Mar 7, 2021

രാഹുൽജിക്ക്‌ കൊച്ചുതോമ്മായുടെ തുറന്ന കത്ത്

 പ്രിയപ്പെട്ട  രാഹുൽജി, 

അങ്ങയെ  ആദരിക്കുന്ന  അനേകം കേരളീയർ  ഉണ്ട്. അങ്ങ് ഒരു വലിയ  സംഭവമാണെന്ന്  മനോരമ  എന്നും  തള്ളുന്നതുകൊണ്ടു  മാത്രമല്ല.അങ്ങയുടെ  മുത്തശ്ശിയും പിതാജിയും ഒക്കെ  നമ്മുടെ  രാജ്യത്തിന്  നൽകിയ  സേവനങ്ങൾ കണക്കിലെടുത്തും,അങ്ങയുടെ കുടുംബ പേരിനോടുള്ള  വൈകാരിമാകമായ ആ  ഒരു ബന്ധവും ഒക്കെകൊണ്ടാണെന്നാണ്  എനിക്ക്  തോന്നുന്നത്.ആ കുടുംബത്തിൽ വന്നു  പിറന്നില്ലായിരുന്നെങ്കിൽ അങ്ങയെപ്പോലെ ഒരാൾക്ക്  ഇത്ര  വലിയ  ഒരു  സ്ഥാനത്തു  എത്താനുള്ള കാലിബർ ഒന്നുമില്ല എന്ന് ശത്രുക്കൾ പറഞ്ഞു  നടക്കുന്നുണ്ട്. ഞാൻ അത്  വിശ്വസിക്കില്ല.


അങ്ങയുടെ പാർട്ടിയിൽ  ചെറുപ്പക്കാർക്കും വനിതകൾക്കും ആവും  ഈ  തവണ പ്രാധാന്യം എന്ന്  പത്രത്തിൽ വായിച്ചു. കേരളത്തിൽ  നാല്പതും  അൻപതും  വർഷങ്ങൾ  മത്സരിച്ചു  എം.എൽ.എ ആയിട്ടും   വീണ്ടും  ജനസേവനം  എന്ന  ഒറ്റ  ചിന്തമാത്രം  ഊണിലും  ഉറക്കത്തിലും  ഉള്ള  വന്ദ്യവയോധികരെ  തഴയരുത് . അവർ  അവരുടെ  അന്ത്യം  വരെയും  ഈ  സേവനം തുടരട്ടെ..വേണമെങ്കിൽ ചെറുപ്പക്കാർ  എന്നുള്ളതിന്റെ  പ്രായപരിധി ഒരു  എഴുപതു  വയസ്സായി നിർവചിക്കാവുന്നതാണ്.പരസഹായം ഇല്ലാതെ  നടക്കാൻ  പറ്റാത്തവർക്കു നിയമസഭയിൽ  നല്ല  വിശ്രമം  കിട്ടട്ടെ. 


അങ്ങ്  കടലിൽ  ചാടിയപ്പോൾ കൂടെ  ചാടാൻ  ആരൊക്കെയോ മടിച്ചു എന്ന് കേട്ടു.അടുത്ത  തവണ  അവരുടെ  പേര്  വെട്ടണം.പിന്നെ കുറെ  കഴിഞ്ഞു  തിരിച്ചെടുക്കാം.പശുക്കുട്ടിയെ വഴിയിൽ  വെച്ചു കൊന്നു  കറിവെച്ചവരൊക്കെ ഇപ്പോൾ  വീണ്ടും സംസ്ഥാന നേതാക്കൾ ആയല്ലോ. അതുപോലെ.പൊതു ജനം അതൊക്കെ കുറച്ചു  ദിവസം കൊണ്ട്  മറന്നോളും.കൂട്ടത്തിൽ  ആരാണ്ടും സരിത ചേച്ചിക്ക് 180 തവണ  ഫോൺ വിളിച്ചു  ഭരണഘടന പഠിപ്പിച്ചതൊക്കെ ഞങ്ങൾ  മറന്നില്ലേ .അതുപോലെ! 


മുഖ്യമന്ത്രിയെ  പിന്നെ  തിരഞ്ഞെടുക്കാം  എന്ന് പറഞ്ഞു മത്സരിച്ചാൽ  നല്ല  പണി കിട്ടും.അങ്ങനാന്നെങ്കിൽ  നല്ല  കാലുവാരൽ  നടക്കും എന്നത് മൂന്നര തരമാണ്.മുഖ്യമന്ത്രിയാകാൻ കോട്ടും തയ്പ്പിച്ചു നടക്കുന്നവരെ തോൽപ്പിക്കാൻ  രണ്ടുപക്ഷവും  ആഞ്ഞു  പരിശ്രമിക്കും.അതുകൊണ്ടു  ഇപ്പോൾ തന്നെ മുഖ്യനായി ആരെയെങ്കിലും  ഉയർത്തിക്കാട്ടുന്നതാണ്  ബുദ്ധി. ചേട്ടത്തിയെ  കാണിച്ചു  അനിയത്തിയെ  കെട്ടിക്കുന്നതൊക്കെ മറ്റേ  ലോ പാർട്ടിയിൽ  നടക്കും.അവിടെ  പിന്നെ 51  വെട്ടു  ഓർത്താൽ  ആരും  മിണ്ടുകേല. 


ഇപ്പോഴത്തെ  സാഹചര്യത്തിൽ  അങ്ങുതന്നെ  മുഖ്യമന്ത്രി  സ്ഥാനാർഥി ആയി മത്സരിച്ചാൽ  അതാവും  ഏറ്റവും  നല്ലതു . അങ്ങ്  മത്സരിച്ചാൽ  ആ പേരിൽ ഒരു  നൂറു  സീറ്റെങ്കിലും  പിടിക്കാം. ഒരു പഞ്ചായത്തുപോലും ഒറ്റയ്ക്ക്  ഭരിച്ചിട്ടില്ല  എന്ന  പേരുദോഷവും മാറിക്കിട്ടും.മൂന്നുവർഷം കഴിയുമ്പോൾ  പാർലമെന്റ്  തെരെഞ്ഞെടുപ്പ്  വരും.അന്നേരം  ആ  പരിചയം  ഉപകരിക്കും. പിന്നെ ദക്ഷിണേന്ത്യയിലെ  കാര്യങ്ങൾ  അത്ര ശുഭകരമല്ല. ആകെക്കൂടെ  ഉണ്ടായിരുന്നു  പുതുച്ചേരി  പോലും പോയി.ഇനിയൊരഞ്ചുവർഷം കൂടി  പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ ഒരു പൂക്കൂറ്റിയും കാണുകേല.കുഞ്ഞാപ്പയൊക്കെ  എപ്പോ മറുകണ്ടം  ചാടി  എന്നുചോദിച്ചാൽ മതി.


കേരളത്തിന്റെ മുഖ്യമന്ത്രിയായി അങ്ങ് മത്സരിക്കുന്നതിൽ മാനക്കേടൊന്നും ഒട്ടും  വിചാരിക്കേണ്ട.മോദിജി പതിനഞ്ചുവർഷം  മുഖ്യമന്ത്രിയായിട്ടല്ലേ,പിന്നെ നമ്മുടെ  പ്രധാനമന്ത്രി  ആയതു.അല്ലേലും  ഈ ഭാവി  പ്രധാനമന്ത്രിയായി എത്രനാൾ  കഴിയും?2024  മിക്കവാറും  ഗോപി  ആകാനാണ്  സാധ്യത. അപ്പൊ പിന്നെ 2029 വരെ പിന്നേം  ഭാവി പ്രധാനമന്ത്രിയായി  ഇരിക്കുന്നതിലും  നല്ലതല്ലേ  കിട്ടുന്ന  ഗ്യാപ്പിൽ  കയറി  ഇരിക്കുന്നത് ?


പിന്നെ  ഇടയ്ക്കു  മുഖ്യമന്ത്രി പദം രാജിവെച്ചു പോയാലും  കുഴപ്പം ഒന്നുമില്ല. കുഞ്ഞാപ്പ  കണ്ടില്ലേ  ഫാസിസത്തിനെതിരെ പോരാടാൻ അരയും  തലയും  മുറുക്കി പോയിട്ട്  ഇവിടെ  ഏതാണ്ടും കസേര കിട്ടും  എന്ന്  കേട്ടപ്പോ റിട്ടേൺ  അടിച്ചത്. അങ്ങേരു ഈ തവണയും പുല്ലുപോലെ  ജയിക്കും.നമ്മുടെ ജോസ്‌ മോനോ?കേന്ദ്രമന്ത്രിയാകാൻ കോട്ടും സൂട്ടും തയ്പ്പിച്ചു പോയിട്ട് വടിപോലെ തിരിച്ചു പോരേണ്ടി വന്നില്ലേ. അങ്ങേരുടെ ഗ്ളാമർ കണ്ടു ഈ  തവണയും പാലാക്കാര്  കുത്തും.കേരളത്തിന്റെ  കാര്യം ഇങ്ങനാ.വലിയ വിദ്യാഭ്യാസ നിലവാരം ഉണ്ടെന്നൊക്കെ വലിയ തള്ളു  തള്ളും  അത്രേയുള്ളു.ഉരുളക്കിഴങ്ങു  തിന്നുന്ന ഹിന്ദിക്കാർക്ക് വിവരം ഇല്ലെന്നാ എന്നിട്ടു പറച്ചിൽ.ഹിന്ദിക്കാരു എത്ര ഭേദമാന്നു  അങ്ങേക്കറിയാലോ! 


തന്നേമല്ല  540  എംപിമാരുടെ കൂടെ  ഒരു  സാദാ എംപിയായി ഇരിക്കുന്നതിലും നല്ലതാണ്  കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നത്  എന്നോർക്കണം.എന്തൊക്കെ സൗകര്യങ്ങളാണ് ഇവിടെ.ഹെലിക്കോപ്റ്ററിനു ഹെലിക്കോപ്റ്റർ .ഏറ്റവും അടിപൊളി കാറുകൾ.എന്തൊക്കെ  ആഡംബരങ്ങൾ  മുട്ടേൽ പനി വന്നാൽ  അമേരിക്ക. പിന്നെ ചർച്ച,അവാർഡ്  എന്നും പറഞ്ഞു  വർഷത്തിൽ  എത്ര തവണ ലോകം ചുറ്റാം.പിന്നെ കേരളത്തെ തള്ളിപ്പറയരുത്.ഹിന്ദിക്കാരു  തോപ്പിച്ചപ്പോൾ  കേരളമേ ഉണ്ടായുള്ളൂ  ഒരു ആശ്വാസത്തിന്.സ്മരണ  വേണം രാഹുൽജി സ്മരണ.കഴിഞ്ഞ തവണ"ദേ,ഇപ്പോ പ്രധാനമന്ത്രിയാകും"എന്ന് മാമ്മച്ചായൻ ഡെയ്‌ലി തള്ളിയിട്ടാണ് കുറെ പേരൊക്കെ ജയിച്ചത്. അടുത്തതവണ  അത്  നടക്കണം  എന്നില്ല കേട്ടോ.


അങ്ങ്  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ ഇപ്പോൾ കിറ്റും പെൻഷനും വാങ്ങിച്ചു മറ്റവർക്കു  വോട്ടുചെയ്യാൻ  ആഞ്ഞു നിൽക്കുന്നവർ  മുഴുവൻ  മറിയും.പറച്ചില് കേട്ടാൽ ഈ  കിറ്റും പെൻഷനും  പാർട്ടി ആസ്ഥാനത്തു നിന്ന് എടുത്തു കൊടുക്കുന്നതുപോലാ.ഈ അഹങ്കാരം  സഹിക്കാൻ  കഴിയാഞ്ഞിട്ടു പറേവാ.അങ്ങ്  വിചാരിച്ചാൽ  ഇവരെ ഒരു പാഠം പഠിപ്പിക്കാം.എന്നാ  തീവെട്ടിക്കൊള്ള  നടത്തിയാലും നമ്മുടെ  ആളുകൾ എന്തേലും സംതിങ് നക്കാപ്പിച്ച  കിട്ടിയാൽ  എല്ലാം  മറക്കും  എന്നത് ഒരു  സത്യമാ. ഇപ്പൊ കൊടുക്കുന്നത്തിന്റെ  ഇരട്ടി കൊടുക്കാന്നു  ഒരു കാച്ചു കാച്ചണം.പിന്നെ പെട്രോളിന്  ഒരു  പത്തു രൂപ  കുറയ്ക്കാന്നും കൂടി ഒരു  താങ്ങു  താങ്ങിയാൽ പിന്നൊന്നും നോക്കണ്ടാ.

പിന്നെ  അങ്ങേങ്ങാനും മുഖ്യൻ യാൽ  ആ  അളിയനെ ഒരു മുറുക്കാൻ കട തുടങ്ങാൻ  പോലും ഇങ്ങോട്ടു അടുപ്പിക്കല്ല്.അഞ്ചുവർഷം കഴിഞ്ഞു ഭരണം പോകാതിരിക്കാൻ ആ  തീരുമാനം  നല്ലതാരിക്കും. 


ഇനി  അങ്ങേക്ക്  കേരളമെന്ന  ഇട്ടാ  വട്ടത്തിൽ  തായം കളിക്കാൻ താല്പര്യം ഇല്ലെങ്കിൽ  തരൂർജിയാണ്  അടുത്ത  നല്ല ഓപ്‌ഷൻ. അങ്ങേരു പൊളിക്കും.ലോകസഭെന്നു ഒന്നോ രണ്ടോ പോയെന്നു  കരുതി  എന്നാ വരാനാ. അല്ലെങ്കിലും  അവിടെ പോയി ഇരുന്നിട്ട് എന്തോ ചെയ്യാനാ. പൂജ്യം  വെട്ടിക്കളിക്കാനോ?


ഈ  തിരഞ്ഞെടുപ്പ്  ക്രൂഷ്യൽ  ആണെന്ന്  അങ്ങേക്ക്  അറിയാലോ. ഭരണം പോയാൽ പിന്നെ  ആരൊക്കെ  എങ്ങോട്ടൊക്കെ  ചാടും  എന്ന് പറയാൻ പറ്റത്തില്ല. ഓറഞ്ചുവർഷം  കൂടി  ക്ഷമിക്കാൻ മാത്രം  വിശാലഹൃദയർ അല്ല അങ്ങയുടെ പാർട്ടിക്കാർ  എന്നോർക്കുക.മറ്റവരെങ്ങാനും തുടര്ഭരണം കിട്ടി  വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.  ബംഗാളിലെ കാര്യം  ഓർക്കുന്നുണ്ടല്ലോ. 


ഇവിടെ കേരളത്തിൽ ഇരിക്കുന്ന  ഗ്രൂപ്പു  മാനേജർമാർക്ക്  ചെവി കൊടുക്കരുത്.അവർ  പലതും പറയും.അവരുടെ ആളുകളെ  തിരുകിക്കയറ്റാൻ മാത്രമാണ്  അവർ  ഇരിക്കുന്നത്.  അങ്ങ് തന്നെ മുഖ്യമന്ത്രി  സ്ഥാനാർഥി  ആകുകയും  അങ്ങുതന്നെ നേരിട്ട്  ആളുകളെ  നിർത്തികായും ചെയ്‌താൽ  രക്ഷപെടാം. അല്ലെങ്കിൽ പിന്നെ പടക്കക്കമ്പനി  ഖുദാ ഗവാ  എന്ന് പറയേണ്ടി വരും. 

അങ്ങേക്ക്  എല്ലാ  വിജയാശംസകളും .  


 സ്നേഹപൂർവ്വം കൊച്ചു തോമാ 

(K.T. തോമസ് )

0 അഭിപ്രായ(ങ്ങള്‍):