Jul 28, 2020

പണിക്കർ ....ഒരു താത്വിക അവലോകനം! 
പണിക്കരെ  അറിയുമല്ലോ അല്ലെ ! എങ്ങനെ  മറക്കാൻ !

പണിക്കരെ  കണ്ടാലൊരു പാവം!എന്നാൽ പ്രതിയോഗികളുടെ  മുന്നിൽ പണിക്കർ ഒരു  പുലിയാവും.വലിച്ചുകീറും.തേച്ചൊട്ടിക്കും.വാദങ്ങളും,പ്രതിവാദങ്ങളും തന്ത്രങ്ങളും    പണിക്കർക്ക് പുത്തരിയല്ല.വക്കീലിന് ലാ പോയിന്റ് പറഞ്ഞു  കൊടുക്കുന്നവനാണ് ണിക്കർ.അതുകൊണ്ടാണല്ലോ  ചെണ്ട കൊട്ടി എന്നറിഞ്ഞപ്പോഴും  "കൊട്ടട്ടെ"  എന്ന്  ലാഘവത്തോടെ പറയാൻ  കഴിഞ്ഞത്! നമുക്ക് ഇഞ്ചക്ഷൻ കൊടുക്കാമല്ലോ  എന്ന്  പറയാൻ  പറ്റുന്നത്.ഒരു യുദ്ധമൊക്കെയാവുമ്പോൾ ഇരുഭാഗത്തും ആൾനാശമുണ്ടാവും  എന്ന  തിരിച്ചറിവുണ്ടാകുന്നത് !

മിടുക്കനാണ് നമ്മുടെ പണിക്കർ.ഉരുളക്കുപ്പേരി പോലെയാണ്  മറുപടി.കാര്യങ്ങൾ  വിശദമായി പഠിച്ചു,വായടപ്പിക്കുന്ന  മറുപടി  തന്നെ  കൊടുക്കും. എതിരാളികളെ  നിഷ്പ്രഭരാകും.അയൽവക്കത്തെ പ്രശ്നങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്ന  കോയക്ക് ഒരു  പേടിസ്വപ്നമാണ്  പണിക്കർ. അടുത്ത  വീട്ടിലെ  അമ്മായി പണിക്കർക്ക്  പുല്ലാണ്!എസ് .ഐ ഒക്കെ  പോക്കറ്റിൽ  ആയതിനാൽ  പോലീസിലും പിടിപാടാണെന്നാണ്  കേൾവി. കലാരംഗത്തും  ആളുണ്ട് എന്ന്  പറയപ്പെടുന്നു !

പണിക്കരെ സത്യത്തിൽ  പലർക്കും  പേടിയാണ്.അതുകൊണ്ടാണല്ലോ,ദുബായിൽ നിന്നും വന്ന കത്തും,ഡ്രാഫ്റ്റും വായിച്ചു  ഉറങ്ങിപ്പോയെന്നു പറഞ്ഞു ഒഴിവാകാൻ  പലരും  ശ്രമിക്കുന്നത്!എന്തെങ്കിലും കുഴപ്പമുള്ളവർക്കും,മറച്ചുപിടിക്കാനുള്ളവർക്കുമൊക്കെയല്ലേ!മടിയിൽ  കനമുള്ളവൻ  വഴിയിൽ  പേടിക്കണം!എന്തെകിലും കാര്യങ്ങൾ  വൃത്തിയായി  അവതരിപ്പിക്കുന്നവരെ  പലർക്കും പേടിയാണ്.പണിക്കരുടെ  വാദങ്ങൾക്കു മറുപടി  പറയാൻ പറ്റാത്തപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കും.അതാണല്ലോ  എപ്പോഴും നടക്കുന്നത്.ഹൗസിങ് കോളനിയിലെ  താമസക്കാർ  അങ്ങനെ ചില  അധികാരങ്ങളുണ്ട്  എന്നങ്ങു  സ്വയം  തീരുമാനിക്കും.ഇവിടെ  ഞങ്ങൾ  ഉള്ളപ്പോൾ  എന്തിനാണ്  പുറത്തുനിന്നൊരു പണിക്കർ  എന്നൊരു  ലൈൻ!ഈ  ഞങ്ങളെപ്പോലെ തന്നെ  എല്ലാ  അവകാശങ്ങളുമുള്ള  ഒരു  പൗരനാണ്  പണിക്കരെന്നു അവരെന്താണ്    മനസ്സിലാക്കാത്തതു ?

തന്ത്രങ്ങളുടെ  ആശാനാണ്  പണിക്കർ.തനിക്കു  വേണ്ടതിലേക്കു  എങ്ങനെയും  കാര്യങ്ങൾ  എത്തിക്കും.മാർഗ്ഗമല്ല  ലക്ഷ്യമാണ് പ്രധാനം  എന്നാണു  പണിക്കർ  ചിന്തിക്കുന്നതെന്ന്  തോന്നുന്നു.അതുകൊണ്ടു  പൊതുജനത്തിന്  പണിക്കാരെ  ഇഷ്ട്ടം.

ഭയം  ഉള്ളിൽ ഉണ്ടെങ്കിലും   പണിക്കർ  അത്  കാണിക്കുകയില്ല.പലരും    അധോലോകമെന്നും  കിടുകിടാവിറപ്പിക്കുമെന്നും പറഞ്ഞു പണിക്കരെ   പേടിപ്പിക്കും.എങ്കിലും  അവസാനം  പണിക്കർ  തന്നെ  വിജയിക്കും.കാരണം പൊള്ളയായ ദാമോദർജിമാർ  ആണല്ലോ  എതിപക്ഷത്തു !

ഇനി  ഒന്നേ  അറിയാനുള്ളൂ.ചാൾസ് ശോഭരാജിൽ മാത്രമേ  ഈ  ധൈര്യം  കണ്ടിട്ടുള്ളു എന്നും  താങ്കളെ  ഞാൻ  അധോലോകത്തിലേക്കു  ക്ഷണിക്കയാണെന്നു  ദാമോദർജി തന്നെ  പണിക്കരോട് നേരിട്ട്  ഒന്നുകൂടി  പറഞ്ഞാൽ  എന്ത്  ചെയ്യും?പണിക്കർ  മറിയുമോ?അധോലോകത്തു  ചേരുമോ ?

ഇത്  പ്രസിദ്ധനായ ഗോപാലകൃഷ്ണപ്പണിക്കരെപ്പറ്റി ഉള്ള  പോസ്റ്റാണ്.മറ്റേതെങ്കിലും  പണിക്കരുമായി  ഇതിനൊരു  ബന്ധവും  ഇല്ല.അധോലോകം  എന്ന്  പറഞ്ഞാൽ  ബോംബൈ അധോലോകം  തന്നെയാണ്  അതിനു  അദ്ധ്വാനിക്കുന്നവരുടെ  പാർട്ടി  എന്ന്  വീമ്പിളക്കുന്നവർ  ഭരിക്കുന്ന  സംസ്ഥാനവുമായി അന്തം ... ഛെ  ബന്ധം ഇല്ല. ഈ  അധോലോകത്തിലേക്കു  ക്ഷണിക്കുന്നു  എന്ന് പറഞ്ഞാൽ ഐ.ടി വകുപ്പിലെ ഉയർന്ന  തസ്തികയിലേക്ക്  ക്ഷണിക്കുന്നു  എന്ന്  ആരും  തെറ്റിദ്ധരിക്കരുത്.കോയ  എന്ന്  പറഞ്ഞാൽ  പകൽ മതേതരനും  രാത്രിയിലെ  അൽ-സുഡു വാരിയംകുന്നനും  അല്ല.അമ്മായി  എന്ന് പറഞ്ഞാൽ  വാക്കുകളിലും മുഖത്തും  ചിരിയിൽ പോലും പുച്ഛം മാത്രം  വാരിവിതറുന്ന ആ  മറ്റേ  അമ്മായിയുമല്ല.ചെണ്ടകൊട്ടി  എന്ന്  പറയുന്നത്  " ഗോ കൊറോണ ഗോ " ചെണ്ടകൊട്ടലും മടിയിൽ  കനം എന്ന് പറഞ്ഞാൽ സ്വപ്നക്കടത്തു...ഛെ സ്വര്ണക്കടത്തും  അല്ലേ  അല്ല !  

സന്മനസ്സുള്ളവർക്ക്  സമാധാനം !

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):