May 31, 2010

പ്രവാസ സ്വപ്നങ്ങള്‍...

ഓരോ പ്രവാസിക്കും പറയാന്‍ ഒരു കഥ ഉണ്ടാവും...അത് ചിലപ്പോള്‍ വിഷമതകളുടെതാവാം ..വിരഹതിന്റെതുമാകാം...... സ്വപ്നങ്ങളുടെ കാര്യത്തിലും പ്രവാസി ധനികന്‍ തന്നെ. ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഒരു കൂട്ടം പഥികര്‍.


" തിരികെ വരുമെന്ന വാര്‍ത്ത "...അനില്‍ പനച്ചൂരാന്റെ ഗൃഹാതുരത്വം ഉളവാക്കുന്ന ഈ വരികള്‍ ഇഷ്ടപ്പെടാത്ത പ്രവാസികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനം കേട്ട് തിരിച്ചുപോക്കിനെ പറ്റി സ്വപ്നം കാണുന്ന ആള്‍കാര്‍ ഉണ്ടാവുമോ ? ഉണ്ടാവില്ല എന്നതാണ് സത്യം ....കാരണം തിരിച്ചുപോക്ക് എന്ന് പറയുമ്പോള്‍ എല്ലാ പ്രവാസിക്കും ഒരു ആകുലത ആണെന്ന് തോന്നുന്നു ..നാട്ടിലെ മാറിയ സാഹചര്യങ്ങളും, കുതിച്ചു കയറുന്ന ജീവിത ചിലവുകളും നോക്കി പകച്ചു നില്‍ക്കാനേ അവധിക്കു ചെല്ലുന്ന പ്രവാസിക്ക് കഴിയാറുള്ളു.




ഗള്‍ഫില്‍ വരുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ഒന്നുമാത്രമേ ഉണ്ടാവൂ...തനിക്കും തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ക്കും നല്ല ഒരു ജീവിതം. അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോള്‍ മുന്നോട്ടു നയിക്കാന്‍ ഒരു ഓര്‍മ്മ മാത്രം മതിയാകും .......തന്റെ ഉറ്റവരുടെയും ഉടയവരുടെയും മുഖങ്ങള്‍. ഇതിനിടയില്‍ ചതിക്കപെടുന്നവര്‍ എത്ര...നാട്ടില്‍ വിസ തട്ടിപ്പില്‍ അകപ്പെടുന്നവരുടെ കഥകള്‍ എത്ര വേണമെങ്കിലും ഉണ്ടാവും..എന്നാല്‍ ഇന്ന് ഗള്‍ഫിലും അത് ഒരു തുടര്‍ക്കഥ ആകുന്നു..




പ്രകാശന്റെ (ശരിയായ പേരല്ല )കഥ തന്നെ എടുക്കു...സാമാന്യം തെറ്റില്ലാത്ത ശമ്പളത്തില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി നോക്കി വരുകയായിരുന്നു അയാള്‍. നാട്ടിലെ കടങ്ങള്‍ ഒരുമാതിരി ഒക്കെ വീട്ടി വരുകയായിരുന്നു അയാള്‍ .. മൂന്നിരട്ടി ശമ്പലമെന്നും രണ്ടു മാസത്തില്‍ ഒരിക്കല്‍ അവധി എന്നും കേട്ടപോള്‍ ഏതൊരു പ്രവാസിക്കും ഉണ്ടാകാമാകുന്ന ഒരു വികാരത്തില്‍ അയാള്‍ ജോലിക്കായി ഒരു മാസത്തെ ശംബലതുക കൊടുക്കാന്‍ തയ്യാറായി..കടം മേടിച്ച പണം കൊടുതപോള്‍ കിട്ടിയ വിസ കൈമാറ്റ പത്രികയില്‍ , ജോലി ചെയ്യുന്ന സ്ഥാപനം റിലീസ്‌ ഒപ്പിട്ടു നല്‍കുകയും ചെയ്തു...രാജിവെച്ചതിനു ശേഷം പുതിയ സ്ഥലത്ത് പോകാനായി തയ്യാറെടുക്കവേ ആണ് അറിയുന്നത് അങ്ങനെ ഒരു കമ്പനി നിലവിലില്ല എന്നും താന്‍ കബളിപ്പിക്കലിനു ഇരയാകുകയായിരുന്നു എന്ന്...അങ്ങനെ എത്രയോ പേര്‍ തട്ടിപ്പിന് ഇരയാകുന്നു ...സന്നദ്ധ സംഘടനകളുടെയും ,സൌഹൃദ കൂട്ടായ്മകളുടെയും സഹായത്താല്‍ ചിലരെങ്കിലും രക്ഷപെടുന്നു ...




ചൂഷനതിനിരയാകുന്ന മറ്റൊരു കൂട്ടം ആണ് ഹൌസ് മെയ്ഡുകള്‍ വലിയ ഒരു തുകനല്കി ഇവിടെ എത്തുന്നവര്‍ വര്‍ഷാ വര്‍ഷം വിസ പുതുക്കി നല്‍കാനും പണം നല്‍കേണ്ടി വരുന്നു...സ്പോനസരുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടി പുറത്തു പല വീടുകളില്‍ പാര്‍ട്ട്‌ ടൈം ജോലി നോക്കി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവര്‍ ധാരാളം..അതിനിടെ അപ്രതീഷിതമായി രോഗ ബാധിതാര്‍ ആയവരും ഉണ്ട് . രാധാ ഭായി ( യഥാര്‍ത്ഥ പേരല്ല ) അവരില്‍ ഒരാളാണ്.....ഭര്‍ത്താവും മുതിര്‍ന്ന രണ്ടു പെണ്മക്കളും ഉള്ള അവര്‍ നാല്പത്തി അഞ്ചാം വയസ്സിലായിരുന്നു ഗള്‍ഫില്‍ എത്തിയത്.. ഏകദേശം അന്‍പതിനായിരം രൂപ കൊടുത്തു വിസ വാങ്ങി എത്തിയ അവര്‍, പല വീടുകളില്‍ ജോലിചെയ്തിരുന്നു...രണ്ടു വര്‍ഷം കൂടുമ്പോള്‍ ഏകദേശം നാല്‍പതിനായിരം രൂപയ്ക്കു തത്തുല്യമായ പണം കെട്ടി അവര്‍ വിസ പുതുക്കി വന്നു ...പത്തു വര്‍ഷത്തിനു ശേഷം കാന്‍സര്‍ ബാധിച്ചു രോഗ ശയ്യയില്‍ ആയ അവര്‍ക്ക് സ്വന്തം സമുദായ സംഘടന കൂടി സഹായം നിഷേധിച്ചു...അവര്‍ സംഘടനയില്‍ അംഗത്വം എടുത്തിട്ടില്ലയിരുന്നു എന്നതായിരുന്നു അവര്‍ കണ്ട കുറവ്.. അവരെ പോലെ ഉള്ളവരെ അംഗത്വം എടുക്കാന്‍ ആരെങ്കിലും സമീപിക്കരുണ്ടോ എന്നത് മറ്റൊരു ചോദ്യം..ഗള്‍ഫില്‍ പണക്കാര്‍ക്ക് സ്വന്തം പ്രൌഡി കാണിക്കാന്‍ മാത്രമല്ലെ ചില സംഖടനകള്‍ എങ്കിലും ?




ഉറ്റവരെയും ഉടയവരെയും വിട്ടു ഉള്ള ജീവിതത്തില്‍ ഉണ്ടായെക്കാമായ അപ്രതീക്ഷിത സംഭവങ്ങളില്‍ സ്വയം ജീവന്‍ ത്യജിച്ചവരും ഒരുപാട്...കൊലപാതക കഥകളും സുലഭം. സഹജീവികളെ എങ്ങനെ കബളിപ്പിക്കാനും കൊല്ലാനും കഴിയുന്നു പലപ്പോഴും ചിന്തിച്ചു പോകുന്നു.തന്നെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹത ഉള്ള മറ്റൊരു മനുഷ്യ ജീവന്‍ എങ്ങനെ നശിപ്പിക്കാന്‍ തോന്നുന്നു ?പ്രവാസ ജീവിതത്തില്‍ മരണം എപ്പോഴും സന്തത സഹചാരി ആണോ ?ചിലപോഴെങ്കിലും അങ്ങനെ ചിന്തിക്കാതെ വയ്യ.ഇടക്കിടെ കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥി..മരണം പ്രവാസലോകത്ത്‌ ഒരു ഒരു നിര്‍വികാരത ഉളവാക്കുന്നു എന്ന് പറഞ്ഞെ പറ്റു...ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ കാണുന്ന അതെ ലാഖവത്തോടെ തന്നെ അടുത്ത ഫ്ലാറ്റിലെ സഹജീവിയുടെ മരണവും കാണാന്‍ കഴിയുന്ന ആ ഒരു നിര്‍വികാരത,പ്രവാസ ജീവിതത്തിന്റെ ഒരു സംഭാവന ആണെന്ന് തോന്നുന്നു...മനുഷ്യനെ മനുഷ്യന്‍ ആയി കാണാനും സഹജീവികളുടെ വേദനയില്‍ പങ്കു ചേരാനും നമ്മള്‍ മറക്കുകയാണോ ? പലരും ചോദിച്ച ചോദ്യങ്ങള്‍ ആണെങ്കിലും ഇന്നും അവ ചോദ്യങ്ങള്‍ ആയി തന്നെ നില നില്‍ക്കുകയല്ലേ ?

May 26, 2010

കൊച്ചുതോമ ഫ്രം കുവൈറ്റ്‌....

ഡോക്ടര്‍...ഇരുപത്തെട്ടു വയസ്സുള്ള എന്‍ജിനീയര്‍ ആണ് ഞാന്‍..അവിവാഹിതന്‍...എന്റെ നീറുന്ന പ്രശ്നത്തിന് ഒരു ഉത്തരം തരു.നാട്ടില്‍ എനിക്ക് ആദ്യം കിട്ടിയ ശമ്പളം ആയിരത്തി അഞ്ഞൂറ് ആയിരുന്നു...അതില്‍നിന്നും എന്റെ എല്ലാ ചിലവും കഴിഞ്ഞു ഞാന്‍ അഞ്ഞൂറ് രൂപ സംബാതിക്കുമായിരുന്നു...അങ്ങനെയിരിക്കെ ഞാന്‍ ഞങ്ങളുടെ തൊഴിലിന്റെ തലസ്ഥാനമായ ബാങ്ങ്ലൂരില്‍ പോയി...അവിടെ ഞാന്‍ നല്ല ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു......നല്ല ജീവിതം, നല്ല കൂട്ടുകാര്‍, പാര്‍ട്ടികള്‍ ,പിന്നെ മറ്റു പലതും...അങ്ങനെ രണ്ടു വര്‍ഷത്തിനുള്ളില്‍ എനിക്ക് എന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ രണ്ടു ലക്ഷം രൂപ കടം ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു...പാവപ്പെട്ട എന്റെ വീട്ടുകാര്‍ കടം വാങ്ങി എന്റെ ബാധ്യതകള്‍ തീര്‍ത്തു എന്നെ ഗള്‍ഫില്‍ കൊണ്ടുവന്നു...ഇവിടെ എനിക്ക് ഒരുമാതിരി നല്ല ജോലിയാണ്...അഞ്ഞൂറ് ദിനാര്‍ അതായതു ഏകദേശം നാട്ടിലെ എണ്‍പതിനായിരം രൂപ...




അഞ്ചു വര്ഷം ആയിട്ടും എനിക്ക് ഒന്നും തന്നെ സമ്പാദിക്കാന്‍ പറ്റുന്നില്ല...ജീവിതം മടുത്തു...ഇവിടെ നാടിലെ ഒരു പരിപാടിയും നടക്കുന്നില്ല...അകത്താവും..ചിലപ്പോള്‍ സര്‍കാര്‍ ചിലവില്‍ നാട്ടിലെത്താനും പറ്റും...ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നതില്‍ ഖേദിക്കുകയാണ്.. നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് ഓര്‍ത്തു പോകുന്നു...ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല..ഏതു സമയത്തും ചിന്തയാണ്...ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല...ഇവിടെ ഉള്ള ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഞാന്‍ എന്റെ പ്രശ്നം എഴുതിനോക്കി...ഒരുപാടു പേര് ചീത്ത പറഞ്ഞു...ഒരുത്തന്‍ പറഞ്ഞു എനിക്ക് അഹങ്കാരം ആണെന്ന്...നാല്‍പതു ദിനാറു ശമ്പളം കിട്ടുന്നവരും ഉണ്ട് എന്ന് വേറെ ഒരാള്‍ ഓര്‍മ്മിപ്പിച്ചു...ഇപ്പോഴത്തെ അവസ്ഥയില്‍ നീ നാട്ടില്‍ ‍ തിരിച്ചുപോയാല്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു അഞ്ചു ലക്ഷം രൂപ കടം ഉണ്ടാക്കി എടുക്കാം മറ്റൊരു ദ്രോഹി പറഞ്ഞു....അത്രക്കും മോശമാണോ ഡോക്ടര്‍ അവിടുത്തെ കാര്യങ്ങള്‍?


ഒരു കല്യാണം കഴിക്കാന്‍ പലരും ഉപദേശിച്ചു...എനിക്കെന്തോ അതിനുള്ള ധൈര്യം പോര...കൂട്ടത്തില്‍ ജോലി ചെയ്യുന്ന ഗോവക്കാരിക്ക് എന്നോട് ലേശം അനുഭാവം ഉണ്ട്...ഒരു ഗോവക്കാരിയേം കൊണ്ട് നാട്ടിലേക്കു ചെന്നാലുള്ള പുകിലോര്തിട്ടു ഒന്ന് നോക്കാന്‍ കൂടി തോന്നുന്നില്ല.....നാട്ടില്‍ വന്നിട്ട് പല ഗള്‍ഫുകാരും എന്‍ജിനീയര്‍ ആണെന്നും ഭാവിച്ചു കല്യാണം കഴിക്കുന്നുണ്ട്, നീ യഥാര്‍ത്ഥ എന്‍ജിനീയര്‍ ആയിട്ടും നിനക്ക് എന്താ കുഴപ്പം എന്നാ നാട്ടീന്നു ഒരുത്തന്‍ വിളിച്ചപ്പം ചോദിച്ചത്....ഞാന്‍ ഒരു നേരെ വാ നേരെ പോ സ്വഭാവക്കരനായി പോയി. അതാണോ ഡോക്ടര്‍ എന്റെ കുഴപ്പം ?.എന്റെ കൂടെ ജോലി ചെയ്യുന്ന ബെന്നിക്ക് എന്നെക്കാളും നൂറു ദിനാറു കുറവാ...എന്നിട്ടും അവന്‍ എന്ത് സന്തോഷത്തിലാ കഴിയുന്നെ... അവനണേല്‍ കിട്ടുന്നതില്‍ പകുതി മുക്കാലും സംബാദിക്കുവേം ചെയ്യുന്നുട്....എന്റെ കാശൊക്കെ എങ്ങോട്ടാ പോകുന്നെ എന്ന് ഇടയ്ക്കു അവന്‍ ചോദിക്കാറുണ്ട്..



രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരാറില്ല...ഇവിടുത്തെ ജോലി സിസ്റ്റം അട്മിനിസ്ട്രടര്‍ ആണേലും അങ്ങനെ പ്രതേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ല...വെറുതെ ചീള് മെയിലുകള് ഫോര്‍വേഡ് ചെയ്യുക...ചാര്ളിച്ചായന്റെ ബ്ലോഗ്‌ വായിക്കുക, കമന്റുക പിന്നെ നാട്ടിലുള്ള പഴയ കുറ്റികളോട് ചാറ്റുക..പിന്നെ ഭയങ്കര പണി ആണെന്ന് ഭാവിക്കുക. വല്ലപ്പോഴും വല്ല പ്രിന്റെരിലും പ്രിന്റ്‌ വന്നില്ലേല്‍ ഒന്ന് റീ ഇന്‍സ്റ്റാള്‍ ചെയ്യുക..കഴിഞ്ഞു പണി..ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ അന്നേരം എടുക്കാതെ പിന്നെ കുറെ കഴിഞ്ഞു തിരിച്ചു വിളിക്കുക....ചായകുടിക്കാന്‍ പോയതാനെലും മീറ്റിങ്ങില്‍ ആയിരുന്നു എന്ന് പറയുക..അങ്ങനെയുള്ള ജാട പറച്ചില്‍ ജീവിതം മടുത്തു ഡോക്ടര്‍.കിട്ടുന്ന കാശിന്റെ പകുതിക്കുപോലും പോലും ചെയ്യാനുള്ള പണി ഇല്ലല്ലോ എന്ന് ചിലപ്പോള്‍ ആലോചിക്കും...ഒന്നും പുതുതായി പഠിക്കാന്‍ പറ്റുന്നില്ലലോ ബെന്നീ എന്നുചോദിച്ചപോള്‍ ബെന്നി പറഞ്ഞത് എന്നാത്തിനാ ഇനി പുതിയതൊക്കെ പഠിക്കുന്നെ...ഇതൊക്കെ തന്നെ ധാരാളം എന്നാരുന്നു.....ഈ നിലേല്‍ പോയാല്‍ ബംഗ്ലൂരു പോയാ പണി കിട്ടുമോ അതോ എനിക്കിട്ടു പണികിട്ടുമോ എന്നും ഒരു ശങ്ക ഉണ്ട്..പുതിയ പിള്ളേരൊക്കെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ കാര്യം എന്താവും എന്നും ഓര്‍ക്കാറുണ്ട്..ഞാന്‍ എന്ത് ചെയ്യണം ഡോക്ടര്‍ ? ഒരു എത്തും പിടിയും കിട്ടുന്നില്ല.....ഒരുപാട് മാനസിക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന എന്നെ കൈവിടരുതേ എന്ന് അപേക്ഷിച്ചുകൊണ്ട്‌ ,


താഴാഴാഴ്മയോടെ കൊച്ചു തോമ ( K.T തോമസ്
)

May 12, 2010

എന്‍റെ ചിത്രങ്ങള്‍...

നിറങ്ങള്‍....









മഴയ്ക്ക് മുന്‍പേ ഒരു ശാന്തത ...


മഴ...എന്നെന്നും എന്റെ പ്രിയപെട്ടത്‌...









ഒരു മഴയ്ക്ക് ശേഷം.....




നിഴല്‍ വീണ വഴികള്‍ ...





May 10, 2010

മാതൃ ദിനത്തിന്റെ പിറ്റേന്ന്...


"" മകന്റെ വീടിന്റെ സിറ്റൗട്ടില്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നുവീണ തൊണ്ണൂറുകാരിയെ നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടില്‍ കയറ്റി.അഞ്ചു മക്കളുടെ വീട്ടിലുമായി ഊഴമനുസരിച്ച് താമസിക്കുകയാണ് ഇവര്‍ ...അമ്മയെ പുറത്തുകണ്ടതോടെ ഗള്‍ഫിലുള്ള മകന്റെ ഭാര്യ വീടുപൂട്ടി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രി വൈകിയും വീടിന്റെ സിറ്റൗട്ടില്‍ കിടന്ന അമ്മയെ കണ്ട് അയല്‍വാസി അന്വേഷിച്ചുചെന്നപ്പോഴാണ് വീട് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചുവരുത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് മരുമകള്‍ പോയ ഫ്‌ളാറ്റിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗള്‍ഫിലുള്ള മകന് ഫോണ്‍ചെയ്തു. വീട് തുറന്ന് അമ്മയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് അമ്മക്ക് വീട്ടില്‍ കയറാനായത്.""

ലോക മാതൃ ദിനത്തിന്റെ പിറ്റേന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്...കരുണ, അലിവ്, ദയ, സ്നേഹം, വാത്സല്യം എന്നിവ നമ്മള്‍ മലയാളികളില്‍ നിന്നും അന്യമാകുകയാണോ ? കഥകളിലും സിനിമകളിലും കാണുന്ന സംഭവങ്ങള്‍ നമ്മുടെ നിത്യജീവിതതിലേക്കും പകര്തപ്പെടുകയണോ ? ഊഴമനുസരിച്ച് ആണോ നമ്മള്‍ മാതാപിതാക്കളെ സ്നേഹിക്കേണ്ടത് ?

പ്രവാസികളുടെ പല പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് പ്രായമായ മാതാപിതാക്കളുടെ പരിരക്ഷ..അധികമൊന്നും ചര്‍ച്ച ചെയ്യപെടാത്ത ഒരു വിഷയം...പലര്‍ക്കും മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ കഴിയാറില്ല...ജോലിയുടെ പ്രത്യേകതകള്‍ ആവാം ചിലരുടെ പ്രശ്നം..മാതാപിതാക്കളുടെ പ്രായം അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ചു അന്യ സ്ഥലത്ത് തങ്ങാനുള്ള മടിയും ആവാം....എങ്ങനെയായാലും ജീവിത സായാഹ്നത്തില്‍ അവര്‍ക്ക് വേണ്ടത് ഒന്ന് മാത്രം...ഒരിറ്റു സ്നേഹം..അത് കൊടുക്കാന്‍ പ്രവാസി മാത്രമല്ല...എല്ലാവരും ബാധ്യസ്തന്‍ ആണ്.

ഊഴം വെച്ച് അമ്മയെയും അച്ഛനെയും നോക്കാം എന്ന് പറയുന്നവര്‍, ഇതേ അനുഭവം നാളെ അവര്‍ക്കുണ്ടായാലോ എന്ന് ചിന്തിക്കാത്തവര്‍ ആണ്. എന്തിനാണ് നമുക്ക് നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഒരു ഊഴത്തിന്റെ അവശ്യം ? കാണാമറയത്ത് മകനോ മകളോ പോയിരിക്കുമ്പോള്‍, അവരുടെ സംരക്ഷണം ദൈവത്തിന്റെ മാത്രം കൈകളില്‍ അര്‍പിച്ചു പ്രാര്‍ത്ഥനയോടെ കഴിയുന്ന ഈ ജന്മങ്ങള്‍ക്ക് പകരം നല്കാന്‍ അല്പം നല്ല വാക്കുകള്‍ മാത്രം മതിയാവും.




എന്നാല്‍ ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ ആ ഊഴം എല്ലായ്പോഴും തങ്ങള്‍ക്കു തന്നെ എന്ന് ശഠിക്കുന്നവര്‍ ആണെന്ന കാര്യം മറക്കുന്നില്ല ..മാതാപിതാക്കളോട് സ്നേഹം ഉള്ളവര്‍, അവരുടെ ചെറിയ വിഷമത്തില്‍ പോലും ആകുലര്‍ ആകുന്നവര്‍ . അത് കണ്ടു വളരുന്ന അവരുടെ കുട്ടികളും ഈ പാത തുടരുന്നു...


പുതിയ തലമുറയ്ക്ക് പഴയതിനെ അപേക്ഷിച്ച് ബന്ധങ്ങളോട് ഊഷ്മളത കുറവാണു എന്ന് വാദിക്കുന്നവര്‍ ഉണ്ടാവാം..ഏതു തലമുറയില്‍ ആയിരുന്നാലും, നമ്മള്‍ പിന്തുടരുന്ന ചില അടിസ്ഥാന തത്വങ്ങള്‍ ഉണ്ടാവും. ആ തത്വങ്ങളില്‍ അധിഷ്ടിതമായി ജീവിക്കുന്നവര്‍ അടുത്ത തലമുറയ്ക്ക് കൂടി മാത്രുകയാവുന്നു .ബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റം നമ്മള്‍ തന്നെ ആണ് ഉണ്ടാക്കുന്നത്...നമ്മള്‍ നമ്മുടെ മാതാപിതാക്കളെ എങ്ങനെ കാണുന്നോ അതിനെക്കാള്‍ ഒരു പടി മുകളിലായി നമ്മുടെ അടുത്ത തലമുറ നമ്മെ കാണും എന്നതാണ് സത്യം..