Apr 27, 2020

സാലറി ചലഞ്ചും സർക്കാരും .

ലോകമെമ്പാടും  കൊവിഡ്  എന്ന  മഹാമാരിയുടെ മുന്നിൽ  പകച്ചു  നിൽക്കയാണ്.ആ സമയത്തു നമ്മുടെ  മാതൃരാജ്യവും പ്രത്യേകിച്ച് നമ്മുടെ  കൊച്ചു കേരളവും  ഇതിനെ  ഫലപ്രദമായി  നേരിടുന്നതിൽ അസൂയാവഹമായ  നേട്ടം  കൈവരിച്ചു  കഴിഞ്ഞു.ഈ മഹാവ്യാധിയെ നേരിടുന്നതിൽ  ഇടതുസർക്കാർ  കാട്ടുന്ന  കരുതലിനെയും  തികച്ചും  പ്രൊഫഷണലായ  നടപടികളെയും  പ്രശംസിക്കാതെ  വയ്യ.ഒന്നും  രണ്ടും  പ്രളയദുരന്തങ്ങളും,നിപ്പ വൈറസിനെയും  മികച്ച രീതിയിൽ  നേരിട്ട  സർക്കാരിന്  അതിനേക്കാളൊക്കെ മികച്ചരീതിയിൽ  ഇത്  കൈകാര്യം  ചെയ്യാൻ  സാധിക്കുന്നുണ്ട്  എന്നുള്ള  സത്യം നമ്മൾ അംഗീകരിച്ചേ  പറ്റൂ.അഭിനന്ദനങ്ങൾ .

ആറുദിവസത്തെ ശമ്പളം  പിടിക്കുന്നതിനെതിരായി  ചില  അധ്യാപകർ  ജി. ഓ  കത്തിച്ച നടപടിയാണ്  ഈ  കുറിപ്പിനാധാരം.അവരുടെ പ്രതിഷേധത്തെ  വിമർശിച്ചു  ഒരുപാട് പോസ്റ്റുകളും  ട്രോളുകളും  കണ്ടു.അധ്യാപികക്ക്  കുഴിമാടവും  റീത്തും  സമർപ്പിച്ചവരും,അതിനെ  ന്യായീകരിച്ചവരും, അതിനെതിരെ  പ്രതികരിക്കാത്തവരുമൊക്കെ അടങ്ങുന്ന  ഒരു വലിയ  സമൂഹമാണ്  ആക്രമണത്തിന്റെ  പിന്നിൽ.എന്നാൽ അവരുടെ  പ്രതിഷേധത്തെ  അങ്ങനെ  താറടിക്കേണ്ടതുണ്ടോ ?ആറുദിവസത്തെ പോയിട്ട് ഒരു ദിവസത്തെപോലും  ശബളം പിടിക്കുന്നതിനു  എതിരാണ്  ഞാൻ.സർക്കാരിന്  തങ്ങളുടെ  ഉദ്യോഗസ്ഥന്മാർ   ദുരിതാശ്വാസനിധിയിലേക്കു  ആറോ  അറുപതോ  ദിവസത്തെ  ശമ്പളം  സംഭാവന  ചെയ്യാൻ   ആവശ്യപ്പെടാം.അതിനു  താല്പര്യം  ഉള്ളവർ  കൊടുക്കട്ടെ.പിടിച്ചു  വാങ്ങുക  എന്നത് ശരിയല്ല.കാരണം  ഈ  സർക്കാർ മുൻപ്  പ്രളയ ദുരന്തത്തിൽ നടത്തിയ  സാലറി ചലഞ്ചു  ഒരു  വൻവിജയമായിരുന്നു.പക്ഷെ  അതിനു ശേഷം ഒരുപാട്  ആരോപണങ്ങളും  അതിനെ  തുടർന്ന്  അറസ്റ്റുകളും ഒക്കെ  നടന്നത്  അറിയാവുന്ന  ആളുകൾ  ഈ  തവണ  അതിനോട്  മുഖം  തിരിച്ചു  എങ്കിൽ അതിനെ  സ്വാഭാവികം  എന്ന്  മാത്രമേ  പറയാനുള്ളു .സാധാരണ ഗതിയിൽ  ഇടതുസംഘടനകൾ നടത്തുന്നതുപോലെ പൊതുമുതൽ  നശിപ്പിച്ചും പൊതു ജനങ്ങളെ പെരുവഴിയിലാക്കിയുമുള്ള  പ്രതിഷേധമല്ലല്ലോ നടത്തിയയത്!തികച്ചും   സമാധാനപരമായി  ആർക്കും  ഒരു  ഉപദ്രവം ഉണ്ടാകാതെ ഒരു പ്രതിഷേധം  നടത്തിയതിൽ  അവരെ  അഭിനന്ദിക്കുകയാണ്  വേണ്ടത്.ഒരു പുതിയ  രാഷ്ട്രീയ സംസ്കാരം  ഉണ്ടാവട്ടെ !


ഇതുപോലുള്ള  ചലഞ്ചുകളും,ശമ്പളം പിടിക്കലുകളും  മറ്റും  നടത്തുന്നതിന്  മുൻപ്  ആദ്യം ചെയ്യേണ്ടിയിരുന്നത്  സർക്കാരിന്റെ  ദുർചെലവുകളും  മറ്റും  ഒഴിവാക്കുകയായിരുന്നു.ഒരുപകാരവുമില്ലാത്ത മുന്നോക്ക,ഭരണപരിഷ്കാര,വനിതാ, യുവജന   കമ്മീഷനുകളും   മറ്റും  പിരിച്ചുവിട്ടും,തോറ്റ എംപിയെയും  പരിവാരങ്ങളെയും,ക്യാബിനറ്റു പദവിയിൽ നിന്നും ഒഴിവാക്കിയും,ധൂർത്തും ,ബന്ധുനിയമനങ്ങളും,ദുർചെലവുകളെയും മറ്റും നിയന്ത്രിച്ചുമായിരുന്നു    സർക്കാർ  മാതൃക  കാട്ടേണ്ടിയിരുന്നത്.

അല്ലെങ്കിൽ മണിക്കൂറിനു  ലക്ഷങ്ങൾ വാങ്ങുന്ന  വക്കീലന്മാരുടെ  സേവനം  വാങ്ങേണ്ടി  വരുന്ന  എന്ത്  അടിയന്തിര സ്ഥിതിയാണ്  കേരളത്തിലുള്ളത്?അഞ്ചാം  മന്ത്രിയെയും  ചീഫ്  വിപ്പിനെയും  വിമർശിച്ച  ഇടതു മുന്നണി അധികാരത്തിൽ  വന്നപ്പോൾ  ചീഫ്  വിപ്പിനെയും  പരിവാരങ്ങളെയും    നിയമിച്ചതിലൂടെ  എന്ത്  സന്ദേശമാണ്  നൽകുന്നത്?മന്ത്രിമാരുടെ  എണ്ണം  കുറഞ്ഞു  എന്ന്  കരുതി  ഇവിടെ  ഒരു ഭരണപ്രതിസന്ധിയും  ഉണ്ടാകാൻ പോകുന്നില്ല. പേർസണൽ  സ്റ്റാഫിന്റെ  എണ്ണം  മുപ്പതിൽ നിന്നും  അഞ്ചു  ആക്കിയെന്നു  പറഞ്ഞാലും  കാര്യങ്ങൾ ഒക്കെ  മുറപോലെ  നടക്കും.രണ്ടു  വർഷം   കഴിഞ്ഞു  ഈ  സ്റ്റാഫിന് കൊടുക്കുന്ന  പെൻഷൻ ഒഴിവാക്കിയാൽ  കേരളത്തിന്  കോടികളാണ്  ലാഭം.ഹെലികോപ്റ്ററിൽ പറന്നായിരുന്നില്ല     മുൻപ്  പലരും  കേരളം  ഭരിച്ചിരുന്നത്.എന്തിനാണ് പി.സ്.സി അംഗങ്ങൾ  ഇരുപതിന്‌ മേൽ?വെറും  മൂന്നു പേരെക്കൊണ്ട്  കേരളത്തിലെ  സർക്കാർ  നിയമങ്ങളെ  നടത്താൻ  സാധിക്കില്ലേ?കൂട്ടുകക്ഷികൾക്കു  വീതം  വെച്ച്  കൊടുത്തിരിക്കുന്ന  കോർപ്പറേഷനുകൾ  ഐ.എ.എസ്  ഉദ്യോഗസ്ഥന്മാരെക്കൊണ്ട് മാത്രം  ഭരിക്കാൻ  സാധിക്കില്ലേ?സ്വർണ്ണക്കടകളുടെ നികുതി പിരിവ്   കാര്യക്ഷമമാക്കിയാൽ   മാത്രം  പോരെ  കേരളത്തിന്  മുന്നോട്ടു പോകാൻ ?


സർക്കാരിന്റെ  പണം പോകുന്ന  വേറെയും  വഴികളുണ്ട് .മന്ത്രിമാർക്കും    ഉദ്യോഗസ്ഥമാർക്കും  മറ്റും  കൊടുത്തിരിക്കുന്ന  വാഹനങ്ങൾ, അവയുടെ  ഡ്രൈവറുടെ  ചിലവുകൾ  ഒക്കെ  ഒഴിവാക്കേണ്ടതല്ലേ?ഗൾഫു  നാടുകളിലും മറ്റു  വിദേശനാടുകളിലും മറ്റും  സ്വന്തം വാഹനം  സ്വയം  ഡ്രൈവ്  ചെയ്തു  പോകുന്ന  മന്ത്രിമാരെയും  ഉദ്യോഗസ്ഥന്മാരെയും മറ്റു ഭരണകർത്താക്കളെയും  കാണാം.കേരളത്തിന്റെ  പരിതസ്ഥിതിയിൽ  ആർക്കെങ്കിലും  സ്വയം  ഓടിച്ചു പോകുന്നതിൽ  ബുദ്ധിമുട്ടുണ്ടെങ്കിൽ  സ്വയം  ഡ്രൈവറെ  വെക്കുകയാണ്  വേണ്ടത്.എന്തും  മാതൃകയാക്കുന്ന  നാം  എന്താണ്  അതൊന്നും  കാണേതെപോകുന്നത്?പുതിയ  മോഡൽ  കാറുകൾ  എന്തിനാണ്  സർക്കാർ  വാങ്ങിക്കൂട്ടുന്നത് ?

ജനം  മുണ്ടുമുറുക്കിയുടുക്കണം  എന്ന്  നാഴികക്ക്  നാൽപ്പതുവട്ടം  പറയുന്ന  ധനമന്ത്രി  എന്തുകൊണ്ടാണ്  മദ്യവും ലോട്ടറിയും  അല്ലാതെ  പുതിയ  വരുമാന  മാർഗ്ഗങ്ങൾ  കാണാതെ പോകുന്നതും,ദുർവ്യയങ്ങൾ എല്ലാം  കണ്ണടച്ച്  സമ്മതിച്ചു കൊടുക്കുന്നതും?നേരം പുലർന്നാൽ  രാത്രിവരെ  കേന്ദ്രത്തിന്റെ  അവഗണനയെക്കുറിച്ചു  ഫേസ്ബുക്ക് പോസ്റ്റിടലല്ല, മറിച്ചു  സംസ്ഥാനം  എങ്ങനെ  സ്വയം പര്യാപ്തമാക്കാം  എന്നാണു  അദ്ദേഹം ചിന്തിക്കേണ്ടത്.നികുതിപിരിവ്  ഊർജ്ജിതമാക്കാനും,പാട്ടത്തിനുകൊടുത്തിരിക്കുന്ന  സർക്കാർ  വസ്തുക്കളുടെ പണം പിരിക്കാനും,കിട്ടാത്തവയെ ഏറ്റെടുക്കാനുമാകണം   അദ്ദേഹം  നോക്കേണ്ടത് .കുടിശ്ശികക്കാരായ  കോർപ്പറേറ്റുകളിൽ  നിന്നും  അവ  ഈടാക്കാനുള്ള  ഈടാക്കാനുള്ള മാർഗ്ഗങ്ങൾ  ആരായാറുണ്ടോ,വകുപ്പുകൾ  അനാവശ്യമായി സർക്കാരിന്റെ    പണം  ചിലവാക്കുന്നുണ്ടോ  എന്നതിലൊക്കെയാവണം  അദ്ദേഹത്തിന്റെ  ശ്രദ്ധ .

കേന്ദ്രത്തിലെ മന്ത്രിമാരും അയൽ  സംസ്ഥാനങ്ങൾ അവരുടെ  മന്ത്രിമാരും  തങ്ങളുടെ   ശമ്പളം  മുപ്പതു  ശതമാനം  കുറച്ചു  കഴിഞ്ഞു.കേരളത്തിൽ എന്താണ്  അതൊന്നും  നടപ്പിൽ  വരാത്തത്? എന്തിനും  ഏതിനും  കേന്ദ്രത്തെയും  മറ്റു  സംസ്ഥാനങ്ങളെയും  കുറ്റം പറയുകയും  കേരളമാണ് മുന്നിൽ  എന്ന്  മേനിനടിക്കുകയും  ചെയ്യുന്നവർ   ആദ്യം  ചെയ്യേണ്ടത്  അതായിരുന്നു .


സർക്കാർ  ചെയ്യുന്ന  നല്ലകാര്യങ്ങളെ  അനുകൂലിക്കുകയും  അതോടൊപ്പം  തന്നെ  ജനങ്ങൾക്ക്  എതിരായി കാണുന്ന  കാര്യങ്ങളെ  വിമർശിക്കയുമാണ്  ഉത്തരവാദപ്പെട്ട  ഒരു  പൗരന്റെ  കടമ.ദൗർഭാഗ്യവശാൽ   സ്വന്തം രാഷ്ട്രീയതിന്റെ   കണ്ണിൽ  കൂടി  മാത്രം  കാര്യങ്ങൾ  കാണുന്ന  ഒരു തലമുറയാണ് ഇന്നുള്ളത്  എന്നത്  പറയാതിരിക്കാൻ  വയ്യ .

യു.ഡി.എഫ്  മന്ത്രിസഭ ഭരിച്ചുകൊണ്ടിരുന്നപ്പോൾ  ചെയ്തിരുന്നു എന്നുറഞ്ഞു  ന്യായീകരിക്കുന്നവരോട്  ഒന്നേ  പറയാനുള്ളു. അവരെ  പുറന്തള്ളി  എൽ.ഡി.എഫിനെ  ഭരണം  ഏൽപ്പിച്ചത്   എന്തിനായിരുന്നു?അവരുടെ ചില  നയങ്ങളോടുള്ള  എതിർപ്പ് .അത്ര  മാത്രം. ജനം  ഒരു  കമ്യുണിസ്റ്റ് സർക്കാരിൽ  നിന്നും പ്രതീക്ഷിക്കുന്ന  ചില  മിനിമം കാര്യങ്ങളുണ്ട്.യഥാർത്ഥ  കമ്യുണിസത്തിൽ നിന്നും  നിങ്ങൾ അല്പമൊക്കെ കാലത്തിനനുസൃതമായി  വ്യതിചലിച്ചോളൂ .പക്ഷെ  ആത്യന്തികമായി  ചില  കാര്യങ്ങൾ നിങ്ങൾ പിന്തുടർന്ന്  തീരൂ.നവ കമ്യുണിസ്റ്റുകൾ അത് ഓർമ്മവെക്കുന്നതു  നല്ലതാണ് !

സർക്കാരിന്റെ  കുറെ  മികച്ച  പ്രവർത്തങ്ങളും എന്നത്തേക്കാളും   ദുർബലമായ പ്രതിപക്ഷവും കൂടി  ഭരണത്തുടർച്ച  എന്നത്  ഏകദേശം ഉറപ്പാക്കിക്കഴിഞ്ഞു.ഒരുപക്ഷെ  ഒരിക്കൽ കൂടി  അധികാരത്തിലേറിയാൽ  അത് ദുർച്ചെലവുകളും,സ്വജനപക്ഷപാതവും, ധിക്കാരവും,ധാർഷ്ട്യവും മറ്റും തമസ്കരിച്ചു, പൊതുജനം തങ്ങൾക്കനുകൂലമായി  വിധിയെഴുതിയതാണ്   എന്ന്  തെറ്റിദ്ധരിച്ചു   വീണ്ടും  അവ  തുടരാനുള്ള  ലൈസൻസായി  കാണാതിരിക്കുക.അങ്ങനെയെങ്കിൽ പിന്നീട് പതിക്കുന്നത് ടുകുഴിയിലാവാം.പിന്നീടൊരിക്കലും പുറത്തുവരാനാവാത്തവണ്ണം വലിയ  പടുകുഴി. ഉറപ്പു .