Dec 26, 2021

കണ്ണൻ ഗോപിനാഥനു ഒരു തുറന്ന കത്ത്.

 


ബഹുമാനപ്പെട്ട കണ്ണൻ സർ, 

അങ്ങ് കഴിഞ്ഞ ദിവസം മനോരമ ചാനലിനു കൊടുത്ത അഭിമുഖംകണ്ടു.സത്യം പറഞ്ഞാൽ താങ്കളെകാണാനാനില്ലല്ലോയെന്ന് കഴിഞ്ഞയാഴ്ചയുംഓർത്തതേയുള്ളു.മാർച്ചുമാസത്തിനു മുൻപേ NPR പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ചു നടത്തുമെന്ന്  ഭീഷണി മുഴക്കി അടുത്ത മാർച്ചു വരാറായിട്ടും നേരം വെളുത്തില്ലെന്നൊക്കെ അസൂയക്കാർ പറയുന്നുണ്ട്.ഞാനതു വിശ്വസിക്കില്ല.എല്ലാ വർഷവും മാർച്ചുമാസം ഉണ്ടല്ലോ! 


താങ്കളുടെ  അക്കാദമിക് വൈഭവത്തെ മാനിക്കുന്നു. അതേപോലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനോഭാവത്തെയും  സ്ലാഘിക്കുന്നു. പ്രളയത്തിൽ അരിച്ചാക്കു ചുമ്മിയതൊക്കെ കണ്ടു കോൾമയിർ കൊണ്ടിട്ടുണ്ട്.ഇതുപോലുള്ള കഴിവ്ല്ല ചെറുപ്പക്കാർ ഉയർന്നു വരട്ടെ എന്ന പ്രത്യാശ മാത്രമേ ഉള്ളു. 


പക്ഷെ അങ്ങ് പുല്ലുപോലെ IAS വലിച്ചെറിഞ്ഞത് എന്തിനായിരുന്നു?അതുപോലൊരു പദവിയിൽ ഇരുന്നു പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ  അങ്ങേക്ക് സാധിച്ചേനെ. നമ്മൾ സിസ്റ്റത്തിന് അകത്തു നിന്ന് ചെയ്യാൻ കഴിയുന്നിടത്തോളം സിസ്റ്റത്തിന് വെളിയിൽ നിൽക്കുമ്പോൾ ചെയ്യാൻ സാധിക്കുമോ? സംശയമാണ്.കാശ്മീരിലുള്ള ചില വിഘടനവാദികൾക്കു ഇന്റർനെറ്റ് കിട്ടിയില്ല എന്ന സില്ലി കാരണം പറഞ്ഞു  വലിച്ചെറിയാൻമാത്രം നിസ്സാരമാണോ അങ്ങേക്ക് IAS എന്ന പദവി എന്ന് ഞാൻ ചോദിക്കുന്നില്ല.അതൊക്കെ താങ്കളുടെ  വ്യക്തിപരമായ കാര്യം.എന്നാൽ ഈ  കാശ്മീരികളിൽ എത്ര ശതമാനം പേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട് എന്ന് താങ്കൾ അന്വേഷിച്ചോ?  അവിടുത്തെ  സാധാരണ ജനജീവിതത്തെ  അത് എത്രമാത്രം ബാധിച്ചു എന്നോ?പോട്ടെ,ഒരു പതിനഞ്ചു വർഷം മുന്നേ എത്രയാളുകൾ നമ്മുടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടായിരുന്നു?അന്നും ആളുകൾ കാര്യങ്ങൾ നടത്തുന്നുണ്ടായിരുന്നു. പഠിക്കുന്നുണ്ടായിരുന്നു സർക്കാർ അത് താൽക്കാലികമായി നിരോധിച്ചത് അവിടെ  വളരുന്ന  വിഘടനവാദത്തിനു  തടയിടാൻ  എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമാണ് എന്ന് താങ്കൾക്ക്  മനസ്സിലാകാതെപോയതു  എന്തുകൊണ്ടാണ്?രാജ്യസുരക്ഷയല്ലെ സർ  പ്രധാനം?അല്ലെങ്കിൽ തന്നെ ആ തരം സേവനങ്ങൾ നിർത്തുന്ന  ആദ്യത്തെ സർക്കാർ ആണോ ഇത് ?ആർട്ടിക്കിൾ 370 കുറിച്ച് അങ്ങ് പറഞ്ഞു.കാശ്മീരിനെ മുഖ്യധാരയിൽ കൊണ്ടുവരിക  എന്ന ഉദ്ദേശത്തിലായിരിക്കുമല്ലോ സർക്കാർ അത് ചെയ്തത്.മുൻ സർക്കാരുകളും ഇതുപോലെ ഓരോരോ കാര്യങ്ങൾ ചെയ്തു സുരക്ഷാപരമായി ഒരുപാട് പ്രാധാന്യം ഉള്ള ഭാരതത്തിന്റെ ഈ പ്രദേശം സംരക്ഷിക്കാൻ നോക്കിയിരുന്നു.അതുപോലെ ഒന്നായി ഇതിനെയും കണ്ടാൽ പോരെ.ഇവരും ശ്രമിക്കട്ടെ.ഉദ്ദേശം നിറവേറി എങ്കിൽ അത്  നമ്മുടെ  രാജ്യത്തിന് നല്ലതല്ലേ?


അങ്ങ് കാശ്മീരികളുടെ  അവകാശങ്ങളെക്കുറിച്ച് വാചാലനായപ്പോൾ,അവിടെനിന്നു കുടിയിറക്കപ്പെട്ട പണ്ഡിറ്റുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?അവർ പലരും ഇന്നും തെരുവിലാണെന്നു അങ്ങേക്ക റിയാമെന്നു കരുതുന്നു.അവരുടെ പുനരധിവാസത്തെക്കുറിച്ചു അങ്ങയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടു.അന്നത്തെ ക്രൂരമായ  ജെനോസൈഡ് നെ  അപലപിക്കാൻ  അങ്ങ് തയ്യാറാണോ?അത് ചെയ്തത് തെറ്റായിപ്പോയി എന്ന് അങ്ങേക്ക് ഉറക്കെപ്പറയാൻ  സാധിക്കുമോ?


നമുക്കിനി  കേരളത്തിലേക്ക് വരാം.കേരളത്തിൽ എത്രപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്  എന്ന് അങ്ങേക്ക് അറിയാമോ.ഒരു സ്മാർട്ഫോൺ പോലും ഇല്ലാത്തവരും അല്ലെങ്കിൽ സാധാരണഫോൺ പോലും ഉപയോഗിക്കാനറിയാത്തവരും കേരളത്തിലുണ്ട് സർ.അല്ലെങ്കിൽ തന്നെ ഇന്റർനെറ്റ് ആണോ അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം,വസ്ത്രം,ചികിത്സ,വിദ്യാഭ്യാസം എന്നിവയെക്കാൾ അത്യാവശ്യം?കേരളത്തിന്റെ പൊതുകടം എത്ര എന്നറിയുമോ?ഇവിടെ  അനധികൃത നിയമനങ്ങൾ നടക്കുന്നത് അറിയാമോ?മന്ത്രിമാർ സർക്കാർ ചിലവിൽ വിദേശത്തു ചികിത്സ നേടുന്നതും,ആഡംബര കാറുകൾ മാറ്റി മാറ്റി വാങ്ങുന്നതും അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?കോടികൾ വിലയുള്ളത് ബസ് വാങ്ങി കേടായി നശിച്ചുപോകുന്നതും, വീണ്ടും വീണ്ടും വാങ്ങുന്നതും വാടകക്കെടുക്കുന്നതും അങ്ങേക്ക് അറിയാമോ?ധുർത്ത് എല്ലായിടത്തും കൂടുന്നതിനേക്കുറിച്ചു അങ്ങ് ബോധവാനാണോ?ഇവിടുത്തെ വ്യവസായങ്ങൾ അന്യസംസ്ഥാനത്തേക്കു പോകുന്നതു അങ്ങറിയുന്നുണ്ടോ ?


വിദേശമലയാളികൾ ഇല്ലെങ്കിൽ കേരളം "വട്ടപ്പൂജ്യം" എന്ന് അങ്ങേയ്ക്കു അറിയാമെന്നു കരുതുന്നു. ഒരുകാലത്തും ഫീസിബിൾ ആവാത്ത കെ-റയിൽ എന്ന പുതിയ വെള്ളാനയെക്കുറിച്ചു അങ്ങ് കമാ  എന്നൊരക്ഷരം മിണ്ടിയോ?കാസകോട്ടിരിക്കുന്ന ഒരാൾക്ക് തിരുവനന്തപുരത്തു എത്താൻ രണ്ടു മണിക്കൂർ  ലാഭിക്കാനായി  ലക്ഷംകോടി രൂപ ചിലവാകുന്ന വികസനമാണോ കേരളത്തിൽ വേണ്ടത് അതോ  ഇപ്പോൾ ഉള്ള റോഡുകൾ പാലങ്ങൾ,പാളങ്ങൾ എന്നിവയൊക്കെ  ഇതിന്റെ  നാലിലൊന്നു പണം കൊണ്ട് കൂടുതൽ വികസിപ്പിക്കലാണോ നല്ലതു?എക്സ്പ്രസ് ഹൈവേ വിഭാവനം ചെയ്തപ്പോൾ കേരളം രണ്ടായി പിളരും  എന്ന്  രോദനം മുഴക്കിയവരുടെ  കൂടെയാണ്  അങ്ങ് എന്നറിയാം. അതായിരിക്കുമല്ലോ  ഈ മൗനം!


റിട്ടയർ ചെയ്യുന്നത് വരെ ജനങ്ങളെ സേവിച്ചു അതിനു ശേഷം അങ്ങയുടെ ഇഷ്ടംപോലെ  സ്വതന്ത്രമായി പ്രവർത്തിക്കയായിരുന്നു വേണ്ടത്. എങ്കിലിവിടുത്തെ ചുവപ്പുനാടയുടെ,ബ്യുറോക്രസിയുടെ, കാലഹരണ നിയമങ്ങളുടെ  നൂലാമാലകളിൽ നിന്നും കുറച്ചു പേർക്കെങ്കിലും ആശ്വാസം പകരാൻ  അങ്ങേക്ക് സാധിച്ചേനെ.അങ്ങയുടേതു  ഒരു നല്ല ഉദ്ദേശ്യം ആയിരുന്നു എങ്കിൽ സർവീസിൽ ഇരുന്നു പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തേനെ. അങ്ങയുടെ ഉള്ളിലെ രാഷ്ട്രീയം ഏതു എല്ലാവർക്കും അറിയാം!അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യം.ആ ഒരു സ്ഥാനത്തിരിക്കുമ്പോൾ അത് പ്രകടിപ്പിക്കാനാവില്ല  എന്നതുകൊണ്ട് മാത്രമാണ് അങ്ങ് രാജിവെച്ചതെന്നു എനിക്ക് തോന്നുന്നു.കാശ്മീർ പ്രശ്‌നം ഒരു കാരണമാക്കിയെന്നു മാത്രം.അല്ലെങ്കിൽ കാശ്മീർ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ്  അങ്ങയുടെ  നിർദേശം?അങ്ങേക്ക്  അങ്ങനെ എന്തെങ്കിലും നിർദേശം ഉണ്ടായിരുന്നു  എങ്കിൽ അത്  പദവിയിൽ ഇരുന്നപ്പോൾ അധികാരികളെ അറിയിക്കാൻ ശ്രമിച്ചിരുന്നോ?


20-20ഇവിടെവന്നപ്പോൾ ആവേശം കൊണ്ടായാളാണ്  ഈ കൊച്ചുതോമാ.അവർ നിയമസഭയിലെത്തുമെ ന്നും ഒരു മാറ്റത്തിന് തുടക്കമാവുമെന്നും ആഗ്രഹിച്ചു. പക്ഷെ രാഷ്ട്രീയക്കാരോട് ചേർന്ന്  അവിടുത്തെ  ജനങ്ങൾ  തന്നെ അവരെ തോൽപ്പിച്ചു കളഞ്ഞു."അനുഭവിക്കട്ടെ" എന്ന കുപ്രസിദ്ധമായ വനിതാകമ്മീഷൻ മറുപടി പറയാൻ തോന്നുന്നില്ല. കാരണം  നാടുനശിക്കുന്നതിൽ അത്ര  വേദനയുണ്ട് . അതുകൊണ്ടു മാത്രം. 


അങ്ങ് വിചാരിച്ചാൽ ഇനിയും എന്തെങ്കിലുമൊക്കെ കേരളത്തിൽ ചെയ്യാൻ സാധിക്കും.കേജ്രിവാളിനെ ആരാധിക്കുന്ന ഒരാളാണീ കൊച്ചുതോമ.  അതുപോലെ ഒരു മൂവ്മെന്റ് കേരളത്തിലും  വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അങ്ങേക്ക് അതിനു  നേതൃത്വം കൊടുക്കാനാവും. സാധിക്കുമെങ്കിൽ നമ്മുടെ കേരളത്തിലേക്ക് വരൂ.ഇവിടുത്തെ ഈ പകൽകൊള്ള ഒന്ന്  നിർത്താൻ ശബ്ദമുയർത്തു.ഒന്നുമില്ലെങ്കിലും  രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന വിഘടനവാദികളേക്കാൾ  എന്തുകൊണ്ടും നല്ലവരാണ് കേരളീയർ.ഒരു നല്ല നേതൃത്വമുണ്ടെങ്കിൽ ഇവിടെ അത്ഭുതങ്ങൾ  സൃഷ്ടിക്കാനാവും.അങ്ങേക്ക് ചിലപ്പോൾ അത് സാധിച്ചേക്കാം. ശ്രമിച്ചു നോക്കൂ.


എല്ലാ ഭാവുകങ്ങളും!

സസ്നേഹം കൊച്ചുതോമ  


1 അഭിപ്രായ(ങ്ങള്‍):

Unknown said...

വളരെ നന്നായി എഴുതി. കണ്ണൻ ഗോപിനതനും അരുന്ധതി റോയ് ഒക്കെ ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ്. എന്നും വിഘടനവാദികൾക്ക് ഒപ്പ.