May 18, 2010

പേരൂര്‍ ലിസ...ചില ഓര്‍മ്മകള്‍


പേരൂരെ ജനങ്ങളുടെ ഏക വിനോദോപാധി ആയിരുന്നു "ലിസ" എന്ന തിയേറ്റര്‍. ഓലകൊണ്ട് മേഞ്ഞ.....ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൊട്ടക! ആറുമണി ആകുന്നത്‌ പലപ്പോഴും നമ്മള്‍ അറിഞ്ഞിരുന്നത് ലിസയില്‍ റെക്കോര്‍ഡ്‌ വെക്കുന്നത് കേട്ടായിരുന്നു. ആദ്യം ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം, പിന്നെ വരുന്ന സിനിമ പാട്ടുകള്‍ .. ബ്ലാക്ക്‌ &aവൈറ്റ് ചിത്രങ്ങള്‍ ആണ് അന്ന് കൂടുതലും. അപൂര്‍വ്വം കളറും. അന്നത്തെ സൂപ്പർ  താരം നസീറും സൂപ്പർ  വില്ലന്‍ ഉമ്മറും ജയനും ആയിരുന്നു.മൊട്ടകളെ കാണുന്ന മാത്രയില്‍ ഞങ്ങള്‍ കുട്ടികള്‍ പരസ്പരം പിറുപിറുക്കുമായിരുന്നു.'ഇവന്‍ കൊള്ളയാ"! ജോസ്പ്രകാശ് എത്ര നല്ലവന്‍ ആയാലും നമ്മള്‍ അത് വിശ്വസിക്കുമായിരുന്നില്ല!നന്മയും തിന്മയും നേര്‍ക്കുനേര്‍ വരികയും അവസാനം നന്മ ജയിക്കുന്നതും അന്ന് സിനിമയില്‍ എങ്കിലും കാണാമായിരുന്നു..നസീറിന്റെ സി.ഐ.ഡി കഥകളും ഉദയായുടെ വടക്കന്‍പാട്ടുകളും എല്ലാം മുടങ്ങാതെ കാണുമായിരുന ഒരു ഗ്രാമത്തിലെ ജനതയുടെ ഏക ആശ്വാസം ആയിരുന്നു ലിസ. വെള്ളിയാഴ്ചകളില്‍ പടം മാറുമ്പോള്‍ ചെണ്ട കൊട്ടി നോട്ടീസ് വിതരണം നടത്തുന്നവര്‍ എത്തുമ്പോള്‍ കാത്തു നിന്നിരുന്ന ഗ്രാമീണര്‍. പേരൂര്‍ ലിസയുടെ നയനമനോഹരമായ വെള്ളിത്തിരയില്‍ ഇന്നുമുതല്‍....അങ്ങനെ ആയിരുന്നു അവര്‍ പറഞ്ഞിരുന്നത്...


സിനിമയുടെ കഥാസാരവും പാട്ടുകളുടെ വരികളും അടങ്ങിയ പാട്ട് പുസ്തകം ഇന്നത്തെ തലമുറയ്ക്ക് ഒരു ഓര്‍മ മാത്രം ആയിരിക്കാം.. കഥാസാരത്തിന്റെ അവസാനം ചോദ്യങ്ങളോടെ ആയിരുന്നു അത് അവസാനിച്ചിരുന്നത്... അമ്മ മരിക്കുകയും അച്ഛന്‍ അമ്മയെ കൊന്നിട്ട് ജയിലില്‍ പോകുകയും ചെയ്യുമ്പോള്‍ ആരോരുമില്ലാത്ത മക്കളുടെ സ്ഥിതി എന്താവും ( ഭാര്യ ) ബ്രാഹ്മണനായി അഭിനയിച്ച നസീര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ( മറുനാട്ടില്‍ ഒരു മലയാളി ) എന്നിങ്ങനെ!! കാഴ്ചക്കാരെ ആകാംക്ഷാ  ഭരിതര്‍ ആക്കുന്ന വാക്കുകള്‍ !


പേരൂര്‍ ലിസയില്‍ ഏറ്റവും കൂടിയ നിരക്ക് ഒന്നരരൂപയും ഏറ്റവും കുറഞ്ഞത്‌ എണ്‍പത് പൈസയും (ബെഞ്ച്‌ ) ആയിരുന്നു..പിന്നെ അതിന്റെ പിന്നില്‍ ചാരുബെഞ്ചും..അത് ഒരു രൂപ.. ടിക്കറ്റ്‌ കൊടുക്കാന്‍ നിന്നിരുന്ന ആളെ തീയേറ്റര്‍ നിര്‍ത്തിപോയിട്ടും തീയേറ്റര്‍ ചേട്ടന്‍ എന്ന് വിളിച്ചു വന്നിരുന്നു...


ലിസയുടെ പുറകില്‍ താമസിച്ചിരുന്ന കൂട്ടുകാര്‍ സിനിമ വിശേഷങ്ങള്‍ പറഞ്ഞു കൂട്ടത്തില്‍ ആളായി. ലിസയില്‍ നിന്നും കിട്ടിയിരുന്ന തുണ്ട് ഫിലിമുകള്‍ അവര്‍ ക്ലാസ്സില്‍ കൊണ്ടുവന്നു തരുമായിരുന്നു...ബള്‍ബില്‍ വെള്ളം നിറച്ചു കണ്ണാടിയില്‍ കൂടി വെയില്‍ അടിപ്പിച്ചു ഞങ്ങള്‍ അത് ഭിത്തിയില്‍ കണ്ടു...അവരുടെ പുസ്തകങ്ങളുടെ പുറം ചട്ടയില്‍ നസീറും ഷീലയും ഉണ്ടായിരുന്നു. കുട്ടികള്‍ പരസ്പരം " വാള്‍ പ്ലയിട്ട് " (പയറ്റു) നടത്തിയിരുന്ന ദിവസങ്ങള്‍. വെള്ളം പൊങ്ങുമ്പോള്‍ സ്കൂള്‍ അടക്കുന്നപോലെ ലിസയും സിനിമകള്‍ക്ക്‌ അവധി കൊടുത്തു... സിനിമയുടെ ഇടവേളകളിലെ ചൂടുള്ള കടല.. മണലില്‍ വരുതെടുക്കാരുണ്ടയിരുന്ന ആ കടലക്കു എന്തൊരു സ്വാദ് ആയിരുന്നു.പിന്നെ ഗോള്‍ഡ്‌സ്പോട്ട് കുപ്പികളിലും കൊക്കോ കോള കുപ്പികളിലും വന്നിരുന്ന, ചാക്കോ കോള എന്ന് ഞങ്ങള്‍ കളിയായി വിളിച്ചിരുന്ന പല നിറത്തിലുള്ള പാനീയങ്ങള്‍..പടം തുടങ്ങും മുന്‍പുണ്ടായിരുന്ന ഇന്ത്യന്‍ ന്യൂസ്‌ റീല്‍ .താമസിച്ചുവരുന്ന ആള്‍കാരുടെ തല സ്ക്രീനില്‍ തെളിയുമ്പോഴും വിദ്യുക്ച്ചക്തി പോകുമ്പോഴും ഉണ്ടാവാറുണ്ടായിരുന്ന കൂക്കുവിളികള്‍.. .അന്നൊക്കെ മൂന്നു റീല്‍ കഴിഞ്ഞാല്‍ ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു...പിന്നെ സ്ക്രീനിലേക്ക് വരുന്ന വെളിച്ചത്തിനിടയില്‍ ഉയര്‍ന്നുവന്നിരുന്ന പുകച്ചുരുളുകള്‍....പുകവലിക്കാരെ പിടിക്കാന്‍ അപൂര്‍വമായി എത്തിയിരുന്ന പോലീസുകാര്‍. ഉത്സവ ദിവസങ്ങളിലെ സ്പെഷ്യല്‍ ഷോ...നാട്ടുകാരുടെ ചില്ലറ കശപിശകള്‍..
പതുക്കെ പതുക്കെ ലിസയില്‍ ആളുകള്‍ കുറഞ്ഞു...കോട്ടയത്തും ഏറ്റുമാനൂരും പോയി പുതിയ ചിത്രങ്ങള്‍ കാണുന്നവരുടെ എണ്ണം കൂടിവന്നു...പിടിച്ചു നില്‍ക്കാനാവാതെ ഉടമ പ്രദര്‍ശനം നിർത്തിയതാണോ ...അതോ മറ്റു ചിലര്‍ പറയുന്നതുപോലെ ഫിലിം പ്രോജെക്ടര്‍ വേറെ ആര്‍ക്കോ കൈമാറേണ്ടി വന്നതായിരുന്നോ ?വീണ്ടും  പ്രദര്‍ശനം തുടങ്ങും  എന്ന് തന്നെ ആയിരുന്നു ഞങ്ങള്‍ കുട്ടികള്‍ എങ്കിലും കരുതിയിരുന്നത്...കുറെ നാള്‍ ലിസ അടഞ്ഞു കിടന്നു...ഒരു സുപ്രഭാതത്തില്‍ ലിസ പൊളിക്കാന്‍ തുടങ്ങി...ഗ്രാമത്തിന്റെ മറ്റൊരു നൊമ്പരം.ലിസ തീയേറ്റര്‍ ഇന്നും ഞങ്ങള്‍ പഴയ പേരൂര്‍ക്കാരുടെ മനസ്സില്‍ ഉണ്ട്...ആദ്യ സിനിമ കണ്ട പേരൂര്‍ ലിസ മറക്കുന്നതെങ്ങനെ?പേരൂര്‍ ലിസ പോലെ അയല്‍ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന തീയേറ്ററുകള്‍ ആയിരുന്നു, നീലിമംഗലം രാഗം, നാഗമ്പടം നിര്‍മല, കുടയംപടി മേനക, ആര്‍പൂക്കര രാജീസ് എന്നിവ..ഇവയൊന്നും ഇന്നില്ല....ഓലകൊട്ടകകള്‍ ഷോപ്പിംഗ്‌ സെൻറർറുകൾക്ക്  വഴിമാറി...ഉടമകള്‍ കൂടുതല്‍ ലാഭം കിട്ടുന്ന മേഖലകളിലേക്ക് തിരിഞ്ഞു...


പക്ഷെ ഓലകൊട്ടകയില്‍ ഒരു കൈ മാത്രം അകത്തു കടക്കുമായിരുന്ന ദ്വാരത്തിലൂടെ ഒരുപാടു കൈകള്‍ ഒരുമിച്ചു കയറ്റി ടിക്കറ്റ്‌ എടുക്കുമായിരുന്ന ആ ഒരു രസം, മള്‍ട്ടിപ്ലെക്സില്‍ പോയി പടം കാണുമ്പോള്‍... ടിക്കറ്റ്‌ ഇന്റര്‍നെറ്റില്‍ കൂടി എടുക്കുമ്പോള്‍ ഉണ്ടാകുമോ?ഇന്ന് കൃത്യമായ ഇടവേളകള്‍ അല്ലാതെ റീലുകള്‍ മാറ്റാന്‍ പടം നിര്‍ത്തുന്നില്ല....വൈദ്യുത തകരാര്‍ ഉണ്ടാവുന്നില്ല...ഫാന്‍സ്‌ അസോസിയേഷന്‍ കാരുടെ കൂവലും ആര്‍പ്പുവിളികളും അന്നില്ലായിരുന്നു...നസീറിന്റെയും ജയന്റെയും ചിത്രങ്ങളില്‍ ആരും പാലഭിഷേകം നടത്തിയിരുന്നുമില്ല...എന്നിട്ടും അവര്‍ ജനഹൃദയങ്ങളില്‍  ജീവിക്കുന്നില്ലെ...അനശ്വരരായി ?

പ്രതികരണങ്ങള്‍:

7 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

കലക്കി ശശി
കുറെ നേരത്തേക്ക് ഞാനും പണ്ടത്തെ ഓര്‍മ്മകളിലേക്ക് പോയി
മാറഞ്ചേരി ജിഷാര്‍ കൊട്ടകയുടെ അയല്വക്കകാരി ആയിരുന്ന കാലം ..
പഴയ ഫിലിം തുണ്ടുകള്‍ കൊണ്ട് ബള്‍ബ്‌ സിനിമ കാണിക്കല്‍ അന്ന് ഹരം ആയിരുന്നു
അതിന്റെ ഡയരക്ടര്‍ ആയി വിലസിയ നാളുകള്‍, നോട്ടീസ് കിട്ടാന്‍ കാറിനു പിന്നാലെ ഓടിയത്
ഒരു സിനിമ തന്നെ ഓസില്‍ പലതവണ കാണുന്നത് (അയല്‍വക്കം ആയതിന്റെ ഗുണം)
എല്ലാം ഓര്‍ക്കാന്‍ ഒരു അവസരം ഉണ്ടാക്കിയതിനു ശശി...
ഒരുപാടു നന്ദി

Black Pearl said...

peru kettappol enthokkayo pratheekshichu ;)

Villagemaan/വില്ലേജ്മാന്‍ said...

ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും..!

kaitharan said...

adipoli.. ee ormakal marikkathirikkatte.. nammude thalamura kazhinjaal pinne hi fi ormakalaaayirikkum... peroor kathakal iniyum pratheekshayode kaathirikkunnu...

kaitharan said...

great story to remind our nostalgic memmories... cinema kaanaan povunna poovaalanmaaride kathakal thalakaalam parayanda ennu vachu alle... peroor kathakal iniyum poratte.. illaathaayikkondirikkunna kerala graamangalude ormaykaayittengilum...

kaitharan said...

great story to remind our nostalgic memmories... cinema kaanaan povunna poovaalanmaaride kathakal thalakaalam parayanda ennu vachu alle... peroor kathakal iniyum poratte.. illaathaayikkondirikkunna kerala graamangalude ormaykaayittengilum...

perooran said...

veettukaru paranjukettittundu ee lisayeppatty.also thanks to visit my blog &comment