ബഹുമാനപ്പെട്ട കെ.എൻ.ബി അവർകൾ അറിയാൻ...
കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്നുള്ള അങ്ങയുടെ പരിദേവനങ്ങൾ മിക്കവാറും എല്ലാ ദിവസവും കേൾക്കാറുണ്ട്. എന്നാൽ ഈ നിലവിളി അല്ലാതെ ദുർചിലവുകൾ കുറക്കാനുള്ള എന്തെങ്കിലും അങ്ങ് ചെയ്തിട്ടുണ്ട് എന്ന് പത്ര മാധയമങ്ങളിൽ കൂടി മനസ്സിലാക്കാൻ പറ്റിയിട്ടില്ല.കാരണം ഓരോ ദിവസവും പുറത്തുവരുന്ന സർക്കാരിന്റെ ധൂർത്തിന്റെ കഥകൾ എന്നെ പോലെ,നമ്മുടെ നാട് നന്നാകണം എന്നചിന്ത ഉള്ള ഓരോരുത്തരെയും വേദനിപ്പിക്കുന്നതാണ്.സത്യം പറഞ്ഞാൽ ,കൃത്യമായി സർക്കാരിന് കൊടുക്കാനുള്ള നികുതി അടക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് പല ധൂർത്തുകളും കാണുമ്പോൾ രക്തം തിളക്കാറുണ്ട്. പക്ഷെ അതുകൊണ്ടു കാര്യമില്ലല്ലോ. നമ്മുടെ ബി. പി കൂട്ടാമെന്നല്ലാതെ പി.ബി ഒന്നും ചെയ്യുന്നില്ലല്ലോ.
കേരളം കടക്കെണിയിൽ ആണെന്നുള്ള എന്തെങ്കിലും വാർത്ത വരുമ്പോൾ അങ്ങയുടെ മുൻഗാമി അതിനെ ന്യായീകരിച്ചു പോസ്റ്റിടും. കടമെടുക്കൽ കുറ്റമൊന്നുമല്ലെന്നും ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും കടം ഇരട്ടിയാകുന്നത് നെടുമുടി വേണു പറഞ്ഞ പോലെ സ്വാഭാവികം എന്നുമാണ് അദ്ദേഹം പറയുന്നത്.അതവിടെ നിൽക്കട്ടെ .
മെഡിക്കൽ ഇൻഷുറൻസ് ആണ് മറ്റൊന്ന്. എം.എൽ.എമാർക്കും ചികിത്സാചെലവ് മുഴുവനായി റീ-ഇമ്പേഴ്സ് ചെയ്തു കൊടുക്കും എന്നാണ് കേട്ടിട്ടുള്ളത്.നമ്മുടെ എം.എൽ.എ മാരിൽ 50 % ത്തിനു മുകളിൽ വന്ദ്യ വയോധികർ ആണെന്നിരിക്കെ മെഡിക്കൽ ചിലവുകൾ കൂടും. സ്വാഭാവികം.നിത്യരോഗികൾ എന്തിനാണ് എം. എൽ.എയും മന്ത്രിയുമാകുന്നതു എന്നത് പ്രസക്തമായ ചോദ്യമാണെങ്കിലും ചോദിക്കുന്നില്ല. മരണംവരെ ജനസേവനം എന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. രാഷ്ട്രീയത്തിലും മിനിമം വിദ്യാഭ്യാസം വേണമെന്നും വിരമിക്കൽ വേണമെന്നും,പ്രായപരിധി ഉണ്ടാവണമെന്നതും നമ്മുടെ രാജ്യത്തു നടപ്പില്ല. അതവിടെ നിൽക്കട്ടെ. ഈ 140 എം.എൽ.എമാർക്കും സർക്കാർ ചിലവിൽ ഇൻഷുറൻസ് എടുത്തു കൊടുക്കാൻ എന്താണ് ബുദ്ധിമുട്ട്?10 ലക്ഷം കവറേജ് ഉള്ള ഒരു മെഡിക്കൽ പോളിസിക്ക് വെറും 25,000 രൂപയെ വർഷം ചിലവുള്ളു. അതും ഒന്നിച്ചു എടുത്താൽ കുറപ്പിക്കാം. ഒരു എം.എൽ.എ ക്കുതന്നെ 20 ഉം 30 ലക്ഷം മെഡിക്കൽ ബിൽ റീ ഇമ്പേഴ്സ് ചെയ്യുന്നത് നിൽക്കും. അതുപോലെ വിദേശ ചികിത്സക്ക് പോകുന്നത് ഒന്ന് നിർത്തിക്കൂടെ? പോകേണ്ടവർ സ്വന്തം ചിലവിൽ പോകട്ടെ അതല്ലേ ഹീറോയിസം?മണ്ഡലത്തിലെ ഒരു വോട്ടർക്ക് വിദേശചികിത്സ വേണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നും കൊടുക്കേണ്ടിവരുന്ന സ്ഥിതിയുള്ളപ്പോൾ എൽ.എൽ.എമാർക്കും മന്ത്രിമാർക്കും സർക്കാർ ചിലവിൽ വിദേശ ചികിസ നടത്തുന്നതിനു എന്ത് ന്യായമാണ് ഉള്ളത്?അതും ആരോഗ്യരംഗത്തു കേരളം നമ്പർ 1 എന്ന് പറയുമ്പോൾ!
കുറക്കാൻ പറ്റുന്ന പാഴ്ചിലവുകൾ എണ്ണിയാലൊടുങ്ങാത്തതായി ഉണ്ട്.എന്തിനാണ് മന്ത്രിമാർക്ക് പുറത്തു നിന്നും പേർസണൽ സ്റ്റാഫ്? അതിനു സർക്കാർ സർവീസിൽ ഉള്ളവരെ ഡെപ്യുട്ടേഷനിൽ നിയമിച്ചുകൂടെ?രണ്ടുവർഷം കഴിഞ്ഞാൽ അവർക്കു മരണം വരെ പെൻഷൻ കൊടുക്കുന്നത് നമുക്ക് ലാഭിച്ചു കൂടെ ? എന്തിനാണ് കോർപ്പറേഷനുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും രാഷ്ട്രീയക്കാരായ ചെയർമാൻമാരും അവർക്കു വാഹനങ്ങളും സ്റ്റാഫും? ഐ.എ.എസ് ഉദ്യോഗസ്ഥന്മാർക്ക് നിർവ ഹിക്കാനാവാത്ത എന്ത് മലമറിക്കൽ ആണ് ഈ ചെയർമാൻമാർ ചെയ്യുന്നത്?എന്തിനാണ് മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഡ്രൈവർമാർ?വിദേശരാജ്യങ്ങളിൽ രാഷ്ട്രത്തലവന്മാർ വരെ സ്വയംഡ്രൈവ് ചെയ്തു പോകുന്നു.വണ്ടിയോടിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ സ്വന്തം ചിലവിൽ ഡ്രൈവറെ നിയമിക്കയല്ലേ വേണ്ടത്?പേർസണൽ സ്റ്റാഫിനും ഡ്രൈവർമാരെ അനുവദിച്ചിരിക്കുന്നു വെന്നു കേൾക്കുന്നു.കുട്ടികളെ കരാട്ടെ പഠിപ്പിക്കേണ്ടവർ സ്വന്തം വാഹനത്തിൽ പോകുന്നതല്ല മര്യാദ ?
കേരളത്തിൽ മാറ്റംവരേണ്ട കാര്യങ്ങൾ എഴുതണമെങ്കിൽ അതിനു ഒരു ഡസൻ കത്തുകൾ എഴുതേണ്ടിവരും.വെറും സാധാരണക്കാരനായ കൊച്ചുതോമ്മായുടെ മനസ്സിൽ ഇതൊക്കെ തോന്നിയെങ്കിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾക്ക് ഇതിലുമധികം മാറ്റങ്ങൾ നിർദേശിക്കാൻ സാധിക്കുമല്ലോ.ബുദ്ധിയുള്ള ഐ.എ.എസ്കാർ ആവശ്യത്തിനുള്ളപ്പോൾ എങ്ങനെ സർക്കാരിന്റെ ചിലവുകൾ കുറക്കാം എന്നതിനെ കുറിച്ച് ഒരു പഠനം നടത്തിക്കൂടേ? ഒരു സാമ്പത്തിക അച്ചടക്കം നടപ്പാക്കാൻ അങ്ങേക്ക് മുൻകൈയെടുത്തുകൂടെ?മുൻഗാമികളെപ്പോലെ കേന്ദ്രത്തെ കുറ്റംപറഞ്ഞു മാത്രം കാലം കഴിക്കാതെ പിൻഗാമികൾക്കു ഒരു മാതൃകയായിക്കൂടെ ?
ജനങ്ങളുടെ പണമാണ് ഇതുപോലെ വെറുതെ ധൂർത്തടിക്കുന്നതും,നഷ്ട്ടപ്പെടുത്തിക്കളയുന്നതെന്നുമുള്ള ഒരു ഓർമ്മയുണ്ടാവുന്നത് നല്ലതാണ്. കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ അങ്ങയെ ചരിത്രം അടയാളപ്പെടുത്തും.അല്ലെങ്കിൽ വലിയ വലിയ ബിരുദങ്ങൾ ഉണ്ടായിട്ടും,ബുദ്ധിജീവിപ്പട്ടം സ്വയം എടുത്തണിഞ്ഞിട്ടും പ്രായോഗിക ബുദ്ധി ഇല്ലാതെപോയ മുന്ഗാമിയെപോലെ അങ്ങും വിസ്മൃതിയിൽ ആവും. ദി ചോയിസ് ഈസ് യുവേഴ്സ് !
ആദരപൂർവം
കൊച്ചുതോമാ
( കെ. ടി. തോമസ് )
1 അഭിപ്രായ(ങ്ങള്):
അടിപൊളി...!!!
Post a Comment