Feb 13, 2013

ഗരുഡന്‍ പറവ


സന്ധ്യമയങ്ങിയപ്പോഴേക്കും കിഴക്കേതില്‍ നിന്നും ഗരുഡന്‍പറവയുടെ*  ചെണ്ടമേളം കേള്‍ക്കാന്‍ തുടങ്ങി.വളരെ കാലമായിട്ടും കുട്ടികളുണ്ടാകാതിരുന്ന ഗോമതിചേച്ചിക്ക് ഒരു ആണ്കുട്ടി ജനിച്ചതിനു നടത്തുന്ന വഴിപാടായിരുന്നു അന്ന്.കിഴക്കേതിലെ പിള്ളച്ചേട്ടൻ,മിക്കവാറും   എല്ലാ വീട്ടിലും പോയി ക്ഷണിച്ചതുകൊണ്ടാവണം,സാമാന്യം നല്ല ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു.

മീനമാസത്തിലെ കടുത്ത ഉഷ്ണം നിറഞ്ഞ ഒരു ദിവസമായിരുന്നു അന്ന്.ഗരുഡന്‍പറവ കാണാന്‍ എത്തുന്നവര്‍ക്കായി കൊടുക്കാന്‍ ഒരു ചെറിയ കൊതുമ്പുവള്ളതില്‍ നിറയെ മോര് കലക്കി വെച്ചിട്ടുണ്ടായിരുന്നു.ദാഹിച്ചു വലഞ്ഞു വരുന്നവര്‍ പലരും സ്വയമേ അത് കൊരിക്കുടിക്കുകയും അടുത്ത് ഒരു പാത്രത്തില്‍ വെച്ചിരിക്കുന്ന വെറ്റിലകൂട്ടി മുറുക്കുകയോ,ബീഡികള്‍    വലിക്കുകയോ ചെയ്തു.

നാട്ടുകാരെ കൂടാതെ പിള്ളച്ചേട്ടന്റെ സ്വന്തക്കാരും ബന്ധുക്കാരുമായി ഒരുപാടാള്‍ക്കാര്‍ അവിടെ ഉണ്ടായിരുന്നു.അടുക്കളയോട് ചേര്‍ന്ന് താല്‍ക്കാലികമായി ഉണ്ടാക്കിയിരുന്ന ഷെഡിനുള്ളില്‍ പാചകക്കാരന്‍ അപ്പുവേട്ടന്‍ ചോറും കറികളും ഉണ്ടാക്കുന്നത്‌  പ്രകാശന്‍ ‍ ‍ കണ്ടു.പിന്നിലത്തെ മുറിയിലായിരുന്നു ഗരുഡന്‍ പറവ നടത്തുന്ന നാണുവാശാന്‍ ചമയം നടത്തിയിരുന്നത്.കഥകളിക്കാര്‍ അണിയുന്നതിനോട് സാമ്യമുള്ള, ചുവപ്പും കറുപ്പും ഇടകലര്‍ന്ന,ഞൊറികളുള്ള ഒരു തരം  വസ്ത്രമായിരുന്നു    അയാള്‍ അണിഞ്ഞിരുന്നത്. പ്രകാശന്‍   ചെല്ലുമ്പോള്‍ നാണുവാശാന് മുഖത്ത് വലിയ കൊക്കുകള്‍ പിടിപ്പിക്കയായിരുന്നു.പ്രകാശന്‍  അടുത്ത മുറിയിലേക്ക് നോക്കിയപ്പോള്‍ ,ജനലിനരുകില്‍ കട്ടിലില്‍ കിടക്കുന്ന പ്രായമായ ഒരു സ്ത്രീയെ കണ്ടു.അവരുടെ തല മൊട്ടയടിച്ചിരുന്നു. വായ അല്‍പ്പം തുറന്നതും,കൈകാലുകള്‍ കോച്ചിയിരിക്കുന്നതുമായി പ്രകാശന് തോന്നി.കഴിക്കാനോ    കുടിക്കാനോ  എന്തെങ്കിലും വേണമോ എന്ന ഗോമതി ചേച്ചിയുടെ ചോദ്യത്തിന് കണ്ണടച്ച് കാട്ടുന്നത് കണ്ടപ്പോള്,വല്യമ്മക്ക് സംസാര ശേഷി ഇല്ല എന്ന് പ്രകാശന്   മനസ്സിലായി.അവരുടെ കഴുത്തില്‍ കിടന്നിരുന്ന അല്‍പ്പം നീളമുള്ള ഒരു മാല മുറിയിലേക്ക് എത്തിനോക്കിക്കൊണ്ടിരുന്ന നിലാവിന്റെയോ,മുറിയില്‍ മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന മേശവിളക്കിന്റെ പ്രകാശത്തിലോ,തിളങ്ങുന്നുണ്ടായിരുന്നു.സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ ജപ്തി ഒഴിവാക്കാന്‍ വേണ്ട ഒരു സംഖ്യയുമായി ഒത്തുപോകുന്നതായേക്കാം അവര്‍ ധരിച്ചിരിക്കുന്ന  മാലയുടെ വില     എന്ന്  എന്തുകൊണ്ടോ അയാള്‍ക്ക്‌ തോന്നി.പ്രകാശന്‍   ഒരു കള്ളനൊന്നും ആയിരുന്നില്ല.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അയാളെ അലട്ടിയപ്പോള്‍,തല്ക്കാലം പിടിച്ചു നില്‍ക്കാന്‍ ഒരു പിടിവള്ളി എന്നെ അയാള്‍ ഉദ്ദേശിച്ചിരുന്നുള്ളു.അവിചാരിതമായി പെയ്ത വേനല്‍ മഴ വിളനാശം ഉണ്ടാക്കിയപ്പോള്‍ പൊലിഞ്ഞത്, കടങ്ങള്‍ വീട്ടാനുള്ള അവസാനത്തെ ശ്രമം കൂടെയായിരുന്നു. വീടിനുമുന്നില്‍ നാണുവാശാന് പറക്കാനുള്ള തട്ടിന്റെ അവസാന മിനുക്ക്‌ പണികള്‍ നടക്കുന്നുണ്ടായിരുന്നു.തട്ട് പിടിക്കാന്‍ കൂടണം എന്ന് പ്രകാശനോടും പിള്ള പറഞ്ഞിരുന്നു.തട്ട് പിടിക്കുവാനായി  പറഞ്ഞു വെച്ചിരുന്ന   മറ്റുള്ള ആള്‍ക്കാര്‍ വാഴത്തോപ്പിലിരുന്നു ചാരായം അകത്താക്കി.അല്‍പ്പനേരത്തിനു ശേഷം നാണുവാശാന്‍ പുറത്തേക്കു വന്നു.മേളം ഉച്ചസ്ഥായിയില്‍ ആയപ്പോള്‍,ഗരുഡന്‍ മുറ്റത്ത്‌ ചുവടുകള്‍  വെച്ചു.പലരും എറിഞ്ഞു കൊടുത്ത നാണയങ്ങളും,രൂപയും ഗരുഡന്‍ തന്റെ കൊക്കുകള്‍ കൊണ്ട് കൊത്തിയെടുത്തു.പ്രായമായവര് ഭക്തിപൂര്‍വവും ചെറുപ്പക്കാര്‍ കൌതുകത്തോടെയും ഗരുഡന്‍ പറവ നോക്കി  നിന്നു. ജനത്തിന്റെ ശ്രദ്ധ ഗരുഡന്പറവയില്‍ കേന്ദ്രീകരിക്കവേ പ്രകാശന്‍ വീടിന്റെ പിന്നിലേക്ക്‌ നീങ്ങി. 


 
ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു   വല്യമ്മ .എന്നാല്‍ ഗോമതിച്ചേച്ചി  ഉള്‍പ്പെടെ കുറെ പെണ്ണുങ്ങള്‍    മറ്റൊരു     ജനലിലൂടെ   ഗരുഡന്‍ പറവ നോക്കിക്കാണുകയായിരുന്നു. പ്രകാശന് കൈകള്‍ കൂട്ടിത്തിരുമ്മി കുറെ നേരം  കട്ടിലിലിലേക്ക് തന്നെ നോക്കി നിന്നു .അപ്പുവേട്ടന്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയതിനാല്‍ കുറേപ്പേര്‍ അവിടേക്ക് പോയി.പറക്കുന്നതിനിടക്കുള്ള ചെറിയ ഇടവേളകളില്‍,പന്തലിനുള്ളില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു നാണുവാശാന്‍ ക്ഷീണമകറ്റുമ്പോള്‍ കുട്ടികള്‍ കൌതുകത്തോടെ നോക്കി നിന്നു. അതിനകം    മൂന്നു പ്രാവശ്യം വല്യമ്മ കിടക്കുന്ന മുറിയില്‍ പോയി നോക്കിയിട്ടും ആളൊഴിയാതതിനാല്‍,ഭക്ഷണം കഴിച്ചിട്ട് തട്ട് ഉയര്‍ത്താന്‍ കൂടാം എന്ന് പ്രകാശന്‍ തീരുമാനിച്ചു . 
കുറെയധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നു തട്ട് ഉയര്‍ത്താന്‍.ആളുകള്‍  തോളില്‍ വെച്ച ഗരുഡന്‍തട്ടില്‍ നാണുവാശാന്‍ തകര്‍ക്കുമ്പോള്‍, തട്ട് പിടിചിരുന്നവര്‍ ആവേശം മൂത്ത് കൈകള്‍ ഉയര്‍ത്തുകയും തിരിയെ തോളില്‍ വെക്കുകയും ചെയ്തു.കുറച്ചു നേരത്തെ പറക്കലിന് ശേഷം ഗരുഡന് തട്ട്,‍ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് നീങ്ങി. കാണാന്‍ വന്നവര്‍ എല്ലാം തന്നെ ഒരു ഘോഷയാത്രയായി തട്ടിനെ അനുഗമിച്ചു.ക്ഷേത്രത്തില്‍ എത്തിയപ്പോള്‍, മറ്റു നാല് വീടുകളില്‍ നിന്നുള്ള ഗരുഡനും കൂടി അവിടെ എത്തി.അഞ്ചു ഗരുഡനുകള്‍ ഒന്നിച്ചു പറന്നപ്പോള്‍,പ്രകാശന്‍ പിള്ളച്ചേട്ടന്റെ വീട്ടിലേക്കു നടന്നു.
നിശബ്ദമായിരുന്നു പിള്ളച്ചേട്ടന്റെ വീട്.വല്യമ്മയുടെ മുറിയുടെ ജനല്‍ അടച്ചിരുന്നില്ല . ജനലില്‍ കൂടി ഒരു ചെറിയ കമ്പു കൊണ്ട് വാതലിന്റെ സാക്ഷ നിരക്കിമാറ്റാന്‍ പ്രകാശന് അധികം പണിപ്പെടേണ്ടി വന്നില്ല. 


അകത്തു കയറിയ പ്രകാശനെ തന്നെ നോക്കി കിടക്കുകയായിരുന്നു വല്യമ്മ. കട്ടിലില്‍ ഇരുന്നുകൊണ്ട്,വിറയാര്‍ന്ന കൈകളാല്‍ മാല അഴിചെടുക്കുമ്പോള്‍, പ്രകാശന്റെ കണ്ണുകളിലേക്കു തന്നെ അവര്‍ നോക്കി.അവരുടെ കണ്ണുകളില്‍ ഒരു നിസ്സഹായാവസ്ഥ നിഴലിച്ചിട്ടുണ്ട് എന്ന് പ്രകാശന് തോന്നി.
ആദ്യമായി നടത്തിയ  കളവില്‍ പ്രകാശന്റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.ശരീരം വിയർത്തൊഴുകു

ന്നുണ്ടായിരുന്നു.ഒരുവേള ഹൃദയമിടിപ്പ്‌ കൂടി താന്‍ മരിച്ചുപോകുമെന്നു വരെ അയാള്‍ കരുതി.വല്യമ്മ കണ്ണുകള്‍ കൊണ്ട് എന്തോ കാട്ടുന്നതുപോലെ അയാള്‍ക്ക്‌ തോന്നി.മൂന്നു പ്രാവശ്യം കണ്ണുകള്‍ അടുത്തിരിക്കുന്ന മണ്‍കൂജയിലേക്ക് നോക്കിയപ്പോള്‍, അവര്‍ക്ക് വെള്ളം വേണമെന്ന് പറയുന്നതുപോലെ പ്രകാശന് തോന്നി.വിറയാര്‍ന്ന കൈകളാല്‍ അയാള്‍ ഒഴിച്ച് കൊടുത്ത വെള്ളത്തില്‍ പകുതിയും,കോടിയിരുന്ന വായുടെ വശങ്ങളിലൂടെ ഒലിച്ചു കട്ടിലിലേക്ക് വീണു.നിലാവ് വീണ വഴികളിലൂടെ തിരിച്ചു    നടക്കുമ്പോളും അയാളുടെ വിറയല്‍ മാറിയിരുന്നില്ല.
മാല എടുക്കേണ്ടതില്ലായിരുന്നു  എന്നയാള്‍ക്ക് പലവട്ടം തോന്നി. തിരിയെ പോയി മാല അവരുടെ മുറിയിലേക്ക് തന്നെ വലിച്ചു എറിഞ്ഞാലോ എന്നയാള്‍ ഇടക്ക് ഓര്‍ത്തു.വീട്ടിലെത്തി,മടിയില്‍ നിന്നും മാല എടുത്തു ഒന്ന് കൂടി നോക്കുമ്പോഴും അയാളുടെ    കൈകള്‍ വിറച്ചുകൊണ്ടേയിരുന്നു.ഉറക്കം വരാതെ കിടക്കുമ്പോഴും മാല തിരിച്ചു കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല .


വലിയ ചിറകുള്ള ഒരു ഗരുഡന്‍,തന്റെ കൊക്കുകള്‍ കൊണ്ട് ഒരു പാമ്പിനെപ്പോലെ തോന്നിച്ച എന്തോ കൊത്തിയെടുത്തു തന്റെ നേരെ പറന്നടുക്കുന്നത് അയാള്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടു.വല്യമ്മയുടെ കഴുത്തിലെ മാലയായിരുന്നു അത് എന്നയാള്‍ക്ക് തോന്നി.ഗരുഡന്റെ ചുണ്ടുകള്‍ ശരീരത്തില്‍ ആഴ്ന്നിറങ്ങു‌ന്നതുപോലെ തോന്നിയപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു .പ്രകാശന്‍റെ  ശരീരം വിയര്‍ത്തു കുളിച്ചിരുന്നു .നിലാവിലൂടെ ഓടിയും നടന്നും,പിള്ളച്ചേട്ടന്റെ വീട്ടില്‍ എത്തിയപ്പോളും അങ്ങകലെ ക്ഷേത്രത്തില്‍ നിന്നും,ഗരുഡന്റെ മേളം നിലച്ചിരുന്നില്ല.വല്യമ്മ അതേ കിടപ്പുതന്നെയായിരുന്നു.മാല മടിയില്‍നിന്നും  എടുക്കുംമുന്പു അയാള്‍   വല്യമ്മയുടെ മുന്നില്‍  കൈകള്‍  കൂപ്പി ഒരു   നിമിഷം നിന്നു.വല്യമ്മയുടെ കഴുത്തില്‍ മാല ഇട്ടുകൊടുക്കുമ്പോള്‍ അയാളുടെ  കൈകള്‍ക്ക് വിറയല്‍ ഉണ്ടായിരുന്നില്ല.ചുളിഞ്ഞ കൈകള്‍ അയാള്‍  കൂട്ടിപ്പിടിച്ചപ്പോള്‍,കുഴമ്പിന്റെ  മണം അയാള്‍ക്ക്‌  അനുഭവപ്പെട്ടു.അയാളെ വീണ്ടും കണ്ടപ്പോള്‍ വല്യമ്മയുടെ മുഖത്ത് ഒരു പരിഭ്രാന്തിയായിരുന്നെങ്കില്‍,മാലയിട്ടുകൊടുതപ്പോള്‍ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.അവര്‍ മാല വേണ്ട എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും, കണ്ണുകള്‍ അടക്കുകയും ചെയ്തു.അയാള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വല്യമ്മ മൂളല്‍ പോലെ ഒരു ശബ്ദം ഉണ്ടാക്കി,തെരുതെരെ കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്തു. എന്തോ ഒരു ഉള്‍പ്രേരണയില്‍ പ്രകാശന്‍ വീണ്ടും മാല അഴിചെടുതപ്പോള്‍ വല്യമ്മയുടെ മുഖത്ത് ‍ വീണ്ടും ചിരി നിറഞ്ഞു.ആ കണ്ണുകളില്‍ ഒരു അലിവു പ്രകാശന്‍ കണ്ടു .ഇനിയൊരുപക്ഷേ   ആ കണ്ണുകള്‍  നിറഞ്ഞിട്ടുണ്ടാവുമോ ?

സര്‍പ്പക്കാവും കടന്നു പൊന്തകള്‍  നിറഞ്ഞു നില്‍ക്കുന്ന ആറ്റു തീരത്തെ ചെറിയ  നടവഴിയിലൂടെ  തിരിയെ  നടക്കുമ്പോള്‍ ,നിലാവിന് പുതിയൊരു നിറം വന്നതുപോലെ  അയാള്‍ക്ക്‌തോന്നി. കൈകളില്‍  അപ്പോഴും  ഉണ്ടായിരുന്നു,കുഴമ്പിന്‍റെയെന്നോ കാച്ചിയ എണ്ണയുടെതെന്നോ വേര്‍തിരിച്ചറിയാനാവാത്ത ആ  സുഗന്ധം. 

                                                                **************>>>*ഗരുഡന്‍ പറവ: മധ്യ തിരുവിതാംകൂറില്‍  ദേവീക്ഷേത്രങ്ങളില്‍ ഉദ്ദിഷ്ട്ട കാര്യ സാധ്യത്തിനായി ഭക്തര്‍   നടത്താറുള്ള  ഒരു  വഴിപാടു. കഥകളിയോട്‌ സാമ്യമുള്ള വേഷമിട്ട പറവക്കാരനെ ഒരു തട്ടിലെറ്റിവീടുകളില്‍ നിന്നും കൊണ്ടുപോകുന്നു.ഗരുഡന്‍തൂക്കം   എന്നും ഇത്  പലയിടത്തും  അറിയപ്പെടുന്നു<<<  

 

പ്രതികരണങ്ങള്‍:

25 അഭിപ്രായ(ങ്ങള്‍):

Rainy Dreamz ( said...

"പ്രകാശന്‍ ‍ ഒരു കള്ളനൊന്നും ആയിരുന്നില്ല.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അയാളെ അലട്ടിയപ്പോള്‍,തല്ക്കാലം പിടിച്ചു നില്‍ക്കാന്‍ ഒരു പിടിവള്ളി എന്നെ അയാള്‍ ഉദ്ദേശിച്ചിരുന്നുള്ളു.അവിചാരിതമായി പെയ്ത വേനല്‍ മഴ വിളനാശം ഉണ്ടാക്കിയപ്പോള്‍ പൊലിഞ്ഞത്, കടങ്ങള്‍ വീട്ടാനുള്ള അവസാനത്തെ ശ്രമം കൂടെയായിരുന്നു."

ആരും കള്ളനായി ജനിക്കുന്നില്ല, സാഹചര്യങ്ങള്‍ ആണ് അവരെ കള്ളനും കൊള്ളക്കാരനുമൊക്കെ ആക്കി തീര്‍ക്കുന്നത്. കള്ളനാവാന്‍ ശ്രമിച്ചിട്ടും കള്ളനാവാന്‍ കഴിയാതെ പോവുന്ന പ്രകാശന്‍ വളരെ ചുരുക്കം മാത്രം കാണുന്ന നന്മ നിറഞ്ഞ, സ്വന്തം മനസാക്ഷിയെ വഞ്ചിക്കാന്‍ കഴിയാത്ത മനുഷ്യന്റെ പര്യായമാണ്.

വ്യത്യസ്തമായ കഥ, എനിക്കിഷ്ടമായി ഈ സുന്ദരന്‍ കഥ

ഷാജു അത്താണിക്കല്‍ said...

നന്മയുള്ള എഴുത്ത് , ചിലയിടങ്ങളിൽ നല്ലവർ ചിലപ്പോൾ കള്ളനാകാറുണ്ട്

RAGHU MENON said...

ഇഷ്ടപ്പെട്ടു

Aneesh chandran said...

ഗരുഡന്‍ പറവയെ കുറിച്ചു ആദ്യമേ വിവരണം നല്‍കാമായിരുന്നു. ഞാന്‍ വായിച്ചു വായിച്ചു വന്നപ്പോള്‍ ഉണ്ടായ ചിത്രം അല്ല അവസാനം വിവരണം നോക്കിയപ്പോള്‍ :(

കുസുമം ആര്‍ പുന്നപ്ര said...

garudan thookkam njangalude nattilunde. valare nalla kadha

പട്ടേപ്പാടം റാംജി said...

ഗരുഡന്‍ തൂക്കത്തെക്കുറിച്ച് കുറെ വായിച്ചറിഞ്ഞിട്ടുണ്ട്. വളരെ ക്രൂരമായ ഒരാചാരമായി തോന്നുകയും ചെയ്തു.
നേരില്‍ കണ്ടിട്ടില്ല. വീഡിയോ കണ്ടിട്ടുണ്ട്.

കഥ ഇഷ്ടപ്പെട്ടു.
കള്ളന്റെ കഥ എന്നതിനേക്കാള്‍ എനിക്ക് അനുഭവപ്പെട്ടത് ആരും തിരിഞ്ഞു നോക്കാതെ വരുന്ന വാര്‍ദ്ധക്യത്തില്‍, ഒരു തുള്ളി വെള്ളം തരുന്നവരോടുള്ള അല്ലെങ്കില്‍ അവരെ ശ്രദ്ധിക്കുന്നവരോടുള്ള കരുണ തിരിച്ച് മാല വേണ്ടെന്ന് പറയുന്നിടത്ത് ഞാന്‍ കാണുന്നു.
നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ajith said...

നല്ല കഥ
ചിലപ്പോള്‍ ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍...
മുത്തശ്ശി നല്ല മുത്തശ്ശി...

ഇനി റാംജിയെ ഒന്ന് തിരുത്തട്ടെ:
ഗരുഡന്‍ തൂക്കവും ഗരുഡന്‍ പറവയും രണ്ടാണ്. തൂക്കം വളരെ പ്രാകൃതവും ബീഭത്സവുമായ ഒരു ആചാരമെന്ന് ഞാന്‍ കരുതുന്നു. ഭക്തിയുടെ ലാഞ്ഛന പോലുമില്ലാത്തത്. ഒരു ദൈവവും ആവക പീഡനങ്ങളില്‍ പ്രസാദിക്കുകയില്ല എന്നും ഞാന്‍ കരുതുന്നു.

ഗരുഡന്‍ പറവ എന്നത് പോര്‍ട്ടബിള്‍ സ്റ്റേജിന്മേല്‍ കഥകളിയോട് സാമ്യമുള്ള വേഷവിധാനങ്ങളിട്ട് ഒരുതരം അനുഷ്ഠാനകലാരൂപമാണ്. കാണുവാന്‍ കൌതുകം തോന്നും. ഗരുഡന്‍ പറക്കുമ്പോഴത്തെ ഭാവഹാവാദികളും ദേഹചലനങ്ങളുമാണ് ഈ നൃത്തത്തെ ആസ്വാദ്യമാക്കുന്നത്. നിലത്ത് വീഴുന്ന വഴിപാട് നാണയത്തുട്ടുകളും മറ്റും കൊക്കുകൊണ്ട് കൊത്തിയെടുക്കുന്നതിലാണ് ഗരുഡന്റെ സ്കില്‍. അതു കാണുമ്പോള്‍ കാണികള്‍ക്ക് ഹരവുമാണ്.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..Rainy Dreamz ഈ ആദ്യ അഭിപ്രായത്തിനു .

നന്ദി..ഷാജു...

നന്ദി..മേനോന്ജി.
നന്ദി..കാത്തി .നന്ദി..കുസുമംജി..

നന്ദി..രാംജി ഭായ്.വിശദമായ അഭിപ്രായത്തിനു..നന്ദി അജിത്‌ ഭായ്..അജിത്‌ ഭായ് പറഞ്ഞത്‌ ശരിയാണ് . ഗരുഡന്‍ പറവയും ഗരുഡന്‍ തൂക്കവും രണ്ടാണ് . പക്ഷെ ഗരുഡന്‍ തൂക്കം തന്നെ രണ്ടു തരാം ഉണ്ട് എന്നാണ് അറിവ്. ചിലയിടങ്ങളില്‍ (വടക്കന്‍ കേരളത്തിലാണെന്ന് തോന്നുന്നു ) നട്ടെല്ലില്‍ ചൂണ്ടപോലുള്ള എന്തോ കുത്തി, തൂക്കം നടത്തുന്നതായി കേട്ടിട്ടുണ്ട് എന്നാല്‍ മധ്യതിരുവിതാം കൂറില്‍ സാധാരണ ഗരുഡന്‍ പറവയാണ് കണ്ടു വരുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭക്തരുടെ ആചാരങ്ങളിൽ
കൂടി നന്മയുടെ ഒരു അസ്സൽ ജീവിതാനുഭവമായാണ് പ്രകാശന്റെ
കഥ ഇവിടെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണല്ലോ...

അതും പാര തിരിച്ചും
മറ്റും നല്ല അടുക്കും ചിട്ടയോടും
കൂടി കൂടുതൽ വായനാസുഖം നൽകിയിട്ട്...

അഭിനന്ദനങ്ങൾ കേട്ടൊ ശശി ഭായ്

vettathan said...

നിസ്സഹായനായ മനുഷ്യന്‍ ഒരു നിമിഷനേരത്തെ തോന്നലില്‍ ചെയ്യുന്ന കളവ്. പിടിക്കപ്പെട്ടാല്‍ അയാള്‍ പാപിയായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ അപമാനിതനും ആയി.ഒരു നിമിഷം അതാണ് എല്ലാം തീരുമാനിക്കുന്നത്.കഥ ഇഷ്ടപ്പെട്ടു

റോസാപ്പൂക്കള്‍ said...

കഥ നന്നായി.
കാത്തി പറഞ്ഞപോലെ ഗരുഡന്‍ പറവയിലൂടെ ഈ കഥ വികസിപ്പിച്ചെടുത്തിരുന്നെങ്കില്‍ വളരെ നന്നായേനെ...അങ്ങെനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ..

റിയാസ് പെരിഞ്ചീരി said...

കഥ ഇഷ്ടപ്പെട്ടു....

ഒരു കുഞ്ഞുമയിൽപീലി said...

ഗരുഡന്‍ പറവ വിത്യസ്തമായി .നല്ല എഴുത്ത് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Manoj vengola said...

നല്ല എഴുത്ത്.
നന്മകള്‍.

A said...

സാഹചര്യങ്ങള്‍ കള്ളനാക്കുന്നവര്‍ ഉണ്ട്.
അതിന്റെ അവസ്ഥാന്തരങ്ങള്‍ ഭംഗിയായി നിര്‍വഹിച്ച വ്യതസ്തമായ നല്ല കഥ

Yasmin NK said...

കഥ നന്നായിട്ടുണ്ട്.ഭാവുകങ്ങൾ.

Prasanna Raghavan said...

ഏതു സാഹചര്യത്തിൽ കള്ളം ചെയ്താലും കള്ളൻ കള്ളൻ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ചെറിയ കള്ളം വലിയ കള്ളത്തിലേക്കു നിങ്ങുന്നു.
ഗരുഡൻ പറവ എന്ന ഒരു കല ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ കേട്ടറിഞ്ഞു.
നല്ല എഴുത്താണ് വില്ലേജ് മാന്റേത്.

aboothi:അബൂതി said...

നല്ല നന്മയുള്ള കഥ.. മനുഷ്യനിലെ നന്മയും തിന്മയും സമ്മേളിക്കുന്ന രചന...
അഭിനന്ദനങ്ങള്‍...

വീകെ said...

ഗരുഡൻ തൂക്കം ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. കുറച്ച് ക്രൂരമാണ് അതിന്റെ രീതി. പുറത്തെ പച്ചമാംസത്തിൽ കൊളുത്തിറക്കി, ആളുകൾ പൊക്കിപ്പിടിച്ച് കൊണ്ട് ഓടുന്ന ഒരു ചാടിൽ തൂങ്ങിക്കിടന്ന് കയ്യിലെ വാൾ വീശിക്കൊണ്ടിരിക്കുന്ന ആ രംഗം ഒരിക്കലെ കാണാൻ പറ്റൂ. കൊളുത്തിറക്കുന്ന പച്ചമാംസം ദിവസങ്ങൾ കൊണ്ട് എണ്ണ പുരട്ടി തടവി തയമ്പു പിടിപ്പിക്കുമത്രെ.

ഏതു കള്ളനല്ലാത്തവനേയും കള്ളനാക്കുന്ന നമ്മുടെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ പ്രകാശൻ കള്ളനായതിൽ തെറ്റു പറയാനില്ല. എങ്കിലും അവസാനകാലത്തും ഒരു നല്ല കർമ്മം ചെയ്യാൻ അമ്മൂമ്മക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.
ആശംസകൾ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി.. മുരളീ ഭായ്..

നന്ദി..വെട്ടതാന്‍ സാര്‍

നന്ദി..റോസാപ്പൂക്കള്‍

നന്ദി..റിയാസ്

നന്ദി..ഒരു കുഞ്ഞു മയില്‍‌പീലി

നന്ദി..മനോജ്‌

നന്ദി..സലാം ഭായ്

നന്ദി..മുല്ല.

നന്ദി..പ്രസന്നാജി..

നന്ദി..അബൂതി..

നന്ദി..വീകെ

വിനോദ് said...

നന്നായിരിയ്ക്കുന്നു എഴുത്ത്. ഭാവുകങ്ങള്‍ ....

ലംബൻ said...

കോട്ടയത്തിനു അടുത്ത് പേരൂരില്‍ വെച്ചു ഈ കലാരൂപം ഞാന്‍ കണ്ടിട്ടുണ്ട്. (എന്റെ ഭാര്യ വീട് അവിടെയാണ്). കഥകളിയിലെ ഗരുഡന്‍ വേഷം കുറച്ചു കൂടി ജനകീയമക്കിയാല്‍ ഗരുഡന്‍ പറവായി. പിന്നെ ഈ കലാരൂപത്തെ കഥയുമായി ഇണക്കി ചേര്‍ക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചു എന്ന് എനിക്ക് അഭിപ്രായമില്ല. എങ്കിലും നന്മയുള്ള ഒരു കഥ വായിച്ച സംതൃപ്തിയുണ്ട്.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ശ്രീജിത്ത്‌ ..ഞാനും പേരൂര്‍ കാരന്‍ തന്നെ!


പണ്ട് അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും ഒരു ഗരുഡന്‍ വഴിപാടു നടത്തിയതിന്റെഒരു മങ്ങിയ ഓര്‍മ്മയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. വിശദമായ അഭിപ്രായത്തിനു നന്ദി... വീണ്ടും കാണാം.

kochumol(കുങ്കുമം) said...

നന്മയുള്ള കഥ കൊള്ളാം നന്നായിട്ടുണ്ട് ..

ചീരാമുളക് said...

ഇങ്ങനെയൊരു കലാരൂപത്തെക്കുറിച്ച് കേട്ടതല്ലാതെ ഇത്ര വിശദമായി അറിയുന്നത് ആദ്യം.
മോഷണശേഷമുള്ള പ്രകാശന്റെ മാൻസികാവസ്ഥ വരികളിലൂടെ പകർത്തിവെക്കാനുള്ള നല്ലൊരവസരം ആറ്റിക്കുറുക്കിച്ചുരുക്കിക്കളഞ്ഞു എന്നൊരു നിരീക്ഷണം പങ്കുവെക്കട്ടെ.