു എന്ന് ഞാന്‍ സ്ഥിരം കമന്റു എഴുതുന്ന ഒരു ബ്ലോഗുകാരി എന്നോട് പറഞ്ഞു.

എനിക്ക് അഹങ്കാരം കൂടുതല്‍ ആണെന്ന് ബൂലോകത്ത് ഒരു ചെറിയ സംസാരം ഉണ്ട് എന്ന് എനിക്കറിയാം. ബുദ്ധിജീവികള്‍ ആയിട്ടുള്ള എല്ലാവരും നേരിടേണ്ടി വരുന്ന ഒരു സ്വാഭാവിക പ്രശ്നം ആയിട്ടല്ലാതെ ഞാന്‍ അതിനെ കണക്കു കൂട്ടിയിട്ടില്ല. എന്നെ പറ്റി ഉള്ള പ്രധാന ആരോപണം ഞാന്‍ വനിതാ ബ്ലോഗര്‍മാരെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നതാണ്. അത് ശരിയല്ല.ഞാന്‍ വനിതാ ബ്ലോഗര്‍മാര്‍ക് മാത്രമേ കമന്റുകള്‍ നല്‍കാറുള്ളൂ എന്നത് ശരിയാണ്.പെണ്ണുങ്ങള്‍ ബ്ലോഗ്‌ എഴുതിയാല്‍ അത് എന്ത് കൂഴ ചക്ക ആയാലും ഫ്രൂട്ട് സാലഡ് ആണെന്നും പറഞ്ഞു കമന്റിടുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തരുത്.എന്‍റെ കമന്റുകളുടെ നിലവാരം കാരണം പല പുരുഷന്മാര്‍ക്കും അത് മനസിലാകാതെ പോകുന്നു എന്നതാണ് സത്യം .വനിതാ ബ്ലോഗര്‍മാര്‍ക് ഫ്രീ ആയി പല ഉപദേശങ്ങളും കൊടുക്കുന്നതില്‍ എന്താണ് തെറ്റ്.പിന്നെ വളര്‍ന്നു വരുന്ന വനിതാ ബ്ലോഗര്മാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉപദേശം കൊടുത്താല്‍ എന്തായിരിക്കും തിരിച്ചു കിട്ടുക എന്നത് നിങ്ങള്ക്ക് അറിയാമല്ലോ. ഈയിടെ കുറെ കൂടുതല്‍ ഹിറ്റുകള്‍ കിട്ടിയ ഒരു ബ്ലോഗറെ ഒന്ന് ഒതുക്കാനായി ഞാന്‍ ഒരു കമന്റിട്ടു.വിഷയത്തില്‍ പുതുമയില്ല, അവസാനം കലമുടച്ചു, വ്യക്തതയില്ല, ബൂലോകത്ത് ഒരു ശിശു ആയതിന്റെ കുഴപ്പമാണ് എന്ന ലൈനില്‍..അയാള്‍ തിരുവന്തപുരതുനിന്നു കോഴിക്കോട്ടു വന്നു എന്നെ തെറി പറഞ്ഞു.ഇതാണോ ബ്ലോഗര്‍മാരുടെ സഹിഷ്ണുത ?മലയാളം ബ്ലോഗര്‍മാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ കുറേക്കൂടി പ്രാപ്തരാകണം എന്നാണ് എന്റെ അഭിപ്രായം.


കമന്റു കൊടുത്തു കമന്റു വാങ്ങേണ്ട സ്ഥിതി ദൈവം സഹായിച്ചു എനിക്ക് വേണ്ടി വന്നിട്ടില്ല.ഒരു കമന്റു ഞാന്‍ ഇട്ടാല്‍ തിരിച്ചു ഒന്‍പതു കമന്റെങ്കിലും മിനിമം ഇടാതെ ഞാന്‍ ആ ബ്ലോഗില്‍ വീണ്ടും കയറില്ല എന്നും, എന്നെ ഫോളോ ചെയ്യാത്ത വനിതാ ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ കമന്റിടില്ല എന്നും ആര്‍ക്കാനരിയാത്തത് ?പെണ്ണാണെന്ന് കരുതി ഫോളോ ചെയ്ത ചില ദ്രോഹികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഫോളോവിംഗ് നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടാവുമല്ലോ. കമന്റു ഇടാതത്തിന്റെ പേരില്‍ ബ്ലോഗ്‌ മീറ്റുകളില്‍ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കേണ്ടി വന്നവനാണ് ഞാന്‍. എന്നാല്‍ ഞാന്‍ കമന്റിടുന്ന വനിതാ ബ്ലോഗുകള്‍ ആള്‍ക്കാര്‍ വായിക്കാതതിന് ഞാന്‍ എന്ത് പിഴച്ചു ?

അവാര്‍ഡുകളില്‍ എനിക്ക് തീരെ വിശ്വാസം ഇല്ല. വായനക്കാരുടെ പിന്തുണയാണ് ഏതു അവാര്‍ഡിനെക്കാളും വലുത് എന്നാണെന്റെ വിശ്വാസം. ഈയിടെ എമണ്ടന്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ എന്ന് പറഞ്ഞു ഒന്നുണ്ടായിരുന്നല്ലോ. അത് കിട്ടിയ ബ്ലോഗറെ എനിക്കറിയാം. അയാള്‍ക്ക്‌ അവാര്‍ഡ്‌ കൊടുക്കാന്‍ മാത്രം എന്താണ് അതിലുള്ളത് ? അതൊന്നു നോക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആ ബ്ലോഗില്‍ പോയി. അനോണിയായി കമന്റിടുകയും ചെയ്തു.ആ കമന്റിന്റെ പേരില്‍ അയാളുടെ ഫോലോവേര്സ് എന്നെ കൊന്നില്ല എന്നെ ഉള്ളു.

ബൂലോകം ഒരു മഹാ സാഗരമാനെന്നും അതിന്റെ തീരത്ത് മലയാളം ഫോണ്ടും കൊണ്ടിരിക്കുന്ന ഒരു ചെറിയ കുട്ടിയാണ് ഞാനെന്നും ഒന്നും എനിക്ക് തോന്നുന്നില്ല.മീശ ഇല്ലാത്തത് കൊണ്ട് എന്നെ ചെറിയ കുട്ടിയാണെന്ന് പലരും തെറ്റി ധരിചിട്ടുണ്ടാവം. എന്നാല്‍ ആവശ്യത്തിനു മച്യുരിട്ടി ഒക്കെ ഉള്ള ഒരാളാണ് ഞാന്‍ . രണ്ടാമൂഴത്തിന്റെ പുസ്തക പരിചയം നടത്തിയ എന്നെ ഒരു ബ്ലോഗര്‍ വിളിച്ചു പറഞ്ഞത് താനൊന്നും ഇവിടെ ജനിക്കെന്ടവനേ അല്ല എന്നായിരുന്നു. ഇപ്പോള്‍ എന്നെ പറ്റി ഒരു ധാരണ കിട്ടിക്കാണുമല്ലോ.

ഒരു ബുദ്ധി ജീവി ബ്ലോഗര്‍ അല്ല എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നല്‍ ഉണ്ടായിട്ടുന്ടെകില്‍ അത് ഇന്ന് തന്നെ മാറ്റുക. ഇവിടെ ആരും ബുദ്ധിജീവി ആയി ജനിക്കുന്നില്ല, സമൂഹം ആണ് ഒരാളെ ബുദ്ധിജീവി ആക്കുന്നത് എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബൈ ഡിഫാള്‍ട്ട് ഞാന്‍ ഒരു ബുദ്ധി ജീവി ആണ്. എന്‍റെ പോപ്പുലര്‍ പോസ്റ്റുകളായ, ഒരു ജെ സി ബിയുടെ കഥ, നമിത എന്ന ക്ലാസ്സിക്‌ അഭിനേത്രി,മുതലായവയില്‍ നിന്ന് തന്നെ അത് തെളിയുന്നുണ്ടല്ലോ.
.
മറ്റു ബ്ലോഗുകളില്‍ ആള്‍ക്കാര്‍ എന്ത് എഴുതി എന്ന് ഞാന്‍ വായിക്കാറില്ല. പ്രതേകിച്ചും ബ്ലോഗ്‌ പുലി എന്ന് ചിലര്‍ പാടി പുകഴ്ത്തുന്ന ചിലരെ ഞാന്‍ ഗൌനിക്കാറെ ഇല്ല. പിന്നെ ആയിരം പോസ്റ്റ്‌ എന്നൊന്നും പറഞ്ഞു മേനി നടിക്കാന്‍ എന്നെ കിട്ടില്ല.എനിക്ക് അതിനു ഇനി വെറും പതിനഞ്ചു പോസ്റ്റും കൂടി മതി. ചിലരെപോലെ ദിവസം രണ്ടു പോസ്റ്റ്‌ ഒന്നും ഇടാന്‍ എന്നെ കൊണ്ടാവില്ല. സര്‍ഗ പ്രക്രിയ എന്നൊന്നുണ്ടല്ലോ. അതിനാല്‍ ഇനിഞാന്‍ ആഴ്ചയില്‍ പതിനാലു പോസ്റ്റ്‌ ഇടാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

അഞ്ചാം വാര്‍ഷിക ഓഫര്‍ ആയി ഈ വേളയില്‍, കമന്റിടുന്ന എല്ലാവര്ക്കും പകരമായി ഒരു കമന്റിനു മൂന്ന് കമന്റു തിരിച്ചു കൊടുക്കുന്നതാണ്.( ഈ ഓഫര്‍ വനിതാ ബ്ലോഗര്‍ക്ക് മാത്രം ബാധകം. )

Mar 3, 2011

പച്ചപാക്ക് അച്ചന്‍റെ വീസീയാര്‍



വളരെ കാലം മുന്‍പാണ്. ഡി.വി.ഡിയും, സിഡിയും കൂടി വീഡിയോ കാസറ്റിന്റെ അന്തകന്‍ ആകും മുന്‍പത്തെ കാലം. വീസിയാര്‍ ഒരു അപൂര്‍വ വസ്തു ആയി വാഴുന്ന കാലം.

പള്ളികൂടം പറമ്പില്‍ പതിവ് പോലയുള്ള നാടന്‍ പന്തുകളി ഒക്കെ കഴിഞ്ഞു ഇരിക്കുകയായിരുന്നു ഞങ്ങള്‍.നേരം ഇരുട്ടാവുന്നു. കളി കഴിയുമ്പോഴത്തെക്കും കാലൊക്കെ വേദന എടുക്കും ഇത്ര വേദന ഒക്കെ സഹിച്ചു എന്തിനാ ഈ പണിക്കു പോകുന്നെ എന്ന് വീട്ടുകാര്‍ ചോദിച്ചാലും പിറ്റേ ദിവസം നാലുമണിക്ക് എല്ലാവനും ഹാജരുണ്ട്.പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്ത യുവജനങ്ങളുടെ വിഷമം ആരറിയാന്‍.

അപ്പോഴാണ് മഹേഷ്‌ സൈകിളില്‍ പാഞ്ഞു വരുന്നത്. ബ്രേക്ക് കുറവായതുകൊണ്ട് കാലു കൊണ്ട് തുഴഞ്ഞാണ് നിര്‍ത്തുന്നത്. "എടാ മക്കളെ, ഒരു വീസിയാര്‍ കൊടുക്കാനുണ്ട്, കുറച്ചു ചില്ലറ തടയുന്ന എടപാടാ,ആര്‍ക്കെങ്കിലും വേണെങ്കില്‍ പറ". .മഹേഷ്‌ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. മഹേഷിനു ചില്ലറ കമ്മീഷന്‍ പരിപാടി ഒക്കെ ഉണ്ട് .പൈസ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കൊക്കെ കുഞ്ഞുമോന്‍ ചേട്ടന്റെ കടയില്‍ നിന്നും നല്ല പൊറോട്ടയും ബീഫും വാങ്ങി തരും. അതുകൊണ്ട് തന്നെ അതിനു വേണ്ടി ഉള്ള " ലീഡ്സ് " കൊടുക്കുക മുതലായ ചെറിയ പരോപകാരങ്ങള്‍ ഞങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ആരെയേലും പതച്ചു കടപ്പലഹാരം തിന്നുക എന്നതൊക്കെ അന്ന് ഒരു ഹരം ആയിരുന്നല്ലോ !

പള്ളിപറമ്പിനു അടുത്ത് താമസിക്കുന്ന ജോണിക്കുട്ടിയുടെ കയ്യില്‍ ഒരു ഹിടാച്ചി വീസിയാര്‍ ഉണ്ടത്രേ.പത്തെഴായിരം രൂപ വിലയുള്ള സാധനമാണ്.അവനു നാലായിരം രൂപ വേണം.ആരെയെകിലും തപ്പിപിടിച്ചാല്‍ പത്തു മൂവായിരം രൂപ തടയുന്ന കേസാ എന്ന് മഹേഷ്‌ പറഞ്ഞപ്പോ ഞങ്ങളും ചാര്‍ജ് ആയി. അന്നൊക്കെ മൂവായിരം രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ മുപ്പതിനായിരത്തിന്റെ വിലയാ.മുന്നൂറോ നാനൂറോ ഒക്കെയാണ് സാധാരണ മഹേഷിനു കമ്മീഷന്‍ കിട്ടുന്നത്. ഇതിപ്പോ ഇത്രേം വലിയ തുക.

നമ്മുടെ കൂട്ടത്തില്‍ ഉള്ള ജോസുകുട്ടിയാണ് പറഞ്ഞത്,തെങ്ങണയില്‍ പലചരക്ക് കട നടത്തുന്ന മാത്തുക്കുട്ടിച്ചായന്‍ ഒരു വീസിയാര്‍ നോക്കുന്നുണ്ട് എന്ന്.പിറ്റേദിവസം കാലത്തേ തന്നെ ഞങ്ങള്‍ അഞ്ചു പേര്‍ വാടകയ്ക്ക് സൈക്കിള്‍ ഒക്കെ എടുത്തു തെങ്ങണാക്ക് പോയി.തെങ്ങണാ കവലയില്‍ കടയും വീടും കൂടി ഒന്നിച്ചാണ്. മാത്തുക്കുട്ടിച്ചായന്‍ ഒരു പാവമാണ്.എങ്ങനെയും കുപ്പിയിലാക്കാം, എന്നാല്‍ അങ്ങേരുടെ ഭാര്യ വണ്ടി മേരി എന്ന വട്ടപ്പെരില്‍ അറിയപ്പെടുന്ന മേരി ചേട്ടത്തി ഒരു സംഭവം തന്നെ ആണ്. രണ്ടു പേരും കൂടിയാണ് കട നടത്തുന്നത്.


ചേട്ടത്തിയെ പറ്റി ഒരു പഴയ കഥ ഉണ്ട്.കറുകച്ചാലില്‍ ബാര്‍ വരുന്നതിനു മുന്‍പ് കടയില്‍ ചെറിയ തോതില്‍ ബ്രാണ്ടി കച്ചവടം ഉണ്ടായിരുന്നത്രേ. ഒരിക്കല്‍ ആരാണ്ട് കടം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ കലിപ്പ് കാരണം, വിവരം കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ഉള്ള ഒരു പരിചയക്കാരനോട്‌ പറഞ്ഞു. കേട്ടപാതി പോലീസുകാര് ഒരു ജീപ്പില്‍ എത്തി.കടയില്‍ ബ്രാണ്ടി കച്ചവടം നടക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്. വീടും കടയും പരിശോധിക്കണം എന്ന് എസ്. ഐ പറഞ്ഞപോഴേക്കും മേരിചെടുത്തി പറഞ്ഞു. ഞാനും എന്റെ കെട്ടിയോനും ഇടക്ക് രണ്ടെണ്ണം വീശും. പൊട്ടിച്ച കുപ്പിയെലോരെണ്ണം വീട്ടില്‍ ഇരുപ്പുണ്ട്‌. അതിനിപ്പോ ആര്‍ക്കാ ഇത്ര വിഷമം (ഉപയോഗിച്ച വാക്ക് അതല്ല ) എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളി.വണ്ടി മേരി പറഞ്ഞ മുട്ടന്‍തെറി പോലീസുകാരു പോലും കേട്ടിട്ടില്ലതതായിരുന്നത്രേ. അതുകേട്ടു പോലീസുകാര് നാണിച്ചു തലയില്‍ മുണ്ടിട്ടൊണ്ട്പോയെന്നും,നാല്‍പ്പതു കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിച്ചു വന്ന എസ്.ഐ.യും കൂട്ടരും എന്പതില്‍ തിരിച്ചു പോയി എന്നുമായിരുന്നു കഥ.


ഒരുവിധത്തില്‍ വീസിയാര്‍ മാത്തുക്കുട്ടിച്ചായന്റെ തലയില്‍ എണ്ണായിരം രൂപയ്ക്കു കെട്ടിവെച്ചു.മഹേഷിന്റെ അല്ലറ ചില്ലറ കടങ്ങള്‍ ഒക്കെ തീര്‍ത്തു പിന്നെ അഞ്ചു പേരും കൂടി കോട്ടയതുപോയി,ഭേഷായി ശാപ്പാട് അടിച്ചു,പുതിയ ഒരു പടവും കണ്ടു,രാത്രി ഓട്ടോ ഒക്കെ പിടിച്ചു രാജകീയമായി തിരിച്ചെത്തി.


തിരിച്ചു കവലയില്‍ വന്നപ്പോള്‍ ഒരു ചെറിയ ആള്‍ക്കൂട്ടം.പച്ചപ്പാക്കച്ചന്‍ എന്ന് ഞങ്ങള്‍ കളിയാക്കി വിളിക്കുന്ന ഫാദര്‍ ജെയിംസ് പാക്കിലിന്റെ വീസിയാര്‍ കളവു പോയെന്നു.അച്ചന്‍ ഏതാണ്ട് പടം കണ്ടോടിരുന്നപോള്‍ വീസിയാര്‍ മോഷണം പോയി എന്നും പടത്തിന്റെ രസത്തില്‍ അച്ചന്‍ ശ്രദ്ധിച്ചില്ലെന്നും വള്ളിക്കാട്ടെ മോനച്ചന്‍ ഒരു കണ്ണടച്ച് കാണിച്ചു പറഞ്ഞു.കാലത്തെ പോലീസില്‍ പറയാന്‍ പോകുന്നു എന്നും,ജോണി കുട്ടിയെ സംശയം ഉണ്ടെന്നും കൂടി കേട്ടപ്പോള്‍ മഹേഷ്‌ തലയില്‍ കൈവച്ചുപോയി.എന്തിനും ഏതിനും പച്ചപ്പാക്കച്ചന്റെ സഹായി ആയിരുന്നു ജോണിക്കുട്ടി.കാശിനു അത്യാവശ്യം വന്നപ്പോള്‍ അച്ചന് ആരോ ഗിഫ്റ്റ് കൊടുത്ത വീസിയാര്‍ എങ്ങനെയോ അടിച്ചു മാറ്റിയതാണ്. കോട്ടയത്ത്‌ പോയി കുടിച്ചു തീര്‍ത്ത ബിയറിന്റെ കെട്ട് അപ്പോഴേ വിട്ടു.

അന്നൊരു കാള രാത്രി ആയിരുന്നു എല്ലാവര്‍ക്കും.കാലത്തേ അഞ്ചു പേരും കൂടി തെങ്ങണാ. അവിടെ ചെന്നപോ വണ്ടി മേരി അടുക്കുന്നില്ല.സാധനം തിരിച്ചു വേണേല്‍ പതിനായിരം രൂപ വേണെന്നു.ജോണിക്കുട്ടിയുടെ നാലായിരം,ചിലവാക്കിയതിന്റെ ബാകി രണ്ടായിരവും മാത്രം മഹേഷിന്റെ കൈയില്‍.പിന്നെ ജോസുകുട്ടിയുടെ മാലയില്‍ നിന്ന് ഒരു കഷണം എടുത്തു വിറ്റു പൈസ പതിനായിരം തികച്ചു. ഒരു വിധത്തില്‍ വണ്ടിമേരിയുടെ അടുത്തുനിന്നു രക്ഷപെട്ടു.

പിറ്റേന്ന് കാലത്തേ പള്ളിയുടെ ഔട്ട്‌ ഹൌസില്‍ ഒരു അത്ഭുതം നടന്നു.

കാണാതെപോയ വീസീയാറിന്റെ കേബിള്‍ തട്ടുംപുറത്തുന്നു ഞാന്നു കിടക്കുന്ന കണ്ടു കപ്യാരു കേറി നോക്കിയപ്പോള്‍ ദേ ഇരിക്കുന്നു വീസിയാര്‍.തന്നെ കള്ളന്‍ ആക്കിയതില്‍ പ്രതിഷേധിച്ചു ജോണികുട്ടി അച്ചനുമായുള്ള കൂട്ടുകെട്ട് നിര്‍ത്തിയതായി പ്രഖ്യാപിച്ചു . ഈ അവസരം ഉപയോഗിച്ച് ഭാവിയില്‍ അച്ചന്‍ പട്ടത്തിനു പഠിക്കാനുള്ള തീരുമാനവും മാറ്റി.വീട്ടുകാരുടെ നേര്‍ച്ച അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി എന്നു പറയുകയും ചെയ്തു.

ജോസുകുട്ടിയുടെ മാലയുടെ നീളം കുറഞ്ഞത്‌ ജോസുകുട്ടിയുടെ പെങ്ങള്‍ കണ്ടു പിടിച്ചു. വീട്ടില്‍ പിടിപ്പിക്കാതിരിക്കാന്‍ ഊട്ടി കൊടൈക്കനാല്‍ ടൂറിനു സ്കൂളില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ പൈസ കൊടുക്കാം എന്നുള്ള ഒത്തു തീര്‍പ്പില്‍ തല്‍ക്കാലം ജോസുകുട്ടി രക്ഷപെട്ടു.

മഹേഷിനെ കുറെ ദിവസമായി കാണാന്‍ കിട്ടുന്നില്ല. രാത്രിയില്‍ മണല്‍ കട്ടു വാരലാണ് പ്രധാന പരിപാടി. ചെറുതൊന്നും അല്ലല്ലോ കടം.



കുഞ്ഞുമോന്‍ ചേട്ടന്റെ കടയിലെ പൊറോട്ട മേക്കര്‍ ബെറ്റര്‍ ഓപര്‍ച്യുനിടി തേടി കോട്ടയത്തേക്ക് പോയി.പൊറോട്ട മേക്കര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ അറിയാവുന്ന പോലെ ഒക്കെ പൊറോട്ട ഉണ്ടാക്കിയെങ്കിലും പണി പാളി.പൊറോട്ട പ്രിയന്മാര്‍ വീണ്ടും കറുകച്ചാലിനു സൈക്കള്‍ ചവിട്ടാന്‍ തുടങ്ങി .


നമ്മുടെ ഗ്യാങ്ങും പൊളിഞ്ഞു.വരാന്‍ പോകുന്ന പി.എസ്.സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ കയറാനായി ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേര്‍ തലകുത്തി നിന്ന് പഠനം തുടങ്ങി.സൈനിക സ്വപ്നങ്ങളുമായി ഞാനും, ദുബായിലുള്ള അപ്പാപ്പന്റെ കരുണ കാത്തു ജോസുകുട്ടിയും.

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍